Sunday, September 03, 2017

പണ്ടത്തെ ഗുരുകുലവാസത്തിലേയ്ക്കു കണ്ണോടിയ്ക്കുന്ന ഒരു സംഭവം സ്മര്‍ത്തവ്യമാണ്. സുകുമാരനെന്ന വിദ്യാര്‍ഥിയുടെ ആത്മാര്‍ ഥതയാണത്. ശ്രീകൃഷ്ണവിലാസമെന്ന ഒരു കാവ്യമുണ്ട്. അത് ഇന്നുവരെ അപൂര്‍ണമാണ്. കാരണം, അതെഴുതാന്‍ ഇടയായ സംഭവംതന്നെ.
സുകുമാരന്‍ ഗുരുകുലത്തില്‍ കഴിയുന്ന കാലം, സാമാന്യം നല്ല വിദ്യാര്‍ഥി, പഠിപ്പില്‍ വേണ്ടത്ര ശ്രദ്ധാലുവും. ഗുരുവിനേയും ഗുരുപത്‌നിയേയും വലിയ കാര്യമാണ്. എന്തു പറഞ്ഞാലും ഉടന്‍ സുകുമാരന്‍ വല്ലായ്മ കാണിയ്ക്കാതെ ചെയ്യും. വെള്ളംകോരിക്കൊണ്ടുവരുന്നതില്‍ നിന്നുതുടങ്ങി, അടിച്ചുതുടച്ചുവെടുപ്പാക്കി, കാട്ടില്‍ച്ചെന്നു വിറകുമുട്ടികൊണ്ടുവന്നു കീറി വിറകാക്കി കെട്ടി അടുക്കളയില്‍ വെച്ചുകൊടുക്കുന്നതുവരെ, ചെറുതും വലുതുമായ സര്‍വകാര്യങ്ങളും സുകുമാരനു പ്രിയങ്കരമാണ്.
ഇതൊരു വശം. ഇനിയൊന്നാകട്ടെ, ഗുരുനാഥന്‍ ഇടക്കിടെ സുകുമാരനെ ശകാരിയ്ക്കുന്നതു പതിവായിരുന്നു. അങ്ങനെ ദേഷ്യപ്പെടാത്ത ദിവസം കാണില്ല. പഠിച്ചതും ചെയ്തതും പോരെന്നുതന്നെ ഏതു വാക്കിലും. മടിയും അശ്രദ്ധയും കൈമുതലാണെന്നുകൂടി ഗുരുദേവന്‍ പറയാറുണ്ട്.
വര്‍ഷങ്ങള്‍ നീങ്ങി. ബാലന്‍ മുതിര്‍ന്നു. കാര്യബോധവും ചുമതലബോധവും വര്‍ധിച്ചു. അതത്രയും പഠിപ്പിലും പ്രവൃത്തിയിലും പതിയുകയും ചെയ്തു; എന്നാലും അഭിവന്ദ്യഗുരുവിന്റെ സ്വരഭാവങ്ങള്‍ക്ക് ഒരു മാറ്റവുമില്ല. ഒറ്റ നല്ലവാക്കെങ്കിലും കേള്‍ക്കില്ലേ എന്ന താപം കൊച്ചുമനസ്സിനെ വേവിച്ചു. ആരുണ്ട് തണുപ്പിയ്ക്കാന്‍? സഹപാഠികള്‍ നിസ്സഹായര്‍തന്നെ.
ഗുരുവിന്റെ കനത്ത സ്‌നേഹമാണ് ഇത്തരം രൂക്ഷവാക്കുകളുടെ പിന്നിലെന്നു ധരിയ്ക്കാന്‍ സുകുമാരനു വിഷമം. പ്രിയം അപ്രിയത്തിന് ഇടവരുത്തുമെന്നോ? മറുപടി പറയാന്‍ ശിഷ്യപ്രതിബദ്ധത അനുവദിക്കില്ല. അനുസരണത്തിലും, ചോദ്യംചെയ്യാതെ മുന്നോട്ടുപോകുന്നതിലുമാണല്ലോ ഗുരുഭക്തി.
പക്ഷേ മനസ്സ് സുകുമാരനെ വിട്ടില്ല. പിറുപിറുത്തുകൊണ്ടിരുന്ന അതു കുറേശ്ശയായി ശിഷ്യമനസ്സില്‍ കൊടുമ്പിരികൊള്ളിച്ചു: ‘ഇതെന്ത്? എത്ര കാലമായി? ഞാന്‍ തെറ്റുകാരനല്ല. ഒരു തെറ്റും ഗുരുവടക്കം ആരും ചൂണ്ടിക്കാട്ടീട്ടുമില്ല. മറ്റു കുട്ടികളെപ്പോലെ ഞാനും പഠിയ്ക്കുന്നുണ്ട്. ഗുരുവിന്റെ പഠനചോദ്യങ്ങള്‍ക്കു മറുപടിയും പറയുന്നു.’ സന്ദിഗ്ധതയ്ക്ക് അന്ത്യംകുറിയ്ക്കാനായി വെറുപ്പും വിദ്വേഷവും മനസ്സിനെ വറുത്തുപൊരിച്ചുകളഞ്ഞു: ‘ഒന്നുകില്‍ ഞാന്‍, അല്ലെങ്കില്‍ എന്റെ അഭിവന്ദ്യഗുരുദേവന്‍. രണ്ടുപേരുംകൂടി ഇനി വാഴരുത്. ഒരു അധ്യേതാവിന്നും ഇങ്ങനെ യൊരു ദുര്‍ദശ പിണഞ്ഞുകൂടാ. ഭാവി ആര്‍ കണ്ടു? വര്‍ത്തമാനത്തിന്റെ വിധിയിതാണ്. സഹിഷ്ണുതയ്ക്കുമില്ലേ അതിര്? മതി ഈ ഗുരുകുലവാസം. സ്തുത്യര്‍ഹമായ ഇതില്‍ ഞാന്‍ കാണുന്നത് അഭിശാപമാണ്.’
കലങ്ങിയ കണ്ണും, വിറയ്ക്കുന്നചുണ്ടും, തരിയ്ക്കുന്ന കൈപ്പടങ്ങളുമായി സുകുമാരന്‍ നിശ്ശബ്ദനായി. ക്ഷണങ്ങള്‍ കഴിഞ്ഞില്ല, അന്തിമതീരുമാന ത്തിന്: ‘ഗുരുനാഥനെ ഇന്നു രാത്രിതന്നെ തീര്‍ക്കുക.’ ആ നീക്കം ഗുരുതരം തന്നെ, ഊക്കന്‍ തെറ്റും, അക്ഷന്തവ്യവും. ശരി; എന്നാലും സുകുമാരന്റെ മനസ്സിന് അതൊന്നും തടസ്സമായില്ല.
അന്നത്തെ കൃത്യങ്ങള്‍ കഴിച്ചു. സന്ധ്യയ്ക്കു കാഴ്ച മറയുംമുമ്പേ സുകുമാരന്‍ അന്തിമശക്തി ഉപയോഗിച്ച് ഒരു വലിയ കല്ല് ഉരുട്ടിക്കയറ്റി കിടപ്പുമുറിയില്‍ ഗുരുനാഥന്റെ തലയ്ക്കു തട്ടിയിടത്തക്കവണ്ണം സജ്ജമാക്കിവെച്ചു. വീട്ടില്‍ എവിടെ എപ്പോള്‍വേണമെങ്കിലും പോകാന്‍ സ്വാതന്ത്ര്യമുള്ള ആ ശിഷ്യവര്യന് ഇതിന് ഒരു വിഷമവും നേരിട്ടില്ല.
അത്താഴംകഴിച്ച് എല്ലാവരും രാത്രി വിശ്രമത്തിനു വിരമിച്ചു, സുകുമാരന്‍ ചെന്നതു തട്ടിന്‍മുകളിലും. ഗുരു വന്നുകിടന്നു. താമസിയാതെ ഗുരുപത്‌നിയുമെത്തി, തമ്മില്‍ സംസാരവും തുടങ്ങി.
വിധിയ്ക്കു കണ്ണുണ്ടോ? അന്നത്തെ വിഷയം സുകുമാരനായി. ‘താങ്കളെ ന്താ ഈ സുകുമാരനെ ഇത്രയധികം ശകാരിയ്ക്കുന്നത്, അവന്‍ നല്ലവണ്ണം പഠിയ്ക്കുന്നില്ലേ? എന്റെ അനുഭവം അവന്‍ മിടുക്കനാണെന്നാണ്. എന്തു ജോലിയും ചൂളാതെ ഉടന്‍ചെയ്യും. അധ്വാനിയ്ക്കാന്‍ മടിയില്ല. സന്തോഷം ഉണ്ടുതാനും. അങ്ങയുടെ മുമ്പില്‍മാത്രം സുകുമാരന്‍ അപരാധിയാകുന്നുവെന്നോ? എനിയ്ക്കു മനസ്സിലാവുന്നില്ല.’
ഗുരുപത്‌നിയോട് ഈ അന്വേഷണം എടുത്തിടാന്‍ ആര്‍ പറഞ്ഞു? സുകുമാരന്‍ മുകളിലിരുന്നു സ്തംഭിച്ചുപോയി: ‘എന്റെ വിചാരഗതിയില്‍ തെറ്റില്ല, അല്ലേ?’
ഉടന്‍ ഗുരുമുഖം ശബ്ദമാനമായി: ‘അതോ, സുകുമാരന്‍ നന്നായി തുടരണം. പഠിപ്പില്‍ അവന്‍ മുമ്പിലാണ്. മറ്റു പ്രവൃത്തികളിലും അങ്ങനെ ത്തന്നെ. അതുതന്നെയാണ് എന്റെ ഉത്കണ്ഠയും. ഗര്‍വുണ്ടാകരുതല്ലോ. നന്നേ പഠിയ്ക്കുന്ന കുട്ടികളെ പിടിപെടുന്ന വ്യാധികളാണ് ഗര്‍വും അഭിമാനവും. എന്റെ ശകാരം അവന്റെ മനസ്സില്‍ ഇവയുദിയ്ക്കാന്‍ അനുവദിക്കില്ല. വിദ്യ വിനയാന്വിതമാകാന്‍ കുറച്ചുവര്‍ഷംകൂടി അവനു വേണ്ടിവരും.
‘ഒരു മുന്‍കരുതലെന്ന നിലയ്ക്കാണ് ഞാന്‍ മന:പൂര്‍വം ശകാരിയ്ക്കുന്നത്. ഗുരുവിനെപ്പോലെ ശിഷ്യനെ സ്‌നേഹിയ്ക്കുന്നവന്‍ ഉണ്ടാകില്ല. ശിഷ്യന്‍ നന്നാവാനായി ഗുരു സ്വയം അപമാനിതനായാല്‍പ്പോലും അതു ശ്ലാഘ്യമാണ്. ഇതാണ് സംഗതി. സുകുമാരന്‍ എന്റെ കണ്ണിലുണ്ണിയാണ്. ഒട്ടും സംശയിയ്ക്കണ്ട.മുകളിലിരുന്നു ശിഷ്യോത്തമന്‍ ദീര്‍ഘശ്വാസമിട്ടു. ഈ സംവാദം അല്പം വൈകിയിരുന്നെങ്കിലോ! വെറുങ്ങലിച്ച കൈകളോടെ പതുക്കെ പാറക്കല്ലു മാറ്റി സുരക്ഷിതമായി അട്ടത്തില്‍ വെച്ചു. സുകുമാരന്‍ തക്കം നോക്കി ഇറങ്ങി. വല്ലവിധവും രാത്രി കഴിച്ചുകൂട്ടി.


ജന്മഭൂമി: http://www.janmabhumidaily.com/news699167#ixzz4reZSWIcr

No comments: