അദ്വൈതാചാര്യന്മാര്‍
ശങ്കരനുശേഷം അദ്വൈതം പുഷ്ടിപ്പെടുത്തുന്നതില്‍ ബദ്ധശ്രദ്ധരായ പല പ്രഗല്ഭാചാര്യന്മാരും ഉണ്ടായിട്ടുണ്ട്. ഇവരെ അദ്വൈതാചാര്യന്മാര്‍ എന്നു വ്യവഹരിക്കുന്നു. അവരില്‍ ചിലരുടെ പ്രയത്നഫലമായി ഭാമതി, വിവരണം എന്നിങ്ങനെ രണ്ടു മഹാപ്രസ്ഥാനങ്ങള്‍ രൂപംകൊണ്ടു. ഭാമതി പ്രസ്ഥാനത്തിന്റെ ജനയിതാവ് വാചസ്പതിമിശ്രന്‍ എന്ന ദാര്‍ശനികനാണ്. ബാദരായണന്റെ ബ്രഹ്മസൂത്രത്തിലെ ആദ്യത്തെ നാലു സൂത്രങ്ങള്‍ക്ക് ശങ്കരാചാര്യര്‍ രചിച്ച ഭാഷ്യത്തിന് വാചസ്പതിമിശ്രന്‍ എഴുതിയ വ്യാഖ്യാനമാണ് ഭാമതി. ശങ്കരാചാര്യരുടെ സമകാലികനായ മണ്ഡനമിശ്രന്റെ ബ്രഹ്മസിദ്ധിയാണ് ഭാമതി പ്രസ്ഥാനത്തിന്റെ അടിസ്ഥാനഗ്രന്ഥം. എന്നാല്‍ വിവരണ പ്രസ്ഥാനമാകട്ടെ ശങ്കരാചാര്യരുടെ ശിഷ്യപ്രമുഖരില്‍ ഒരാളായ പദ്മപാദ (സനന്ദനന്‍)രില്‍ (9-ാം ശ.) നിന്നാണ് രൂപംകൊള്ളുന്നത്. ബ്രഹ്മസൂത്രത്തിലെ ആദ്യത്തെ നാലു സൂത്രങ്ങള്‍ക്ക് ശങ്കരാചാര്യര്‍ രചിച്ച ഭാഷ്യത്തിന് പദ്മപാദര്‍ പഞ്ചപാദിക എന്ന
ഒരു വ്യാഖ്യാനം എഴുതി. പഞ്ചപാദികയ്ക്ക് പ്രകാശാത്മയതി (13-ാം ശ.) എഴുതിയ വ്യാഖ്യാനമായ പഞ്ചാപാദികാവിവരണത്തില്‍ നിന്നാണ് 'വിവരണം' എന്ന പേര്‍ പ്രസ്ഥാനത്തിന് ലഭിച്ചത്. അടിസ്ഥാന തത്ത്വങ്ങളെ സംബന്ധിച്ചിടത്തോളം രണ്ടു പ്രസ്ഥാനങ്ങളും തമ്മില്‍ യോജിപ്പുണ്ടെങ്കിലും വിശദാംശങ്ങളില്‍ അവ തമ്മിലുള്ള വിയോജിപ്പ് പ്രകടമായി കാണാം.
വാചസ്പതിമിശ്രന്‍, പദ്മപാദര്‍, പ്രകാശാത്മയതി എന്നിവര്‍ക്കുപുറമേ ശങ്കരാചാര്യര്‍ക്കുശേഷം ഉണ്ടായിട്ടുള്ള പ്രതിഭാശാലികളായ മറ്റ് അദ്വൈതാചാര്യന്മാരുടെ പേരുകളും കൃതികളും താഴെ ചേര്‍ക്കുന്നു: ആനന്ദഗിരി (9-ാം ശ.) ന്യായനിര്‍ണയം; ഗോവിന്ദാനന്ദന്‍ (9-ാം ശ.) രത്നപ്രഭ; സര്‍വജ്ഞാത്മമുനി
(10-ാം ശ.) സംക്ഷേപശാരീരകം; അദ്വൈതാനന്ദന്‍ (12-ാം ശ.) ബ്രഹ്മവിദ്യാഭരണം; ആനന്ദബോധയതി (12-ാം ശ.) ന്യായമകരന്ദം, ന്യായദീപാവലി, പ്രമാണമാല; ശ്രീഹര്‍ഷന്‍ (12-ാം ശ.) ഖണ്ഡനഖണ്ഡഖാദ്യം; ചില്‍സുഖാചാര്യന്‍ (13-ാം ശ.) തത്ത്വപ്രദീപിക; വിമുക്താത്മാവ് (13-ാം ശ.) ഇഷ്ടസിദ്ധിപ്രമാണ വൃത്തനിര്‍ണയം; അമലാനന്ദന്‍ (13-ാം ശ.) കല്പതരു; വിദ്യാസാഗരന്‍ (13-ാം ശ.) പഞ്ചപാദികാദര്‍പ്പണം; രാമാദ്വയന്‍ (13-ാം ശ.) വേദാന്തകൌമുദി; വിദ്യാരണ്യന്‍ (13-ാം ശ.) പഞ്ചദശി, വിവരണപ്രമേയസംഗ്രഹം, ജീവന്‍മുക്തിവിവേകം; അഖണ്ഡാനന്ദന്‍ (14-ാം ശ.) തത്ത്വദീപനം; ജഗന്നാഥാശ്രമമുനി (15-ാം ശ.) അദ്വൈതദീപിക, അദ്വൈതപഞ്ചരത്നം, അദ്വൈതബോധദീപിക; സദാനന്ദവ്യാസന്‍ (15-ാം ശ.) അദ്വൈതസിദ്ധി, സിദ്ധാന്തസാരം, വേദാന്തസാരം; നൃസിംഹാശ്രമമുനി (16-ാം ശ.) ഭേദധികാരം; മധുസൂദന സരസ്വതി (16-ാം ശ.) അദ്വൈതസിദ്ധി; പ്രകാശാനന്ദന്‍ (16-ാം ശ.) വേദാന്തസിദ്ധാന്ത മുക്താവലി; രാമകൃഷ്ണാധ്വരി (16-ാം ശ.) ശിഖാമണി; ധര്‍മരാജാധ്വരന്ദ്രന്‍ (16-ാം ശ.) വേദാന്തപരിഭാഷ; അപ്പയ്യദീക്ഷിതര്‍ (16-ാം ശ.) സിദ്ധാന്തലേശസംഗ്രഹം, കല്പതരുപരിമളം, ശിവാദ്വൈതനിര്‍ണയം; അമരദാസന്‍. മണിപ്രഭ; സദാനന്ദയതി (16-ാം ശ.) അദ്വൈത ബ്രഹ്മസിദ്ധി; മല്ലനാരോദിയന്‍ അദ്വൈതരത്നം; നാരായണാശ്രമന്‍ (16-ാം ശ.) തത്ത്വവിവേകദീപനം; ഭട്ടോജിദീക്ഷിതര്‍ (17-ാം ശ.) തത്ത്വകൌസ്തുഭം, വേദാന്തതത്ത്വദീപനവ്യാഖ്യാ.
No comments:
Post a Comment