Saturday, September 23, 2017

ശ്രീരാമകൃഷ്ണവചനാമൃതം
ശ്രീരാമകൃഷ്ണൻ :- (ദ്വിജന്റെ അച്ഛനോട് ) താങ്കളുടെ കുട്ടികൾ ഇവിടെ വരുന്നതുകൊണ്ട് ഒന്നും പരിഭവിക്കരുത്. അദ്ധ്യാത്മചൈതന്യം ഉണർന്നതിനുശേഷം ലോകത്തിൽ ജീവിക്കാൻ ഞാൻ ആളുകളോടു പറയുന്നു. വളരെ പണിപ്പെട്ട് സ്വർണ്ണം വേർതിരിച്ചെടുത്തശേഷം അതു പിന്നെ മണ്ണിനടിയിൽ വേണമെങ്കിൽ വെയ്ക്കാം; പെട്ടിയ്ക്കുള്ളിലും സൂക്ഷിക്കാം; വെള്ളത്തിനടിയിലും വെച്ചേയ്ക്കാം; എന്തായാലും സ്വർണ്ണത്തിന് ഒരു കേടും പറ്റുന്നതല്ല.
അനാസക്തനായിട്ട് ലോകത്തിൽ വാഴാൻ ഞാൻ ആളുകളോട് പറയുന്നു. കൈയിൽ എണ്ണ പുരട്ടിയിട്ട് ചക്ക മുറിക്കുക: എന്നാൽ മുളഞ്ഞ് കൈയിൽ ഒട്ടുകയില്ല.
പിഞ്ചുമനസ്സ് സംസാരത്തിൽ പാർക്കാൻപോയാൽ അതു മലിനമായിത്തീരും. ജ്ഞാനം സമ്പാദിച്ചശേഷം വേണം സംസാരത്തിൽ വസിക്കാൻ.
വെള്ളത്തിൽ പാലൊഴിച്ചാൽ പാൽ നഷ്ടമായിപ്പോകുന്നു. എന്നാൽ വെണ്ണയെടുത്തു വെള്ളത്തിലിട്ടാൽ ഒരു കുഴപ്പവും വരികയില്ല.
ശ്രീരാമകൃഷ്ണവചനാമൃതം ഭാഗം, മൂന്ന് പുറം - 246

No comments: