Monday, August 14, 2017

രാമന്‍ വൈഷ്ണവചാപത്തെ വരുണനു നല്‍കി. പരശുരാമന്‍ പോയകാര്യം ദശരഥനോടും ഋഷികളോടും പറയുകയും സൈന്യത്തോടൊപ്പം അയോദ്ധ്യയിലേക്ക് യാത്രയാകാമെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. പരശുരാമന്‍ പോയതറിഞ്ഞ് ദശരഥന്‍ ആഹ്‌ളാദിക്കുകയും രാമനെ കൈകളാല്‍ ചുറ്റിപ്പിടിച്ച് ആശ്ലേഷിക്കുകയും ചെയ്തു. ദശരഥനും സംഘവും അയോദ്ധ്യയിലെത്തിയപ്പോള്‍ നഗരം ആഹ്ലാദഭരിതയായിരുന്നു.
നഗരമെല്ലാമലങ്കരിച്ചിരുന്നു. വെണ്മയിലും ഉയരത്തിലും ഹിമാലയത്തോടുകിടപിടിക്കുന്ന തന്റെ കൊട്ടാരത്തിലെത്തിയ ദശരഥന്‍ സംതൃപ്തനായിരുന്നു. അദ്ദേഹത്തിന്റെ പത്‌നിമാര്‍ പുത്രവധുക്കളെ സ്വീകരിക്കുവാന്‍വേണ്ട തയ്യാറെടുപ്പുകളിലായിരുന്നു. അവര്‍ സീതയേയും ഊര്‍മ്മിളയേയും മാണ്ഡവിയേയും ശ്രുതകീര്‍ത്തിയേയും അന്തപ്പുരത്തിലേക്കാനയിച്ചു. അവര്‍ക്ക് ക്ഷേത്രദര്‍ശനം പൂജാദികര്‍മ്മങ്ങള്‍ എന്നിവക്കും രാജ്ഞിമാര്‍ അവരെയാനയിച്ചു. രാജകുമാരന്മാര്‍ പത്‌നിമാരോടൊപ്പം പിതാവിനുവേണ്ട സേവനംചെയ്തുകൊണ്ട് നാളുകള്‍ സന്തോഷത്തോടെ കഴിച്ചുപോന്നു.
ഒരുദിവസം ഭരതനെ കേകയത്തിലേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ ഉത്സുകനായി യുധാജിത് കാത്തുനില്‍ക്കുന്നു എന്ന് രാജാവ് പുത്രനായ ഭരതനോട് പറഞ്ഞു. ഭരതനും ശത്രുഘ്‌നനും യുധാജിത്തിനോടൊപ്പം കേകയത്തിലേക്കുപോയി. രാമനും ലക്ഷ്മണനും അയോദ്ധ്യയില്‍ പിതാവിന്റെ ആജ്ഞാനുവര്‍ത്തികളായി കഴിഞ്ഞു.
രാമന്റെ ഹൃദയം സീതയിലായിരുന്നു. സീതാദേവിയുടെ ഹൃദയം രാമനിലും. എല്ലാ സദ്ഗുണങ്ങളും തികഞ്ഞ അവര്‍ രണ്ടുപേരും പരസ്പരം അഗാധമായ ഹൃദയബന്ധമുള്ളവരായിരുന്നു. മിഥിലയുടേയും ജനകന്റേയും പുത്രിയായ സീതാദേവി ദൈവികമായ ശരീര സൗന്ദര്യത്തിനുടമയായിരുന്നു, ലാവണ്യവതിയുമായിരുന്നു. ലക്ഷ്മീദേവിയോടൊപ്പമുള്ള വിഷ്ണുവിനേപ്പോലെയായിരുന്നു രാമന്‍.


ജന്മഭൂമി: http://www.janmabhumidaily.com/news688806#ixzz4pnhez4JK

No comments: