Monday, August 14, 2017

ഭാരതമാണു ലോകത്തുതന്നെ ആത്മീയതയുടെ ഈറ്റില്ലമെന്നു പറഞ്ഞിട്ടുണ്ട്. നമ്മുടെ ദീര്‍ഘമായ കാലഗണന മറ്റെങ്ങുമില്ല. ഒരു സൃഷ്ടികാലം നമ്മെ സംബന്ധിച്ചിടത്തോളം യുഗാന്തരങ്ങളുടെ അതിഗംഭീരമായ ഒരു വിസ്തൃതിയാണ്. (കഴിഞ്ഞ ദിവസം കണ്ട ഒരു വാര്‍ത്തയില്‍ 1,45,000 വര്‍ഷം പഴക്കമുണ്ടെന്ന് കണക്കാക്കപ്പെട്ട ഒരു ലോഹവസ്തു കടലിനടിയില്‍ കണ്ടെത്തിയതായി കാണുന്നു. അത് പ്രകൃതിദത്തമല്ല, നിര്‍മ്മിക്കപ്പെട്ടതാണ്. അന്നത്തെ മനുഷ്യന്‍ നിര്‍മ്മിച്ചതാവാം. നമുക്ക് ചെറിയ കാലത്തിന്റെ ചരിത്രമേ കയ്യിലുള്ളൂ. ഇപ്പറഞ്ഞതു പോലെയുള്ള കണ്ടെത്തലുകള്‍ നമ്മുടെ കാലഗണന ശരിയാണെന്ന തോന്നല്‍ ഏറെക്കുറെ സ്ഥിരീകരിക്കുന്നുണ്ട്. മറ്റൊന്ന് : നമ്മുടെ സനാതനധര്‍മ്മത്തിന്റെ പ്രകൃതി സൗഹൃദരീതികളും സമ്പൂര്‍ണതയും അനന്യമാണ്.
പിന്നെ ആര്‍ഷപൈതൃകമായി നമുക്ക് കിട്ടിയിട്ടുള്ള ജീവപരിണാമശാസ്ത്രം. (‘പുനരപി മരണം പുനരപി ജനനം / പുനരപി ജനനീ ജഠരേ ശയനം / ഇഹ സംസാരേ ബഹുദുസ്താരേ . . . എന്ന് ശങ്കരാചാര്യന്‍ ). പുഴു പൂമ്പാറ്റയാവുന്ന പോലെ ജനിമൃതിചക്രങ്ങളിലൂടെ പരിണമിച്ച് മുക്തിയുടെ നൈര്‍മ്മല്യത്തിലേയ്ക്ക്, പൂര്‍ത്തീകരണത്തിലേക്ക് കൊണ്ടുപോകുന്ന ഒരു വ്യവസ്ഥ പ്രകൃതിയില്‍ സന്നിവേശിപ്പിക്കപ്പെട്ടിട്ടുണ്ട് എന്നുതന്നെയാണു ഗുരുവിന്റെ വഴിയില്‍ വന്നതിനു ശേഷം ബോധ്യപ്പെട്ടിരിക്കുന്നത്. ഭാരതത്തിന്റെ ആത്മീയത വരും കാലങ്ങളില്‍ ലോകത്തിനു വഴികാട്ടുമെന്നു ഗുരു പറഞ്ഞിട്ടുണ്ട്. ഗുരുവാക്ക് സത്യമാകുമെന്ന് വിശ്വസിക്കുന്നു.

No comments: