Monday, August 14, 2017

ഇന്ത്യയുടെ ആത്മാവ് ആനന്ദത്തില്‍.

ത്യാഗനിര്‍ഭരമായ സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെ അനന്തരഫലമായി ഭാരതം ഭാരതീയന്റെ സ്വന്തമായി മാറിയിട്ട് ഏഴ് പതിറ്റാണ്ടുകള്‍ പൂര്‍ത്തിയായിരിക്കുന്നു. ജാതി വര്‍ണ്ണ വര്‍ഗ രാഷ്ട്രീയ വ്യത്യാസമില്ലാതെ പൂര്‍വ്വികര്‍ നടത്തിയ പരിശ്രമത്തിന്റെ ഫലമായാണ് സ്വാതന്ത്ര്യത്തിന്റെ വെള്ളിവെളിച്ചം ഭാരതീയന്റെ മനസ്സില്‍ ശോഭയോടെ തെളിഞ്ഞത്. ഇന്ന് ഭാരതം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി നിലനില്‍ക്കുന്നുയെന്നത് അഭിമാനകരമാണ്. എഴുപത് വര്‍ഷത്തിനുള്ളില്‍ സ്വാതന്ത്ര്യത്തിന്റെ മധുരം ഭാരതീയരെല്ലാവരും ഒരുപോലെ അനുഭവിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന് ഇല്ലെന്ന് മാത്രമായിരിക്കും ഉത്തരം. സ്വാതന്ത്ര്യമെന്ന വെളിച്ചവുമായി ചിലര്‍ മുന്നില്‍ നടന്നു, അവരുടെ പിന്നാലെ വരിവരിയായി വെക്കുന്ന ചുവടുകള്‍ സുരക്ഷിതമാണോയെന്ന് പോലും അറിയാതെ കോടിക്കണക്കിന് ജനങ്ങളും നടന്നു.
ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണ് എന്ന രാഷ്ട്രപിതാവിന്റെ അഭിപ്രായം ആരും ഗൗനിച്ചില്ല. ജനക്ഷേമം ചിലരുടെ ക്ഷേമത്തില്‍ മാത്രമൊതുങ്ങി. രാജ്യം രാഷ്ട്രീയ നേതാക്കളാലോ, ഭരണാധികാരികളാലോ, സര്‍ക്കാരുകളാലോ നിര്‍മിക്കപ്പെട്ടതല്ലെന്ന സത്യം കുറച്ചുകാലം മുമ്പുവരെ മറച്ചുവെക്കപ്പെട്ടു. ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടും രാഷ്ട്രീയ നേതാക്കള്‍ക്കിടയില്‍ കുത്തകാധികാരഭ്രമം രൂക്ഷമായിരുന്നു. അതുകൊണ്ട് തന്നെ അവര്‍ക്കിടയില്‍ അനൈക്യവും സംഘര്‍ഷവും രൂപപ്പെട്ടു. ഗാന്ധിജി ആത്മാവിനെ കണ്ടെത്തിയ ഗ്രാമങ്ങളിലേക്ക് തിരിഞ്ഞുനോക്കാന്‍ പോലും സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ഭരണാധികാരികള്‍ ശ്രമിച്ചില്ല.
ജനങ്ങള്‍ക്കും സര്‍ക്കാരുകള്‍ക്കുമിടയില്‍ വലിയൊരു മതില്‍ ഉയര്‍ന്നുവന്നു. ഈ മതില്‍ തകര്‍ക്കാനും രാജ്യത്തിന്റെ വ്യക്തിത്വം ശുദ്ധീകരിക്കാനും പുനര്‍നിര്‍മ്മിക്കാനും കഴിവുള്ള ഒരു നേതൃത്വത്തിനായി ഓരോ ഭാരതീയനും കൊതിച്ചു. ആ കാത്തിരിപ്പ് വെറുതെയായില്ല.
സാംസ്‌കാരിക പാരമ്പര്യത്തിന്റെ അടിത്തറയില്‍ കെട്ടിപ്പടുത്ത രാജ്യം ഇന്ന് മങ്ങിപ്പോയ പ്രതാപം വീണ്ടെടുക്കുകയാണ്. സ്വാതന്ത്ര്യത്തിന്റെ മധുരം ഓരോ ഭാരതീയനും ആവോളം ആസ്വദിക്കാനാകുന്നു, സ്വാതന്ത്ര്യമാകുന്ന വെള്ളിവെളിച്ചം ഓരോരുത്തര്‍ക്കും വഴിവിളക്കാകുന്നു. ആത്മാവിനെ ശക്തിപ്പെടുത്താന്‍ ഗ്രാമങ്ങളിലേക്ക് ഭരണാധികാരികള്‍ നേരിട്ടെത്തിയതോടെ ഗ്രാമീണജനത ആവേശത്തിലാണ്. കര്‍ഷക കുടുംബത്തില്‍ നിന്ന് രാംനാഥ് കോവിന്ദ് പ്രഥമപൗരനായതോടെ കുത്തക മുതലാളിമാരുടേതല്ല ഇന്ത്യ തങ്ങളുടേതാണെന്ന് കര്‍ഷകര്‍ ഉറപ്പിച്ചു കഴിഞ്ഞു. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എല്ലാവരും സാധാരണക്കാര്‍, ജനങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടി തെരഞ്ഞെടുത്തവര്‍.
എല്ലാവരും പ്രതീക്ഷയിലാണ്, ഇനിയും എന്റെ രാജ്യം മുന്നേറും. ആരെയും തോല്‍പ്പിക്കാതെ വേദനിപ്പിക്കാതെ ലോകാ: സമസ്താ: സുഖിനോ ഭവന്തു എന്ന മന്ത്രത്തില്‍ അടിയുറച്ച് നിന്നുകൊണ്ട് ഇന്ത്യ കുതിക്കും. ലോകത്തിന് മാതൃകയായി, രക്ഷകയായി. സ്വാതന്ത്ര്യരഥചക്രം എഴുപത്തിയൊന്നിലേക്ക് എത്തുമ്പോള്‍ ഇന്ത്യയുടെ ആത്മാവ് ആവേശത്തോടെ പറയുന്നു ‘ഇന്ത്യ എന്റേതാണ്, നിങ്ങളുടെയും. മുറുകെപ്പിടിക്കുക നമ്മുടെ രാജ്യത്തെ, മനോഹരമാണ് നമ്മുടെ ഇന്ത്യ’.


ജന്മഭൂമി: http://www.janmabhumidaily.com/news688823#ixzz4pnhCa9ks

No comments: