Sunday, August 20, 2017

ഇനി പ്രസ്താവിക്കുന്നത് ആശ്രമങ്ങളെപ്പറ്റിയാണ്. ജീവിതത്തിലെ വിവിധ ദശകളാണ് ആശ്രമങ്ങള്‍. ഒരുദശ ഇനിയൊന്നിലേയ്ക്കു നയി്ക്കുന്നതും ഇണക്കുന്നതുമാണ്. അതിനാല്‍ ആശ്രമങ്ങള്‍ പരസ്പരപൂരകങ്ങളത്രെ. ഒന്ന് ഇനിയൊന്നിനു മീതെയെന്നോ താഴെയെന്നോ കരുതുന്നതു ശരിയല്ല. നാലാശ്രമങ്ങളിലൂടെയാണ് മനുഷ്യജന്മം പൂര്‍ണമാകുന്നതും സാഫ ല്യംവരിക്കുന്നതും.
ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം, സംന്യാസം എന്നീ നാല് ആശ്രമങ്ങളാണ് വിഭാവനംചെയ്തിട്ടുള്ളത്. ഇവയിലുള്ളവരെ ബ്രഹ്മചാരി, ഗൃഹസ്ഥന്‍, വാനപ്രസ്ഥന്‍, സംന്യാസി എന്നും പറയുന്നു. നാരദന്‍ തുടരുന്നു:
ബ്രഹ്മചാരീ ഗുരുകുലേ
വസന്‍ദാന്തോ ഗുരോര്‍ഹിതം
ആചരന്‍ദാസവന്നീചോ
ഗുരൗ സുദൃഢസൗഹൃദഃ
സായം പ്രാതരുപാസീത
ഗുര്‍വഗ്ന്യര്‍കസുരോത്തമാന്‍
ഉഭേ സന്ധ്യേ ച യതവാഗ്
ജപന്‍ബ്രഹ്മ സമാഹിതഃ
ഛന്ദാംസ്യധീയീത ഗുരോ-
രാഹൂതശ്ചേത് സുയന്ത്രിതഃ
ഉപക്രമേവസാനേ ച
ചരണൗ ശിരസാ നമേത് (7.12.1-3)
ബ്രഹ്മചാരി ഗുരുകുലത്തില്‍ വസിച്ചുകൊണ്ട് ഇന്ദ്രിയനിയന്ത്രണത്തോടെ ദാസനെപ്പോലെ താണിരുന്നു ഗുരുഹിതം നിറവേറ്റി ഗുരുവില്‍ ഉറച്ച സുഹൃത്തിനെ കണ്ടുകൊണ്ട് കഴിയണം.
വൈകുന്നേരവും രാവിലേയും ഗുരു, അഗ്നി, സൂര്യന്‍, ദേവന്മാര്‍ എന്നിവരെ ഏകചിത്തനും മൗനിയുമായി ബ്രഹ്മജപം ചെയ്ത് ഇരുസന്ധ്യകളിലും ഉപാസിക്കണം.
വിളിച്ചാല്‍ ചെന്ന് അച്ചടക്കത്തോടെ ഗുരുവില്‍നിന്നും വേദമന്ത്രങ്ങള്‍ പഠിയ്ക്കണം. ഇതിന്റെ ആരംഭത്തിലും അവസാനത്തിലും ശിരസ്സുകൊണ്ട് ഗുരുവിനെ പ്രണമിയ്ക്കയും വേണം.
മുഞ്ഞപ്പുല്ലുകൊണ്ടുള്ള ചരട്, ജട, ദണ്ഡും കമണ്ഡലുവും യജ്ഞോപവീതവും (പൂണൂല്‍) വിധിപ്രകാരം ധരിയ്ക്കണം. ദര്‍ഭകൊണ്ടുള്ള പവിത്രം കയ്യില്‍ ധരിക്കണം.
സായം പ്രാതശ്ചരേദ്
ഭൈക്ഷം
ഗുരവേ തന്നിവേദയേത്
ഭുഞ്ജീത യദ്യനുജ്ഞാതോ
നോ ചേദുപവസേത് ക്വചിത്
സുശീലോ മിതഭുഗ്ദക്ഷഃ
ശ്രദ്ദധാനോ ജിതേന്ദ്രിയഃ
യാവദര്‍ഥം വ്യവഹരേത്
സ്ത്രീഷു സ്ത്രീനിര്‍ജിതേഷു ച
വര്‍ജയേത് പ്രമദാഗാഥാ-
മഗൃഹസ്ഥോ ബൃഹദ്വ്രതഃ
ഇന്ദ്രിയാണി പ്രമാഥീനി
ഹരന്ത്യപി യതേര്‍മനഃ (7.12.5-7)
വൈകുന്നേരവും രാവിലേയും ഭിക്ഷയാചിക്കണം, അതു ഗുരുവിന്നു സമര്‍പ്പിക്കണം, ഗുരു അനുവദിച്ചാല്‍മാത്രം ഭക്ഷണം കഴിയ്ക്കാം, അനുവാദമില്ലാതെവരുന്ന സമയങ്ങളില്‍ ഉപവസിയ്ക്കുക.
സുശീലനും, മിതഭുക്കും, കര്‍മസമര്‍ഥനും, ശ്രദ്ധാലുവും, ഇന്ദ്രിയജയമുള്ളവനും, സ്ത്രീകളും സ്ത്രീജിതന്മാരുമായി ആവശ്യത്തോളംമാത്രം പെരുമാറുന്നവനുമാകണം.
നൈഷ്ഠികബ്രഹ്മചാരിയാണെങ്കില്‍, പ്രമാദകരമായ സംഭാഷണം വേണ്ടെന്നുവെയ്ക്കണം, ഇന്ദ്രിയങ്ങള്‍ അതിശക്തമായതിനാല്‍ അവ യതിയുടെ മനസ്സിനെപ്പോലും ആകര്‍ഷിച്ചുകളയും.
കേശപ്രസാധനോന്മര്‍ദ-
സ്‌നപനാഭ്യഞ്ജനാദികം
ഗുരുസ്ത്രീഭിര്‍യുവതിഭിഃ
കാരയേന്നാത്മനോ യുവാ
നന്വഗ്നിഃ പ്രമദാ നാമ
ഘൃതകുംഭസമഃ പുമാന്‍
സുതാമപി രഹോ ജഹ്യാ-
ദന്യദാ യാവദര്‍ഥകൃത്
കല്പയിത്വാത്മനാ യാവ-
ദാഭാസമിദമീശ്വരഃ
ദ്വൈതം താവന്ന വിരമേത്
തതോ ഹ്യസ്യ വിപര്യയഃ (7.12.8-10)
യുവബ്രഹ്മചാരി ഗുരുകുലത്തിലെ യൗവനമുള്ള സ്ത്രീകളെക്കൊണ്ട് തലമുടികെട്ടിക്കുക, ശരീരം തിരുമ്മിക്കുക, കുളിപ്പിക്കുക, എണ്ണ തേപ്പിക്കുക എന്നിവയൊന്നും ചെയ്യിയ്ക്കരുത്.
സ്ത്രീ അഗ്നിയാണ്. പുരുഷന്‍ നെയ്ക്കുടംപോലെയും. മകളെപ്പോലും ഏകാന്തവേളകളില്‍ ദൂരെ നിര്‍ത്തേണ്ടതാണ്; അല്ലാത്ത അവസരങ്ങളില്‍ ആവശ്യത്തോളമേ അടുപ്പിയ്ക്കാവു.
ആത്മസാക്ഷാത്കാരബലത്താല്‍ ഈ ദേഹത്തെ വെറും തോന്നലാണെന്നു കണക്കാക്കി എത്രത്തോളംകാലം ജീവന്‍ സ്വതന്ത്രത കൈവരിയ്ക്കുന്നില്ലയോ, അത്രത്തോളംകാലം രണ്ടെന്നുള്ള ബോധം, സ്ത്രീപുരുഷവ്യത്യാസം, വിരമിയ്ക്കുന്നതല്ല. തന്മൂലം ജീവനു വിപരീതഭാവവും തുടരും.
ഇതൊക്കെ ഗൃഹസ്ഥനും ബ്രഹ്മചാരി്ക്കും ഒരുപോലെ ബാധകമായ കാര്യങ്ങളാണ്. ഋതുസ്‌നാതയായ പത്‌നിയെ സമീപിയ്ക്കണമെന്നതിനാല്‍, സ്ഥിരമായ ഗുരുസേവ ഗൃഹസ്ഥനു ചേരുന്നതല്ല.
ബ്രഹ്മചാരിവ്രതം കൈക്കൊണ്ടവന്‍ കണ്ണെഴുതല്‍, തേച്ചുകുളി, ദേഹം തിരുമ്മല്‍, സ്ത്രീചിത്രം വരയ്ക്കല്‍, മാംസംകഴിയ്ക്കല്‍, മദ്യപാനം, പൂചൂടല്‍, സുഗന്ധക്കുറിതൊടല്‍, അലങ്കാരവസ്തു ഉപയോഗിയ്ക്കല്‍, ഇതൊക്കെ ത്യജിയ്ക്കണം.
ഉഷിതൈ്വവം ഗുരുകുലേ
ദ്വിജോധീത്യാവബുധ്യ ച
ത്രയീം സാംഗോപനിഷദം
യാവദര്‍ഥം യഥാബലം
ദത്വാ വരമനുജ്ഞാതോ
ഗുരോഃ കാമം യദീശ്വരഃ
ഗൃഹം വനം വാ പ്രവിശേത്
പ്രവ്രജേത് തത്ര വാ വസേത്
അഗ്നൗ ഗുരാവാത്മനി ച
സര്‍വഭൂതേഷ്വധോക്ഷജം
ഭൂതൈഃ സ്വധാമഭിഃ പശ്യേ-
ദപ്രവിഷ്ടം പ്രവിഷ്ടവത് (7.12.13-15)
ദ്വിജന്മാരില്‍പ്പെട്ടവര്‍ ഇങ്ങനെ ഗുരുകുലത്തില്‍ താമസിച്ചു വേദാംഗങ്ങളോടും ഉപനിഷത്തുകളോടുംകൂടിയ മൂന്നു വേദം യഥാശക്തി പ്രയോജനത്തിനൊത്തു പഠിച്ചുമനസ്സിലാക്കിയ ശേഷം, കഴിവുള്ളവനെങ്കില്‍ ഗുരുഹിതമനുസരിച്ചു ദക്ഷിണ നല്കി, ഗുരുവിന്റെ അനുജ്ഞപ്രകാരം ഗൃഹത്തിലേയ്‌ക്കോ വനത്തിലേയ്‌ക്കോ പ്രവേശിക്കാം. അല്ലെങ്കില്‍ എല്ലാംവിട്ടു സംന്യാസം സ്വീകരി്ക്കാം. ഗുരുകുലത്തില്‍ത്തന്നെ വസിക്കാവുന്നതുമാണ്.
അദൃശ്യനായ ഹരി എങ്ങും പ്രവേശിയ്ക്കാത്തവനെങ്കിലും അഗ്നി, ഗുരു, ആത്മാ എന്നിവയില്‍ തന്റെതന്നെ ഇരിപ്പിടങ്ങ ളായ ഭൂതഗണങ്ങളോടെ പ്രവേശിച്ചുവെന്നുതന്നെ ദര്‍ശിയ്ക്കുക.
ഏവംവിധോ ബ്രഹ്മചാരീ
വാനപ്രസ്ഥോ യതിര്‍ഗൃഹീ
ചരന്‍ വിദിതവിജ്ഞാനഃ
പരം ബ്രഹ്മാധിഗച്ഛതി (7.12.16)
ഇപ്രകാരം സര്‍വത്ര ഹരിദര്‍ശനം ശീലിച്ചുകൊണ്ട് ബ്രഹ്മചാരി, വാനപ്രസ്ഥന്‍, ഗൃഹസ്ഥന്‍, സംന്യാസി എല്ലാവരുംതന്നെ സ്വധര്‍മം പിന്തുടരുന്നപക്ഷം പരമജ്ഞാനം കൈവരിച്ചു പരബ്രഹ്മത്തെ അടയുന്നു.


ജന്മഭൂമി: http://www.janmabhumidaily.com/news691626#ixzz4qLArS7tt

No comments: