Monday, August 14, 2017

ധര്‍മ്മബോധവും ആചരണവും പ്രജകള്‍ക്ക് സൗഖ്യവും പ്രശാന്തിയും സന്തോഷവും പ്രദാനം ചെയ്യും. അതിന് അനുഗുണമായ യാഗശാലകളും, ദേവതോപാസനാ കേന്ദ്രങ്ങളും ഉണ്ടായിരിക്കണം. ധാരാളം ഉത്സവങ്ങളും നടക്കണം. അയോധ്യ അപ്രകാരമാണ് എന്ന് അനുസ്മരിച്ചുകൊണ്ട് അത് അതുപോലെ പാലിച്ചു വരുന്നില്ലേ എന്ന് രഘുരാമന്‍ ചോദ്യം ഉന്നയിക്കുന്നു.
സ്ത്രീകളുടെ സുരക്ഷ പരമപ്രധാനമാണ്. വയോധികരേയും, കുട്ടികളേയും, വിദ്വാന്മാരേയും, പരിചരണം കൊണ്ടും സമാശ്വാസവാക്കുകള്‍ കൊണ്ടും രക്ഷിച്ച് ഉത്സാഹിപ്പിച്ചു നിര്‍ത്തണം. എല്ലാ പ്രഭാതത്തിലും രാജവീഥിയില്‍ അവിടവിടെയായി അലങ്കൃതനായ രാജാവ് ചെന്നു നിന്നാല്‍ പരിചിതര്‍ക്കും അപരിചിതര്‍ക്കും സങ്കോചമന്യേ രാജാവിനെ സന്ദര്‍ശിക്കാന്‍ അവസരം ലഭിക്കും. ഇതിലൊക്കെ ശ്രദ്ധിക്കുന്നുണ്ടല്ലോ എന്നന്വേഷിക്കുന്നു. കൃഷി കൊണ്ടും, ഗോരക്ഷ ചെയ്തും, വ്യാപാരം കൊണ്ടും ഉപജീവനം നിര്‍വ്വഹിക്കുന്നവര്‍ രാജാവിനെച്ചൊല്ലി പ്രീതി പുലര്‍ത്തുന്ന അവസ്ഥ ഉണ്ടാവണം. പൗരജനങ്ങളില്‍ നിന്ന് നികുതി പിരിക്കുന്നത് അവര്‍ക്ക് അമിത ഭാരം നല്‍കാത്ത വിധമായിരിക്കണം. ഇതൊക്കെ പരിഗണിക്കണമെന്നും ഭരതനെ ഓര്‍മ്മിപ്പിക്കുന്നു.
സാമ്പത്തിക ആസൂത്രണത്തെ സംബന്ധിച്ചും, ഭദ്രതയെക്കുറിച്ചും ശ്രീരാമചന്ദ്ര പ്രഭു ചോദിക്കുന്നുണ്ട്. ചിലവിനേക്കാള്‍ വരവ് ഉറപ്പാക്കണമെന്നും, അനാവശ്യ കാര്യങ്ങള്‍ക്കായി ധനവ്യയം ചെയ്യരുതെന്നും ഓര്‍മ്മിപ്പിക്കുന്നു. എന്നാല്‍ ദേവപിതൃബ്രാഹ്മണമിത്രകാര്യങ്ങളില്‍ ചിലവ് ചെയ്യുന്നതില്‍ സങ്കോചം പുലര്‍ത്തിക്കൂടാ. യോദ്ധാക്കളുടെ കാര്യത്തിലും ഇത് അനുവര്‍ത്തിക്കണം എന്നും ചോദ്യരൂപത്തില്‍ അനുശാസിക്കുന്നു.
അര്‍ത്ഥം, കാമം, ധര്‍മ്മം ഇവയില്‍ ധര്‍മ്മത്തിന് അര്‍ഹമായ പ്രാധാന്യം നല്‍കി കാമത്താല്‍ അര്‍ത്ഥധര്‍മ്മനാശം വരുത്താതെ ശ്രദ്ധിക്കണം. വേട്ട, ചൂതുകളി, മദ്യപാനം, പകലുറക്കം, ആലസ്യം, വൃഥാ വര്‍ത്തമാനം, നിരീശ്വര ചിന്ത, അസ്ഥാന കോപം, ബുദ്ധിമാന്മാരെ അവഗണിക്കല്‍, എല്ലാറ്റിലും വിപരീത ബുദ്ധി പുലര്‍ത്തല്‍ എന്നു തുടങ്ങി കരുതലോടെ അകറ്റി നിര്‍ത്തേണ്ട കാര്യങ്ങളും ഒഴിവാക്കുന്നില്ലേ എന്ന് അക്കമിട്ട് എണ്ണി ചോദിക്കുന്നുണ്ട്.
പൂര്‍വ്വികര്‍ നിര്‍വ്വഹിച്ചു വന്ന പ്രകാരം പ്രജാഹിതം പരിഗണിച്ച് ധര്‍മ്മ മാര്‍ഗ്ഗത്തില്‍ രാജ്യപാലനം ചെയ്യുന്ന ബുദ്ധിമാനും, വിദ്വാനുമായ രാജാവ് മരണാനന്തരം ദിവ്യലോകങ്ങളെ പ്രാപിക്കുന്നു എന്ന് പറഞ്ഞാണ് ദശരഥാത്മജനായ ശ്രീരാമന്‍ ഉപസംഹരിക്കുന്നത്.
ശ്രീരാമചന്ദ്രപ്രഭു അവസാനിപ്പിച്ചപ്പോള്‍ ഭരതന്‍ ദശരഥന്‍ ദിവംഗതനായ വാര്‍ത്ത അറിയിക്കുന്നു. പിന്നീട് സങ്കടനിര്‍ഭര അന്തഃരീക്ഷത്തില്‍ ശ്രീരാമചന്ദ്രന്‍ ചെയ്യുന്ന ശ്രാദ്ധകര്‍മ്മങ്ങള്‍ക്കും തുടര്‍ന്ന് അടുത്ത അയോധ്യാധിപതിയെ സംബന്ധിക്കുന്ന കാര്യാലോചനകള്‍ക്കും ചിത്രകൂടം അരങ്ങായി. ഭരതകുമാരനും, വസിഷ്ഠാദി ഗുരുക്കന്മാരും പണ്ഡിത ശ്രേഷ്ഠന്മാരും നിര്‍ബന്ധിച്ചിട്ടും ശ്രീരാമചന്ദ്രപ്രഭു പ്രതിജ്ഞാപാലനത്തില്‍ നിന്നു വ്യതിചലിക്കില്ലെന്നു വ്യക്തമാക്കി. തുടര്‍ന്ന് ഭരതന്‍ ശ്രീരാമനോട് പാദുകങ്ങള്‍ അനുഗ്രഹിച്ചു നല്‍കാന്‍ പ്രാര്‍ത്ഥിച്ചു. പതിനാല് സംവത്സരങ്ങള്‍ പാദുകങ്ങള്‍ രാജ്യഭരണനിര്‍വ്വഹണം നടത്തുമെന്നും അതു കഴിയുന്നതും ജ്യേഷ്ഠന്‍ എത്തിച്ചേരണമെന്നും ഭരതന്‍ വ്യക്തമാക്കി.
അയോദ്ധ്യാ കൊട്ടാരനഗരിക്കു പുറത്ത് നന്ദിഗ്രാമത്തിലായിരിക്കും താപസജീവിതം നയിച്ച് താന്‍ വസിക്കുക എന്ന് ഭരതന്‍ പ്രഖ്യാപിച്ചു. അങ്ങിനെ ശ്രീരാമപാദുകങ്ങള്‍ രാഷ്ട്രധര്‍മ്മപരിപാലനമൂല്യങ്ങള്‍, അയോദ്ധ്യ ഭരിക്കുന്ന അത്ഭുതം ആരംഭിച്ചു. പരോക്ഷമായി അനാസക്തനായ യോഗിവര്യന്‍ ഭരതനാണ് സമര്‍ത്ഥമായി നാടുഭരിച്ചത്.
പതിനാലു വര്‍ഷം തികയുന്ന നാള്‍ കൃത്യമായി തിരിച്ചെത്തുന്നതിന് പുഷ്പകവിമാനം ആശ്രയിക്കാന്‍ ശ്രീരാമചന്ദ്രപ്രഭു തയ്യാറായി. ഇതിനകം ലങ്കയില്‍ രാവണവധം കഴിഞ്ഞിരുന്നു. വാനരരാക്ഷസവൃന്ദം സകുടുംബം ശ്രീരാമപട്ടാഭിഷേകത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചത് ദാശരഥി അനുവദിച്ചു. സര്‍വ്വസമാശ്ലേഷിയായ സ്‌നേഹത്തിന്നുടമയായ ശ്രീരാമചന്ദ്രപ്രഭു സകലര്‍ക്കും പ്രിയങ്കരനായിരുന്നു. ഭരദ്വാജമുനിയുടെ ആശ്രമത്തില്‍ സംഘം യാത്ര ചെയ്‌തെത്തി, മുനിയുടെ ആതിഥ്യം സ്വീകരിച്ചു. ഇതിനിടെ ശ്രീരാമചന്ദ്രപ്രഭു ഹനുമാനെ അരികില്‍ വിളിച്ച് അയോദ്ധ്യയിലേക്ക് പോകാന്‍ സ്വകാര്യ നിര്‍ദ്ദേശം നല്‍കുന്നത് ശ്രദ്ധേയമാണ്.
‘അവിടെ ഭരതനെ കണ്ട് വനവാസകാലത്തുണ്ടായതൊക്കെ (സീതാപഹരണം, ബാലീവധം, രാവണവധം) വിസ്തരിച്ചു പറയണം. അപ്പോഴൊക്കെ ഭരതന്റെ ശാരീരികഭാഷയും, ഭാവപ്രകടനങ്ങളും ശ്രദ്ധിക്കണം. രാഷ്ട്രഭരണത്തില്‍ തുടരാന്‍ കൈകേയീ പുത്രന് കൗതുകം തോന്നുന്നുണ്ടെന്നു ഗ്രഹിച്ചാല്‍ ഉടന്‍ തിരിച്ചു വന്നു വിവരം പറയണം.’ ഇതാണ് ഹനുമാന് നല്‍കിയ ദൗത്യം. യോഗ്യനായ ഭരതന്‍ രാജ്യഭരണം സമര്‍ത്ഥമായി തുടരുന്നെങ്കില്‍ അതനുവദിക്കാന്‍ യോഗീഭാവത്തിലുറച്ച ധര്‍മ്മമൂര്‍ത്തി ശ്രീരാമചന്ദ്രപ്രഭു തയ്യാറാവുന്നു. മാരുതി കണ്ടത് ശ്രീരാമചന്ദ്രാഗമനം അക്ഷമയോടെ കാത്തിരിക്കുന്ന ഭരതനെയാണ്.
കിഷ്‌ക്കിന്ധയിലും, ലങ്കയിലും നഗരപ്രവേശനം ചെയ്യാതെ പ്രതിജ്ഞ അക്ഷരാര്‍ത്ഥത്തില്‍ പാലിച്ച് പതിനാലു സംവത്സരം പൂര്‍ത്തിയാക്കി ദാശരഥി അയോദ്ധ്യയില്‍ തിരിച്ചെത്തി. സമാഗതനായ രഘുവരനു മുന്നില്‍ പാദുകങ്ങള്‍ തിരിച്ച് സമര്‍പ്പിച്ച് ഭരതന്‍ കൃതാര്‍ത്ഥനായി.
‘ആവേക്ഷിതം ഭവാന്‍ കോശം കോഷ്ഠാഗാരം ഗൃഹം ബലം
ഭഗവസ്‌തേജസാ സര്‍വ്വം കൃതം ദശ ഗുണം മയാ ‘
എന്നും ഭരതന്‍ രാഷ്ട്രസ്ഥിതി സൂചിപ്പിക്കുന്നു. എല്ലാ വിഭവങ്ങളും രാമപാദുകാഭരണകാലത്ത് പത്തിരട്ടി വര്‍ദ്ധിച്ചുവെന്നത് രാജനൈതീക ബോധത്തിന്റെയും, ധര്‍മ്മനിഷ്ഠയുടേയും, ആസക്തിയൊഴിഞ്ഞ ഊര്‍ജ്ജ്വസ്വലതയുടേയും മഹത്വമാകുന്നു.
ശ്രീരാമചന്ദ്രപ്രഭു അഭിഷിക്തനായ ശേഷമുള്ള അയോധ്യയുടെ അവസ്ഥ വര്‍ണ്ണിച്ചു കൊണ്ടാണ് വാല്‍മീകി രാമായണം യുദ്ധകാണ്ഡം അവസാനിക്കുന്നത്. എങ്ങും ശാന്തിയും ആനന്ദവും കളിയാടി. പ്രജകള്‍ ധര്‍മ്മിഷ്ഠരും കര്‍മ്മ നിരതരും ആയിരുന്നു. അതിവൃഷ്ടി, അനാവൃഷ്ടി തുടങ്ങിയ ദോഷങ്ങളില്ലാതെ അനുകൂല കാലാവസ്ഥ അയോധ്യയെ അനുഗ്രഹിച്ചു. വിഭവസമൃദ്ധി ചൊരിഞ്ഞ് വൃക്ഷലതാദികളും തൃപ്തി നല്‍കി.
ഇത്തരം രാമരാജ്യവ്യവസ്ഥിതി മനഃസ്ഥിതി മാറ്റം കൊണ്ട് ഉണ്ടാക്കിയെടുക്കാന്‍ രാമായണ പഠിതാക്കളുടെ സ്ഥിരോത്സാഹത്താല്‍ സാധിക്കും. അതിനാവത് ചെയ്യാന്‍ അണ്ണാന്‍കുഞ്ഞിന്റെ കഥയിലെന്നതു പോലെ നമുക്കെല്ലാവര്‍ക്കും സാധിക്കട്ടെ.


ജന്മഭൂമി: http://www.janmabhumidaily.com/news688803#ixzz4pnhpvb3h

No comments: