Monday, August 14, 2017

എന്റെ പിതാവ് ജമദഗ്‌നിയില്‍ നിന്നും എനിക്കു ലഭിച്ച ഈ വില്ല് ഞാണ്‍കെട്ടി അസ്ത്രം അതില്‍വെച്ച് പൂര്‍ണ്ണമായി അതിനെ വലിക്കൂ, നിന്റെ  ശക്തികാണട്ടേ. അതിനുശേഷം ഞാന്‍ നിന്നോടു നേരിടാം’  പരശുരാമന്‍ കുമാരനായ രാമനോടു പറഞ്ഞു.
ഭീതനായ ദശരഥന്‍ പറഞ്ഞതൊന്നും പരശുരാമന്‍ ശ്രദ്ധിച്ചതേയില്ല. പരശുരാമന്‍ തുടര്‍ന്നു’നീയൊടിച്ച വില്ലും എന്റെ കൈവശമുള്ള വില്ലും രണ്ടും വിശ്വകര്‍മാവിനാല്‍ നിര്‍മ്മിതമാണ്. ശിവചാപം ത്രിപുരന്മാരെ നേരിടാനായി നിര്‍മ്മിച്ചതാണ്. അതവരെ ഇല്ലാതാക്കുകയും ചെയ്തു. ഇത് വൈഷ്ണവചാപമാണ്’.പരശുരാമന്റെ പരിഹാസത്തില്‍ അസഹ്യതതോന്നിയ രാമന്‍ ആ വില്ലും ശരവും പരശുരാമനില്‍ നിന്നും പെട്ടെന്നുപിടിച്ചുവാങ്ങി.
വില്ലില്‍ ഞാണ്‍വലിച്ചുകെട്ടി അസ്ത്രം അതില്‍തൊടുത്ത് പരശുരാമനോടു പറഞ്ഞു  ‘അങ്ങ് ബ്രാഹ്മണനാകയാലും വിശ്വാമിത്രന്റെ ബന്ധുവാകയാലും ഇതു ഞാനങ്ങയുടെ നേര്‍ക്കയക്കുന്നില്ല. അതിനുപകരമായി ഞാന്‍ അങ്ങയുടെ മൂന്നുലോകങ്ങളിലുമുള്ള സഞ്ചാരസ്വാതന്ത്ര്യവും തപശ്ശക്തിയും എടുക്കുകയാണ്. ഈ വില്ല് ശത്രുവിനെ ഹനിക്കുകയും അവന്റെ അഹന്തയെ ഇല്ലായ്മ ചെയ്യുകയും ചെയ്യും’- രാമന്‍ പറഞ്ഞു.
വൈഷ്ണവചാപം കൈയില്‍ വന്നപ്പോള്‍ രാമന്‍ തേജോമയനായി. പരശുരാമനാകട്ടേ തേജസ്സുറ്റവനുമായി. ഈ വൈഷ്ണവചാപം വാങ്ങി മറ്റാരാലും കഴിയാത്തതായ ഞാണ്‍കെട്ടുക, കുലക്കുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യുകയാല്‍ നീ വിഷ്ണുതന്നെയാണെന്നു ഞാന്‍ മനസ്സിലാക്കുന്നുവെന്ന് പരശുരാമന്‍ പറഞ്ഞു. അദ്ദേഹം മഹേന്ദ്രാചലത്തിലേക്കു പോവുകയും ചെയ്തു.


ജന്മഭൂമി: http://www.janmabhumidaily.com/news688292#ixzz4pnikWFxa

No comments: