Sunday, August 27, 2017

ഭാരതം ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത് ആര്‍ഷഭൂമി എന്നാണ്. ഋഷിമാരുടെ ഭൂമി, ഋഷിമാരാല്‍ സൃഷ്ടിക്കപ്പെട്ട ഭൂമി. ഋഷിമാരാല്‍ നയിക്കപ്പെട്ട ഭൂമി, വ്യക്തി അധഃപതിച്ചാല്‍, സമുദായം വീണുപോയാല്‍, സമൂഹം ശിഥിലമാകാന്‍ തുടങ്ങിയാല്‍ സംരക്ഷിക്കാന്‍ ഋഷിയുണ്ടാകും. പിടിച്ചുനിര്‍ത്താന്‍ ശ്രമിക്കും. ഐക്യപ്പെടുത്താന്‍ പദ്ധതികള്‍ രൂപപ്പെടുത്തും. അങ്ങനെ വ്യക്തികളും സമൂഹങ്ങളും പുതിയ ഊര്‍ജ്ജ്വസ്വലതയോടെ, നവീനശക്തിയോടെ മുന്നേറും. സ്‌നേഹവും ഐക്യവും പൊതുജീവിതത്തില്‍ നിറഞ്ഞാടും.
ഇതു സാധിക്കുന്നത് ഋഷിമാരുടെ സാരഥ്യം മൂലമാണ്. ഋഷിയെന്നാല്‍ സത്യത്തെ ദര്‍ശിച്ചയാള്‍ എന്നാണ്. നേരായി കണ്ടവര്‍. ശരിയായി മനസിലാക്കിയവര്‍. അവര്‍ക്ക് പിശകു പറ്റാറില്ല. പറ്റുന്നവരെ ആരും ഋഷിയായി ആദരിക്കാറില്ല; അനുസരിക്കാറുമില്ല.
യഥാര്‍ത്ഥ ഋഷിയുടെ മുന്നില്‍ വര്‍ഗശത്രുക്കളില്ല, അവിശ്വാസികളില്ല, പാപികളുമില്ല. അതുകൊണ്ടാണ് ഋഷിമാര്‍ കാട്ടുന്ന വഴി ആരും നിഷേധിക്കാതിരുന്നത്. അവര്‍ക്ക് ജനങ്ങളെ തെറ്റായ വഴിക്ക് നടത്തിക്കേണ്ട ആവശ്യമില്ല. അതുകൊണ്ട് ഭാരതം എന്നും ഋഷിമാരെ ആദരിച്ചു, അംഗീകരിച്ചു, അനുസരിച്ചു. അവരെ അനുസരിക്കാതിരിക്കുകയോ നിഷേധിക്കുകയോ ചെയ്തപ്പോഴൊക്കെയാണ് നമുക്ക് വീഴ്ച വന്നിട്ടുള്ളത്.
പിന്നീട് ഋഷിക്കുപകരം പുരോഹിതര്‍ വേദി കയ്യടക്കി. അറിവുതേടുന്നവരോ ധര്‍മ്മം അനുസരിക്കുന്നവരോ ആയിരുന്നവരുടെ സ്ഥാനത്ത് വിശ്വാസികളും അന്ധവിശ്വാസികളും നിറഞ്ഞു. ജ്ഞാനം അപ്രത്യക്ഷമായി. കാപട്യവും ചൂഷണവും വര്‍ദ്ധിച്ചു. സമൂഹം വീണ്ടും അധഃപതിച്ചു.
വീണ്ടും ഋഷികളിലായി ജനങ്ങളുടെ പ്രതീക്ഷ. പുതിയ ഘട്ടത്തില്‍ ഋഷി എന്ന പേരിനു പകരം അവതാരങ്ങള്‍ എന്നായി. അവര്‍ നിസ്വാര്‍ത്ഥരായിരുന്നതുകൊണ്ട് സമൂഹം അവരെ അനുസരിക്കാന്‍ തയ്യാറായി. അവതാരങ്ങള്‍ ധര്‍മ്മപ്രചാരകന്മാരായി സ്വയം ധര്‍മ്മമനുഷ്ഠിച്ചു.
മറ്റുള്ളവരെ ധര്‍മ്മാനുസാരികളാക്കി. പ്രവൃത്തിയിലൂടെയും പ്രബോധനങ്ങളിലൂടെയും ധര്‍മ്മപ്രഘോഷണം നടത്തി. നിരര്‍ത്ഥകമായ ആചാരങ്ങളെ ഉപേക്ഷിച്ചു. വിശ്വാസങ്ങള്‍ പലതും ചോദ്യം ചെയ്യപ്പെട്ടു. വിശ്വാസത്തിന്റെ സ്ഥാനത്ത് വീണ്ടും സത്യത്തെ അവരോധിച്ചു. ധര്‍മ്മബോധം വീണ്ടെടുത്ത അനുയായികള്‍ ധര്‍മ്മസംരക്ഷകരായി. മാമൂല്‍ പ്രിയരും അസുരവിത്തുകളും അപ്രത്യക്ഷമായി, അഥവാ ബഹിഷ്‌കൃതരായി.
അവതാരങ്ങളുടെ നേരെ ആസുരികതവും രാക്ഷസീയതയും പാഞ്ഞടുത്തു. സ്വാര്‍ത്ഥ താല്‍പര്യരഹിതരായവര്‍ പുഞ്ചിരിച്ചുകൊണ്ട് അധര്‍മ്മത്തെ എതിരിട്ടു. അധര്‍മ്മവും അധര്‍മ്മികളും അധഃപതിച്ചു. സമൂഹം സുരക്ഷിതമായി. രാഷ്ട്ര ജീവിതം അഭംഗുരം ഒഴുകി. നിഷ്‌ക്കളങ്കരായ ജനങ്ങള്‍ ധര്‍മ്മാനുഷ്ഠാനത്തോടെ സ്വസ്ഥ ജീവിതം നയിച്ചു.
രാമനും കൃഷ്ണനും മറ്റും അവതാര പുരുഷന്മാരായി ആദരിക്കപ്പെട്ടു. ആരാധ്യരായി മാറി. കാലംപോകെ അവരെ അവതാരങ്ങളെന്നും ഈശ്വരന്മാരെന്നും വിളിച്ചു. അവര്‍ നിരന്തരം വായിക്കപ്പെട്ടു, പുനരവതരിപ്പിക്കപ്പെട്ടു, വ്യാഖ്യാനിക്കപ്പെട്ടു. കാലമെത്ര കഴിഞ്ഞിട്ടും അവതാരങ്ങള്‍ തലയെടുത്തു നില്‍ക്കുന്നു; മാനവരാശിയെ പ്രലോഭിപ്പിക്കാന്‍, പ്രയത്‌നിപ്പിക്കാന്‍, ഉത്ക്കര്‍ഷത്തിലേക്കു നയിക്കാന്‍.
ആത്മാര്‍ത്ഥതയും നിസ്വാര്‍ത്ഥതയും കൈമുതലായുള്ളവര്‍. ആര്‍ഷ പരമ്പരയുടെ പുതിയ പ്രതിനിധികള്‍ അവരുടെ പ്രയത്‌നത്തിനും ഫലം കണ്ടു. തടയപ്പെട്ട വേദം പങ്കുവയ്ക്കപ്പെട്ടു. നിഷേധിക്കപ്പെട്ട പാത തുറന്നു കിട്ടി. അടച്ചുവച്ച അക്ഷരം പെരുവഴിയില്‍ തൂവി. ആര്‍ക്കും പെറുക്കാം, ആര്‍ക്കും കൊടുക്കാം, ആര്‍ക്കും കയ്യേല്‍ക്കാം. അക്ഷരസ്വാതന്ത്ര്യം, പഥപതനസ്വാതന്ത്ര്യം, സംവദന സ്വാതന്ത്ര്യം, സമ്മേളന സ്വാതന്ത്ര്യം!
അമ്മ കാരുണ്യക്കടല്‍, സ്‌നേഹമൂര്‍ത്തി, സേവനം ജീവിതം. അനുഭൂതിയുടെ ആനന്ദസ്പര്‍ശം. ലോകത്തെ വാരിപ്പുണരുന്നു. ലോകം അമ്മയിലേക്ക് ഒഴുകിയെത്തുന്നു. ആനന്ദത്തിന്റെ ആന്ദോളനം. ദുഃഖിതര്‍ കണ്ണു തുടക്കുന്നു; നിറപുഞ്ചിരി പൊഴിക്കുന്നു. ഒരു കരസ്പര്‍ശം മതി, ഒരു തലോടല്‍, ഒരു വാരിപ്പുണരല്‍, മതി. എല്ലാം കഴിഞ്ഞു. എല്ലാ ദുഃഖങ്ങളും ഒഴിഞ്ഞു.
മനസ്സിലെ മാനം തെളിഞ്ഞു. പ്രകാശം പരന്നു. പതിനായിരങ്ങള്‍, ദശലക്ഷങ്ങള്‍ അമ്മയിലൂടെ ജീവിക്കുന്നു; അമ്മയില്‍നിന്നു ജീവിക്കുന്നു. ഋഷി ആള്‍ ദൈവമായി വാണരുളുന്നു. പുതിയ പേരില്‍ ആരും ഖേദിക്കേണ്ടതില്ല. കാലം മാറും, മാറിക്കൊണ്ടിരിക്കുന്നു. ഋഷിമാരെ പുഛിച്ചവര്‍ ഇന്ന് ആരാധിച്ചു തുടങ്ങി. അവതാരങ്ങളെ ആട്ടിയവര്‍ ഇന്ന് ആഘോഷിച്ചു തുടങ്ങി.
സന്ന്യാസിമാരെ പരിഹസിച്ചവര്‍ ഇന്നു പ്രാര്‍ത്ഥിച്ചു തുടങ്ങി. നവോത്ഥാന നായകരെ ചുരുട്ടിക്കെട്ടിയവര്‍ ഇന്ന് പൊതിയഴിച്ചു തുടങ്ങി, പൊടിതുടച്ചുതുടങ്ങി, പടം വച്ചുതുടങ്ങി. ഇനി ആഘോഷം പൊടിപൊടിക്കും. ആഹ്ലാദം തിരതല്ലും. ആര്‍ഷഭൂമിയിലെ ചാര്‍വാകന്മാര്‍ ആദരവു കാട്ടിത്തുടങ്ങി. ആദ്യം കപടമായി, പിന്നീട് അറിയാതെ, നാളെ ആത്മാര്‍ത്ഥമായി.
ആള്‍ ദൈവമെന്ന് ഇന്ന് ആക്ഷേപസ്വരത്തില്‍ വിളിച്ചു. ഇനി ആദര്‍ശരൂപമെന്നു പറയും. നാളെ പുഷ്പവൃഷ്ടി നടത്തി പൂജിക്കും. പക്ഷെ അത്തരക്കാര്‍ക്ക് ആകെ പടം പൂജിക്കാനെ യോഗമുള്ളൂ. ജീവനെ ആരാധിക്കാന്‍ ജീവസുറ്റ സംസ്‌ക്കാരം ആര്‍ജ്ജിക്കണം. നാളെ, അടുത്ത തലമുറയിലെ ചാര്‍വ്വാക കുട്ടികള്‍ ആള്‍ദൈവമെന്ന അമ്മയെ ആരാധ്യദേവതയായി കണ്ടുകൊള്ളും. അപ്പോഴേക്കും അടുത്ത പേരുകാര്‍ അവതരിച്ചിരിക്കും. ആര്‍ഷപരമ്പര കണ്ണിചേര്‍ത്ത് മുമ്പോട്ട് പോകും. ഭാരതം സുവര്‍ണ്ണമാകും.


ജന്മഭൂമി: http://www.janmabhumidaily.com/news483954#ixzz4r1xW5p00

No comments: