Friday, September 22, 2017

ഏഴാം ദിവസം കാളരാത്രി
രാത്രിയില്‍ മനസ്സ് ഈശ്വരങ്കല്‍ ചേരുമ്പോള്‍ ഉറക്കം സുഖം. വഴിതെറ്റി അലയുമ്പോള്‍ രാത്രി കരാളമാകും. രാത്രി കരാളമാകാതെ നവ്യമായ പ്രഭാതത്തിനായി കാളരാത്രിയെ ഭജിക്കാം. ഭക്തിയുടെ മാര്‍ഗ്ഗത്തിലെ ഏഴാം പടവില്‍ ദാസ്യം എന്ന ഗുണമാണ് വേണ്ടത്. ദാസ്യം എന്നാല്‍ പൂര്‍ണ്ണഭക്തി. പരമാത്മശക്തിയെ ദാസ്യഭാവത്തില്‍ ആരാധിക്കണം. യജമാനഭാവത്തിലെ ഈശ്വരന് നല്‍കുന്ന വഴിപാട് പൂജ. ഉയര്‍ന്നവന്‍ താഴ്ന്നവന്‍ എന്ന ഭേദവ്യത്യാസം കൂടാതെ പ്രവര്‍ത്തിക്കുന്നതാണ് മനസ്സിന്റെ ദാസ്യഭാവം. ആരും ആരേക്കാളും താഴെയല്ല, ആരും ഉയര്‍ന്നതുമല്ല. എല്ലാം ഈശ്വരസൃഷ്ടികള്‍ മാത്രം. ലോകത്തെ ഏകാത്മതയോടെ വീക്ഷിക്കാന്‍ കഴിയണം. പരനിന്ദ, അമിതമായ പരപ്രശംസ എന്നിവ പാടില്ല. സമചിത്തതയാണ് യഥാര്‍ത്ഥ ഭക്തിലക്ഷണം.
എട്ടാം ദിവസം മഹാഗൗരി
പരമാത്മസ്വരൂപിണിയുമായി സഖ്യത്തിലാകാന്‍ നാമജപം എന്ന ഏകാഗ്രഭാവം വേണം. ഇന്ദ്രിയങ്ങളെ പുറത്തുനിന്നും അകത്തേക്ക് പിന്‍വലിച്ച് ഇരിക്കുന്നതാണ് യഥാര്‍ത്ഥ അടച്ചുപൂജ. ആ സമയത്ത് എല്ലാ ഇന്ദ്രിയങ്ങളും ഒരുപോലെ പ്രവര്‍ത്തന നിരതമാകും. മന്ത്രജപമാണ് നമ്മെ ദേവിയുമായി സഖീഭാവത്തില്‍ എത്തിക്കുന്നത്. അതിന് ദുഷിച്ച കാര്യങ്ങള്‍ കാണാതിരിക്കുക, കേള്‍ക്കാതിരിക്കുക, പറയാതിരിക്കുക. അങ്ങനെ ചെയ്യുമ്പോള്‍ ഇന്ദ്രിയങ്ങള്‍ പരിശുദ്ധമാകും. ഈശ്വരപ്രാപ്തിക്ക് സന്നദ്ധമാകും. ചീത്തവാക്കുകള്‍ കൊണ്ട് മറ്റുള്ളവരെ വേദനിപ്പിക്കില്ല യെന്ന് തീരുമാനിക്കണം. കാണുന്നത് നല്ല കാര്യങ്ങള്‍. രൂക്ഷമായ, തീക്ഷ്ണമായ ആഹാരങ്ങള്‍ ഒഴിവാക്കണം. അതാണ് വ്രതം എന്നുപറയുന്നത്. ആഹാരം പാഴാക്കാതിരിക്കുക. ശുചിത്വം പാലിക്കുക എന്നതാണ് വേണ്ടത്. ഇപ്രകാരം ഒരു ദിവസം നിയന്ത്രണത്തോടെ ഇരുന്നാല്‍ നമ്മുടെ ഉള്ളിലെ അന്തരാത്മാവ് പ്രകാശിക്കും. ഗൗരവ വര്‍ണ്ണത്തില്‍ പ്രശോഭിക്കുന്ന ദേവി അതേഭാവം നമുക്കും ഉണ്ടാക്കിത്തരും.
ഒമ്പതാം ദിവസം സിദ്ധിദാത്രി
സിദ്ധിദാത്രി സര്‍വ്വതും തരുന്നവളാണ്. അറിവിന്റെ ദേവതയാണ്.
ദുര്‍ഗ്ഗമാസുരന്‍ തട്ടിക്കൊണ്ടുപ്പോയി ഗൂഢമായി വെച്ച വേദത്തെ (അറിവിനെ) തിരിച്ച് എല്ലാവര്‍ക്കും അനുഭവരൂപത്തില്‍ കൊണ്ടുവരുന്ന ദിവസം. ഉള്ളില്‍ നിറഞ്ഞ അക്ഷരസ്വരൂപിണിയായ ദേവിയെ മറ്റുള്ളവര്‍ക്ക് അനുഭവവേദ്യമാക്കി നല്‍കലാണ് നാം ചെയ്യേണ്ടത്. വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും നല്ല കാര്യങ്ങള്‍ പുതിയ തലമുറയ്ക്ക് പകരുകയും സന്മാര്‍ഗ്ഗത്തിന്റെ ആദ്യപടവുകള്‍ കയറാന്‍ കൈപിടിക്കുകയും വേണം. അതിന് മുതിര്‍ന്നവര്‍ മാതൃകയായിത്തീരണം. നല്ല വാക്ക് കേള്‍പ്പിക്കാന്‍ ശ്രമിക്കണം.
നല്ല വാക്ക് പറയിക്കാന്‍ ശ്രമിക്കണം. നല്ല കാര്യങ്ങള്‍ ചെയ്ത് ശീലിപ്പിക്കണം. അങ്ങനെ നമുക്ക് സാര്‍ഥകമാക്കി എടുക്കാം ഈ ഒന്‍പതു ദിനങ്ങളെയും.


ജന്മഭൂമി: http://www.janmabhumidaily.com/news709276#ixzz4tSBqqjNx

No comments: