Sunday, August 27, 2017

സീതാദേവിയെ സന്ദര്‍ശിച്ച്, ലങ്കയ്ക്ക് വലിയ നാശവും വരുത്തിമടങ്ങി വരുന്ന ഹനുമാന്റെ വാക്കുകള്‍ക്കുവേണ്ടി ശ്രദ്ധാ-ജാഗ്രതാ പൂര്‍വം കാത്തിരുന്ന ശ്രീരാമചന്ദ്രനോട് ആദ്യം പറയുന്ന വാക്കുകള്‍, സന്ദേശവാക്യങ്ങള്‍ക്ക് മകുടം ചാര്‍ത്തുന്നതാണ്.
ആധുനിക മാനേജ്‌മെന്റ് പഠനത്തില്‍ വിദഗ്ദ്ധര്‍,ആദ്യത്തെ വാചകത്തെ ഏറ്റവും നിലവാരമുള്ള വാചകമായി മഹത്വപ്പെടുത്തുന്നു. ”കണ്ടേനഹം സീതയെ” എന്ന ഹനുമാന്റെ വാക്യത്തിനു പകരം , ”സീതാദേവിയെ” എന്നോമറ്റോ തുടങ്ങിയിരുന്നെങ്കില്‍ കേള്‍ക്കുന്ന മാത്രയില്‍ തന്നെ ഒരുപക്ഷേ തെറ്റായ ധാരണയില്‍ ശ്രീരാമന്‍ ശോകഗ്രസ്തനായിപ്പോയെങ്കിലോ എന്നുകരുതിയാണ് ”കണ്ടേനഹം” എന്നു തുടങ്ങിയത്. (കണ്ടിരിക്കുന്നു ഞാന്‍ സീതയെ) ഹനുമാന്റെ ഏക പരാജയം.
സൂര്യപുത്രനായ സുഗ്രീവന്റെ ‘ബാലി’ ഭയം (ബാലിവധത്തോടെ) ഒഴിവായതോടെ ഹനുമാന്‍ ശ്രീരാമസേവകനായിത്തീര്‍ന്നു. ശ്രീരാമപൂജയിലേക്ക് തന്നെ ഹനുമാന്‍ തിരിയുകയും ശ്രീരാമസേവയില്‍ ഒരിക്കലും ഭഗവാനില്‍നിന്നും അകലാതെ കൂടെത്തന്നെ കഴിയുകയും ചെയ്തു.
പട്ടാഭിഷേകത്തിനുശേഷം അശ്വമേധയാഗാര്‍ത്ഥം, യാഗാശ്വത്തെ നയിച്ച ശത്രുഘ്‌നനെ ശ്രീരാമപുത്രന്മാരായ ലവ-കുശന്മാര്‍ തടഞ്ഞുതോല്‍പ്പിച്ചയവസരത്തില്‍ അവരുടെ സഹായത്തിനെത്തിയ ഹനുമാനെ ലവ-കുശന്മാര്‍ ബന്ധനസ്ഥനാക്കുകയും വാത്മീക്യാശ്രമത്തിലേക്കു കൊണ്ടുവരികയുമുണ്ടായി.
കാര്യങ്ങളെല്ലാം നേരത്തെ തന്നെ മനസ്സിലാക്കിയ ഹനുമാന്‍, തന്റെ സ്വാമിനിയായ സീതാദേവിയെ ദര്‍ശിക്കുവാനുള്ള അദമ്യമായ ആഗ്രഹത്തോടെ ഉറക്കെ ”രാമനാമം” ജപിച്ചുകൊണ്ടിരുന്നു. ഇതുകേള്‍ക്കാനിടയായ സീതാദേവി, ഹനുമത് ദര്‍ശനത്തില്‍ അദ്ഭുതസ്തബ്ധയായി, പരമഭക്തനായ ഹനുമാനെ മോചിപ്പിക്കുവാന്‍ നിര്‍ദ്ദേശിക്കുയും സ്‌നേഹാദരങ്ങള്‍ ചൊരിയുകയുമുണ്ടായി.
ഭീമഗര്‍വ്വശമനം
ശ്രീരാമ സ്വര്‍ഗ്ഗാരോഹണശേഷം, ഹനുമാന്‍ ദേവലോകത്തെ കദളീവന സൂക്ഷിപ്പുകാരനായി ശ്രീരാമഭജനവുമായി കഴിഞ്ഞുവരവെ, സൗഗന്ധികപുഷ്പമന്വേഷിച്ച് സഹോദരനായ ഭീമന്‍ (രണ്ടുപേരും വായുപുത്രന്മാര്‍) വരികയും തമ്മില്‍ തിരിച്ചറിയാതെ സംഘര്‍ഷത്തിലേര്‍പ്പെടാന്‍ തുനിയുകയുമുണ്ടായി. ഭീമനെ തിരിച്ചറിഞ്ഞ ഹനുമാന്‍, സഹോദരന്റെ അഹങ്കാത്തെ കളയേണ്ടതാവശ്യമാണെന്നു മനസ്സിലാക്കി.
താന്‍ ലൊകൈ ശക്തനാണെന്ന ഭാവത്തില്‍ മറ്റു ശക്തന്മാരായ എതിരാളികളെ നിസ്സാരമായി കാണുന്ന സ്വഭാവം ഭീമനുണ്ടായിരുന്നു. കുരുക്ഷേത്രയുദ്ധത്തിന് മുന്‍പ് ഈ അഹങ്കാരത്തെ ശമിപ്പിച്ച്, യാഥാര്‍ത്ഥ്യബോധത്തോടെ ശത്രുവിനെ നേരിടാനുള്ള ‘പാഠം’ പഠിപ്പിക്കേണ്ടതാവശ്യമാണെന്ന് ഹനുമാന്‍ കരുതി.
ഹനുമാന്‍ ഒരു വൃദ്ധവാനരനായി ഭീമന്റെ വഴിതടഞ്ഞു കിടപ്പായി. കദളീവന സൂക്ഷിപ്പുകാരെയൊക്കെ അടിച്ചൊതുക്കി. ആര്‍ത്തട്ടഹസിച്ചു തിമര്‍ത്തുവന്ന ഗദാധാരിയായ ഹനുമാന്‍ തന്റെ വഴിതടഞ്ഞുകിടക്കുന്ന വൃദ്ധ-മൂളിക്കുരങ്ങനെ കണ്ടു ദേഷ്യപ്പെട്ടു വഴിമാറുവാന്‍ ആജ്ഞാപിച്ചു. ഭയരഹിതനായി കിടന്ന വൃദ്ധവാനരനോട്, ”നീ എന്നെ അറിയാത്തതുകൊണ്ടാവാം വഴിമാറാത്തത് ഞാന്‍ പഞ്ചപാണ്ഡവന്മാരില്‍ ലോകൈക ശക്തനായ ഭീമനാണ്, എന്റെ നാമം ശ്രവിച്ചാല്‍ തന്നെ ശത്രുക്കള്‍ ഭയന്നോടുന്നതാണ്.
പിന്നെ എന്തുകൊണ്ട് വഴിമാറുന്നില്ല” എന്നു ചോദിച്ചു. ഭീമനെ ഒന്നുകൂടി ശുണ്ഠിപിടിപ്പിക്കണമെന്നുള്ള ഉദ്ദേശ്യത്തോടെ ഹനുമാന്‍ പറഞ്ഞു. ”ഓഹോ! അങ്ങ് ഭീമനാണല്ലേ. പാണ്ഡവരുടെ മഹത്വം ഞാന്‍ പണ്ടേ അറിഞ്ഞിരിക്കുന്നു. ജ്യേഷ്ഠാനുജന്മാരായ അഞ്ചുപേരുംകൂടി പാഞ്ചാലിയെന്ന സ്ത്രീയെ ഭാര്യയായി സ്വീകരിച്ചിരിക്കുന്നു.
മനുഷ്യര്‍ക്കു മാത്രമല്ല, വാനരന്മാരായ ഞങ്ങളുടെ കുലത്തില്‍പോലും ഇങ്ങനെയൊരു നാണംകെട്ട കഥ കേട്ടിട്ടേയില്ല. ഹനുമാന്റെ ഈവിധ ജല്‍പ്പനങ്ങള്‍ കേട്ട ഭീമന്‍ കോപംകൊണ്ടു ജ്വലിച്ചു. ”നിന്റെ പ്രായത്തെക്കരുതി ഞാന്‍ കൊല്ലാതെ വിടുന്നു. എനിക്ക് വഴിമാറിത്തരിക” എന്നു ഭീമന്‍ ആക്രോശിച്ചപ്പോള്‍, ”പ്രായാധിക്യം മൂലം അനങ്ങാന്‍ പോലും വയ്യാത്ത എന്റെ വാല്‍ ഒന്നിളക്കി മാറ്റിയിട്ടു കടന്നുപൊയ്‌ക്കൊള്ളുക” എന്നു ദീനസ്വരത്തില്‍ ഹനുമാന്‍ പറഞ്ഞു.
ഇനി കൂടുതല്‍ പറഞ്ഞിട്ടു കാര്യമില്ല എന്നു ചിന്തിച്ച ഭീമന്‍ ദേഷ്യഭാവത്തില്‍ തന്റെ ഗദകൊണ്ട് വാല്‍ ഉയര്‍ത്താന്‍ ശ്രമിച്ചിട്ടും ഒരു രോമംപോലും ഇളക്കുവാന്‍ കഴിഞ്ഞില്ല. ”ഒടിയുന്നെന്തെടോ ഭീമാ ഗദയോ തന്നുടെ വാലോ” എന്നുള്ള ഹനുമാന്റെ ചോദ്യം വന്നപ്പോള്‍, ഭീമന്‍ ജാള്യതയോടെ, ”അങ്ങാരാണ്, ഒരു സാധാരണ വാനരനല്ല എന്നെനിക്കു ബോധ്യമായിരിക്കുന്നു” എന്ന് താണസ്വരത്തില്‍ അപേക്ഷിച്ചപ്പോള്‍, ”ഞാന്‍ ഹനുമാനാണ്, ലോകത്തുള്ള ശക്തരില്‍ നീയാണ് മുന്‍പന്‍ എന്ന അഹന്ത നിന്നിലുണ്ട്.
ഈ അഹങ്കാരം ഉള്ളിലുള്ളിടത്തോളം കാലം നീ അതിശക്തന്മാരുമായി വിവേകമില്ലാതെ ഏറ്റുമുട്ടാനിടയാകും. പാണ്ഡവ-കൗരവ യുദ്ധം അനിവാര്യമാണ്. അപ്പോള്‍ നിന്റെ അഹന്തയില്ലാതാക്കി വിവേകത്തോടെ യുദ്ധം ചെയ്തു വിജയം നേടാന്‍ നീ പ്രാപ്തനാകും.
അതിനായിട്ടാണ് ഞാന്‍ ഈ നാടകം അരങ്ങേറിയത്” ഇത്രയും പറഞ്ഞ് ഹനുമാന്‍ അനുജനെ ആശ്ലേഷിക്കുകയും ഭീമന്‍, ഹനുമത് പാദങ്ങളില്‍ നമസ്‌കരിക്കുകയും ചെയ്തു. പെണ്‍ ചൊല്ലുകേട്ടു ചാടി പുറപ്പെടുന്നവന്‍ നാണം കെട്ടുമടങ്ങേണ്ടിവരുന്നതാണെന്നുള്ള ഉപദേശത്തോടെ സൗഗന്ധിക പുഷ്പവും നല്‍കി അനുഗ്രഹിച്ചയച്ചു.
ഭീമന്റെ ആവശ്യപ്രകാരം, ഹനുമാന്‍ തന്റെ യഥാര്‍ത്ഥ രൂപംകാട്ടിക്കൊടുക്കുകയും അനുഗ്രഹംചൊരിയുകയുമുണ്ടായി. സവ്യസാചിയായ അര്‍ജ്ജുനന്റെ ധ്വജത്തില്‍ വിരുളിച്ചരുളി ഹനുമാന്‍ സര്‍വാനുഗ്രഹങ്ങളും രക്ഷയും നല്‍കുന്നു. കലിയുഗത്തിലെ കഠിനമായ ദോഷങ്ങളകറ്റുവാന്‍ ഉഗ്രമൂര്‍ത്തിയായ ഹനുമാന്റെ ഭജനവും സേവയും ഫലം ഉറപ്പാക്കുന്നതാണ്.


ജന്മഭൂമി: http://www.janmabhumidaily.com/news695634#ixzz4qzgPIcQO

No comments: