Tuesday, August 29, 2017

ഏതൊരു കുഞ്ഞിന്റേയും ആദ്യഗുരു അമ്മ തന്നെയാണ്. അമ്മയുടെ ചിന്തകളും സ്വപ്‌നങ്ങളും പോലും ഗര്‍ഭസ്ഥശിശുവിനെ വളരെയധികം സ്വാധീനിക്കാറുണ്ട്. ഗര്‍ഭിണികള്‍ സദാ സന്തോഷവതികളായി കഴിയണം എന്നുപറയുന്നതും അവരുടെ ആഗ്രഹങ്ങള്‍ സാധിച്ചുകൊടുക്കാനായി ഭര്‍ത്താവും ബന്ധുക്കളും ഓടിനടക്കുന്നതും നമ്മള്‍ കാണാറുണ്ട്.
രാമായണത്തിലും ഇതിന്റെ പ്രതിപാദ്യം ഉണ്ട്. ഗര്‍ഭിണിയായ സീതയോട് ശ്രീരാമന്‍ ചോദിക്കുന്നു. ‘വല്ലഭേ. പ്രിയപ്പെട്ടവളേ നിനക്കെന്തെങ്കിലും ആഗ്രഹമുണ്ടെങ്കില്‍ പറയണേ. ഞാനതു സാധിച്ചുതരാം’. ഗര്‍ഭിണിയുടെ ആഗ്രഹങ്ങള്‍ സാധിക്കാതെയിരുന്നാല്‍ ”അര്‍ഭകന്മാര്‍ക്കോരോരോ കുറ്റങ്ങളുണ്ടായ് വരും.”
കുട്ടികള്‍ക്കുള്ള എന്തെങ്കിലും കുറവുകള്‍ ഉണ്ടാകും എന്ന് ദേവിയോട് പറയുന്നു. സമാധാനചിത്തരായ ആശ്രമവാസികളോടൊപ്പം കഴിയാന്‍ എനിക്ക് കൊതിയുണ്ട് എന്നുപറയുകയും അതനുസരിച്ച് ദേവിയെ പിറ്റേന്നുതന്നെ അവിടേയ്ക്ക് അയയ്ക്കാമെന്നും സമ്മതിക്കുന്നു.
കൊട്ടാരത്തിലെ ശബ്ദകോലാഹലങ്ങളില്‍നിന്ന് അകന്ന് മനസ്സിനെ ശാന്തമാക്കാനും ഈശ്വരവിചാരം ചെയ്യാനും അതുപകരിക്കുമെന്നും അത് ഗര്‍ഭസ്ഥ ശിശുവിനും നല്ലതായി ഭവിയ്ക്കുമല്ലോ എന്നും ദേവന്‍ കണക്കുകൂട്ടുന്നു. ഗര്‍ഭിണികള്‍ക്ക് ആകുലചിന്തകള്‍ ഇല്ലാതെ ശാന്തമായ മനഃസ്ഥിതി ഉണ്ടാക്കാനായി മറ്റുള്ളവരും ശ്രദ്ധിക്കണമെന്ന് സാരം.
അമ്മമാരുടെ ഹൃദയമിടിപ്പാണ് കുഞ്ഞിന്റെ ആദ്യ സംഗീതം. ‘ഡബ്‌ലബ്’ എന്ന് മെഡിക്കല്‍ ശാസ്ത്രത്തില്‍ നാം പഠിക്കുന്ന ആ ഹൃദയതാളം കുഞ്ഞിന്റെ ഏകാന്തതയെ അകറ്റുന്ന ആദ്യത്തെ മന്ത്രമധുര സംഗീതമാണ്.
ആ നാദം മധുരമാകണമെങ്കില്‍ ഗര്‍ഭിണിക്ക് ശാന്തമായ മനസ്സുണ്ടാകണം. ഭയാശങ്കകള്‍ അകന്നിരിക്കണം. ശിശുവിന്റെ മനസ്സിലേക്ക് ആദ്യമായി കടന്നുവരുന്ന ഈ പ്രപഞ്ചസംഗീതം അവന്റെ ഭാവിജീവിതത്തെ കരുപ്പിടിപ്പിക്കാനുള്ള ആദ്യ പ്രചോദനമായി ഭവിക്കുന്നു.
ഈശ്വരനെക്കുറിച്ചുള്ള ചിന്തയേക്കാള്‍ വലുതായ ഒരു സമാധാനമില്ല. ഗര്‍ഭിണികള്‍ ഈശ്വരചിന്തയില്‍ മുഴുകിക്കഴിയുന്നത് അവര്‍ക്ക് മാനസികോല്ലാസവും ശാന്തിയും കിട്ടാനും, കുഞ്ഞിന്റെ മാനസിക ശാരീരിക പോഷണത്തിനും ഉപകരിക്കും.
ആയാസകരമായ ജോലികളില്‍ നിന്ന് ഗര്‍ഭിണിയെ ഒഴിവാക്കുന്നതും സദ്കഥകളും പുരാണങ്ങളും കേള്‍പ്പിക്കുന്നതും ഗര്‍ഭസ്ഥ ശിശുവിനുംകൂടി ഉപകാരമായി ഭവിക്കും. അര്‍ജ്ജുനന്‍ സുഭദ്രയ്ക്ക് പറഞ്ഞുകൊടുത്ത പത്മവ്യൂഹത്തിന്റെ കഥ ഗര്‍ഭസ്ഥ ശിശുവായിരുന്ന അഭിമന്യു മനസ്സിലാക്കിയത് അറിവുള്ളതാണല്ലോ. ശിശുവിന്റെ പ്രപഞ്ചം തന്നെ അമ്മയാണ്.
അമ്മയേക്കാള്‍ വലുതായി അവനാരുമില്ല. അവന്റെ മുടിയില്‍ വിരലോടിച്ച് ഹൃദയത്തോട് ചേര്‍ത്തുവച്ച് അവനെ പാലൂട്ടുമ്പോള്‍ അവന് കിട്ടുന്ന അഭയബോധമാണ് അവന്റെ ആദ്യപാഠം.
അമ്മയുടെ ഓരോ ചലനങ്ങളും ശിശു പഠിക്കുന്നു.
അമ്മയുടെ സാരിത്തുമ്പാണ് അല്ലെങ്കില്‍ വസ്ത്രത്തിന്റെ തുമ്പാണ് അവന്റെ ഏറ്റവും വലിയ രക്ഷാകേന്ദ്രം. അമ്മ തന്നെ അവന് എല്ലാം.
ഹിമാലയത്തോളം ഉയര്‍ന്നത് അമ്മ. ഗംഗയോളം പവിത്രമായത് അമ്മ. തേന്‍പോലെ മധുരമായതും അമ്മ. അമ്മ തന്നെ ശരണം ജഗദംബതന്നെ ശരണം.


ജന്മഭൂമി: http://www.janmabhumidaily.com/news696738#ixzz4rBmYqJYJ

No comments: