Friday, August 18, 2017

യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം സമാധി എന്നിവയാണ് യോഗത്തിന്റെ എട്ടംഗങ്ങള്‍
യമം:-
അഹിംസ, സത്യം, ആസ്‌തേയം, ബ്രഹ്മചര്യം, അപരിഗ്രഹം ഇവയാണ് യമങ്ങള്‍.
അഹിംസ
അഹിംസ എന്നുവച്ചാല്‍ മനസ്സാ വാചാ കര്‍മ്മണാ ഒരു പ്രാണിയെയും ഹിംസിക്കാതിരിക്കുകയെന്നാണ്. നമ്മുടെ മനസ്സില്‍നിന്ന് പുറപ്പെടുന്ന ഓരോ ചിന്തയ്ക്കും നാം ഉരിയാടുന്ന ഓരോ വാക്കിനും നാം ചെയ്യുന്ന ഓരോ പ്രവൃത്തിക്കും തുല്യവും വിപരീതവുമായ പ്രതിപ്രവര്‍ത്തനമുണ്ട്. നാം മറ്റൊരാളില്‍ ഉളവാക്കുന്ന വേദന കാലാന്തരത്തില്‍ നമ്മിലേക്ക് മടങ്ങിവരും. അതുപോലെ തന്നെ നാം മറ്റൊരാള്‍ക്ക് നല്‍കുന്ന സ്‌നേഹവും സന്തോഷവും കാലാന്തരത്തില്‍ നമ്മിലേക്ക് മടങ്ങിവരും. അതിനാല്‍ പ്രകൃതിയിലെ സമസ്ത ചരാചരങ്ങളോടും കാരുണ്യവും സ്‌നേഹവും ഉണ്ടായിരിക്കണം.
സത്യം
സത്യം മാത്രം ജയിക്കുന്നു. അസത്യം ജയിക്കുന്നില്ല. സത്യസാക്ഷാത്കാരമാണ് ഈശ്വരസാക്ഷാത്കാരം. അതിനാല്‍ യോഗമാര്‍ഗ്ഗം അനുഷ്ഠിക്കുന്നവര്‍ മനസ്സാ, വാചാ, കര്‍മ്മണാ സത്യമാര്‍ഗ്ഗത്തില്‍ ചരിക്കണം. ജീവിതത്തില്‍ അവക്രതയും ആര്‍ജ്ജവും പുലര്‍ത്തുകയും വേണം.
ആസ്‌തേയം
ആസ്‌തേയം എന്ന പദത്തിന് അര്‍ത്ഥം മോഷ്ടിക്കാതിരിക്കുക എന്നാണ്. ഈ ലോകത്തിലെ എല്ലാ വസ്തുക്കളും എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ്. പ്രകൃതിയാകട്ടെ താല്‍ക്കാലികാവശ്യത്തിനല്ലാതെ ഒരിക്കലും ഒന്നും സൃഷ്ടിക്കുന്നില്ല. അവ സഹജീവികള്‍ക്കു പങ്കുവയ്ക്കാതെ അന്യായമായി കൈവശം വക്കുന്നതും അന്യരുടെ സ്വത്ത് ആഗ്രഹിക്കുകയോ പിടിച്ചുവാങ്ങുകയോ ചെയ്യുന്നതും ആസ്‌തേയമാണ്. യോഗമാര്‍ഗ്ഗം അനുഷ്ഠിക്കുന്നവര്‍ ഇതില്‍നിന്നെല്ലാം മുക്തരായിരിക്കണം.
ബ്രഹ്മചര്യം
ബ്രഹ്മത്തില്‍ (ഈശ്വരന്‍)ചരിക്കുക എല്ലാറ്റിലും ആത്മാവിനെ ദര്‍ശിക്കുക എന്നതാണ് ബ്രഹ്മചര്യം എന്ന വാക്കിന്റെ അര്‍ത്ഥം. ലൈംഗികബന്ധങ്ങളില്‍നിന്നും ഒഴിവാകുന്ന അവസ്ഥയേയും ബ്രഹ്മചര്യമായി വിശേഷിപ്പിക്കുന്നു. ഇങ്ങനെ സ്വ നിയന്ത്രവും ചാരിത്ര്യശുദ്ധിയും കൈവരിക്കുന്നവര്‍ക്ക് മനുഷ്യസമുദായത്തെ വശീകരിക്കാനുള്ള ഓജസ്സും അതുല്യമായ ശക്തിയും ഉണ്ടാവും. ലോകത്തെ ആദ്ധ്യത്മികമായും ഭൗതികമായും മുന്നോട്ടു നയിച്ച വ്യക്തികളുടെ ചരിത്രം പരിശോധിച്ചാല്‍, അവര്‍ പൂര്‍ണ ബ്രഹ്മചാരികളോ നിയന്ത്രിത ബ്രഹ്മചാരികളോ ആയിരുന്നുവെന്ന് കാണാം. യോഗമാര്‍ഗ്ഗം അനുഷ്ഠിക്കുന്ന വിവാഹിതര്‍ ലൈംഗിക പ്രവണതകളെ നിയന്ത്രിക്കുകയും അവിവാഹിതര്‍ പൂര്‍ണ്ണമായും ലൈംഗിക ഊര്‍ജ്ജത്തെ സൃഷ്ടിപരമായ മേഖലകളിലേക്ക് ഉയര്‍ത്തുകയും വേണം.
അപരിഗ്രഹം
മനുഷ്യന്റെ അടിസ്ഥാനാവശ്യങ്ങളുടെ നിര്‍വഹണത്തിന്റെ പരിധി കടന്നുപോകുന്ന എല്ലാ ഭൗതികവസ്തുക്കളെയും ത്യജിക്കലാണ് അപരിഗ്രഹം. അന്യായമായി ഒന്നും ആഗ്രഹിക്കാതിരിക്കുക. ആഗ്രഹം അത്യാഗ്രഹത്തിലും അത്യാഗ്രഹം ആസക്തിയിലും ആസക്തികള്‍ നൈരാശ്യത്തിലും കലാശിക്കും. അതിനാല്‍ യോഗി ശരിയായ ചിന്തയിലൂടെ ആഗ്രഹങ്ങളെ നിയന്ത്രിച്ച് മനസ്സിനെ നിര്‍മ്മലമാക്കണം.
നിയമം
ശൗചം, സന്തോഷം, തപസ്സ്, സ്വാധ്യായം, ഈശ്വരപ്രണിധാനം എന്നിവയാണ് നിയമം.
ശൗചം
ആന്തരികവും ബാഹ്യവുമായ ശുചിത്വത്തെയാണ് ഇവിടെ അര്‍ത്ഥമാക്കുന്നത്. ആന്തരിക ശുചിത്വത്തിന് ചിന്തയും വാക്കും ചെയ്തിയും ശുചിയായിരിക്കണം. ദു:ശീലങ്ങളോ ദുര്‍വിചാരങ്ങളോദുഷ്പ്രവര്‍ത്തികളോ പാടില്ല. മനസ്സ് നിഷ്‌കളങ്കമായിരിക്കണം.അതോടൊപ്പം പ്രാണായാമംഷഡ്ക്രിയകള്‍ എന്നിവ പരിശീലിക്കുന്ത് ആന്തരിയാവയവങ്ങളുടെ ശുദ്ധീകരണത്തിന് സഹായിക്കുന്നു. ബാഹ്യ ശുചിത്വമെന്നു വച്ചാല്‍ ശരീരശുചിത്വം തന്നെ ശരീരശുചിത്വത്തിന് ശുദ്ധമായ ഭക്ഷണം, വൃത്തിയുള്ള വസ്ത്രം, ശുദ്ധവായു എന്നിവ കൂടിയേ തീരൂ.
സന്തോഷം
ഓരോ മനുഷ്യന്റെയും ജീവിതലക്ഷ്യം സന്തോഷപ്രാപ്തിയാണ്. സ്ഥായിയായ സന്തോഷലബ്ധിക്ക് ഏറ്റവും ഉത്തമമാര്‍ഗ്ഗം അന്യരെ സന്തോഷിപ്പിക്കല്‍ തന്നെ. സര്‍വ്വചരാചരങ്ങളുടെയും നേര്‍ക്ക് പരിപാവന വിചാരങ്ങള്‍ പ്രവഹിപ്പിച്ച് അവയെ സന്തോഷിപ്പിക്കുക. സര്‍വ്വഭൂതങ്ങള്‍ക്കും സൗഖ്യവും ശാന്തിയും ആനന്ദവും ഭവിക്കട്ടെ. ഈ ചിന്ത പുറപ്പെടുവിക്കുന്നവര്‍ക്ക് ശരിയായ സന്തോഷവും ശാന്തിയും ആനന്ദവും ലഭിക്കുകയും അവരുടെ ശരീരത്തിനും മനസ്സിനും പ്രസന്നത കൈവരിക്കുകയും ചെയ്യുന്നു.
തപസ്സ്
ഇന്ദ്രിയങ്ങളെ ആത്മനിയന്ത്രണ വിധേയമാക്കുന്നതാണ് തപസ്സ്. തപോനിഷ്ഠമായ ജീവിതത്തിന് ബ്രഹ്മചര്യം, സത്യം, മൗനം, സ്വധര്‍മ്മം എന്നിവ അനുഷ്ഠിക്കുകയും ശീതോഷ്ണാദികള്‍ സഹിക്കുകയും മിതമായ ആഹാരം ശീലിക്കുകയും ചെയ്യണമെന്നാണ് ആചാര്യന്മാര്‍ അനുശാസിക്കുന്നത് ആ വഴിക്ക് മനസ്സിനെയും ശരീരത്തെയും നിയന്ത്രിക്കുവാനും മനോശക്തികളെ കേന്ദ്രീകരിച്ച് ഏകാഗ്രമായി പ്രവര്‍ത്തിക്കുവാനും കഴിയും.
സ്വാധ്യായം
സ്വയം പഠനവും ആത്മശോധനയുമാണ് സ്വാധ്യായം. ചിന്തയും വാക്കും പ്രവൃത്തിയും മനഃസാക്ഷി നമ്മെ കുറ്റപ്പെടുത്തുന്ന കാര്യങ്ങളും ദിവസവും നിശ്ശബ്ദമനനത്തിന് വിധേയമാക്കണം. നിശബ്ദമനനത്തിന് ഏറ്റവും ഉചിതം രാത്രിയിലെ നിദ്രയ്ക്കുമുന്‍പുള്ള ധ്യാനത്തിന്റെയും പ്രാര്‍ത്ഥനയുടെയും സമയമാണ്. മനസ്സാ-വാചാ-കര്‍മ്മണാ ഏതെങ്കിലും തെറ്റ് നാം ചെയ്തിട്ടുണ്ടെങ്കില്‍ അതിന് ജഗദീശ്വരനോട് മാപ്പപേക്ഷിച്ചതിനുശേഷം ഉറങ്ങുക. പുതിയ പ്രഭാതത്തില്‍ പ്രസ്തുത തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കുകയും ചെയ്യുക.
ഈശ്വരപ്രണിധാനം
നിത്യമുക്തനും പ്രപഞ്ചസൃഷ്ടാവുമായ ഒരു ഈശ്വരനുണ്ടെന്ന് യോഗശാസ്ത്രം പറയുന്നു. ആ പരമപുരുഷന്‍ സര്‍വ്വജഗത്തിനും നായകനും സകലഗുരുക്കന്മാര്‍ക്കും ഗുരുവുമാണ്. ലോകം മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്ന സര്‍വാതിശായിയായ ആ പ്രപഞ്ച ശക്തിക്ക് മുന്‍പിലുള്ള പരിപൂര്‍ണ്ണ സമര്‍പ്പണമാണ് ഈശ്വര പ്രണിധാനം. സുഖത്തിലും ദുഃഖത്തിലും പാപത്തിലും പാപിയിലും പണ്ഡിതനിലും പാമരനിലും ജീവിതത്തിലും മരണത്തിലും എന്നുവേണ്ട ലോകത്തിലെ സമസ്ത വസ്തുക്കളിലും ഈശ്വരനെ ദര്‍ശിക്കണമെന്നാണ് യോഗശാസ്ത്രം പറയുന്നത്.
ആസനം
സ്ഥിരസുഖമാസനം. (ശരീരത്തെ ബലപ്പെടുത്തല്‍)
പ്രാണായാമം
പ്രാണനെ ആയാമം ചെയ്യുക. (ചിന്തകളെ നിയന്ത്രിക്കല്‍)
പ്രത്യാഹാരം
പ്രത്യാഹാരം എന്ന പദത്തിന്റെ അര്‍ത്ഥം തന്നിലേക്കൊതുങ്ങുകയെന്നാണ്. ഇന്ദ്രിയങ്ങള്‍ ഭൗതികലോകത്തിലെ വ്യത്യസ്തവിഷയങ്ങളോട് താദാത്മ്യം പ്രാപിക്കാറുണ്ട്. കണ്ണിന് സുന്ദരകാഴ്ചകള്‍ കാണാനും ചെവിക്ക് മധുരശബ്ദങ്ങള്‍ കേള്‍ക്കാനും മൂക്കിന് സുഗന്ധങ്ങള്‍ ആസ്വദിക്കുവാനും നാക്കിന് രുചി അറിയാനും ത്വക്കിന് സ്പര്‍ശനസുഖം അനുഭവിക്കാനും സ്വാഭാവിക പ്രവണതയുണ്ട്. നിരന്തര പരിശീലനംകൊണ്ടും ഉത്കൃഷ്ട ചിന്തകള്‍ ഉള്‍ക്കൊണ്ടുകൊണ്ടും സ്വന്തം മനഃശക്തിക്ക് വശപ്പെടുത്തി ഇന്ദ്രിയങ്ങളെ നിരോധിക്കുവാന്‍ കഴിഞ്ഞാല്‍ സംശുദ്ധവും ശാന്തവുമായ മനസ്സ് രൂപപ്പെടുകയും അങ്ങനെ മനസ്സിന് ആത്മസ്വരൂപത്തെ ഉള്‍ക്കൊള്ളാന്‍ കഴിയുകയും ചെയ്യും അതാണ് പ്രത്യാഹാരം.
ധാരണ
ധാരണയ്ക്ക് ഏകാഗ്രത എന്ന് ഏകദേശം അര്‍ത്ഥം പറയാം. ശ്രദ്ധയെ ശരീരത്തിന്റെ ഉള്ളിലോ വെളിയിലോ ഉള്ള ഒരു വിഷയത്തിലോ വസ്തുവിലോ ഉറപ്പിച്ച് മനശ്ശക്തിയെ കേന്ദ്രീകരിക്കാന്‍ പറ്റിയ അവസ്ഥയാണ് ധാരണ.
ധ്യാനം
ഈശ്വരചിന്ത (ഏകചിന്ത)
സമാധി
ധ്യാനത്തിന്റെ ആദ്യ ഘട്ടത്തിലൂടെ കടന്നുപോകുമ്പോള്‍ മനസ്സില്‍ രൂപങ്ങളും ഭാവങ്ങളും ആവിര്‍ഭവിക്കും. രൂപങ്ങളെ ധ്യാനിക്കുമ്പോള്‍ ധ്യാനവസ്തു ധ്യാനക്രിയ ഇവ മൂന്നും ഭിന്നങ്ങളായി വേറിട്ടുനില്‍ക്കുന്നു. ധ്യാനം കുറേക്കൂടി ഉയര്‍ന്നതലത്തിലേക്ക് പരിണമിക്കുമ്പോള്‍ ഒന്നായി ചേര്‍ന്ന് അനുഭവങ്ങള്‍ മാത്രം സ്ഫുരിച്ചു നില്‍ക്കുകയും ചെയ്യും. ബോധത്തിന്റെ ഈ തലത്തില്‍ സംഭവിക്കുന്ന പൂര്‍ണ്ണപരിവര്‍ത്തനമാണ് സമാധി.


ജന്മഭൂമി: http://www.janmabhumidaily.com/news690638#ixzz4qBBVX0JM

No comments: