Tuesday, September 05, 2017

വേദത്തിന്റെ ആദ്യഭാഗത്ത് അശ്വമേധം, രാജസൂയം, സൗത്രാമണി തുടങ്ങിയ വിവിധ യജ്ഞങ്ങള്‍ അനുഷ്ഠിക്കാന്‍ വേണ്ടി നിര്‍ദ്ദേശിച്ചിട്ടുണ്ട്. സ്വര്‍ഗം തുടങ്ങിയ ദിവ്യലോകങ്ങളോ മറ്റു സുഖഭോഗങ്ങളോ ആഗ്രഹിക്കാതെ, ഭഗവാന് ആരാധനയായി അവ അനുഷ്ഠിച്ചാല്‍ നമുക്ക് പരമപദം പ്രാപിക്കാന്‍ സാധിക്കും. അവയിലെല്ലാം ഭഗവാന്റെ ചൈതന്യം ഉള്‍ക്കൊള്ളുന്നു. അതിനാല്‍ ഭഗവാന്റെ വിഭൂതികളാണ്. അനേകം സഹായികളും ധനവും വിവിധതരത്തിലുള്ള ക്രിയാകലാപങ്ങളും വേണ്ടതിനാല്‍ ത്രേതായുഗത്തില്‍ പോലും അനുഷ്ഠിക്കാന്‍ വളരെ പ്രയാസമാണ് യജ്ഞം. അതിനാല്‍ ജപയജ്ഞമാണ് അനുഷ്ഠിക്കാന്‍ എളുപ്പം. വേദങ്ങള്‍ മുഴുവന്‍ ജപിക്കുക, വിഷ്ണുസൂക്തം, പുരുഷസൂക്തം മുതലായവ ജപിക്കുക, അതിന് കഴിവില്ലെങ്കില്‍ ഓം, ശ്രീം ഹ്രീം മുതലായ ബീജമന്ത്രങ്ങള്‍, നാരായണകവചം, രുദ്രഗീതം മുതലായ സ്‌തോത്രമന്ത്രങ്ങള്‍ ഇവയും ജപിക്കാം.
‘ജപം’ എന്ന വാക്കിന്റെ അര്‍ത്ഥം- ജാന്‍ = ജാതന്‍; പാതിരക്ഷതി ശരീരം ധരിച്ച ജീവന്മാരെ, മായാബന്ധനത്തില്‍നിന്നു രക്ഷിക്കുന്നത് എന്നാണ് നിരുക്തിപ്രകാരം അര്‍ത്ഥം.
വേദമന്ത്രസൂക്ത ജപങ്ങളെക്കാള്‍ ഉത്കൃഷ്ടമാണ് ഭഗവാന്റെ തിരുനാമജപം. ഭഗവാന് അനന്തകോടി നാമങ്ങള്‍ ഉണ്ട്. അവ ഉച്ചരിക്കുമ്പോള്‍, നാമമായി അവതരിച്ച് നമ്മുടെ നാവില്‍ വിളയാടുകയാണ് ഭഗവാന്‍ ചെയ്യുന്നത്.
പാപഭൂയിഷ്ടമായ ഈ കലിയുഗത്തില്‍, കലീസന്തരണോപനിഷത്ത്, മഹാമന്ത്രം, ഷോഡശനാമം എന്നെല്ലാം പുരാണങ്ങളിലും ശാസ്ത്രങ്ങളിലും പ്രകീര്‍ത്തിക്കുന്ന-
”ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ”
എന്ന ഹരേ കൃഷ്ണനാമം എല്ലാ നാമങ്ങളിലുംവെച്ച് അത്യുത്കൃഷ്ടമാണ്. ഈ നാമത്തിന്റെ, ശബ്ദത്തിലും സ്വരത്തിലും ലിപിലേഖനത്തിലും ഭഗവാന്‍ തന്റെ തേജസ്സ് സമര്‍പ്പിച്ചിരിക്കുകയാണ് എന്ന് ഭക്ത്യാചര്യന്മാര്‍ വിശദീകരിക്കുന്നു.



ജന്മഭൂമി: http://www.janmabhumidaily.com/news699519#ixzz4rqgjBQCd

No comments: