Sunday, September 24, 2017

‘അക്ഷരം ബ്രഹ്മപരമം’. അക്ഷരം തന്നെയാണ് ബ്രഹ്മം. അതിനു നാശമില്ല. അക്ഷരങ്ങള്‍ ചേര്‍ന്നാല്‍ വാക്കായി. വാക്കില്‍ ആശയത്തിന്റെ പ്രഭാതം പൊട്ടിവിരിയുന്നു. ‘ഉച്ചരിച്ച വാക്ക് വെള്ളിയുംഉച്ചരിക്കാത്തതു സ്വര്‍ണ്ണവുമാകുന്നു’ എന്ന് ഡോസ്‌റ്റോയവിസ്‌ക്കി. അതാണു വാക്കിന്റെ വില. അതുകൊണ്ടാണ് മൗനത്തിന് ആഴവും മൂല്യവും കൂടുന്നത്.
വാക്കിന് വാളിനേക്കാള്‍ മൂര്‍ച്ചയുണ്ട്. വാക്ക് ആയുധമാണെന്നര്‍ത്ഥം. അതുകൊണ്ട് ആയുധപൂജ അക്ഷരപൂജതന്നെ. ‘വാക്കുനന്നാക്കിടേണം’ എന്നും ‘നല്ലവാക്കോതുവാന്‍ ത്രാണിയുണ്ടാകണം’ എന്നുമൊക്കെ പ്രാര്‍ത്ഥനയില്‍ വകയിരുത്തുന്നുണ്ടല്ലോ.
വാക്കാണ് അറിവ്. ഉപനിഷത്ത് പറയുന്നു: എല്ലാ അറിവും വാക്കിലൂടെ വ്യാപരിക്കുന്നു. വാക്കുകള്‍ ധൂര്‍ത്തടിക്കരുത്. കരുതിവയ്ക്കുന്ന വാക്ക് കരുതല്‍ധനം. നല്ല വാക്കാണു സന്തോഷം. ചീത്ത വാക്ക് ദാരിദ്ര്യം, ദുഃഖം!
വാക്ക് ശബ്ദസന്നിഭം. ആ ശബ്ദമാണു മന്ത്രം. മന്ത്രത്തിനു ഫലമുണ്ടാകും. ‘പറഞ്ഞ വാക്ക് ഫലിക്കുന്നത്’ അതുകൊണ്ടാണ്. ഒരൊറ്റ ശബ്ദം മതി. അത് അഭീഷ്ടങ്ങള്‍ ചുരത്തിത്തരും. ഋഗ്വേദം പറയുന്നു- ‘ഏകഃ ശബ്ദഃ സമ്യഗ്ജ്ഞാതഃ സുപ്രയുക്തഃ സ്വര്‍ഗ്ഗേ ലോകേ കാമധുക് ഭവതി…’
ഒരൊറ്റ ശബ്ദം, വഴിപോലെ മനസ്സിലാക്കി ശരിക്കു പ്രയോഗിച്ചാല്‍ മതി. അതു സ്വര്‍ഗ്ഗലോകത്തു കാമമേധനുവായിത്തീരും. പ്രയോക്താവിന് സ്വര്‍ഗ്ഗവാസവും സര്‍വ്വാഭീഷ്ടസിദ്ധിയും നല്‍കും.
ആ വാക്കാണ്, ആ ശബ്ദമാണ്, ആ അക്ഷരമാണ് പൂജയ്ക്കു വയ്‌ക്കേണ്ടത്.
ശബ്ദമറിയാത്തവന്‍ സ്വത്വം അറിയുന്നില്ല. തത്ത്വം അറിയുന്നീല. മൃത്യുവിനെ വരവേല്‍ക്കുന്ന കൃത്യവിലോപമാണ് അവന്റെ നഷ്ടജന്മം. വിജയദശമിയില്‍ അവനും മുക്തി. അവന്റെ തമസ്സില്‍ നിന്ന് ദേവി അവനെ ജ്യോതിസ്സിലേയ്ക്കു നയിക്കുന്നു. അവന്റെ അകാലമൃത്യുവില്‍ നിന്ന് ഭഗവതി അവനെ അമരത്വത്തിലേയ്ക്ക് ഉയര്‍ത്തുന്നു.
അതിന് അവന്‍ സ്വയം ഒരുങ്ങണം-ഉള്ളിലെ ആസുരത്വം ഒഴിയണം. ആ മനഃപരിപവര്‍ത്തനം അമ്മ അറിയണ്ട. വ്രതബദ്ധമായ ഒന്‍പതു രാത്രികള്‍ അവര്‍ തപമനുഷ്ഠിക്കണം. സ്വയം ശുദ്ധീകരിക്കണം. എങ്കില്‍ നവരാത്രി അവന് പുനര്‍ജ്ജന്മരാത്രി. കര്‍മ്മങ്ങള്‍ക്കു വിജയപ്രാപ്തി. അതത്രേ വിജയദശമി.


ജന്മഭൂമി: http://www.janmabhumidaily.com/news710426#ixzz4tdqVp6lX

No comments: