Thursday, September 21, 2017

ആത്മാനന്ദാവസ്ഥയില്‍ നിന്നും ഞാന്‍ ഉദിക്കുന്നു

പ്രിന്റ്‌ എഡിഷന്‍  ·  September 22, 2017
നമുക്കും മുകളില്‍ ഒരു ദൈവികശക്തിയിരിക്കുന്നതിനെയും അതിനെ പ്രാപിക്കാനുള്ള മാര്‍ഗ്ഗത്തെയും ശാസ്ത്രങ്ങള്‍ നമ്മെ ബോധിപ്പിക്കുന്നു. അവയെക്കൊണ്ടുള്ള പ്രയോജനം അത്രത്തോളം തന്നെ. പല നിലകളിലും ഉള്ളവര്‍ക്കായി എത്രയോ ശാസ്ത്രങ്ങള്‍ ഇരിക്കുന്നു.
മുകളിലോട്ട് പോകുന്തോറും മുന്‍പുള്ളവ പൂര്‍വ്വപക്ഷത്തായിത്തീരും. ഒടുവില്‍ ഒടുവിലത്തേത് മാത്രം, അതൊന്നേ കാണുകയുള്ളൂ. അപ്പോള്‍ മുന്‍പുള്ളതെല്ലാം തന്നെ അര്‍ത്ഥശൂന്യങ്ങളായിത്തീരുന്നു. നാമെത്രയോ പഠിക്കുന്നു.
പഠിച്ചതെല്ലാം ഓര്‍മ്മിച്ചിരിക്കുന്നുണ്ടോ?. എന്നാലും മുഖ്യാംശങ്ങളെല്ലാം ഓര്‍മ്മയില്‍ തങ്ങിനില്‍ക്കും, സാരാംശം ഉള്ളില്‍ പതിയും, മറ്റേത് മറഞ്ഞു പോകുന്നു. ശാസ്ത്രാഭ്യാസങ്ങളും അങ്ങനെ തന്നെ. നാം നമ്മെ ദേഹം മനസ്സ് എന്നീ അളവുകള്‍ക്കുള്ളില്‍ വച്ചുകൊള്ളുന്നതിനാലാണ് ദുഃഖങ്ങള്‍!.
അത് തെറ്റ്. ഉറക്കത്തില്‍ ഒന്നുമില്ല. ഉറങ്ങുന്നവനുമില്ല. ആത്മാനന്ദാവസ്ഥയില്‍ നിന്നും ഞാന്‍ എന്നൊന്നുദിക്കുന്നു. ലോകത്തെ കാണുന്നു. തന്നെ ഒരളവിനുള്ളില്‍ നില്‍ക്കുന്ന അല്‍പവസ്തുവായി കാണുന്നു. വെളിയിലുള്ള എന്തിനെയോ പ്രാപിക്കണമെന്നു വെമ്പല്‍ കൊണ്ട് ദുഃഖത്തിനാളാകുന്നു. ഈ അഹന്ത ഉദിക്കുന്നതിനു മുന്‍പുള്ള ആനന്ദാവസ്ഥ എവിടെ?
അതിനു ശേഷമുള്ള ദുഃഖാവസ്ഥ എവിടെ? അതിനാല്‍ സര്‍വ്വ അനര്‍ത്ഥത്തിനും ഈ അഹന്തയാണ് മൂലകാരണമെന്നു സ്പഷ്ടമാണ്. അതെന്താണ്, എവിടെനിന്നും ഉദിക്കുന്നു എന്നും സൂക്ഷ്മമായി നോക്കിയാല്‍ അതിനൊരു സ്വസ്ഥാനമില്ലെന്നും സത്യത്തിലുള്ളത് ഭേദമറ്റ ഒരു സുഖാവസ്ഥയാണെന്നും അറിയാം.
ഇതിനെയാണ് ഉറങ്ങാതെ ഉറങ്ങുന്നു എന്നു പറയുന്നത്. ഈ ആത്മസ്വരൂപം എല്ലാവരിലും എപ്പോഴുമുള്ളതാണ്. ഇതിനെക്കവിഞ്ഞു നാം മറ്റൊന്നിനെ പ്രാപിക്കാനുമില്ല.
തന്നെ കൃശനാക്കി വച്ചുകൊണ്ടിരിക്കുന്ന ഉപാധികള്‍ ഒഴിയണം. പത്ത് ബാലന്മാര്‍ ആറ്റില്‍ കുളിക്കാന്‍ പോയി. കുളികഴിഞ്ഞു കരയില്‍ കയറി ഒരാള്‍ കുട്ടികളെ എണ്ണി നോക്കി. ഒന്‍പതേയുള്ളൂ. ഓരോരുത്തരും മാറി മാറി എണ്ണിയപ്പോഴും എണ്ണം പത്തില്ല. ഒന്‍പത്.
ഒരാള്‍ ആറ്റിന്റെ ഒഴുക്കില്‍പ്പോയി എന്നു എല്ലാവരും നിലവിളിച്ചു കരഞ്ഞു. ഒരു വഴിപോക്കന്‍ കാരണമാരാഞ്ഞു. അയാളുടെ എണ്ണത്തില്‍ പത്തുപേരുമുണ്ട്. ഒരോരുത്തര്‍ക്കും ഓരോ അടി കൊടുത്തെണ്ണി പത്തുപേരെയും കാണിച്ചുകൊടുത്തു.
തന്നെ വിട്ടെണ്ണിയതിനാലാണ് പ്രമാദം പിണഞ്ഞതെന്നെല്ലാര്‍ക്കും മനസ്സിലായി. ഇവിടെ പത്താമന്‍ എങ്ങും പോയുമില്ല, വന്നുമില്ല. അവിടെത്തന്നെ ഉണ്ടായിരുന്നു. തന്നെ ഉള്‍പ്പെടുത്തി എണ്ണാത്ത ഭ്രമം മാറിയപ്പോള്‍ ദുഃഖം ഒടുങ്ങുകയും ചെയ്തു.
സ്വന്തം നെക്ക്‌ലേസ് കഴുത്തില്‍ ധരിച്ചിരുന്ന വിവരം ഓര്‍ക്കാതെ ഒരു സ്ത്രീ അതിനെ പലയിടത്തും തപ്പിനടക്കുന്നു. ഒരു കൂട്ടുകാരി അതിനെ കഴുത്തില്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ തപ്പിനോക്കിയിട്ട്, കളഞ്ഞുപോയത് തിരിച്ചു കിട്ടിയതുപോലെ സന്തോഷിക്കുന്നു.
നെക്ക്‌ലേസ് കളഞ്ഞുപോവുകയോ തിരിച്ചു കിട്ടുകയോ ചെയ്തില്ല. മറവിയില്‍ ദുഃഖിക്കുകയും ഓര്‍മ്മ വന്നപ്പോള്‍ സന്തോഷിക്കുകയും ചെയ്യുന്നു. യഥാര്‍ത്ഥത്തില്‍ ആ സ്ത്രീ വ്യസനിച്ചതും സന്തോഷിച്ചതും തെറ്റല്ലേ?.
മനുഷ്യന്റെ ആത്മലാഭത്തിന്റെ കഥയും ഇതുതന്നെ. പുത്തനായി ലഭിക്കാനൊന്നുമില്ല. പുത്തനെന്നു പറഞ്ഞാല്‍ മുക്തി ഇല്ലാത്തതായിരിക്കണം. ആത്മാവിനെപ്പറ്റിയുള്ള അറിവില്ലായ്മയാണ് ദുഃഖത്തിന് നിദാനം. ഒരിക്കല്‍ ഇല്ലാതിരുന്നത് വീണ്ടും ഇല്ലാതാകും. മുക്തി നിത്യമാണ്.
അതുകൊണ്ട് മനുഷ്യന്റെ ശ്രമം അജ്ഞാനത്തെ ദൂരീകരിക്കലാണ്. ജ്ഞാനം നിത്യവും സഹജവുമാണെങ്കിലും പുത്തനായി കൈവന്നതുപോലെ തോന്നും.


ജന്മഭൂമി: http://www.janmabhumidaily.com/news708647#ixzz4tM42H81p

No comments: