അദ്വൈതത്തിന്റെ മൂല ആശയങ്ങള്‍ ഏറ്റവും പ്രാചീന ഗ്രന്ഥമായ ഋഗ്വേദത്തിലാണ് കണ്ടെത്താന്‍ കഴിയുക. ഈ പ്രപഞ്ചത്തിന്റെ നാനാത്വത്തിനു പിന്നിലുള്ള ഏകത്വത്തെക്കുറിച്ച് ചില കല്പനകള് ഒന്നും പത്തും മണ്ഡലങ്ങളിലെ ചില മന്ത്രങ്ങളില്‍ കാണുന്നു. പ്രപഞ്ചത്തിന്റെ മാതൃശക്തിയായി അദിതിയേയും സര്വദേവതാമയനായി പ്രജാപതിയെയും ബ്രഹ്മാണ്ഡത്തിനകത്തും പുറത്തും വ്യാപിച്ച് കാലദേശങ്ങളെ അതിക്രമിച്ച് വര്‍ത്തിക്കുന്നവനായി വിരാട്പുരുഷനെയും (ഋ.വേ. 10. 7-90) വര്‍ണിച്ചിരിക്കുന്നു. മറ്റൊരു മന്ത്രത്തില്‍ (ഋ.വേ. 1. 164-46) സത്ത ഒന്നാണെന്നും ഋഷിമാര്‍ അതിനെ അഗ്നി, യമന്‍, മാതരിശ്വാവ് എന്നിങ്ങനെ പല പേരുകളില്‍ പ്രതിപാദിച്ചിരിക്കുന്നുവെന്നും പറയുന്നു. എന്നാല്‍ പത്താം മണ്ഡലത്തിലെ, 'നാസദ് ആസീന്നോ സദാസീത് തദാനീം നാസിദ്രജോനോ വ്യോമ പരായത്' എന്നു തുടങ്ങുന്ന നാസദീയ സൂക്തത്തില്‍ അദ്വൈത ദര്‍ശനത്തിന്റെ വേരുകള്‍ വ്യക്തമായി കാണുന്നു. സൃഷ്ടിക്കുമുമ്പ് 'ആ ഒന്ന്' (തദ് ഏകം) മാത്രമാണ് ഉണ്ടായിരുന്നത് എന്നും അതാണ് പ്രപഞ്ചത്തിന്റെ അടിസ്ഥാനതത്ത്വമെന്നും ഇതില്‍ പ്രതിപാദിച്ചിരിക്കുന്നു. ഋഗ്വേദത്തില്‍ ഇപ്രകാരം ആരംഭിച്ചിരിക്കുന്ന അദ്വൈതദര്‍ശനം പൂര്‍ണതയെ പ്രാപിക്കുന്നത് ഉപനിഷത്തുകളിലാണ്.
No comments:
Post a Comment