Thursday, August 31, 2017

ജന്മം, ഔഷധം, മന്ത്രം, തപസ്സ്, സമാധി ഇവയിലേതു കൊണ്ടും സിദ്ധികളെ പ്രാപിക്കാം.
ജന്മൗഷധിമന്ത്രതപഃസമാധിജാഃ സിദ്ധയഃ.
ജന്മസിദ്ധികള്‍; ചിലപ്പോള്‍ ചിലര്‍ സിദ്ധികളോടുകൂടിത്തന്നെ ജനിക്കുന്നു. ആ സിദ്ധികള്‍ അയാള്‍ പൂര്‍വ്വജന്മത്തില്‍ സമ്പാദിച്ചവയാണ്. അവയുടെ ഫലാനുഭവത്തിനായി ഇപ്പോള്‍ ജന്മമെടുത്തതാവാം. സാംഖ്യദര്‍ശനത്തിന്റെ ഉപജ്ഞാതാവായ കപിലമഹര്‍ഷി ജന്മനാ സിദ്ധനായിരുന്നുവെന്നു പറയപ്പെടുന്നു. സിദ്ധന്‍ എന്നു വെച്ചാല്‍ പുരുഷാര്‍ത്ഥം സാധിച്ചു കൃതകൃത്യനായവന്‍ എന്നര്‍ത്ഥം.
ഔഷധസിദ്ധികള്‍; ഔഷധപ്രയോഗംകൊണ്ടും സിദ്ധികള്‍ സമ്പാദിക്കാമെന്നു യോഗികള്‍ പറയുന്നു. പ്രാചീനകാലത്തു രസായനവിദ്യയായി ആരംഭിച്ചതാണ് ഇന്നത്തെ രസതന്ത്രം എന്നു നിങ്ങള്‍ക്കെല്ലാം അറിയാമല്ലോ. അന്നുസ്പര്‍ശമണി, കായകല്പം, മൃതസഞ്ജീവിനി തുടങ്ങി പലതും സമ്പാദിക്കാന്‍ ആളുകള്‍ പ്രയത്‌നിച്ചിരുന്നു. ഭാരതത്തില്‍ 'രസായനന്മാര്‍' എന്നു പറയുന്ന ഒരു സമ്പ്രദായക്കാര്‍ തന്നെ ഉണ്ടായിരുന്നു. അവരുടെ
വാദം ഇതാണ്; പരമപുരുഷാര്‍ത്ഥവും ജ്ഞാനവും ഈശ്വരഭക്തിയും ധര്‍മ്മാചരണവുമെല്ലാം നന്ന്. ഇവയുടെയെല്ലാം സമ്പാദനത്തിനുള്ള ഏകസാധനം ശരീരമാണ്. ആ ശരീരം അടിക്കടി ജീര്‍ണ്ണിച്ചു വരികയാണെങ്കില്‍, ലക്ഷ്യപ്രാപ്തിക്ക് അത്രകണ്ട് കാലവിളംബം നേരിടും.
ഉദാഹരണമായി, ഒരുവന്‍ യോഗാഭ്യാസം ചെയ്‌വാന്‍, അല്ലെങ്കില്‍ ഈശ്വരഭജനം ചെയ്‌വാന്‍, ഇച്ഛിക്കുന്നുവെന്നു വിചാരിക്കുക. അയാള്‍ അല്പം പുരോഗമിക്കുമ്പോഴേക്കും മൃത്യുവിന്നിരയാകുന്നു. അനന്തരം പുതിയ ശരീരമെടുത്തു യത്‌നമാരംഭിക്കുമ്പോള്‍ അതും വീണു പോകുന്നു. പിന്നേയും ഗതി ഇതു തന്നെ. ഇങ്ങനെ ജനിച്ചും മരിച്ചും എത്രകാലമാണു നമുക്കു നഷ്ടപ്പെടുന്നത്! ശരീരത്തെ ജന്മനിധനങ്ങള്‍ക്കു വിധേയമാകാത്തവണ്ണം ബലിഷ്ംവും സമ്പന്ന വുമാക്കുകയാണെങ്കിലോ, നിഃശ്രേയസപ്രാപ്തിക്കായി അത്രയും കൂടുതല്‍ സമയം വിനിയോഗിക്കാം. അതുകൊണ്ട് ആദ്യമേ ശരീരം സുദൃഢമാക്കുക എന്നാണ് ഈ രസായനന്മാര്‍ പറയുന്നത്. ഈ മര്‍ത്ത്യദേഹത്തെ അമര്‍ത്ത്യമാക്കാമെന്നുകൂടി അവര്‍ വാദിക്കുന്നുണ്ട്. അതിനുള്ള അവരുടെ ന്യായം ഇതാണ്; മനസ്സാണു ശരീരത്തെ നിര്‍മ്മിക്കുന്നതെന്നതും ഓരോ മനസ്സും അനന്തശക്തിയിലേക്കുള്ള ഓരോ പ്രവേശദ്വാരമാണെന്നതും ശരിയാണെങ്കില്‍, ആ ഓരോ ദ്വാരത്തില്‍ക്കൂടിയും എത്ര ശക്തി വേണമെങ്കിലും യഥേഷ്ടം സംഭരിക്കാനുള്ള കഴിവ് അപരിമിതമാണ്.
വിവേകാനന്ദസാഹിത്യസര്‍വ്വസ്വം 1
യോഗസൂത്രങ്ങള്‍; സാധനപാദം 373

No comments: