Friday, September 15, 2017

ഏത്തമിടീലിന്റെ പിന്നിലുള്ള ചരിത്രം അറിയുമ്പോഴേ അതിന്റെ പ്രാധാന്യവും മനസ്സിലാകൂ. കഥ പലര്‍ക്കും അറിവുള്ളതായിരിക്കും. ഭഗവാന്‍ വിഷ്ണു ശിവകുടുംബത്തെ ഒരിയ്ക്കല്‍ വൈകുണ്ഠത്തേയ്ക്ക് ക്ഷണിച്ചു. മക്കളേയും കൂട്ടി പോവുകയാണ് ശിവപാര്‍വ്വതിമാരുടെ പതിവ്. മഹാവിഷ്ണുവിനെ കാണാന്‍ പോയപ്പോഴും കുഞ്ഞുഗണപതിയേയും മുരുകനേയും കൂടെക്കൊണ്ടുപോയി.
മഹാലക്ഷ്മിയും ശ്രീപാര്‍വ്വതിയും പലതും പറഞ്ഞ് രസിച്ചിരുന്നു. മഹാവിഷ്ണുവും ശിവഭഗവാനും ഗഹനമായ പല ചര്‍ച്ചകളിലും ഏര്‍പ്പെട്ട് ചുറ്റുപാടുതന്നെ മറന്നു. ഇതിനിടയില്‍ ഗണപതി അവിടൊക്കെ ചുറ്റിപ്പറ്റി നടന്ന് ഓരോന്നൊക്കെ എടുത്തുകാണുന്നുണ്ടായിരുന്നു.
ഭഗവാന്റെ ചക്രായുധം ഗണപതിയുടെ ശ്രദ്ധയില്‍പ്പെട്ടു. ഗണപതിക്ക് എന്തുകണ്ടാലും വായിലിടുന്ന പതിവുണ്ട്. ഉണ്ണിഗണപതി അതെടുത്ത് വായ്ക്കകത്താക്കി. ഇറക്കാന്‍ അല്‍പം ബുദ്ധിമുട്ട് തോന്നിയതുകൊണ്ട് വായില്‍ത്തന്നെ വച്ചിരുന്നു.
ഭഗവാന്‍ വിഷ്ണു സംസാരമൊക്കെ കഴിഞ്ഞ് വന്നുനോക്കുമ്പോള്‍ ചക്രായുധം കാണാനില്ല. വായൊക്കെ അടച്ചുപിടിച്ച് ഒരു കള്ളലക്ഷണത്തില്‍ നില്‍ക്കുന്ന ഗണപതിയെ കണ്ടപ്പോള്‍ ഭഗവാന് കാര്യം മനസ്സിലായി. ഭയപ്പെടുത്തിയാല്‍ കുഞ്ഞ് പേടിച്ച് അത് വിഴുങ്ങിയാലോ?. ഒന്നു ചിരിപ്പിക്കാന്‍ എന്താണ് മാര്‍ഗ്ഗം എന്നോര്‍ത്ത് ഭഗവാന്‍ ഗണപതിയുടെ മുന്നില്‍ നിന്ന് ഏത്തമിട്ടുകാണിച്ചു.
മുതിര്‍ന്ന ഒരാളില്‍ നിന്ന് ഏത്തമിടുന്നത് കണ്ടപ്പോള്‍ ഗണപതി ചിരിച്ചുപോയി. അപ്പോള്‍ ഗണപതിയുടെ വായില്‍ നിന്ന് ചക്രായുധം താഴെ വീണു. ദുര്‍ഘടം ഒഴിവായി. വിഘ്‌നങ്ങള്‍ തീര്‍ക്കുന്നവനാണ് ഗണപതി ഭഗവാന്‍. അദ്ദേഹം സന്തോഷിച്ച് ചിരിക്കുകകൂടി ചെയ്താലോ. നമ്മുടെ വിഘ്‌നങ്ങള്‍ അകലും. അനുഗ്രഹം ചൊരിയപ്പെടും.
ഏത്തമിടേണ്ടത് എങ്ങനെ
മഹാഗണപതിയെ വന്ദിക്കുമ്പോള്‍ മാത്രം ചെയ്യുന്ന ഒന്നാണ് ഏത്തമിടല്‍. മറ്റൊരു ദേവതയ്ക്കും ഏത്തമിടല്‍ പറഞ്ഞിട്ടില്ല. ഏത്തമിടുന്നതിനും ഒരു രീതിയുണ്ട്. ഭക്തന്‍ ഇടതുകാലിന്മേല്‍ ഊന്നിനിന്നിട്ട് വലതുകാല്‍ ഇടതുകാലിന്റെ മുമ്പില്‍കൂടി കൊണ്ടുവന്ന് ഇടതുവശത്ത് പെരുവിരല്‍ മാത്രം നിലത്തൂന്നി നില്‍ക്കണം. ശേഷം ഇടതു കൈയുടെ ചൂണ്ടാണി വിരലും നടുവിരലുംകൊണ്ട് വലത്തെ ചെവിയിലും, വലതുകൈ ഇടതുകൈയുടെ മുമ്പില്‍ കൂടി കൊണ്ടുവന്നു ചൂണ്ടാണി വിരലും നടുവിരലും കൊണ്ട് ഇടത്തെ ചെവിയിലും പിടിക്കണം.
എന്നിട്ട് ശരീരത്തിന്റെ നടുഭാഗം വളച്ചു കുനിഞ്ഞ് ഇരുകൈമുട്ടുകളും താഴേക്ക് കൊണ്ടുവരികയും നിവര്‍ന്നു മുകളിലേക്ക് വന്നു പൂര്‍വസ്ഥിതിയില്‍ നില്‍ക്കുകയും ചെയ്യുക. ഏത്തമിടലിന്റെ ഏറ്റവും കുറഞ്ഞ എണ്ണം മൂന്നാണ്. ഏത്തമിടല്‍കൊണ്ട് വളരെയേറെ ഗുണങ്ങള്‍ ഉണ്ട് . അഞ്ച്, ഏഴ്, പന്ത്രണ്ട് എന്നിങ്ങനെ ഏത്തമിടലിന്റെ സംഖ്യ വര്‍ധിപ്പിക്കാവുന്നതാണ്.


ജന്മഭൂമി: http://www.janmabhumidaily.com/news704922#ixzz4snGZQKff

No comments: