Friday, August 25, 2017

കൃഷ്ണാ അങ്ങ് ജനാര്‍ദ്ദനനാണ് – ”ജനം” എന്ന വാക്കിന് ജനിക്കുക സ്വഭാവമായിട്ടുള്ളത് എന്നര്‍ത്ഥം. ”അര്‍ദ്ദനം” എന്ന വാക്കിന് വ്യാപിക്കുക എന്നര്‍ത്ഥം. അപ്പോള്‍ ജനാര്‍ദ്ദനന്‍ എന്ന പദത്തിന് ജനിച്ച എല്ലാ വസ്തുക്കളിലും വ്യാപിച്ചുനില്‍ക്കുന്നവന്‍ എന്നര്‍ത്ഥം. ആചാര്യന്മാര്‍ ഇങ്ങനെയാണ് വ്യാഖ്യാനിക്കുന്നത്. അങ്ങ് എല്ലാ വസ്തുക്കളിലും വ്യാപിച്ചുനില്‍ക്കുന്നവനാണ്.
പരമാത്മാവും പരമേശ്വരനുമായ അങ്ങയുടെ യോഗം-ഐശ്വര്യ വിശേഷം-7,9,10 ഈ അധ്യായങ്ങളില്‍ അങ്ങുപദേശിച്ചു തന്നു.
7-ാം അധ്യായത്തില്‍
”മത്തഃ പരതരം നാന്യത് കിഞ്ചിദസ്തി”
(എന്നെക്കാള്‍ ഉല്‍കൃഷ്ടമായി ഒന്നും ഇല്ല (7.7)
യേ ചൈ വസാത്വികാഭാവാഃ
രാജസാസ്താമസാശ്ചയേ
മത്ത ഏവേതിതാന്‍ വിദ്ധി(7-12)
(സാത്വികവും രാജസവും താമസവുമായ എല്ലാം എന്നില്‍നിന്ന് തന്നെയാണ് ഉണ്ടായത്.)
9-ാം അധ്യായത്തില്‍
മയാതതമികം സര്‍വ്വം
ജഗദവ്യക്തമൂര്‍ത്തിനാ (9-4)
(ഞാന്‍ അവ്യക്തമായ ദേഹത്താല്‍ ഈ പ്രപഞ്ചം മുഴുവന്‍ വ്യാപിച്ചുനില്‍ക്കുന്നു)
”അഹം ക്രതുരഹംയജ്ഞഃ
സ്വധാഹമഹമൗഷധം”(9-16)
(ഞാനാണ് ക്രതു; ഞാനാണ് യജ്ഞം, ഞാനാണ് പിതൃക്കള്‍ക്ക് സന്തോഷപ്രദമായ സ്വധാശബ്ദം മനുഷ്യരുടെ രോഗം നശിപ്പിക്കുന്ന ഔഷധവും ഞാനാണ്)
”അഹം സര്‍വ്വസ്യ പ്രഭവാ
മത്തഃ സര്‍വ്വം പ്രവര്‍ത്തതേ”(10-8)
(എന്നില്‍നിന്നാണ് എല്ലാം ഉദ്ഭവിച്ചിട്ടുള്ളത് എന്നില്‍നിന്നാണ് എല്ലാം പ്രവര്‍ത്തനശക്തിനേടുന്നത്).
ആ വിഭൂതികളും യോഗങ്ങളും വിസ്തരിച്ചു കേള്‍ക്കാന്‍ കൊതിക്കുകയാണ്. അവ വീണ്ടും വിസ്തരിച്ചു പറഞ്ഞുതരണം. കേട്ട കാര്യങ്ങള്‍ തന്നെ വീണ്ടും വീണ്ടും കേള്‍ക്കുമ്പോള്‍ മടുപ്പ് തോന്നുകയില്ലേ!
അര്‍ജ്ജുനന്‍ പറയുന്നു, ”ഇല്ല.” അമൃത് എത്ര തവണ കുടിച്ചാലും മതി എന്ന് തോന്നുമോ? പോരാ, പോരാ എന്നല്ലേ തോന്നുകയുള്ളൂ. കൃഷ്ണാ, അങ്ങയുടെ വചനങ്ങളാകുന്ന അമൃതം ചെവിയിലൂടെ കുടിക്കുന്ന എനിക്ക് എങ്ങനെയാണ് മടുപ്പു തോന്നുന്നത്? കൃഷ്ണന്റെ കഥകള്‍, അവതാരങ്ങള്‍, തിരുവായ്‌മൊഴികള്‍, തത്വവിജ്ഞാനം ഇവയൊന്നും എത്ര കേട്ടാലും മതിവരില്ല. വിവിധതരത്തിലുള്ള വ്യക്തികളെ ഇന്നും എന്നും ആകര്‍ഷിച്ചുകൊണ്ടിരിക്കും. ‘കൃഷ്ണന്‍’ എന്ന നാമത്തിന് പല അര്‍ത്ഥങ്ങളും ഉണ്ട്. അവയില്‍ ഒന്ന്- സര്‍വാകര്‍ഷകന്‍-എല്ലാവരേയും ആകര്‍ഷിക്കുന്നവന്‍ എന്നാണ്. എല്ലാതരത്തിലുള്ള ആളുകളെയും ജാതി-വര്‍ണ്ണ-വര്‍ഗ്ഗ-മതാദി വ്യത്യാസമില്ലാതെ കൃഷ്ണന്‍ ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നു. ഗീതാ ഭാഗവതാദി ഗ്രന്ഥങ്ങളിലൂടെ അതുകൊണ്ട് അവ വീണ്ടും വിസ്തരിച്ചു തരണമെന്ന് അര്‍ജുനന്‍ ഭഗവാനോട് പ്രാര്‍ത്ഥിക്കുന്നു.

ജന്മഭൂമി: http://www.janmabhumidaily.com/news694769#ixzz4qoGvAu1e

No comments: