Saturday, August 19, 2017

പരമഭക്തിക്ക് സ്വയം അതുതന്നെ ഫലമായി രൂപപ്പെടുമെന്ന് ബ്രഹ്മകുമാരന്മാരായ സനത് കുമാരാദികള്‍ അഭിപ്രായപ്പെടുന്നു.  പരമഭക്തിയുടെ ഫലമെന്തെന്ന് പ്രത്യേകം അന്വേഷിച്ചുനടക്കേണ്ടതില്ല. ഭക്തിയിലൂടെയുള്ള ആ സമര്‍പ്പണബുദ്ധിതന്നെയാണ് ഫലവും. സമര്‍പണ ബുദ്ധിയിലൂടെയുണ്ടാകുന്ന സേവാപ്രവര്‍ത്തനങ്ങള്‍ അതിന്റെയൊരുമാര്‍ഗമാണ്. ആ സേവാപ്രവര്‍ത്തനങ്ങള്‍ പരമപ്രേമത്തിന്റെ വായ്ത്താരികളാണ്. പ്രകൃതിയിലും സമൂഹത്തിലും ആ പരമചൈതന്യത്തെക്കണ്ട് ആ പ്രേമം സമര്‍പണബുദ്ധിയായി ഒഴുകണം.
ആ പരമചൈതന്യത്തിന്റെ പ്രേമം ഭക്തനിലേക്കും ഒഴുകിയെത്തും. ആ പ്രേമത്തില്‍ ലയിക്കുന്ന ഭക്തഹൃദയം ഭക്തിയില്‍ ആനന്ദനര്‍ത്തനമാടും.
ഈ ആനന്ദത്തിന്റെ ആയിരത്തിലൊരംശം വരില്ലെങ്കിലും ചെറിയ ഉദാഹരണമായിക്കരുതി താരതമ്യപ്പെടുത്താവുന്നതാണ് കുടുംബ പ്രേമവും കാമുകീകാമുകപ്രേമവുമെല്ലാം. കാമുകീ കാമുകപ്രേമത്തില്‍ പരസ്പരം പ്രേമം ഒഴുകുമ്പോള്‍ അതില്‍ ലയിക്കാന്‍തോന്നും. കാമുകന്‍ കാമുകിയുടെ അടുത്തേക്കും കാമുകി കാമുകനിലേക്കും ഓടിയെത്താന്‍ മനസാ ശ്രമിച്ചുകൊണ്ടിരിക്കും. കുടുംബജീവിതത്തിലാണെങ്കില്‍ പ്രേമപൂര്‍വമായ ബന്ധനത്തില്‍ പെട്ടെന്നുതന്നെ കുടുംബത്തില്‍ ഒത്തുചേരാന്‍ ഓരോ കുടുംബാംഗങ്ങളും ശ്രമിക്കുന്നതുകാണാം. എന്നാല്‍ ഇവിടെയൊന്നും പൂര്‍ണാനന്ദം ലഭ്യമാകുന്നില്ല. താല്‍കാലാനന്ദം മാത്രമാണിവിടെ മറിച്ച് ഭക്തിയിലാണെങ്കില്‍ ആ പ്രേമലഹരിയില്‍ലയനമാണ്. അവിടെ ഭക്തനും ഭഗവാനും രണ്ടല്ല. അവര്‍ ഒന്നായിത്തീരുകയാണ്.
ഗംഗയും യമുനയും തമ്മിലുള്ള വ്യത്യാസം പ്രാരംഭഘട്ടത്തിലേയുള്ളു. തുടര്‍ന്നുള്ള പ്രവാഹത്തില്‍ ഗംഗമാത്രമേയുള്ളു. ഗംഗഒഴുകി കടലില്‍ ചേരുമ്പോള്‍ ബംഗാള്‍ ഉള്‍ക്കടലേയുള്ളൂ. തുടര്‍ന്നങ്ങോട്ട് സിന്ധുമഹാസമുദ്രം മാത്രമാകുന്നു. ഇതുപോലെയാണ് വ്യക്തി ഭക്തിയില്‍ ലയിച്ചുകഴിഞ്ഞാല്‍ ഭക്തിമാത്രമേയുള്ളൂ. വ്യക്തിക്ക് പ്രാധാന്യമില്ല. ഭക്തിയേറുമ്പോള്‍ വ്യക്തി ഭഗവാനുമായിച്ചേര്‍ന്ന് ഒന്നായിമാറുന്നു. സത്തും ചിത്തും എല്ലാം കൂടിച്ചേര്‍ന്ന് ആനന്ദം മാത്രമായി അവശേഷിക്കുന്നു. സാക്ഷാല്‍ സച്ചിദാനന്ദം.



ജന്മഭൂമി: http://www.janmabhumidaily.com/news691063#ixzz4qEtqBJEI

No comments: