Monday, August 14, 2017

മടക്കയാത്രയില്‍ ഹനുമാന് ഒരു തടസവും ഏല്‌ക്കേണ്ടിവന്നില്ല. അങ്ങോട്ടുപോവുമ്പോള്‍, ഈ നൂറുയോജന താങ്ങാന്‍ തനിയ്ക്കാവുമോ എന്ന ആശങ്ക മനസ്സിലുണ്ടായിരുന്നു. തിരിച്ചുവരുമ്പോള്‍, തനിയ്ക്കതിനാവും എന്ന ആത്മവിശ്വാസമായിരുന്നു. ആ ആത്മവിശ്വാസം അതിരുകടന്നു.ഒരുകഥകേട്ടിട്ടുണ്ട്. മുത്തശ്ശി തുടങ്ങി. ഹനുമാന്‍ പുറപ്പെടുമ്പോള്‍, സമുദ്രത്തിനക്കരെ എത്തുന്നതിനുമുന്നേ തിരിഞ്ഞു നോക്കരുതെന്ന സീതാദേവി മുന്നറിയിപ്പുനല്‍കിയിരുന്നു.
സമുദ്രം തരണം ചെയ്യുമ്പോള്‍, ജ്വലിച്ചുകൊണ്ടിരുന്ന ലങ്കയിലെ അഗ്നിതന്നെ പിന്തുടരുന്നുണ്ടെന്ന ഹനുമാനു തോന്നി, ഓര്‍ക്കാതെ തിരിഞ്ഞുനോക്കി. അന്നേരം മുഖം പൊത്തിപ്പോയത്രേ-‘പാശ്ചാത്യ വൃത്താന്തത്തിലാണ് ഈ കഥ’ മുത്തശ്ശന്‍ പറഞ്ഞു. പൊള്ളലേറ്റ ഹനുമാന്‍ ഗര്‍ജിച്ചു. അപ്പോള്‍ വായുപുത്രന്‍ കരയോടടുക്കുകയായിരുന്നു.
ആഴിക്കരയില്‍ കണ്ണിമയ്ക്കാതെ കാറ്റിന്‍മകന്റെ വരവും കാത്തിരിക്കുകയായിരുന്നു വാനരസംഘത്തിന്റെ ചെവികളില്‍ ആ ഗര്‍ജ്ജനം മുഴങ്ങി. ജ്ഞാനവൃദ്ധനായ ജാംബവാന്‍ പറഞ്ഞു. ‘സംശയിക്കേണ്ട, വായുപുത്രന്‍ തന്നെയാണ് ദൗത്യം വിജയംകണ്ടലക്ഷണമാണ്… അപ്പോഴെയ്ക്കും മഹേന്ദ്രാചലത്തിന്റെ നെറുക ഹനുമാന്റെ ദൃഷ്ടിയില്‍പ്പെട്ടു. ഹനുമാന്‍ ഒരുവട്ടം കൂടി ഗര്‍ജിച്ചു. അത് ആഹ്ലാദത്തള്ളിച്ചയിലായിരുന്നു. ഗിരിശിഖരത്തില്‍ നിന്നുറവകൊള്ളുന്ന മഹാനദിയുടെ കരയില്‍ നില്‍ക്കുന്ന ദേവതാരുവിന്റെ ശിഖരത്തിലാണ് വായുപുത്രന്‍ ഇറങ്ങിയത്. അതിനകം എല്ലാ വാനരന്മാരും നദിക്കരയിലെത്തിയിരുന്നു. എല്ലാവരോടുമായി മാരുതി പറഞ്ഞു. കണ്ടൂ ദേവിയെ…അതുകേട്ട വാനരപ്പട ആനന്ദസാഗരത്തിലാറാടി.
ഹനുമാന്‍ കൂട്ടുകാരോട് ലങ്കായാത്രയുടെ തുടക്കം മുതല്‍ ഒടുക്കം വരെയുള്ള വിവരങ്ങള്‍ പറഞ്ഞുകേള്‍പ്പിച്ചു. ജാംബവാന്‍ പറഞ്ഞു. ‘മാരുതേ, നിനക്കുമാത്രമേ ഇതിനാവൂ എന്നു നീ തെളിയിച്ചിരിക്കുന്നു. അതുകേട്ടപ്പോള്‍ ഹനുമാനില്‍ അഹങ്കാരം മുഴുത്തു. ഇത്രത്തോളം തന്നെ കൊണ്ടുസാധിച്ചല്ലോ. എനിക്കൊന്നു തോന്നുന്നു. നമുക്ക് ദേവിയോടുകൂടി ശ്രീരാമസ്വാമിയേയും ലക്ഷ്മണകുമാരനേയും രാജാസുഗ്രീവനേയും കാണാമെന്നു വെച്ചാലോ? അനുഭവം കൊണ്ടുപറയുകയാണ്. എനിക്ക് രാവണനെ നിഷ്പ്രയാസം വകവരുത്താനാവും-നനുത്ത ചിരിയോടെ ജാംബവാന്‍ പറഞ്ഞു. പറയുപുത്രാ, നിന്നെ ലങ്കയിലേയ്ക്കയച്ചത് ദേവി എവിടെയാണെന്നു കണ്ടുപിടിക്കാനല്ലേ? അക്കാര്യം നീ നിര്‍വഹിച്ചു. ആ വര്‍ത്തമാനം സ്വാമിയെ അറിയിക്കയല്ലേ ഉത്തമം? മറിച്ചു പറയാന്‍ വായുപുത്രനായില്ല.’വായുപുത്രന്റെ അഹങ്കാരം തീര്‍ത്തും ശമിച്ചത് ശ്രീരാമന്റെ തന്നെ ഇടപെടല്‍കൊണ്ടാണെന്ന ഒരു കഥ ആനന്ദരാമായണത്തിലില്ലേ? മുത്തശ്ശി ആരാഞ്ഞു.’ഉവ്വ്’ മുത്തശ്ശന്‍ ആ കഥയിലേയ്ക്കുതിരിഞ്ഞു.
‘സമുദ്രം തരണം ചെയ്ത് ഹനുമാന്‍ വന്നിറങ്ങിയത് സമുദ്രതീരത്താണ്. വാനരന്മാര്‍ മാഹേന്ദ്രാചലത്തില്‍ കാത്തിരിക്കയായിരുന്നു. അവരുടെ അരികെയെത്താന്‍ വായുപുത്രന്‍ ഒരുങ്ങി. വല്ലാത്തദാഹം. ഒട്ടകലെ ഒരു പര്‍ണശാലകണ്ടു. അവിടെ ഒരു മുനി ധ്യാനം കൊണ്ടിരിക്കുന്നു. ദാഹിക്കുന്നു എന്നു പറഞ്ഞനേരം, മുനി ആംഗ്യംകൊണ്ട് ജലാശയത്തിലേയ്ക്കുള്ള വഴികാട്ടിക്കൊടുത്തു. അന്നേരം ഹനുമാന്‍ തന്റെ കയ്യിലിരുന്ന ദേവിതന്നേല്പിച്ച ചൂഡാരത്‌നം മുനിയുടെ അരികെവെച്ചു, ദാഹം തീര്‍ക്കാന്‍ പോയി. ആസമയം ഒരു വാനരന്‍ വന്ന് ആചൂഡാമണി മുനിയുടെ അരികിലുള്ള കമണ്ഡലുവിലിട്ടു. ഹനുമാന്‍ ദാഹം തീര്‍ത്തു വന്നനേരം ചൂഡാമണി തിരക്കി. മുനിയപ്പോള്‍ ആ കമണ്ഡലു ചൂണ്ടിക്കാട്ടി. ഹനുമാന്‍ നോക്കുമ്പോള്‍, അതില്‍ ഒട്ടേറെ ചൂഡാമണികള്‍. ഇതിലേതാണ് ദേവിയുടേത് എന്നു തിരിക്കിയപ്പോള്‍ മുനിപറഞ്ഞു. തനിക്കുമുമ്പേ എത്രയോ ഹനുമാന്മാര്‍ ദേവിയെ കണ്ട വാര്‍ത്ത ശ്രീരാമനെ അറിയിച്ചിരിക്കുന്നു. അവര്‍ കൊണ്ടുവന്നിട്ട ചൂഡാമണികളാണിത്…ഹനുമാന്‍ ഗര്‍വില്‍നിന്നു തീര്‍ത്തും മോചിതനായി.
ഈ കഥ വായുപുത്രന്‍ രാമന്റരികെ പറഞ്ഞപ്പോള്‍, സീതാപതിചിരിച്ചുകൊണ്ടുപറഞ്ഞുവത്രേ. മയൈവ ദര്‍ശിതം മാര്‍ഗേകൗതുകം മുനിരൂപിണാം.


ജന്മഭൂമി: http://www.janmabhumidaily.com/news688265#ixzz4pnixbaJd

No comments: