Wednesday, August 23, 2017

പരാശര മഹര്‍ഷിയോടൊപ്പം മറ്റ് ആശ്രമവാസികളും ശ്രീഗണേശനോട് എലികളുടെ ഉപദ്രവത്തെക്കുറിച്ച് പരാതിപ്പെട്ടു. എല്ലാവരേയും ഗജാനനന്‍ ആശ്വസിപ്പിച്ചു.
എലി സംഘത്തിന് നേതാവ് ഒരു കുഞ്ഞന്‍ ചുണ്ടെലിയാണ്. ഈ എലികള്‍ കൂട്ടം ചേര്‍ന്ന് ആശ്രമപരിസരത്തെ ചെടികളെല്ലാം നശിപ്പിച്ചു. മരങ്ങളുടെ തായ്‌വേരുകള്‍ ഇവര്‍ അറുത്തുമുറിച്ചു. അതോടെ ആ വൃക്ഷങ്ങളും മറിഞ്ഞു വീഴും. വസ്ത്രങ്ങള്‍ കീറിമുറിച്ചുവക്കും. താളിയോല ഗ്രന്ഥങ്ങള്‍ തിന്നു നശിപ്പിക്കും. ആഹാരവസ്തുക്കള്‍ കരണ്ടുതിന്നും. പരാശര ശിഷ്യന്മാര്‍ എണ്ണിയെണ്ണിപ്പറഞ്ഞു.
ഗജാനനന്‍ ഉടന്‍ തന്റെ കൈവശമുള്ള കയറെടുത്ത് പ്രയോഗിച്ചു. മൂഷികന്‍ ഈ കയറില്‍ കുരുങ്ങിക്കൊള്ളുമെന്ന് വ്യക്തമാക്കി. മാളത്തിലൊളിച്ചിരുന്ന എലിയുടെ കഴുത്തില്‍ കുരുക്കിട്ട് പുറത്തേക്കുകൊണ്ടുവന്നു. പേടിച്ചരണ്ട അവന്‍ ഗജാനനന്റെ മുന്‍പിലെത്തിയതോടെ അവന് പഴയ ശാപകഥകള്‍ ഓര്‍മ വന്നു. ശ്രീഗണേശന്‍ വന്നു ദര്‍ശനം തരുമെന്നും അതോടെ ആ തൃപ്പാദസേവക്കിടവരുമെന്നും അന്ന് വാമദേവമഹര്‍ഷി പറഞ്ഞിട്ടുള്ളതാണ്. ആ മഹാത്മാവിന്റെ അരുളപ്പാടിന്റെ പൂര്‍ത്തീകരണ സമയമായിരിക്കുന്നു.
മൂഷികന്‍ ശ്രീഗണേശനെ മൂക്കുകുത്തി നമസ്‌കരിച്ചു. ശ്രീഗണേശന്‍ അവന്റെ പ്രാര്‍ത്ഥനയറിഞ്ഞു. അറിവില്ലാപ്പൈതലായ എന്നോടു ക്ഷമിക്കേണമേ എന്നാണ് അവന്‍ പ്രാര്‍ത്ഥിച്ചത്. ഗണേശന് ദയവുതോന്നി. ആശ്രമപരിസരത്ത് ഇനി ഒരു ഉപദ്രവുമുണ്ടാക്കില്ലെങ്കില്‍ നിന്നോട് ഞാന്‍ ക്ഷമിക്കാം എന്ന് ഗണേശന്‍ അരുളിച്ചെയ്തു. അത് പാലിക്കാമെന്ന് മൂഷികനും സത്യം ചെയ്തു.
എങ്കില്‍ മൂഷികാ, നിന്നില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു. നിനക്ക് എന്തുവരമാണ് വേണ്ടത് എന്നു ചോദിച്ചാലും.
മൂഷികന്‍ ചിന്തിച്ചു. ഒരിക്കല്‍ ശക്തിവര്‍ധിച്ചപ്പോഴാണ് അഹങ്കാരിയായി മാറിയത്. ഇനിയും എന്തെങ്കിലും വരം മേടിച്ചാലും തനിക്ക് ആ പ്രശ്‌നമുണ്ടായേക്കാം. ഞാന്‍ വീണ്ടും അഹങ്കാരിയായി മാറിയേക്കാം. അതുകൊണ്ട് ഇനി വേറെ വരം വേണ്ട. ശ്രീഗണേശന്റെ പാദസേവ ചെയ്തു കഴിയാനുള്ള അവസരമാണിത്.
മൂഷികന്‍ പറഞ്ഞു. ”ഭഗവാനെ എനിക്ക് ആ അനുഗ്രഹമുണ്ടല്ലോ അതുമാത്രം മതി. ഞാന്‍ എന്തു ചെയ്യണമെന്ന് അങ്ങ് നിര്‍ദ്ദേശിച്ചാലും.”
‘ഞാന്‍ നിനക്ക് വരം വാഗ്ദാനം ചെയ്തപ്പോള്‍ നീ തിരിച്ച് എനിക്ക് വരം തരാന്‍ ഭാവിക്കുകയാണോ. ചിരിച്ചുകൊണ്ട് ഗണേശന്‍ ചോദിച്ചു.
‘ഭഗവാനെ, വാക്പിഴയുണ്ടെങ്കില്‍ ക്ഷമിക്കണം. അങ്ങയുടെ ഏതു നിര്‍ദ്ദേശത്തെയും ആജ്ഞയായി സ്വീകരിക്കാന്‍ എന്നെ അനുവദിച്ചാലും.എങ്കില്‍ ഇന്നുമുതല്‍ നീ എനിക്ക് വാഹനമായിരുന്നാലും. എന്റെ സഹനമായി ഭവിക്കുമ്പോള്‍ നിന്റെ സര്‍വ അഹങ്കാരങ്ങളും ശമിച്ചുകൊള്ളും. നിനക്ക് എന്നും എന്റെ കാല്‍ക്കല്‍ കഴിയുകയും ചെയ്യാം.’
‘ഞാന്‍ സന്തോഷത്തോടെ ഈ അവസരം സ്വീകരിക്കുന്നു. എന്നാല്‍ ഭഗവാനേ, പ്രപഞ്ചഭാരം മുഴുവന്‍ ഉള്‍ക്കൊള്ളുന്ന അങ്ങയെ എന്റെ ഈ ചെറിയ ശരീരത്തില്‍ വഹിക്കാനാകുമോ എന്ന ഒരു ശങ്ക ബാക്കിയുണ്ട്.’
‘അതൊന്നും നീ ഭയപ്പെടേണ്ട. നിനക്ക് ഉള്ളിലും പുറത്തും എന്നെ വഹിക്കാനാകും. സത്യത്തില്‍ ഞാന്‍ നിന്നില്‍ത്തന്നെയുണ്ട്. നീ എന്നിലും. എന്നാല്‍ അതൊന്നും ഒരുപക്ഷേ നിനക്ക് ഇന്ന് മനസ്സിലാകുന്നുണ്ടാകില്ല എന്നുമാത്രം. എന്നാല്‍ അതാണ് സത്യം. നീ ഒന്നുമാത്രം മനസ്സിലാക്കുക. ഞാന്‍ നിന്നോടുകൂടിത്തന്നെയുണ്ട്’.
മൂഷികന്‍ സന്തോഷത്തോടെ ഗണപതി വാഹനമായി. ഗണേശന്‍ മൂഷികവാഹനന്‍ എന്നും അറിയപ്പെടാന്‍ തുടങ്ങി.


ജന്മഭൂമി: http://www.janmabhumidaily.com/news693350#ixzz4qcTlfauk

No comments: