Tuesday, August 22, 2017

ശ്രീനാരായണ ഗുരുദേവന്റെ പ്രഥമശിഷ്യനായ ശിവലിംഗദാസസ്വാമികള്‍ക്ക് ജന്മം കൊടുത്ത നെയ്യാറിന്റെ തീരത്താണ് പണ്ഡിതനായിരുന്ന വിമലാനന്ദസ്വാമികളും ജനിച്ചത്. നെയ്യാറ്റിന്‍കരയിലെ കരുംകുളം വില്ലേജില്‍ കഴുവൂര്‍ പൊന്നുവിളാകത്തു വീട്ടില്‍ കൊല്ലവര്‍ഷം 1092 ചിങ്ങം 15ന് ഉത്രം നക്ഷത്രത്തിലായിരുന്നു ജനനം. പിതാവ് പള്ളിക്കര മാടന്‍ വൈദ്യന്‍. മാതാവ് കൊച്ചുപെണ്ണ്. ആ ദമ്പതികളുടെ പത്തുമക്കളില്‍ ഏഴാമനായിരുന്നു അ അദ്ദേഹം. യഥാര്‍ത്ഥ നാമം സാംബശിവന്‍.
കുഞ്ഞായിരിക്കുമ്പോള്‍ പേപ്പട്ടിയുടെ കടിയേറ്റ സാംബശിവന്‍ ഗുരുദേവാനുഗ്രഹത്താല്‍ ലഭിച്ച ഔഷധം കഴിച്ച് സുഖം പ്രാപിച്ചു. ഒന്‍പതാം വയസ്സിലുണ്ടായ മറ്റൊരു സംഭവം സാംബശിവന്റെ ജീവിതത്തിലെ വഴിത്തിരിവായി. അരുവിപ്പുറത്ത് വിശ്രമിക്കുകയായിരുന്ന ശ്രീനാരായണഗുരുദേവനെ ദര്‍ശിക്കാനെത്തിയതായിരുന്നു അദ്ദേഹം.
അകലെ നിന്നിരുന്ന സാംബശിവനെ ഗുരുദേവന്‍ കൈകാട്ടി അടുത്തേയ്ക്കു വിളിച്ചു. തുടര്‍ന്നുണ്ടായത് സ്വാമി വിമലാനന്ദ ഇപ്രകാരം പറയുന്നു, ‘ത്രികാലജ്ഞാനിയായ ആ മഹായോഗി എന്നെ അടുത്തേയ്ക്ക് വിളിച്ച് സുസ്‌മേരവദനനായി ഒരു പഴം എന്റെ കൈയില്‍ തന്നു അനുഗ്രഹിച്ചു. ആ സംഭവം പൂര്‍വകര്‍മ്മങ്ങളുടെയും ഭാവികര്‍മ്മ ഫലങ്ങളുടെയും പ്രതീകമായി അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നു.’
‘സംസ്‌കൃതം പഠിക്കണം’ എന്ന ഗുരുദേവ നിര്‍ദ്ദേശാനുസരണം സാംബശിവന്‍ നാട്ടുപള്ളിക്കൂടത്തിലെ പഠനത്തിനുശേഷം തിരുവനന്തപുരം സംസ്‌കൃത കലാലയത്തില്‍ ചേര്‍ന്നു. അവിടുത്തെ പഠനം പൂര്‍ത്തിയാക്കിയതിനുശേഷം, 18-ാമത്തെ വയസ്സില്‍ ഉപരിപഠനാര്‍ത്ഥം കാശിയിലെത്തി. യാത്രാമദ്ധ്യേ കാഞ്ചിപുരത്തുവച്ച് ഗുരുദേവ ശിഷ്യനായ ആത്മാനന്ദസ്വാമികളില്‍ നിന്നും കാശിയിലുള്ള മറ്റൊരു ശിഷ്യനായ ശങ്കരാനന്ദസ്വാമികളെക്കുറിച്ച് കേള്‍ക്കാനിടയായി.
കാശിയിലെത്തി ഗംഗാ സ്‌നാനവും വിശ്വനാഥദര്‍ശനവും കഴിഞ്ഞ് ശങ്കരാനന്ദസ്വാമികളുടെ മുന്നിലെത്തിയ സാംബശിവനോട് അദ്ദേഹം ചോദിച്ചു, ”ബ്രഹ്മചാരിയായിട്ടാണോ സന്ന്യാസിയായിട്ടാണോ ഇവിടെ കഴിയാന്‍ ഉദ്ദേശിക്കുന്നത്?”. ‘സന്ന്യാസിയായിട്ടാണ്’ എന്നായിരുന്നു ഉത്തരം. സാംബശിവന്‍ തൊട്ടടുത്ത ദിവസം തന്നെ ശങ്കരാനന്ദസ്വാമികള്‍ ‘സ്വാമി വിമലാനന്ദ’ എന്ന നാമധേയത്തില്‍ സന്ന്യാസദീക്ഷ നല്‍കി അനുഗ്രഹിച്ചു.
കാശിയിലെ പഠനകാലഘട്ടത്തിലാണ് മലയാളിയായ ജഗദീശ്വരാനന്ദസ്വാമികളില്‍ നിന്നും മാധവാനന്ദസ്വാമികളെക്കുറിച്ച് കേള്‍ക്കുന്നത്. മാധവാനന്ദദര്‍ശനത്തെക്കുറിച്ച് വിമലാനന്ദസ്വാമി ഇങ്ങനെ പറയുന്നു. ‘അതിദീര്‍ഘകായനും ആജാനുബാഹുവുമായ ആ മഹാപുരുഷന്‍’ എന്നോട് പറഞ്ഞു, ”ഓ, വന്നുവോ. വളരെ സന്തോഷം. ഇവിടെ പഠിക്കാം” അടുത്തുനിന്നവരോട് അദ്ദേഹം പറഞ്ഞു, ”ഒരു യോഗിയുടെ ശരീരമാണിത്”.
മാധവാനന്ദസ്വാമികള്‍ അക്കാലത്ത് നര്‍മ്മദയുടെ തീരത്തെ ചാണോദ് പ്രദേശത്തായിരുന്നു വസിച്ചിരുന്നത്. സ്വാമികളുടെ കൂടെയുള്ള പഠന-മനന-നിദിധ്യാസന കാലത്തിനുശേഷം അദ്ദേഹത്തിന്റെ അനുഗ്രഹാനുവാദത്തോടുകൂടി വിമലാനന്ദസ്വാമികള്‍ ഹിമാലയ പര്യടനത്തിനായി പുറപ്പെട്ടു.
ഈ ഹിമാലയ യാത്രക്കിടയിലാണ് ഹിമവദ്വിഭൂതികളായ ശിവാനന്ദസ്വാമികള്‍, തപോവനസ്വാമികള്‍, പുരുഷോത്തമാനന്ദസ്വാമികള്‍ തുടങ്ങി മഹാത്മാക്കളുമായി സമ്പര്‍ക്കത്തിലേര്‍പ്പെടാനുള്ള സൗഭാഗ്യം ലഭിച്ചത്.
കൈലാസം, മാനസസരോവരം എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് ബദരീനാഥത്തിലെത്തിയപ്പോഴാണ് മാധവാനന്ദസ്വാമികളുടെ മഹാസമാധി അറിയുന്നത്. 1948ലെ ഗുരുപൂര്‍ണിമാദിനത്തിലായിരുന്നു ആ മഹാത്മാവിന്റെ മഹാസമാധി.
ഉടനടി മെഹമ്മാബാദിലെ മാധവാനന്ദശ്രമത്തില്‍ എത്തിച്ചേര്‍ന്നു. തുടര്‍ന്ന് നീണ്ട 61 വര്‍ഷക്കാലം വിമാലനന്ദസ്വാമികള്‍ മാധവാനന്ദാശ്രമത്തിലെ ഉത്തരാധികാരിയായി പ്രവര്‍ത്തിച്ചു. 2009 ജൂണ്‍ 9-ാം തീയതി വിമലാനന്ദസ്വാമികള്‍ മഹാസമാധി അടഞ്ഞു.
ഫോണ്‍: 9446152044


ജന്മഭൂമി: http://www.janmabhumidaily.com/news692829#ixzz4qWyH1P48

No comments: