Friday, September 22, 2017

പനച്ചിക്കാട് സരസ്വതി ക്ഷേത്രം*
കേരളത്തിലെ കോട്ടയം ജില്ലയിൽ കോട്ടയം പട്ടണത്തിൽ നിന്നും 10 KM അകലെ, കോട്ടയം- ചങ്ങനാശേരി എംസീ റോഡിൽ ചിങ്ങവനത്ത് നിന്നും 4 KM കിഴക്കോട്ടു പനച്ചിക്കാട് ഗ്രാമപഞ്ചായത്തിലാണ് പ്രസിദ്ധമായ പനച്ചിക്കാട് മഹാവിഷ്ണു-സരസ്വതീദേവീ ക്ഷേത്രം. തെക്കിന്റെ മൂകാംബിക എന്ന് അർത്ഥം വരുന്ന "ദക്ഷിണ മൂകാംബിക" എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നു. പ്രധാന പ്രതിഷ്ഠ പരമാത്മാവായ മഹാവിഷ്ണുവിന്റേത് ആണെങ്കിലും, ദുർഗ്ഗാസങ്കല്പത്തിലുള്ള സരസ്വതീക്ഷേത്രമായാണ്‌ ഇത് അറിയപ്പെടുന്നത്.ഈ ക്ഷേത്രത്തിലെ പ്രധാന ഉത്സവം നവരാത്രിയോടനുബന്ധിച്ചുള്ള സരസ്വതീപൂജയാണ്. മലയാള മാസം (കൊല്ലവർഷം) തുലാം മാസത്തിലാണ് സരസ്വതീപൂജ നടക്കുന്നത് (സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ). ഒൻപതു ദിവസം നീണ്ടു നിൽക്കുന്ന നവരാത്രി-വിജയദശമി മഹോത്സവത്തിന് ധാരാളം ഭക്തർ ദേവിയെ തൊഴാൻ എത്തുന്നു.
നവരാത്രിയുടെ അവസാന ദിവസമായ വിജയദശമി നാളിൽ കുട്ടികളെ എഴുത്തിനിരുത്തുന്ന വിദ്യാരംഭം ചടങ്ങ് നടക്കുന്നു. ഉത്സവത്തിന്റെ ഒൻപതു ദിവസവും ശാസ്ത്രീയ സംഗീത-നൃത്തങ്ങളുടെ ഒരു സാംസ്കാരിക മേളതന്നെ ക്ഷേത്രത്തിൽ നടക്കുന്നു.
ശ്രീ പനച്ചിക്കാട്ടമ്മ (സരസ്വതി):
ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠകളിലൊന്ന്. ഭക്തനായ കിഴുപ്പുറം നമ്പൂതിരിയോടൊപ്പം കൊല്ലൂരിൽ നിന്ന് ഇവിടെയെത്തിയ സരസ്വതീദേവി മഹാവിഷ്ണുക്ഷേത്രത്തിന്റെ തെക്കേ നടയിൽ കുടികൊണ്ടുവെന്നാണ് ഐതിഹ്യം. ദേവിയുടെ യഥാർത്ഥ വിഗ്രഹം ക്ഷേത്രക്കുളത്തിന്റെ പടിഞ്ഞാറുഭാഗത്ത് ഒരു കുഴിയിൽ കിഴക്കോട്ട് ദർശനമായാണ് പ്രതിഷ്ഠിയ്ക്കപ്പെട്ടിട്ടുള്ളത്. എന്നാൽ, അതിൽ പൂജകൾ നടത്താൻ ശക്തിയുള്ളവർ ഇന്നില്ലെന്ന് വിശ്വസിച്ചുവരുന്നതിനാൽ, കുളത്തിന്റെ മറുകരയിൽ മൂലവിഗ്രഹത്തിന് അഭിമുഖമായി (പടിഞ്ഞാറോട്ട് ദർശനമായി) ഒരു അർച്ചനാബിംബം പ്രതിഷ്ഠിച്ച് അതിൽ പൂജകൾ നടത്തിവരികയാണ് ചെയ്യുന്നത്. മൂലവിഗ്രഹം വള്ളിപ്പടർപ്പിനിടയിൽ മറഞ്ഞിരിയ്ക്കുകയാണ്. ഈ വള്ളിപ്പടർപ്പ് മറ്റൊരിടത്തും കാണാത്ത സരസ്വതീലതയാണെന്ന് വിശ്വസിച്ചുവരുന്നു. മൂലവിഗ്രഹത്തിന്റെ പാദങ്ങളിൽ നിന്ന് ഒരു നീരുറവ ഒഴുകി കുളത്തിലെത്തുന്നുണ്ട്. ഇത് ഒരു അന്തർവാഹിനിയിലൂടെ കൊടൂരാറ്റിലും തുടർന്ന് മീനച്ചിലാറ്റിലും വേമ്പനാട്ട് കായലിലുമെത്തി അറബിക്കടലിൽ ചെന്നുചേരുന്നുവെന്ന് പറയപ്പെടുന്നു. വിശ്വപ്രകൃതിയുടെ മൂലതേജസ്സിനെ മുഴുവൻ ആവാഹിച്ചുകൊണ്ട്, സരസ്വതി എന്ന പേരിനെ അന്വർത്ഥമാക്കി പനച്ചിക്കാട്ട് കുടികൊള്ളുന്ന വിദ്യാദേവതയുടെ തിരുസന്നിധിയിൽ നിത്യേന ആയിരക്കണക്കിന് കുരുന്നുകൾ വിദ്യാരംഭം കുറിയ്ക്കുന്നുണ്ട്. സാരസ്വതം നെയ്യ്, കൂട്ടുപായസം, വിദ്യാമന്ത്രാർച്ചന എന്നിവയാണ് മറ്റ് പ്രധാന വഴിപാടുകൾ.
ശ്രീ പനച്ചിക്കാട്ടപ്പൻ (മഹാവിഷ്ണു):
ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠകളിലൊന്ന്. ക്ഷേത്രത്തിൽ ആദ്യമുണ്ടായിരുന്ന പ്രതിഷ്ഠയായതിനാൽ പനച്ചിക്കാട്ടപ്പന് പ്രാധാന്യം നൽകിക്കൊണ്ടാണ് ക്ഷേത്രനിർമ്മിതി നടത്തിയിരിയ്ക്കുന്നത്. മൂന്നടി ഉയരമുള്ള നിൽക്കുന്ന രൂപത്തിലുള്ള ശിലാവിഗ്രഹം കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ചതുർബാഹുവായ ഭഗവാന്റെ തൃക്കൈകളിൽ ശംഖചക്രഗദാപദ്മങ്ങൾ കാണാം.
ദക്ഷിണ മൂകാംബിക :
ഈ ക്ഷേത്രത്തിലെ പ്രധാന ഉത്സവം സരസ്വതീപൂജയാണ്. മലയാള മാസം (കൊല്ലവർഷം) കന്നി, തുലാം മാസങ്ങളിലൊന്നിലാണ് സരസ്വതീപൂജ നടക്കുന്നത്. (സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിലായി ആണ് ഈ മലയാള മാസം വരുന്നത്). ഒൻപതു ദിവസം നീണ്ടു നിൽക്കുന്ന നവരാത്രി ഉത്സവത്തിന് ധാരാളം ഭക്തജനങ്ങൾ ദേവിയെ തൊഴാൻ എത്തുന്നു.
നവരാത്രിയുടെ അവസാന ദിവസമായ വിജയദശമി നാളിൽ കുട്ടികളെ എഴുത്തിനിരുത്തുന്ന വിദ്യാരംഭം ചടങ്ങ് നടക്കുന്നു. ഉത്സവത്തിന്റെ ഒൻപതു ദിവസവും ശാസ്ത്രീയ സംഗീത-നൃത്തങ്ങളുടെ ഒരു സാംസ്കാരിക മേളതന്നെ ക്ഷേത്രത്തിൽ നടക്കുന്നു. ദുർഗ്ഗാഷ്ടമി ദിവസം സരസ്വതീ സന്നിധാനത്തിൽ ഒരുക്കുന്ന രഥ മണ്ഡപത്തിൽ ഉൽക്കൃഷ്ടങ്ങളായ താളിയോല ഗ്രന്ഥങ്ങളും പുസ്തകങ്ങളും എഴുത്ത് സാമഗ്രികളും പൂജയ്ക്ക് വയ്ക്കാറുണ്ട്.
പനച്ചിക്കാട്ടെ പ്രധാന വഴിപാടുകളിൽ ഒന്നാണ് സാരസ്വതം നെയ്യ്. ബുദ്ധിക്കും വിദ്യയ്ക്കും ഉണർവ് നൽകുന്ന ഈ ഔഷധം സാരസ്വത സൂക്തം വിധിയാം വണ്ണം ജപിച്ച് ശുദ്ധവും പൂർണ്ണവും ആക്കിയതാണ്.
*പനച്ചിക്കാട് സരസ്വതി ക്ഷേത്രവും മഹാവിഷ്ണു ക്ഷേത്രവും* 

No comments: