Friday, September 15, 2017

വേദങ്ങളില്‍ വച്ച് സാമവേദം ഏറ്റവും ശ്രേഷ്ഠമാണ്. അത് എന്റെ വിഭൂതിയാണ് എന്ന് മുമ്പ് (10-22) പറഞ്ഞു. സാമവേദത്തില്‍ വച്ച് ഏറ്റവും ശ്രേഷ്ഠമാണ് ‘ബൃഹത് സാമം’ എന്ന ഗീതി ഭാഗം.
‘യം ത്വാമിന്ദ്ര ഹവാമഹേ’
(അല്ലയോ ഇന്ദ്ര, അങ്ങയെ ഞങ്ങള്‍ യജിക്കുന്നു) എന്നുതുടങ്ങുന്ന നീതി വിശിഷ്ടമാണെന്ന് ആചാര്യന്മാര്‍ പറയുന്നു. ഇതില്‍ ‘ഇന്ദ്രനെ’ ആഹ്വാനം ചെയ്യുകയാണെങ്കിലും ആ ഇന്ദ്രന്‍ സര്‍വ്വപ്രാണികളുടെയും ഈശ്വരന്‍ തന്നെയായിട്ടാണ്-എന്നെത്തന്നെയാണ് സ്തുതിക്കുന്നത്.
അതിരാത്ര യജ്ഞത്തില്‍ ഈ ബൃഹത് സാമം പൃഷ്ഠസ്‌തോത്രം എന്ന പേരില്‍ പ്രയോഗിക്കുന്നു. സാമവേദത്തില്‍, ആകെ എണ്ണായിരത്തി പതിനാല് (8014) ഗീതങ്ങളാണ് ഉള്ളത് എന്നും ഈ ബൃഹത് സാമമാണ് ഏറ്റവും വലുത് (ബൃഹത്) എന്നും ആചാര്യന്മാര്‍ പറയുന്നു.
ഭഗവാന്റെ വാഹനമായ ഗരുഡഭഗവാന്‍ അതിവേഗത്തില്‍ ആകാശത്തിലൂടെ പറക്കുമ്പോള്‍, ആ ചിരി ഒച്ചയില്‍ മുഴങ്ങി കേള്‍ക്കുന്നത് ഈ ബൃഹത്സാമമത്രേ.
ഛന്ദസാം ഗായത്രീ അഹം (60)
വേദങ്ങളില്‍ പ്രതിപാദിക്കപ്പെട്ടിട്ടുള്ളതും ഇത്രഇത്ര അക്ഷരങ്ങള്‍ ഉള്ളത് എന്ന് നിയന്ത്രിക്കപ്പെട്ടിട്ടുള്ളതുമായ മന്ത്രങ്ങളെയാണ് ഛന്ദസ്സുകള്‍ എന്നുപറയുന്നത്. അങ്ങനെയുള്ള ഛന്ദസ്സുകളില്‍ വച്ച് ഗായത്രീമന്ത്രമാണ് ഏറ്റവും ഉത്കൃഷ്ടമായിട്ടുള്ളത്.
ബ്രാഹ്മണര്‍ക്ക് ദ്വിതീയജന്മം ആരംഭിക്കുന്നത് ഗായത്രീമന്ത്രോപദേശം കിട്ടുമ്പോഴാണ്. സോമയാഗത്തില്‍ സോമംകൊണ്ടുവരുമ്പോള്‍ ഉച്ചരിക്കപ്പെടുന്നത് ഗായത്രീ മന്ത്രമാണ്. ‘ഗായന്തം ത്രായതേ’ ഈ മന്ത്രം ജപിക്കുന്ന വ്യക്തിയെ ഈ മന്ത്രം ഭൗതികമാലിന്യങ്ങളില്‍ നിന്ന് രക്ഷിക്കുന്നു ‘ഗായത്രി’ എന്ന പേരിന്റെ അര്‍ത്ഥം അതാണ്. വൈദികരീതിയില്‍ ഉച്ചരിക്കപ്പെടുന്ന ഗായത്രിക്ക് (24) ഇരുപത്തിനാല് അക്ഷരങ്ങളും പത്ത് (10) പദങ്ങളുമാണുള്ളത്. ഈ മന്ത്രത്തില്‍ ശ്രീകൃഷ്ണ ഭഗവാന്‍ തന്നെയാണ് നിറഞ്ഞുനില്‍ക്കുന്നത്.
എങ്ങനെയാണ് നിറഞ്ഞുനില്‍ക്കുന്നത്?
സവിതുഃ എന്ന പദത്തില്‍ ഭഗവാന്റെ ജഗദുത് പത്തികാരണം ഒതുങ്ങുന്നു.
”അഹം സര്‍വ്വസ്യ പ്രഭവഃ” എന്നു ഭഗവാന്‍ തന്നെ പറയുന്നു.
ദേവസ്യ- എന്ന പദത്തില്‍ ഭഗവാനാണ് ബ്രഹ്മാവ് മുതല്‍ പുഴുവരെയുള്ള സര്‍വ്വത്തിനും പ്രവര്‍ത്തന ശക്തികൊടുത്തത് എന്നര്‍ത്ഥം.
”മത്തഃ സര്‍വ്വം പ്രവര്‍ത്തതേ”
എന്ന് ഭഗവാന്റെ തിരുവായ്‌മൊഴി.
വരേണ്യം-എന്ന പദത്തില്‍ സൂര്യദേവന്‍ മുതലായ എല്ലാ ദേവന്മാര്‍ക്കും ആശ്രയണീയമാണ് ഭഗവാന്റെ തേജസ്സ് എന്നുപറയുന്നു.
”യദാദിത്യഗതം തേജഃ
തത്തേജോ വിദ്ധിമാമകം” എന്ന് ഗീത.
ഭര്‍ഗ്ഗസ്-ധ്യാനിക്കുന്നവരുടെ സംസാരദുഃഖം ദഹിപ്പിക്കുന്ന പരമ ജ്യോതിസ്സാണ്. കോടിക്കണക്കിന് സൂര്യന്മാരുടെ തേജസ്സിനെ ജയിക്കുന്ന ആ തേജസ്സിനെ ഞങ്ങള്‍ ധ്യാനിക്കുന്നു.
യഃ – ഈ പ്രകാരം യാതൊരു ഭഗവാന്‍ ശോഭിക്കുന്നുവോ, ആ ഭഗവാന്‍ ഞങ്ങളുടെ ബുദ്ധിയുടെ പ്രവൃത്തികളെ പ്രചോദിപ്പിക്കട്ടെ, ഗായത്രിയുടെ മഹത്വം ഇത്രയെങ്കിലും നാം മനസ്സിലാക്കണം.


ജന്മഭൂമി: http://www.janmabhumidaily.com/news704928#ixzz4snH1f19k

No comments: