Tuesday, August 29, 2017

സർവ സംഗ പരിത്യാഗിയും ആത്മജ്ഞാനിയുമായ പരമഹംസ നിൽ മാത്രമേ സ്വരൂപാനന്ദത്തിന്റെ പൂർണ്ണ പ്രകാശം കാണാൻ സാധിക്കുകയുള്ളൂ. അതിന് സന്ന്യാസം തന്നെ വേണമോ? ഗൃഹസ്ഥനും ജ്ഞാന ബലം കൊണ്ട് ഈ സ്വാതന്ത്ര്യം ആയിക്കൂടെ എന്നാണ് പൂർവ്വ പക്ഷം. ആകാം. പക്ഷേ ജ്ഞാന ബലം എന്നാൽ തന്നെ എന്താണർത്ഥം? ആത്മാനുഭവ ബലം, ആത്മാനുഭവാശ്രയം, അനാത്മാവിനെ അവഗണിക്കാനുള്ള ധൈര്യം അഥവാ ആത്മാ വല്ലാതെ മറ്റൊന്നും തന്നെയില്ല എന്ന ദാർഢ്യം എന്നതാണല്ലോ. അങ്ങനെ വരുമ്പോൾത്തന്നെ വസ്ത്രത്തിന്റെ നിറം എന്തായാലും ഇരിക്കുന്നത് എവിടെയായാലും ആ ജ്ഞാനി സന്ന്യാസി തന്നെയാണ്. 'ന അവഗത ബ്രഹ്മാത്മഭാവ സ്യ യഥാപൂർവം സംസാരിത്വം' (ഭാഷ്യം). 'ഞാൻ ആത്മാവാണ് ' എന്ന ജ്ഞാനം തന്നെയാണ് സന്ന്യാസം. സർവോപാധി വിമുക്തന് താൻ ഗൃഹസ്ഥൻ എന്നോ സന്ന്യാസിയെന്നോ അഭിമാനമില്ല.
'സദൈവാഹം ബ്രഹ്മാസ് മീത്യേ വാനുഭവ: '- 'എപ്പോഴും 'ഞാൻ ബ്രഹ്മം' എന്നു മാത്രമാണ് അനുഭവം '. അവൻ 'ശുകവർത്മാ ' വിമുക്തനാണ്. ( പക്ഷികൾ വഴിയില്ലാത്ത ആകാശത്തിൽ പറക്കുന്നതാണ് 'ശുകവർ ത്മാ ' . അതുപോലെ അറിയപ്പെട്ട സമ്പ്രദായത്തിലല്ലാതെ സഞ്ചരിച്ച് മുക്തി നേടുന്നതും ശാസ്ത്രത്തിന് ഇഷ്ടം തന്നെ . മുക്തിയാണല്ലോ വേണ്ടത്! ആശ്രമ മോ വർണ മോ മുഖ്യമല്ലല്ലോ.) വാസ്തവത്തിൽ വർണാശ്രമങ്ങൾക്കതീതനായ മുക്തനെ സന്ന്യാസം എന്ന ആശ്രമത്തിൽപ്പെടുത്തുന്നതും പ്രഹാസ്യം തന്നെ . ഇങ്ങനെയെല്ലാമുള്ള വിചാരധാരകൾ ശങ്കരനിൽ തെളിഞ്ഞും മറഞ്ഞും ഓടിയിരുന്നു. (ഇതിന്റെ പ്രകാശം നമുക്ക് ഐതരോ - ബൃഹദാരണ്യ കാ ദി ഉപനിഷത്തുക്കളുടെ ഭാഷ്യങ്ങളിൽ കാണാം.)
ഇത്തരം സന്ന്യാസത്തിനെയാണ് ശങ്കരൻ കൊതിച്ചത്. അല്ലാതെ വേഷധാരികളും മിഥ്യാ ചാരികളുമായ അഭിമാന മാത്ര ഭിക്ഷുക്കളുടേതല്ല. അത്തരംഭിക്ഷുക്കൾ അന്നും ധാരാളമുണ്ടായിരുന്നതായി ഭജഗോവിന്ദത്തിലെ 'ജടിലോ മുണ്ഡീ ലുഞ്ചിത കേശ: കാഷായം ബര ബഹുകൃതവേഷ: ' എന്ന വരികൾ സൂചിപ്പിക്കുന്നുണ്ടല്ലോ! 'യദ ഹരേവ വിര ജേത് തദ ഹരേവ പ്രവ്ര ജേത് ' - 'എപ്പോഴാണോ പൂർണ്ണ വൈരാഗ്യം ഉണ്ടാകുന്നത് ആ ദിനം പ്രവ്ര ജനം ചെയ്യണം' എന്നാണ് ഋഷികൾ ചൊല്ലുന്നത്. ശ്രീ ശങ്കരന്റെ വൈരാഗ്യമാവട്ടെ , വിവേകം കൊണ്ടും വാസനാ രാ ഹിത്യം കൊണ്ടും ഇന്ദ്രിയനിഗ്രഹം കൊണ്ടും ഭക്തി കൊണ്ടും സർവതോ ഭദ്രമായിരുന്നു.
(ആത്മതീർത്ഥം - നൊച്ചൂർ വെങ്കിട്ടരാമൻ )

No comments: