Friday, September 22, 2017

ആത്മാവ്, ജീവന്‍, സാക്ഷി

ആത്മാവ് ആകാശത്തേപ്പോലെ നിരവയവനും വിഭുവുമാണ്. അത് സാക്ഷാല്‍ ബ്രഹ്മം തന്നെയാകുന്നു. എന്നാല്‍ ജീവനാകട്ടെ അവിദ്യയാല്‍ പരിച്ഛിന്നനായ ആത്മാവാണ്. അപരിമേയനായ ആത്മാവിനെ ജീവനായി പരിമിതപ്പെടുത്തുന്ന ഉപാധികള്‍ ശരീരം, ഇന്ദ്രിയങ്ങള്‍, മനസ്സ്, ബുദ്ധി, അഹങ്കാരം എന്നിവയാണ്. അതായത് ആത്മാവ് ഒരു ചിത്-ജഡഗ്രന്ഥിയായി പ്രത്യക്ഷപ്പെടുമ്പോഴാണ് ജീവനായിത്തീരുന്നത്. ഈശ്വരനില്‍ എന്നപോലെ ജീവനിലും അവിദ്യയുടെ അംശം കലര്‍ന്നിട്ടുണ്ട്. ജീവന്‍ പ്രമാതാവും ഭോക്താവും കര്‍ത്താവുമാണ്. അത് ജനനമരണമാകുന്ന സംസാരസാഗരത്തില്‍ കിടന്നുഴലുന്നു. അതിന് ബന്ധവും മോക്ഷവുമുണ്ട്.

ജീവന് മൂന്നുതരത്തിലുള്ള ശരീരങ്ങള്‍ ഉണ്ട് - കാരണം, ലിംഗം അഥവാ സൂക്ഷ്മം, സ്ഥൂലം. ജീവന്റെ കാരണശരീരം അവിദ്യയാകുന്നു. കാരണശരീരത്തോടുകൂടിയ ജീവനെ 'പ്രാജ്ഞന്‍' എന്നു വിളിക്കുന്നു. സൂക്ഷ്മശരീരത്തിനു പതിനേഴു ഘടകങ്ങള്‍ ഉണ്ട്. അഞ്ചു ജ്ഞാനേന്ദ്രിയങ്ങള്‍, അഞ്ചു കര്‍മേന്ദ്രിയങ്ങള്‍, അഞ്ചു പ്രാണങ്ങള്‍, മനസ്സ്, ബുദ്ധി എന്നിവയാണ് അവ. സൂക്ഷ്മ ശരീരത്തോടുകൂടിയ ജീവനെ 'തൈജസന്‍' എന്നുവിളിക്കുന്നു. സ്ഥൂല ശരീരം പഞ്ചീകൃതഭൂതങ്ങളെക്കൊണ്ടാണ് ഉണ്ടാക്കപ്പെട്ടിട്ടുള്ളത്. സ്ഥൂലശരീരത്തോടുകൂടിയ ജീവനെ 'വിശ്വന്‍' എന്നു വിളിക്കുന്നു. ശങ്കരാചാര്യര്‍ ജീവന്റെ ഭിന്നാവസ്ഥകളെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ജാഗ്രദാവസ്ഥയില്‍ മനസ്സുകൊണ്ടും ഇന്ദ്രിയങ്ങളെക്കൊണ്ടുമാണ് വസ്തുക്കള്‍ അറിയപ്പെടുന്നത്. സ്വപ്നാവസ്ഥയില്‍ ഇന്ദ്രിയങ്ങള്‍ നിശ്ചേഷ്ടങ്ങളും മനസ്സ് സചേഷ്ടവുമാണ്. സുഷുപ്തിയില്‍ മനസ്സും ഇന്ദ്രിയങ്ങളും നിശ്ചലങ്ങളായതുകൊണ്ട് ജീവന്‍ അതിന്റെ യഥാര്‍ഥ സ്വഭാവത്തെ വീണ്ടെടുക്കുന്നു.

ആത്മാവ്, ജീവന്‍, എന്നീ ഭാവങ്ങള്‍ക്കു പുറമേ 'സാക്ഷി' എന്ന ഭാവംകൂടി അദ്വൈതത്തില്‍ സ്വീകരിക്കപ്പെട്ടിട്ടുണ്ട്. ഓരോ ജീവനിലും വിചാരപരവും വികാസപരവും ഇച്ഛാപരവുമായ അനുഭവങ്ങള്‍ക്കു പുറമേ സാക്ഷി എന്നൊരു ഭാവംകൂടി ഉണ്ടെന്നാണ് അദ്വൈതം പറയുന്നത്. അന്തഃകരണത്തില്‍ സന്നിഹിതമായ ശുദ്ധചൈതന്യം തന്നെയാണ് സാക്ഷി. അത് വസ്തുക്കളെ പ്രകാശിപ്പിക്കുന്നു. ചില അദ്വൈതികള്‍ സാക്ഷിയെ ഈശ്വരനില്‍നിന്നും അഭിന്നനായി കരുതുമ്പോള്‍ മറ്റു ചിലര്‍ അതിനെ ജീവന്റെ യഥാര്‍ഥ പ്രകൃതിയായി കണക്കാക്കുന്നു.

No comments: