Friday, September 22, 2017

മോക്ഷം

ചാര്‍വാകമതം ഒഴിച്ച് മറ്റുള്ള ഭാരതീയ ദര്‍ശനങ്ങളെല്ലാം മോക്ഷമാണ് പരമപുരുഷാര്‍ഥമെന്ന് ആവര്‍ത്തിച്ചു പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ മോക്ഷത്തെക്കുറിച്ചുള്ള സങ്കല്പം വിവിധ ദര്‍ശനങ്ങളില്‍ വിവിധ രൂപത്തിലാണ്. അദ്വൈതമത പ്രകാരം മോക്ഷം എന്ന അവസ്ഥ പുതുതായി നേടിയെടുക്കേണ്ടുന്ന ഒന്നല്ല, അത് ആത്മാവിന്റെ സ്വഭാവം തന്നെയാണ്. അവിദ്യ ഹേതുവായി യാഥാര്‍ഥ്യത്തെ അറിയുന്നില്ലെന്നു മാത്രം. ശങ്കരാചാര്യര്‍ മോക്ഷത്തെക്കുറിച്ചുള്ള അദ്വൈത സങ്കല്പത്തിന് ബൃഹദാരണ്യകോപനിഷത്‍ഭാഷ്യത്തില്‍ (11-1-20) ഒരു ദൃഷ്ടാന്തം കൊടുത്തിട്ടുണ്ട്. ശൈശവം മുതല്‍ വേടനായി വളര്‍ന്നുവരുന്ന ഒരു രാജകുമാരന് പിന്നീട് താന്‍ രാജാവാണെന്ന ബോധം ഉണ്ടാകുന്നു. രാജകുമാരന്‍ എന്നും രാജകുമാരന്‍ തന്നെയാണ്. പക്ഷേ, ആദ്യകാലങ്ങളില്‍ അദ്ദേഹം അതിനെക്കുറിച്ച് ബോധവാനായിരുന്നില്ല എന്നുമാത്രം. സൂര്യഗ്രഹണം മോക്ഷത്തെക്കുറിച്ചുള്ള അദ്വൈത സങ്കല്പത്തിന് ദൃഷ്ടാന്തമായി കൊണ്ടുവരാറുണ്ട്. ഗ്രഹണസമയത്ത് സൂര്യന് യാതൊരുവിധ മാറ്റവും സംഭവിക്കുന്നില്ല. ഭൂമിക്കും സൂര്യനും ഇടയ്ക്കു വന്നുചേരുന്ന ചന്ദ്രന്‍ സൂര്യനെ ശരിക്കു കാണുന്നതിന് തടസ്സം സൃഷ്ടിക്കുന്നുവെന്നേയുള്ളു. ഗ്രഹണം കഴിയുകയെന്നുവച്ചാല്‍ ചന്ദ്രന്‍ സൃഷ്ടിക്കുന്ന തടസ്സം നീങ്ങിക്കിട്ടുക എന്നാണ് അര്‍ഥം. അതുപോലെതന്നെ മോക്ഷപ്രാപ്തിക്കു യാഥാര്‍ഥ്യത്തെ ഒളിച്ചുവയ്ക്കുന്ന തടസ്സത്തെ നീക്കുകമാത്രമേ വേണ്ടൂ. അജ്ഞാനമാണ് സംസാരബന്ധത്തിനുള്ള ഹേതുവെങ്കില്‍ ജ്ഞാനമാണ് മോക്ഷത്തിനുള്ള ഉപായം. പ്രസ്തുത ജ്ഞാനം യുക്ത്യധിഷ്ഠിതം മാത്രമല്ല, അപരോക്ഷാനുഭൂതികൂടിയാണ്. ജ്ഞാനത്തിന്റെ വിഷയം ജീവബ്രഹ്മൈക്യമാണ്.

മീമാംസകന്റെ അഭിപ്രായത്തില്‍ കര്‍മമാണ്, അതായത് ശാസ്ത്രോക്തമായ കര്‍മമാണ് മോക്ഷപ്രാപ്തിക്കുള്ള ഉപായം. മീമാംസകന്റെ അഭിപ്രായത്തോട് അദ്വൈതി യോജിക്കുന്നില്ല. കര്‍മം അജ്ഞാനത്തിന്റെ സന്തതിയാണ്. അതുകൊണ്ട് അതിന് അജ്ഞാനത്തെ ഉന്‍മൂലനം ചെയ്യുക സാധ്യമല്ല. മണ്ഡനമിശ്രനെപ്പോലുള്ള ചില വേദാന്തികള്‍ ജ്ഞാനത്തിന്റെയും കര്‍മത്തിന്റെയും കൂട്ടായ പ്രവര്‍ത്തനമാണ് (ജ്ഞാനകര്‍മസമുച്ചയം) മോക്ഷപ്രാപ്തിക്കുള്ള ഉപായം എന്നു പറയുന്നു. എന്നാല്‍ ശങ്കരാചാര്യര്‍ ഈ അഭിപ്രായത്തോട് യോജിക്കുന്നില്ല. ജ്ഞാനം ഒന്നുമാത്രമാണ് പ്രത്യക്ഷ മോക്ഷസാധനം എന്നാണ് അദ്ദേഹത്തിന്റെ പക്ഷം. കര്‍മത്തെ മോക്ഷപ്രാപ്തിക്കുള്ള പരോക്ഷമായ ഉപായം മാത്രമായിട്ടേ കണക്കാക്കാന്‍ പറ്റൂ. ഫലേച്ഛകൂടാതെ കര്‍മം ചെയ്താല്‍ ചിത്തശുദ്ധി കൈവരികയും തത്ഫലമായി സാധകന്‍ ജ്ഞാനസമ്പാദനത്തിന് അര്‍ഹനായിത്തീരുകയും ചെയ്യും.

അദ്വൈതസത്യത്തെ ഗുരുവില്‍നിന്ന് നേരിട്ടറിയുവാന്‍ സാധകന്‍ അര്‍ഹനാകണമെങ്കില്‍ ധാര്‍മികവും ബുദ്ധിപരവുമായ ശിക്ഷണം കൊണ്ട്, താഴെ പറയുന്ന സവിശേഷതകള്‍ അയാള്‍ നേടണം: (1) ശാശ്വതവും അല്ലാത്തവയുമായ വസ്തുക്കളെ വേര്‍തിരിച്ചറിയുവാനുള്ള കഴിവ് (നിത്യാനിത്യവസ്തുവിവേകഃ). (2) ഈ ലോകത്തിലും പരലോകത്തിലും കര്‍മഫലം അനുഭവിക്കുന്നതിനോടു വിമുഖത (ഇഹാമുത്രാര്‍ഥഫലഭോഗവിരാഗഃ). (3) ശമം, ദമം മുതലായ സാമഗ്രികളുടെ സമ്പാദനം (ശമദമാദിസാധന സമ്പത്തിഃ). (4) മോക്ഷേച്ഛ (മുമുക്ഷാ). ഇങ്ങനെയുള്ള സാധനചതുഷ്ടയം നേടിയ സാധകന്‍ ബ്രഹ്മജ്ഞാനിയായ ഗുരുവിനെ സമീപിച്ച് അദ്ദേഹത്തില്‍നിന്ന് വേദാന്തസാരം ശ്രവിക്കുന്നു. ആത്മജ്ഞാനലബ്ധിക്കുവേണ്ട പരിശീലനത്തിലെ ഈ ഘട്ടത്തെയാണ് ശ്രവണം എന്നു വിളിക്കുന്നത്. രണ്ടാമത്തെ ഘട്ടം മനനം ആണ്. ഈ ഘട്ടത്തില്‍ ഗുരുവില്‍ നിന്ന് ശ്രവിച്ച അദ്വൈതസത്യത്തെക്കുറിച്ച് ശിഷ്യന്‍ അനവരതം ചിന്തിക്കുന്നു. ഗുരുവിന്റെ ഉപദേശത്തെക്കുറിച്ച് എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ മനനപ്രക്രിയ അതിനെ ദൂരീകരിക്കുന്നു. നിദിധ്യാസനം ആണ് മൂന്നാമത്തെ ഘട്ടം. മനനത്തിനുശേഷവും ആത്മസാക്ഷാത്കാരത്തിനുള്ള തടസ്സങ്ങള്‍ നീങ്ങിയെന്നുവരില്ല. പഴയശീലം ദ്വൈതപരങ്ങളായ വിചാരങ്ങള്‍ക്ക് സാധകനെ വീണ്ടും അടിമപ്പെടുത്തിയെന്നുവരാം. ഇവയില്‍ നിന്നെല്ലാം മോചനം നേടലാണ് നിദിധ്യാസനത്തിന്റെ ഉദ്ദേശ്യം. നിദിധ്യാസനം ജീവബ്രഹ്മൈക്യത്തെ കേന്ദ്രീകരിച്ചുകൊണ്ടുള്ള ധ്യാനമാണ്. ഈ ധ്യാനം അഭേദജ്ഞാനം പ്രത്യക്ഷമായിത്തീരുന്നതുവരെ തുടരണം. അഭേദജ്ഞാനം അപരോക്ഷമായിത്തീരുന്ന മാത്രയില്‍ സാധകന്‍ സിദ്ധനായിത്തീരുന്നു. അദ്വൈതിയുടെ ഭാഷയില്‍ പറഞ്ഞാല്‍ ജീവന്‍മുക്തനായിത്തീരുന്നു.

No comments: