Friday, September 22, 2017

അര്‍ജ്ജുനാ എല്ലാ വിഭൂതികളേയും പ്രത്യേകം പ്രത്യേകം അറിയേണ്ട ആവശ്യമില്ല. എളുപ്പമായ വഴി പറയാം. കേട്ടോളൂ!.
കൃത്സ്‌നം ഇദം ജഗത്
ഈ ലോകവും ദിവ്യലോകങ്ങളും അവയില്‍ ഉള്‍ക്കൊള്ളുന്ന ബ്രഹ്മാവ് മുതല്‍ ഉറുമ്പ് വരെയുള്ള സകല ദേവന്മാരും മഹര്‍ഷിമാരും മനുഷ്യ-മൃഗ-പക്ഷി-വൃക്ഷ ലതാദികളും എന്റെ- ഈ കൃഷ്ണന്റെ ലക്ഷത്തില്‍ ഒരു അംശം പ്രഭാവം കൊണ്ടാണ് ഉണ്ടാകുന്നതും നിലനില്‍ക്കുന്നതും.
ബ്രഹ്മാവ്, ശിവന്‍ തുടങ്ങിയ എല്ലാ ദേവന്മാര്‍ക്കും ശ്രീകൃഷ്ണഭഗവാന്റെ പ്രഭാവത്തിന്റെ ഏറ്റവും ചെറിയ ഒരംശം പ്രഭാവമേയുള്ളൂ എന്ന് നാം മനസ്സിലാക്കണം. ശ്രീകൃഷ്ണനേക്കാള്‍ ശ്രേഷ്ഠനായി ഒരു ദേവനുമില്ല. ഭഗവാന് തുല്യനായിട്ടുപോലും ഒരുദേവനുമില്ല.
അടുത്ത അധ്യായത്തില്‍ അര്‍ജ്ജുനന്‍ ഈ വസ്തുത പ്രഖ്യാപിക്കുന്നതും ശ്രദ്ധിക്കണം.
ന ത്വത്സമോസ്താ; അഭ്യധിക:കുതോളന്യ:
(അങ്ങേയ്ക്ക് തുല്യനായിപ്പോലും വേറൊരു ഈശ്വരനും ഇല്ല; അങ്ങയേക്കാള്‍ അധികം പ്രഭാവമുള്ള ഈശ്വരന്‍ വേറെ ഇല്ല എന്നും പറയേണ്ടതില്ലല്ലോ?)
പത്താം അധ്യായം കഴിഞ്ഞു. ഈ അധ്യായത്തിന്റെ താല്‍പര്യ സംഗ്രഹം.
മോക്ഷം വേണമെന്ന് ആഗ്രഹിക്കുന്നവര്‍ ബുദ്ധിശക്തി കുറഞ്ഞവരാണ.് അധികമാളുകളും, ജീവാത്മാവിന്റേയോ പരമാത്മാവിന്റേയോ തത്ത്വം മനസ്സിലാക്കാന്‍ കഴിവില്ലാത്തവരാണ്. യോഗചര്യ അനുഷ്ഠിക്കാനോ നിഷ്‌കാമ കര്‍മ്മം ചെയ്യാനോ അവര്‍ ഒരുങ്ങുകയില്ല. അത്തരം ആളുകള്‍ക്കും പരമപദം പ്രാപിക്കണമല്ലോ?. അവരേയും കണക്കാക്കിയാണ് ഭഗവാന്‍ വിഭൂതികളും യോഗവും ഉപദേശിക്കാന്‍ തുടങ്ങിയത്. അല്ലാതെ അര്‍ജ്ജുനനെ മാത്രം ഉദ്ദേശിച്ചല്ല-‘ ആദിത്യാനാം അഹം വിഷ്ണും’.-എന്ന് തുടങ്ങി-ജ്ഞാനം ജ്ഞാനവതാമഹം’ എന്നുവരെയുള്ള ശ്ലോകങ്ങളിലൂടെ ഉപദേശിച്ച വിഭൂതികള്‍ മാത്രമല്ല എണ്ണിയാല്‍ ഒടുങ്ങാത്ത വിധം വിഭൂതികളുണ്ട് എന്നും എല്ലാം പ്രത്യേകം പ്രത്യേകം മനസ്സിലാക്കേണ്ട കാര്യമില്ല എന്നും പറഞ്ഞു.
വെയിലത്ത് നടന്ന് തളര്‍ന്ന് വിവശനായ യാത്രക്കാരന്‍ ഒരു ആല്‍മരം കണ്ടാല്‍ ആ മരത്തണലില്‍ എത്തിച്ചേരുകയല്ലേ വേണ്ടത്. ആ മരത്തിന് എത്ര കവരങ്ങള്‍ ഉണ്ട്, എത്ര പുഷ്പങ്ങളുണ്ട്, എത്ര ഫലങ്ങളുണ്ട്, ഇവയുടെ പരസ്പര വ്യത്യാസം എന്താണ് എന്ന് അറിയേണ്ട ആവശ്യമില്ലല്ലോ.
യച്ഛക്തിലേശാല്‍ സൂര്യാദ്യാഃ
ഭവന്ത്യത്യുഗ്ര തേജസഃ
യദംശേന ധൃതം വിശ്വം
സകൃഷ്‌ണോ ദശമേള ര്‍ച്യതേ
(=യാതൊരു ഭഗവാന്റെ പ്രഭാവത്തിന്റെ അത്യുഗ്രമായ ഭാഗം ഉള്‍ക്കൊണ്ടാണോ സൂര്യന്‍ മുതലായ ദേവന്മാര്‍ തേജസ്സും പ്രഭാവവും പൊഴിക്കുന്നത്, ഏതൊരു ഭഗവാന്റെ തേജസ്സിന്റെ അത്യുല്‍പ ഭാഗം കൊണ്ടാണോ ഈ വിശ്വം നിലനില്‍ക്കുന്നത്, ആ ശ്രീകൃഷ്ണനെയാണ് നാം ധ്യാനിക്കേണ്ടതും പൂജിക്കേണ്ടതും കീര്‍ത്തിക്കേണ്ടതും.

ജന്മഭൂമി: http://www.janmabhumidaily.com/news709315#ixzz4tSC35cCD

No comments: