Monday, August 21, 2017

നാരദഭക്തിസൂത്രം - 31
പ്രേമ ഭക്തിയില്‍ സ്വയം ഫലമായി മാറുന്നു എന്ന സനത് കുമാരാദികളുടെ അഭിപ്രായത്തില്‍ ശ്രീനാരദര്‍ക്കു ചെറിയ ചില അഭിപ്രായ വ്യത്യാസം കാണുന്നു. പരസ്പര പൂരകമാണെന്നതിലും അദ്ദേഹത്തിന് പൂര്‍ണമായ യോജിപ്പില്ല.
വേദശാസ്ത്രാദികളില്‍ വളരെ അറിവുളള ചിലരെ സമൂഹത്തില്‍ കാണാറുണ്ട്. പക്ഷെ അറുത്ത കൈക്ക് ഉപ്പുതേക്കാത്ത പ്രകൃതമാണ് ഇവരില്‍ തന്നെ ചിലര്‍ക്കുള്ളത്. അന്യരുടെ ദു:ഖത്തില്‍ തെല്ലും സഹാനുഭൂതിയില്ലാത്തവര്‍. ഇവര്‍ക്കു ജ്ഞാനവും ഭക്തിയും ഉണ്ടായിട്ടും ആ തന്മയിഭാവത്തിലെത്തി ലയിക്കാനാവില്ല. എന്നാല്‍ ഉറക്കെ നാമം ജപിച്ച് ഭക്തനെന്ന് മറ്റുളളവരെ ധരിപ്പിക്കാന്‍ ശ്രമിക്കും. സാമൂഹ്യ സേവനം എന്നത് അരികെക്കൂടിപ്പോയിട്ടുണ്ടാവില്ല. ഭക്തിജ്ഞാന വൈരാഗ്യങ്ങള്‍ കൈകോര്‍ത്തു പ്രവര്‍ത്തിച്ച് പരസ്പര പൂരകങ്ങളാകാത്തതാണ് അതിനു പിന്നിലെ രഹസ്യം.
രാജകാര്യങ്ങളറിയാം എന്നതുകൊണ്ട് ഒരാള്‍ രാജാവിനെ അറിയുന്നുവെന്നോ രാജാവ് ഇയാളെ തിരിച്ചറിയുന്നുവെന്നോ അര്‍ഥമില്ല. മലയാളത്തില്‍ ഒരു പഴഞ്ചൊല്ലുണ്ട്. വെളിച്ചപ്പാടിനെ എല്ലാവര്‍ക്കുമറിയാം വെളിച്ചപ്പാടിന് ആരെയുമറിയില്ല. ഇതുപോലെയുളള അറിവ് യഥാര്‍ത്ഥ ഭക്തിയിലേക്കു നയിക്കില്ല. ഭക്തന്റെ മനസ്സ് അറിഞ്ഞ് പരിഹാരങ്ങള്‍ നിര്‍ദേശിക്കുമ്പോഴേ വെളിച്ചപ്പാടിനോട് ഭക്തി പൂര്‍വ്വമായ ബന്ധമുണ്ടാകൂ. ഗൃഹകാര്യത്തിലാണെങ്കിലും വീട്ടുകാര്‍ക്ക് കുടുംബനാഥനോട് സ്‌നേഹമാണെങ്കിലും കുടുംബനാഥന് അവരോട് സ്‌നേഹമില്ലെങ്കില്‍ ആ ബന്ധത്തില്‍ അകല്‍ച്ച കൂടി വരുമെന്നല്ലാതെ ആനന്ദലയത്തിലെത്താനാവില്ല.
ഭോജനകാര്യത്തിലും ഇതുതന്നെ അവസ്ഥ. നല്ല ആഹാരമുണ്ടാക്കുന്നതെങ്ങിനെയെന്ന് ശാസ്ത്രീയമായി പഠിച്ച ഒരാള്‍ നല്ല പാചകക്കാരനായിരിക്കണമെന്നില്ല. മലയാളത്തിലെ പ്രസിദ്ധനായ ഒരു സാഹിത്യ വിമര്‍ശകന്‍ നോവലെഴുതിയപ്പോള്‍ നാലാംകിട നോവലായി അധ:പതിച്ച കാര്യം ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടാകും. നല്ല ഭോജനാലയം എവിടെയുണ്ടെന്നറിഞ്ഞതു കൊണ്ടുമാത്രം അയാള്‍ അവിടുത്തെ ഭോജനം ആസ്വദിച്ചു എന്നു പറയാനാവില്ല.
അതായത് ജ്ഞാനമുണ്ടായതു കൊണ്ടുമാത്രം അതില്‍ ലയിക്കാനാകണമെന്നില്ല. ജ്ഞാനം തന്നെ അതിന്റെ ഫലമെന്നും നിശ്ചയിക്കാനാവില്ല.


ജന്മഭൂമി: http://www.janmabhumidaily.com/news692179#ixzz4qR3jgrp3

No comments: