Tuesday, September 19, 2017

ഗുരുകുലത്തില്‍ സാന്ദീപനി മഹര്‍ഷിയുടെ ശിഷ്യരായിരുന്നു ബലരാമനും ശ്രീകൃഷ്ണനും 'സുദാമാ'വും. വിദ്യാഭ്യാസമെല്ലാം കഴിഞ്ഞ് ശ്രീകൃഷ്ണന്‍ ദ്വാരകയ്ക്കും സുദാമാ അദ്ദേഹത്തിന്റെ വീട്ടിലേക്കും പോയി. ഭക്തിയില്‍ മാത്രം ഊന്നല്‍ കൊടുത്തുള്ള ജീവിതമായിരുന്നു സുദാമാവിന്റേത്. ഭഗവാന്‍ ശ്രീകൃഷ്ണനില്‍ ഇത്രയും ഭക്തിയുള്ള ഒരു സാധുവിനെ കാണുക പ്രയാസമാണ്. വീട്ടുകാര്യങ്ങളിലൊന്നും ശ്രദ്ധിക്കാതെ ഭഗവാനില്‍ മാത്രം ശ്രദ്ധ. വീട്ടില്‍ ഭാര്യയും മക്കളും വിശപ്പുകൊണ്ട് പൊറുതിമുട്ടുന്നതൊന്നും സുദാമാ ശ്രദ്ധിക്കാറില്ല. ഉണ്ണാനും ഉടുക്കാനും ഇല്ലാതായ സുദാമാവിന് അങ്ങനെ ''കുചേലന്‍'' (മോശമായ വസ്ത്രം ധരിക്കുന്നവന്‍) എന്ന പേരും വീണു.
അദ്ദേഹത്തിന്റെഏറ്റവും വലിയ ദുഃഖം ദാരിദ്ര്യദുഃഖമാണ്. അതാണ് കുചേലന്റെ അല്ലെങ്കില്‍ സുദാമാവിന്റെ കുടുംബത്തിലുള്ളത്. കുട്ടികള്‍ക്ക് ഒരുനേരം കഞ്ഞി കൊടുക്കാന്‍ പോലും ഭാര്യയായ സാധ്വിയ്ക്ക് കഴിയാറില്ല. കണ്ണുനീരൊഴുക്കുവാനെ സമയമുള്ളൂ. ഇങ്ങനെയിരിക്കെ പട്ടിണി സഹിക്കവയ്യാതായപ്പോള്‍ കുചേല പത്‌നി, കരുണാമൂര്‍ത്തിയായ ദ്വാരകാനാഥനെ ചെന്നു കാണാന്‍ ഭര്‍ത്താവിനോട് അപേക്ഷിച്ചു. കാണാന്‍പോകുമ്പോള്‍ എന്തെങ്കിലും കാഴ്ചവെക്കണമെന്ന സാമാന്യ മര്യാദയുടെ ഭാഗമായി കുറച്ച് നെല്ല് അവിലാക്കയതാണ് -അതും ഭിക്ഷ യാചിച്ച് കിട്ടിയത്, ഒരു തുണിക്കഷ്ണത്തില്‍ പൊതിഞ്ഞു കൊടുത്ത. അത് കല്ലും മണ്ണും നിറഞ്ഞതായിരുന്നു. രുഗ്മിണിയോടൊത്ത് സല്ലപിച്ചുകൊണ്ടിരുന്ന ജഗദ്‌നാഥന്‍ ദൂരെനിന്നു തന്നെ തന്റെ സതീര്‍ത്ഥ്യനായ സുദാമാവ് വരുന്നതുകണ്ടപ്പോള്‍ ഓടിച്ചെന്ന് സ്വീകരിച്ചുകൊണ്ടുവന്നു. കുചേലന്റെ പാദങ്ങള്‍ രുഗ്മിണി പകര്‍ന്നുകൊടുത്ത ജലംകൊണ്ട് കഴുകി ആ തീര്‍ത്ഥജലം സ്വന്തം ശിരസ്സിലും ദേഹത്തും തളിച്ചു. രുഗ്മിണി വീശിക്കൊടുത്തു. തനിക്ക് നല്‍കാന്‍ എന്താണ് കൊണ്ടുവന്നിരിക്കുന്നതെന്ന് ഭഗവാന്‍ ചോദിച്ചപ്പോള്‍, ഒരു മലിനവസ്ത്രക്കഷ്ണത്തില്‍ പൊതിഞ്ഞ അവല്‍ ഭഗവാന് എങ്ങനെ കൊടുക്കുമെന്നായിരുന്നു ആ ബ്രാഹ്മണന്റെ ചിന്ത. ഈ സമയം കുട്ടിക്കാലത്ത് നടന്ന പല കാര്യങ്ങളും അദ്ദേഹം ഓര്‍ത്തെടുത്തു. ഈ സമയം കുചേലന്‍ തന്റെ കക്ഷത്തൊളിപ്പിച്ച കിഴിക്കെട്ട് കണ്ണന്‍ കണ്ടു. ഉടന്‍തന്നെ അത് പിടിച്ചെടുത്ത് ഒരുപിടി അവല്‍ വാരിത്തിന്നു. രണ്ടാമത് വാരാന്‍ തുടങ്ങിയപ്പോള്‍ സാക്ഷാല്‍ ലക്ഷ്മീദേവിയുടെ അവതാരമായ രുഗ്മിണി കൈപിടിച്ച് തടഞ്ഞു. ദേവന്മാര്‍ക്കുകൂടി കിട്ടാഞ്ഞ ഐശ്വര്യവും സായൂജ്യവും ഇപ്പോള്‍തന്നെ ആ കുചേല ബ്രാഹ്ണന് ലഭിച്ചുകഴിഞ്ഞു. ഇനിയും അവൽ തിന്നുകയാണെങ്കില്‍ ഞങ്ങള്‍ കുചേലദാസരായി കഴിയേണ്ടിവരുമെന്ന് ദേവി ഓര്‍മിപ്പിച്ചു.
ഭഗവാനോട് യാത്ര പറഞ്ഞ് കുചേലന്‍ വീട്ടിലേക്ക് തിരിച്ചു. അങ്ങനെ ഓരോന്ന് ആലോചിച്ചുകൊണ്ടായിരുന്നു നടത്തം. തന്റെ ദാരിദ്ര്യത്തെപ്പറ്റി പറയാനാണല്ലോ കൃഷ്ണനെ കാണാന്‍ വന്നത്. ഇനി ഭാര്യ ചോദിച്ചാല്‍ എന്താണ് പറയുക എന്ന ചിന്തയുമായി നടന്നു. വീടിന്റെ സ്ഥാനത്തെത്തിയപ്പോള്‍ അവിടെ വീടില്ല. പകരം മനോഹരമായ ഒരു ഹര്‍മ്യത്തിനുമുന്നിലാണ് താന്‍ നില്‍ക്കുന്നതെന്ന് മനസ്സിലായ കുചേലന്‍ തനിക്ക് വഴിതെറ്റിപ്പോയോ എന്ന് ചിന്തിച്ച് നാലുപാടും നോക്കി. അപ്പോഴതാ രത്‌നാഭരണങ്ങളും പട്ടുവസ്ത്രങ്ങളും ധരിച്ച് ഭാര്യയും മക്കളും ദാസിമാരും വന്ന് കുചേലനെ എതിരേറ്റതു കണ്ടപ്പോള്‍ അത്ഭുതപ്പെട്ടു. ഇത് സ്വപ്‌നമോ യാഥാര്‍ത്ഥ്യമോ? അന്ധാളിച്ചുനില്‍ക്കെ യാഥാര്‍ത്ഥ്യത്തിലേക്ക് തിരിച്ചുവരാന്‍ കുറച്ചുസമയം എടുത്തു. ഒരുപിടി അവല്‍ നേടിത്തന്ന ഐശ്വര്യങ്ങള്‍ തന്റെ ജീവിതരീതിക്ക് ഒരു മാറ്റവും വരുത്താതെ ഭഗവാന്റെ പാദാരവിന്ദത്തില്‍ അര്‍പ്പിച്ച് ദിനംതോറും കൂടിയ ഭക്തിയോടെ ആ കുചേല ബ്രാഹ്മണന്‍ ബാക്കി ജീവിതം സുഖസൗകര്യത്തോടെ കഴിച്ചുകൂട്ടി. കുചേലന് മുക്തിയും ലഭിച്ചു.
ലോകത്തിന് മാതൃകയായ ഉത്തമ സുഹൃത്തുക്കൾ ...

No comments: