ഭാരതീയ ചിന്താധാര
നമ്മുടെ ദൃഷ്ടി സമക്ഷത്തിലുള്ള സർവ്വതും ആവിർഭവിച്ച് സ്ഥിതി ചെയ്ത് അന്തർധാനം ചെയ്യുന്നവയത്രേ. പ്രസ്തുത പരിതസ്ഥിതിയിലാണ് ഇതിന്നു വിപരീതമായി അനശ്വരവും, കാലാതീതവും എന്നൊക്കെയുള്ള വിവക്ഷയ്ക്കർഹമായ വല്ലതുമുണ്ടോ എന്നൊരന്വേഷണമുദയം ചെയ്യുന്നത്. അനശ്വരവും സമസ്ത സൃഷ്ടിക്കും കാരണഭൂതവുമായ ഒന്നിനെ മാത്രമേ ആത്യന്തികമായ സത്യമായി വിലയിരുത്തൂ എന്നതിനാൽ, ഉദ്ദേശ്യം നമ്മളെ സത്യാന്വേഷികളാക്കുന്നു.
ഇത്തരത്തിലുള്ള തത്വചിന്തയിൽ നിന്നു തന്നെയാകണം ഈശ്വരൻ, പ്രപഞ്ചം, ആത്മാവ് തുടങ്ങിയ സംജ്ഞകളുടെ ആവിർഭാവവും അവയ്ക്കു പിന്നേയുളള മാനവൻ്റെ പരക്കം പാച്ചിലുമെല്ലാം. മുൻസൂചനാനുസൃതമായി ചരിത്രാതീത കാലം മുതൽക്കു തന്നെ മനുഷ്യൻ സത്യാന്വേഷണമാരംഭിച്ചു. പ്രസ്തുത കൃത്യത്തിൽ മുൻപന്തിയിൽത്തന്നെയാണ് ഭാരതീയ തത്വചിന്തകരും, ഇത്തരത്തിലുള്ള സത്യ ദർശികളും ക്രാന്ത ദർശികളുമായ മനീഷികൾ ഋഷീശ്വരന്മാർ എന്ന നാമധേയത്തിൽ അറിയപ്പെടുന്നു. ആ മഹാനുഭാവന്മാരുടെ അനർഗളമായ നിരീക്ഷണ, വിശകലന പ്രക്രിയയിലൂടെ അനേകം ദർശന സമുച്ഛയങ്ങളുദയം ചെയ്തു.
വീക്ഷണ വൈവിധ്യം
ആധുനിക പാശ്ചാത്യ ശാസ്ത്രജ്ഞന്മാർ ഇതിനെ ഭൗതികവാദം, ആത്മീയവാദം എന്നിങ്ങന്നെ വ്യതിരിക്ത ബോധത്തിലൂടെ അവലോകന വിധേയമാക്കുന്നു.
എന്നാൽ ഭാരതീയരൊരിക്കൽ പോലും ഇവയെ വേർതിരിച്ചു നിർത്തിയില്ല, കാര്യമുണ്ടെങ്കിൽ കാരണഹേതുവായ് മേവുന്ന ഒന്നുണ്ടെന്ന അനുമാനത്തിൽ അന്വയ-വ്യതിരിക്ത മാർഗ്ഗത്തിലൂടെ അവർ ഇവയെ സമീപിച്ചു. എപ്രകാരമാണോ സമസ്ത വൃക്ഷത്തെയും ഒരു ബീജമുൾക്കൊള്ളുന്നത്, അപ്രകാരം തന്നെ സമസ്ത ഭൗതിക ലോകവും ആത്മീയതയിലന്തർലീനമാണെന്നതത്രേ ഭാരതീയ സങ്കൽപം.
ഒന്നുമാത്രമാണ് പരമസത്യമെന്നത് ഏകത്വവാദം. സത്യം പലതുണ്ടെന്നുള്ളത് അനേകത്വവാദം. സത്യം ശൂന്യത ആണെന്നു പറയുന്നവരും കുറവല്ല. ഇതിനു ശൂന്യവാദം എന്ന് പറയുന്നു. ശക്തി മാത്രമാണു സത്യം എന്നു വിശ്വസിക്കുന്നവർ ശാക്തേയന്മാർ എന്ന നാമധേയത്തിൽ അറിയപ്പെടുന്നു. ജ്ഞാനമാണ് സത്യം എന്ന് വിശ്വസിക്കുന്ന ഒരു വിഭാഗത്തെ ജ്ഞാനവാദികൾ എന്നുപറയുന്നു. വൈയാകരണന്മാർക്കു ശബ്ദമാണ് സത്യം. ആത്മ വാദികൾക്കാകട്ടെ ആത്മാവു മാത്രമാണു സത്യം. ഇങ്ങനെ പരമ സത്യത്തെ പലരും താന്താങ്ങളുടെ അറിവിനും ബുദ്ധിക്കും യുക്ത്തിക്കും സംസ്കാരത്തിനും യോജിച്ചവിധം പല രീതീവിധാനങ്ങളിൽ വർണിക്കുന്നു.
പാശ്ചാത്യ തത്വ ചിന്തകരായ ഫിക്ടെ ആത്മാവെന്നും , ഷെലിങ്ങ് പ്രകൃതി എന്നും , ഫ്രെഡറിക് ഹെഗൽ നിരപേക്ഷ പ്രത്യയമെന്നും, ഗ്രീൻ അപരിച്ചിഹ്ന ചൈതന്യം എന്നും, ബ്രൈഡൽ അപരോക്ഷാനു ഭുതിയെന്നും പരമസത്യത്തെവിശേഷിപ്പിക്കുന്നു. മേൽപറഞ്ഞ പാശ്ചാത്യ ചിന്തകരുടെ പരമസത്യത്തെ സംബന്ധിച്ച സമസ്ത വിവരണങ്ങളും "അന്ധന്മാരുടെ ആന ദർശനം" പോലെയാണെന്നത് ഭാരതീയ ദർശനങ്ങളെ അവയുടെ രീതി വിധാനത്തിൽ, അന്വയ വ്യതിരിക്തമാർഗത്തിൽ പഠിക്കുകയും വിലയിരുത്തുകയും ചെയ്യുന്നവർക്കു സുബോദ്ധ്യമാകും.
ഭാരതീയ ചിന്താധാര
ഭാരതീയ ഋഷിമാരുടെ സത്യാന്വേഷണ ത്വര അതിവിശാലവും, അസാമാന്യവുo, അവരുടെ നിഗമനങ്ങൾ കാലദേശാതിവർത്തിയും സുസമ്പുർണ്ണവുമാണ്. അവരുടെ ധിഷണാ വൈഭവം നമ്മെ അമ്പരപ്പിക്കും. അവർ കണ്ടെത്തിയ ജ്ഞാനരത്നങ്ങൾ അമുല്യങ്ങളാണ്. പരമസത്യ സംബന്ധിയായ ഭാരതീയ ചിന്ത ഹിമാലയം പോലെ അത്യുന്നതവും, ലോകോത്തരവും, നിസ്തുലവുമത്രേ. നമ്മുടെ ദൃഷ്ടി സമക്ഷമുള്ളത് മാത്രമാണ് സത്യമെന്നുല്ലംഗിക്കുന്ന ചാർവകദർശനം മുതൽ ദൃശ്യമായതൊന്നും സത്യമല്ലെന്ന് യുക്തിസഹവും ബുദ്ധിസഹവുമായി സമർത്ഥിക്കുന്ന അദ്വൈത സിദ്ധാന്തം വരെ ആസ്തികവും നാസ്തികവും ആയ അനേക ദർശനങ്ങൾ ഉൾകൊള്ളുന്നതാണ് ഭാരതീയ ചിന്താധാര.
ഋഷീശ്വരന്മാർ സ്വപ്നം സുഷുപ്തി ജാഗ്രത് എന്നീ മൂന്നവസ്ഥകളെ ,നിരീക്ഷണ, പഠന , മനന , നിദിദ്ധ്യാസന, ധ്യാന മാർഗങ്ങളിലുടെ അതിലംഘിച്ചു തുരീയാവസ്ഥയെ പ്രാപിച്ചു സത്യസാക്ഷാൽക്കാരം നേടിയവരാണ്.
ഷഡ് ദർശനങ്ങൾ
ഭാരതീയ ദർശനങ്ങളുടെ അടിത്തറ വേദങ്ങളാണ്. വേദങ്ങളുടെ പിൻബെലമില്ലാത്ത നാസ്തിക ദർശനങ്ങളും ഉണ്ട്. എന്നാൽ നാസ്തിക ദർശനങ്ങളെയും ഉൾകൊള്ളുന്നതാണ് വേദങ്ങൾ.സത്യാന്വേഷണ മാർഗത്തിൽ പുരാതന ഋഷിമാർ കണ്ടെത്തിയ പ്രത്യക്ഷവും പരോക്ഷവും ആയ തത്ത്വങ്ങളെ വിചാര വിമർശനം നടത്തിയും പുർവ പക്ഷാക്ഷേപം ചെയ്തും രൂപപ്പെടുത്തിയതും , അതതു തലത്തിൽ സാർഥകവും സമ്പൂർണവും എന്നു പറയാവുന്നവയുമായ ദർശനങ്ങൾ ആറെണ്ണമുണ്ട്. കപിലൻ , പതഞ്ജലി, ഗൌതമൻ, കണാദൻ,ജൈമിനി, ബാദരായണൻ എന്നീ ഋഷിമാരാണു ഷഡ് ദർശനങ്ങളുടെ ഉപജ്ഞാതാക്കൾ. സാംഖ്യം , യോഗം , ന്യായം,വൈശേഷികം ,പുർവ മീമാംസ ,ഉത്തരമീമാംസ എന്നിവയാണു ഷഡ് ദർശനങ്ങൾ. ഉത്തരമീമാംസയിൽ പെടുന്നതാണു അദ്വൈത ദർശനം.
തമസ്കരണ ശ്രമങ്ങൾ
കഴിഞ്ഞ കാലങ്ങളിൽ വൈദിക പാരമ്പര്യത്തെയും ചാതുർവർണ്യ സമ്പ്രദായത്തെയും നിക്ഷിപ്ത താല്പര്യങ്ങൾക്കായി വിനിയോഗിക്കുക മൂലം വേദജ്ഞാനം സാധാരണക്കാർക്ക് അപ്രാപ്യമായിരുന്നു. എന്നാൽ ഇന്ന് ഏതൊരു വ്യക്തിക്കും വേദങ്ങൾ, ഉപനിഷത്തുകൾ, ഭഗവദ്ഗീത,മഹാഭാരതം, രാമായണം , പുരാണങ്ങൾ തുടങ്ങി ഭാരതീയ സാഹിത്യത്തിൻറെ അമൂല്യ ശേഖരം തുറന്നു കിട്ടിയിട്ടുണ്ട്.ആധുനിക വിദ്യാഭ്യാസം ലഭിച്ച പലരും നമ്മുടെ പൌരാണിക ജ്ഞാനത്തെ വേണ്ടത്ര ആഴത്തിൽ പഠിക്കുവാനോ മനസിലാക്കുവാനോ ശ്രമിക്കാതെ, അവയെല്ലാം അശാസ്ത്രീയവും, അബദ്ധജടിലവും, വൈരുദ്ധ്യം നിറഞ്ഞതും എന്നു പ്രസംഗിച്ചു നടക്കാറുണ്ട്. തൻറെ സ്വത്വവും ഇടവുംതിരിച്ചറിയാനാവാതെ അന്യവൽക്കരിക്കപ്പെട്ട വ്യക്തിത്വങ്ങളുടെ അനിവാര്യമായ ജല്പനങ്ങളായി ഇതിനെ കണ്ടാൽ മതി.സ്വാഭിമാനവും പൈതൃകവും എന്തെന്നറിയാത്ത ഇവരെ തത്കാലം അവരുടെ വഴിക്കു വിടാം. ഇരുട്ടിൽ തപ്പുന്നവർക്കു പ്രകാശത്തിന്റെ ഒരു കൈത്തിരി നൽകാനാകും. എന്നാൽ പ്രാകാശത്തിനു നേരെ കണ്ണടക്കുന്നവരെ എങ്ങനെ സഹായിക്കും ? “വെളിച്ചം ദുഖമാണ് - തമസ്സല്ലോ സുഖപ്രദം” എന്നു പറയാനുള്ള സ്വാതന്ത്ര്യവും ഭാരത സംസ്കാരത്തിലുണ്ട്.
കഴിഞ്ഞ കാലങ്ങളിൽ വൈദിക പാരമ്പര്യത്തെയും ചാതുർവർണ്യ സമ്പ്രദായത്തെയും നിക്ഷിപ്ത താല്പര്യങ്ങൾക്കായി വിനിയോഗിക്കുക മൂലം വേദജ്ഞാനം സാധാരണക്കാർക്ക് അപ്രാപ്യമായിരുന്നു. എന്നാൽ ഇന്ന് ഏതൊരു വ്യക്തിക്കും വേദങ്ങൾ, ഉപനിഷത്തുകൾ, ഭഗവദ്ഗീത,മഹാഭാരതം, രാമായണം , പുരാണങ്ങൾ തുടങ്ങി ഭാരതീയ സാഹിത്യത്തിൻറെ അമൂല്യ ശേഖരം തുറന്നു കിട്ടിയിട്ടുണ്ട്.ആധുനിക വിദ്യാഭ്യാസം ലഭിച്ച പലരും നമ്മുടെ പൌരാണിക ജ്ഞാനത്തെ വേണ്ടത്ര ആഴത്തിൽ പഠിക്കുവാനോ മനസിലാക്കുവാനോ ശ്രമിക്കാതെ, അവയെല്ലാം അശാസ്ത്രീയവും, അബദ്ധജടിലവും, വൈരുദ്ധ്യം നിറഞ്ഞതും എന്നു പ്രസംഗിച്ചു നടക്കാറുണ്ട്. തൻറെ സ്വത്വവും ഇടവുംതിരിച്ചറിയാനാവാതെ അന്യവൽക്കരിക്കപ്പെട്ട വ്യക്തിത്വങ്ങളുടെ അനിവാര്യമായ ജല്പനങ്ങളായി ഇതിനെ കണ്ടാൽ മതി.സ്വാഭിമാനവും പൈതൃകവും എന്തെന്നറിയാത്ത ഇവരെ തത്കാലം അവരുടെ വഴിക്കു വിടാം. ഇരുട്ടിൽ തപ്പുന്നവർക്കു പ്രകാശത്തിന്റെ ഒരു കൈത്തിരി നൽകാനാകും. എന്നാൽ പ്രാകാശത്തിനു നേരെ കണ്ണടക്കുന്നവരെ എങ്ങനെ സഹായിക്കും ? “വെളിച്ചം ദുഖമാണ് - തമസ്സല്ലോ സുഖപ്രദം” എന്നു പറയാനുള്ള സ്വാതന്ത്ര്യവും ഭാരത സംസ്കാരത്തിലുണ്ട്.
ഭാരതീയ ഋഷിമാരുടെ ആവിഷ്ക്കാരസമ്പ്രദായം സാധാരണക്കാരുടെ ബുദ്ധിക്കും യുക്തിക്കും പെട്ടെന്നു വഴങ്ങുന്നതല്ല. അതുകൊണ്ടാണ് " ആര്യന്മാർ മൃഗങ്ങളെ മേച്ചു വനാന്തരങ്ങളിൽ നടന്നപ്പോൾ അഗ്നി , കൊടുംകാറ്റ്, മഴ ,ഇടിമിന്നൽ മുതലായ പ്രകൃതി ശക്തികളെ കണ്ടു ഭയപ്പെട്ടുവെന്നും അവയെ ദൈവങ്ങളായി സങ്കല്പിച്ചു ആ ഇടയന്മാർ പാടിയ സ്തുതി ഗീതങ്ങളാണ് വേദങ്ങളും ആരണ്യകങ്ങളും" എന്നും മറ്റും അധിനിവേശ സംസ്കാരത്തിൻറെ കുഴലൂത്തുകാർ പ്രചരിപ്പിച്ചപ്പോൾ നമ്മുടെ ഇടയിൽ ചിലരെങ്കിലും അതു വിശ്വസിച്ചത്.
ഇരുപതാം നൂറ്റാണ്ടിൻറെ അവസാന ദശകം വരെ ഭാരതീയ സംസ്കാരത്തിന് എതിരായ ഈ ദുഷ്പ്രചരണം ഒരു പരിധി വരെ വളർത്തി കൊണ്ടുവരുവാൻ തൽപരകക്ഷികൾക്ക് കഴിഞ്ഞുവെങ്കിലും, ശാസ്ത്ര-വിവര സാങ്കേതിക രംഗത്തെ വിസ്ഫോടനം ഈ കുബുദ്ധികൾക്ക് തിരിച്ചടിയായി.ഭാരതീയ പൌരാണിക ശാസ്ത്ര ഗ്രന്ഥങ്ങളെ "മതഗ്രന്ഥങ്ങൾ " എന്നു മുദ്രകുത്തി വിദ്യാഭ്യാസ രംഗത്തു നിന്നു മാറ്റിനിർത്താനുള്ള ശ്രമങ്ങൾ ശക്തമെങ്കിലും ഭാരതീയ ജ്ഞാനത്തിൻറെ അതുല്യ പ്രഭാവത്തെ ഇല്ലാതാക്കാൻ ആർക്കും കഴിയില്ല. അതു ബോധ്യപ്പെട്ടതു കൊണ്ടാകണം “വേദങ്ങൾ ഉണ്ടായതു ഭാരതത്തിലല്ല സംസ്കൃതം നമ്മുടെ ഭാഷയല്ല” എന്നൊക്കെ അസത്യങ്ങൾ പുലമ്പുന്ന, അധിനിവേശ സംസ്കാരത്തിനു വിടുപണി ചെയ്യുന്ന പലരും അടുത്ത കാലത്തു രംഗപ്രവേശം ചെയ്തു തുടങ്ങിയിട്ടുണ്ട്.
രീതി ശാസ്ത്രം
എല്ലാ ശാസ്ത്രങ്ങളും പഠിക്കുന്നതിന് ഒരു രീതി ശാസ്ത്രവും ക്രമവും ഉണ്ട് .ഉദാഹരണത്തിന് സ്കൂളിൽ താഴ്ന്ന ക്ലാസ്സുകളിൽ നാം സുര്യൻ കിഴക്കുദിക്കുകയും പടിഞ്ഞാറസ്തമിക്കുകയും ചെയ്യുന്നു എന്നു പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നു. യഥാർത്ഥത്തിൽ സുര്യൻ ഒരിടത്തു നിൽക്കുകയും ഭുമി അതിൻറെ അച്ചുതണ്ടിൽ പടിഞ്ഞാറു നിന്നു കിഴക്കോട്ടു തിരിയുകയുമാണ് ചെയ്യുന്നതെന്നു പിന്നീടറിയുന്നു. വീണ്ടും കൂടുതൽ പഠിക്കുമ്പോൾ സുര്യനും ഭുമിയും മറ്റു ഗ്രഹങ്ങളും ഉൾകൊള്ളുന്ന സൌരയൂഥം ബ്രഹ്മാണ്ഡത്തിന്റെ വളരെ ചെറിയൊരു അംശം മാത്രമാണെന്നും പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും സാപേക്ഷികമായി ചലിച്ചുകൊണ്ടിരിക്കുന്നു എന്നും മനസിലാക്കുന്നു. നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും ഉദയാസ്തമനങ്ങൾ വ്യവഹാരികതലത്തിൽ സാപേക്ഷികമായി ഉണ്ടാകുന്ന ഭ്രമം മാത്രം ആണ് എന്നും തിരിച്ചറിയുന്നു.ഇതുപോലെ സത്യാന്വേഷണത്തിന്റെ പാതയിൽ ജ്ഞാനത്തിൻറെ വിവിധ പടവുകൾ താണ്ടേണ്ടതുണ്ട്. അവയെല്ലാം ഒന്നൊന്നായി പരീക്ഷിച്ചും നിരീക്ഷിച്ചും പഠിച്ചും തരണം ചെയ്തു പരമ ജ്ഞാനത്തിന്റെ പാരമ്യംകണ്ടവരാണ് ഋഷിമാർ. നിരീക്ഷണ, പഠന, മനന, നിദിദ്ധ്യാസന, ധ്യാന മാർഗങ്ങളിലുടെ മാത്രമേ ഭാരതീയ ദർശനങ്ങളുടെ യുക്തിഭദമായ അന്തസത്ത ഉൾക്കൊള്ളാൻ കഴിയുകയുള്ളൂ.ആധുനിക ശാസ്ത്രം പഠിച്ചവർക്കു പൊതുവായും , ഫിസിക്സ് രസതന്ത്രം ജീവശാസ്ത്രം മോഡേണ്‍ മാത്തമാറ്റിക്സ് എന്നിവയിൽ ഉന്നത പഠനം നടത്തിയവർക്കു പ്രത്യേകമായും ഭഗവദ്ഗീത ഉപനിഷദ് , വേദങ്ങൾ എന്നിവയുടെ താത്വികമായ അർത്ഥം വേഗത്തിൽ മനസിലാക്കാൻ കഴിയും എന്നാണ് അനുഭവം.
“ഏതൊന്നറിഞ്ഞാൽ എല്ലാം അറിഞ്ഞതായി ഭവിക്കുമോ ആ ജ്ഞാനമാണ്” ഋഷി പ്രോക്തങ്ങളായ വേദങ്ങളിലും ഉപനിഷത്തുക്കളിലും ഉള്ളത് എന്ന് യുവ തലമുറയും ആധുനിക ശാസ്ത്രജ്ഞരും തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു.
അദ്വൈത സിദ്ധാന്തം
അദ്വൈത സിദ്ധാന്തം പരമ സത്യത്തെക്കുറിച്ചു പറയുന്നതിപ്രകാരമാണ: പരമ സത്യം ഏകമാണ്. അതു കാലാതീതവും ഗുണാതീതവും അലക്ഷണവും അഗോചരവും അനിർവചനീയവും അദ്വൈതവും ആണ്."ഏകം ഏവാദ്വിതീയം " എന്ന് ഉപനിഷത്തുകൾ ഈ പരമ സത്യത്തെ വിവരിക്കുന്നു. പരബ്രഹ്മം , പരമാത്മാവ് , പരാശക്തി, ഈശ്വരൻ എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്ന ഗുണാതീതമായ കേവല സത്യം സ്വേഛയാൽ സഗുണമായും നിർഗുണമായും പ്രതിഭാസിക്കുന്നതാണ് യഥാക്രമം ദൃശ്യ പ്രപഞ്ചവും അതിൻറെ നാലാമത്തെ മാനമായ കാലവും. സത്വം , രജസ് ,തമസ്സ് എന്നീ ഗുണങ്ങളാണ് പ്രപഞ്ചത്തെ സഗുണമാക്കുന്നത്. സത്വ രജ തമോ ഗുണങ്ങൾ വിവിധ അനുപാദത്തിൽ ചേർന്നുണ്ടാകുന്നതാണ് പ്രകൃതി. പ്രകൃതിയും കാലവും തമ്മിൽ അഭേദ്യമായ ഒരു പാരസ്പര്യമുണ്ട്. ഗുണങ്ങളുടെ പ്രകാശനം ഉചിതമായ സ്ഥലത്തും സമയത്തും മാത്രം സംഭവിക്കുന്നു.ഗുണങ്ങളുടെ വൈവിദ്ധ്യ പൂർണമായ പ്രകാശനം മാറ്റങ്ങളുണ്ടാക്കുന്നു. മാറ്റങ്ങളിലൂടെ സ്ഥലകാലങ്ങളുടെയും ത്രിഗുണങ്ങളുടെയും സംഘാതമായ പ്രപഞ്ചത്തിൽ, നാംകാലത്തെ തിരിച്ചറിയുന്നു. ജീവാത്മാക്കൾക്ക് കർമഫലാനുഭവത്തിനുളള വേദിയാണ് പ്രപഞ്ചം. പ്രപഞ്ചത്തിനു സൃഷ്ടി സ്ഥിതി ലയങ്ങൾ ഉണ്ട്. വ്യാവഹാരിക തലത്തിൽ മാത്രമേ അതിനു നിലനിൽപ്പുള്ളൂ. പ്രപഞ്ചം ഒരു പ്രതിഭാസമാണ്. പ്രതിഭാസം എന്നാൽ തോന്നൽ ,മിഥ്യാഭാവം,ബാഹ്യാകൃതി, എന്നാണർത്ഥം. അതുകൊണ്ട് പ്രപഞ്ചം നിത്യ സത്യമല്ല.
ഈ സിദ്ധാന്തമനുസരിച്ച് ഗുണാതീതമായ പരമാത്മ ചൈതന്യം പാരമാര്‍ഥിക തലത്തില്‍ ഏകവും അദ്വിതീയവും അഖണ്ഡവും ആണ് . ഈ ചൈതന്യം മറ്റൊന്നിനേയും ആശ്രയിക്കാതെ സ്വേഛയാല് വ്യാവഹാരിക തലത്തില്‍ പലതായി പ്രതിഭാസിക്കുകയാണ് ചെയ്യുന്നത്. അഗ്നിയും അതിന്റെ ദാഹക ശക്തിയും രണ്ടല്ല ; ഉപ്പും അതിന്റെ ഉപ്പുരസവും രണ്ടല്ല എന്നതു പോലെ ചൈതന്യവും അതിന്റെ ഇഛശക്തിയും രണ്ടല്ല. അതുകൊണ്ട് സ്രഷ്ടാവും സൃഷ്ടിയും രണ്ടല്ല. രണ്ടെന്നു തോന്നും എന്നാല്‍ യഥാര്‍ത്ഥത്തില്‍ രണ്ടല്ല . ഇക്കാരണത്താല്‍ രണ്ടല്ലാത്തത് എന്നര്‍ത്ഥമുള്ള ' അദ്വൈതം ' എന്ന് ശ്രീ .ശങ്കരാചാര്യര്‍ ഈ ദര്‍ശനത്തെ വിളിച്ചു.
പരമസത്യം ഏകമാണ്. അതു ബ്രഹ്മമാണ്; കേവല ചൈതന്യമാണ്. ഈ ചൈതന്യം പ്രകര്‍ഷേണ പഞ്ചീകരിക്കപ്പെട്ടു പ്രതിഭാസിക്കുന്നതാണ് പ്രപഞ്ചം. ഈ ബ്രഹ്മചൈതന്യത്തിന്റെ സാന്നിദ്ധ്യമില്ലാത്ത ഒരിടവും ബ്രഹ്മാണ്ഡത്തിലില്ല. എല്ലാത്തിലും അതുണ്ട്. എല്ലാം അതില്‍ സ്ഥിതി ചെയ്യുന്നു. അനന്യമായ ഈ ചൈതന്യത്തില്‍ നിന്നന്യമായി ഒന്നുമില്ല. സ്രഷ്ടാവില്‍ നിന്നന്യമല്ല സൃഷ്ടി. മറ്റൊരു മതത്തിലും കാണാത്തതും ആധുനിക ശാസ്ത്രത്തിന്റെ കണ്ടെത്തലുകളെ ഉള്‍ക്കൊണ്ടും അതി ലംഘിച്ചും നില്ക്കുന്നതുമായ ഈ മഹത്തായ ദര്‍ശനം ഹിന്ദുക്കള്‍ക്കു സ്വന്തം.
ദര്‍ശന സമന്വയം
പ്രപഞ്ചം ,ജീവന് ,ആത്മാവ് ഈശ്വരന് എന്നിവയെ സമ്പന്ധിച്ച് അനിഷേധ്യമായ സങ്കല്പം , അതിഭൗതിക വിഷയങ്ങള്‍ ,നീതിശാസ്ത്രം ,ആധുനിക ശാസ്ത്രത്തിന്റെ കണ്ടെത്തലുകള്‍ എന്നിവ യുക്തിഭദ്രമായി സമ്മേളിക്കുന്ന ലോകോത്തര തത്വശാസ്ത്രമാണ് ഭാരതീയ ദര്‍ശനങ്ങളുടെയും , ആഗോള തത്വ ജ്ഞാനത്തിന്റെയും അവസാന വാക്കെന്നു പറയാവുന്ന അദ്വൈത ദര്‍ശനം.
പ്രത്യക്ഷത്തില്‍ വൈരുദ്ധ്യം നിറഞ്ഞതെന്നു തോന്നാവുന്ന ഷഡ് ദര്‍ശനങ്ങള്‍ യഥാര്‍ത്ഥത്തില്‍ സത്യാന്വേഷിയെ ജ്ഞാനത്തിന്റെ വിവിധ തലങ്ങളിലുടെ അദ്വൈത ദര്‍ശനത്തിലേക്ക് എത്തിക്കുന്ന സോപനങ്ങളാണ്. യുക്തി ചിന്തയിലുടെ സാവധാനം മാത്രമേ ഈ മഹത്തായ ദര്‍ശനം മനസിലാക്കാന്‍ സാധിക്കുകയുള്ളൂ. എതെങ്കിലും ഒരു സിദ്ധാന്തത്തിന്റെ കോണിപ്പടികളില്‍ കുടുങ്ങിപ്പോകുന്നവര്‍ക്ക് അദ്വൈത ദര്‍ശനത്തിന്റെ നിസ്തുലാനുഭുതി അപ്രാപ്യമായിത്തീരുക സ്വാഭാവികമാണ്.
ഒരു പ്രത്യയ ശാസ്ത്രത്തിന്റെയോ ,മതത്തിന്റെയോ ,ഏതെങ്കിലും വിധത്തിലുള്ള മുന്‍വിധികളുടെയോ ചട്ടക്കൂടുകള്‍കുള്ളില്‍ കുടുങ്ങി പോകാതെ ,നിരീക്ഷണം , പഠനം , മനനം , നിദിദ്ധ്യാസനം എന്നിവയിലുടെ സ്വതന്ത്രവും പക്ഷപാത രഹിതവും ആയ ശാസ്ത്രീയ സത്യാന്വേഷണം സാദ്ധ്യമാകുന്ന ഏതൊരു വ്യക്തിക്കും പ്രപഞ്ചത്തിന്റെ അദ്വൈതാവസ്ഥ അനുഭവവേദ്യമാകാവുന്നതേയുള്ളൂ.
ആധുനിക ശാസ്ത്രത്തിന്റെ എല്ലാ കണ്ടെത്തലുകളെയും ഉള്‍കൊണ്ടും അതിജീവിച്ചും നില്ക്കുന്നു അദ്വൈത ദര്‍ശനം. ഇതിന്റെ ബീജം ഋഗ്വേദത്തിലെ നാസദീയ സൂക്തത്തില്‍ കാണാം. ബാദരായണ മഹര്‍ഷി ഈ ദര്‍ശനത്തെ വികസിപ്പിച്ചു. ബ്രഹ്മസൂത്രം , ദാശോപനിഷത്തുകള്‍, ഭഗവദ്ഗീത എന്നിവക്കു ഭാഷ്യം രചിച്ചു കൊണ്ട് പ്രസ്ഥാനത്രയത്തിലുടെ ശ്രീ .ശങ്കരാചാര്യര്‍ ഈ ദര്‍ശനത്തെ ലോകോത്തരമാക്കി പ്രതിഷ്ടിച്ചു. ലോകം കണ്ട ഏറ്റവും വലിയ പ്രതിഭാശാലി ആരെന്ന ചോദ്യത്തിന് ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ശ്രീശങ്കരാചാര്യര്‍ എന്നല്ലാതെ ശാസ്ത്ര- ജ്ഞാനമുള്ളവര്‍ക്ക് മറ്റൊരുത്തരം പറയാനാവില്ല. ശ്രീ.ശങ്കരാചാര്യരുടെ വിവേക ചൂഡാമണി എന്ന ഗ്രന്ഥം വായിച്ചു എന്നും അതിലെ ശ്ലോകങ്ങള്‍ ശാസ്ത്ര ലോകം ഗവേഷണ വിഷയം ആക്കണമെന്നും ഡോ.A.P.J അബ്ദുല്‍ കലാം അടുത്ത കാലത്തു പ്രസ്താവിക്കുകയുണ്ടായി.
ആധുനിക ശാസ്ത്രത്തിന്റെ കണ്ടെത്തലുകളും യുക്തിചിന്തയും എല്ലാ പാശ്ചാത്യ മതങ്ങളേയും സംസ്കാരങ്ങളേയും വിശ്വാസ പ്രമാണങ്ങളേയും പിടിച്ചു കുലുക്കുകയും തകര്‍ത്തുകളയുകയും ചെയ്തുവെങ്കിലും ഭാരതസംസ്കാരം ഇന്നും തലയുയര്‍ത്തി നില്ക്കുന്നു. പ്രപഞ്ചത്തെ സംബന്ധിച്ച ഹൈന്ദവ സങ്കല്പങ്ങള്ക്കും സിദ്ധാന്തങ്ങള്‍ക്കും നാള്‍ക്കുനാള്‍ ലോകമെമ്പാടും സ്വീകാര്യത വര്‍ദ്ധിച്ചു വരുന്നതായി കാണുന്നു. ആധുനിക ശാസ്ത്രം നേരിടുന്ന സമസ്യകള്‍ക്ക് ഉത്തരം തേടി ആധുനിക ശാസ്ത്രജ്ഞന്മാര് ഉപനിഷത്തു കളിലേക്കു തിരിയുന്നു. വേണ്ട വിധം അതു പഠിക്കാന്‍ ശ്രമിച്ചവരാകട്ടെ ഭാരതീയ ഋഷിമാരുടെ ധിഷണാ വൈഭവത്തിനു മുന്നില്‍ സാഷ്ടാംഗം പ്രണമിക്കുന്നു.
ഹിന്ദുത്വം
അദ്വൈത ബോധം ഓരോ ഹിന്ദുവിനും ജന്മസിദ്ധമാണ്.വിശ്വ മാനവികത ഹിന്ദുക്കളുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നിരിക്കുന്നു. ഹിന്ദുത്വം ഏതെങ്കിലും ഒരു വ്യക്തിയുടെയോ ഒരു ഗ്രന്ഥത്തിന്റെയോ അനുശാസനങ്ങളെ അടിസ്ഥാനമാക്കി ശരിതെറ്റുകളെ നിര്‍ണയിക്കുന്നില്ല. ഹൈന്ദവ ജ്ഞാനത്തിന്റെ സാരസംഗ്രഹം അവരെ നയിക്കുന്നു. അതുകൊണ്ടു ഹിന്ദുക്കള്‍ വര്‍ഗ്ഗീയ വാദികളല്ല. മതാചാരങ്ങളുടെയോ വിസ്വാസങ്ങളുടെയോ കാര്യത്തില്‍ ഹിന്ദുക്കള്‍ തീവ്രനിലപാടുകള്‍ എടുക്കാറില്ല. ആരാധനാ സമ്പ്രദായങ്ങളെക്കാള്‍ ധര്‍മ്മാനുഷ്ടാനത്തിനു പ്രാധാന്യം നല്‍കുന്നവരാണ് ഭാരതീയര്‍. സ്വധര്‍മം നിസ്വാര്‍ഥമായി നിറവേറ്റുക എന്നതാണു ഏറ്റവും പ്രധാനം. സനാതന ധര്‍മം ആത്യന്തികമായി ജ്ഞാനത്തിലധിഷ്ടിതമാണ്. ജ്ഞാനത്തിനു വിവിധ തലങ്ങളുണ്ട്. അതുകൊണ്ടുതന്നെ വൈവിധ്യം നിറഞ്ഞ ഉപാസനാ സമ്പ്രദായങ്ങളും മതാചാരങ്ങളുo, അനുഷ്ടാനങ്ങളും ആരാധനാ രീതികളും ഉണ്ട്. പ്രപഞ്ചത്തില്‍, ഈശ്വരനില്‍ നിന്നന്യമായി ഒന്നുമില്ലെന്നിരിക്കെ വ്യാവഹാരിക തലത്തില്‍ വിഗ്രഹാരാധന അല്ലെങ്കില്‍ ഏതെങ്കിലും ഒരു സാത്വികമായ ആരാധനാ രീതി തെറ്റെന്നു പറയുന്നവരല്ലേ അറിവില്ലാത്തവര്‍? അവരെയല്ലേ അപരിഷ്കൃതരും അജ്ഞാനികളും എന്നു പറയേണ്ടത്? സ്വന്തം കാഴ്ചപ്പാടിന്റെ വിശാലത മൂലം ഇത്തരം അബദ്ധജടിലമായ വീക്ഷണങ്ങളേയും വിമര്‍ശനങ്ങളെയും അതതു തലത്തില്‍ നോക്കികാണാനും ആ തലത്തില്‍ സഹിഷ്ണുതയോടെ കേള്‍ക്കുവാനും പ്രബുദ്ധരായ ഹിന്ദുക്കള്‍ തയ്യാറാകുന്നു. ഈ വിശാലമനസ്കത ദൗര്‍ബല്യമായി കണക്കാക്കി സമൂഹത്തില്‍ നിലനില്‍ക്കുന്ന അജ്ഞാനത്തെ ചുഷണം ചെയ്യുന്നതിനു തുനിഞ്ഞിറങ്ങിയിരിക്കുന്ന ''വിശ്വാസത്തിന്റെ വ്യാപാരികളെ'' ഹിന്ദു സമൂഹം തിരിച്ചറിയേണ്ടതുണ്ട്.
ഹിന്ദുത്വം എന്നത് മതം എന്നതിലുപരി ഒരു സംസ്കാരമാണ്; അതൊരു ജീവിത ശൈലിയാണ്. ഗ്രന്ഥങ്ങളില്‍ പറയുന്ന തത്വങ്ങള്‍ പഠിച്ച ശേഷം ''ഉചിതമെങ്കില്‍ ആചരിക്കുക'' എന്നുപറയുന്ന ലോകത്തിലെ ഒരേ ഒരു മതം ഹിന്ദു മതമാണ്. ഒരു പ്രവാചകനും ഒരു പുസ്തകവും മാത്രമേ ശരിയുള്ളൂ എന്ന് ഒരു ഹിന്ദുവും ഇന്നു വരെ ശഠിച്ചിട്ടില്ല. അങ്ങനെ പറയുന്നവരുടെ വിശ്വാസത്തെ ഹിന്ദുക്കള്‍ ചോദ്യം ചെയ്യാറുമില്ല. അവരുടെ വിശ്വാസം അവരെ രക്ഷിക്കട്ടെ എന്നു ചിന്തിക്കുന്നവരാണ് ഹിന്ദുക്കള്‍. മതം മാറ്റല്‍ ,ഊരുവിലക്ക്, പുറത്താക്കല്‍ എന്തിന്, മതം എന്ന വാക്കു തന്നെ ഹിന്ദുക്കള്‍ക്ക് അന്യമാണ്. മതനിന്ദയുടെ പേരില്‍ കൈവെട്ടലോ കാല് വെട്ടലോ ഭാരതീയ സംസ്കാരത്തിലില്ല. മറ്റുള്ളവരുടെ പ്രതിലോമ കരമായ പ്രവര്‍ത്തനങ്ങളോടു പ്രതികരിച്ചുകൊണ്ടല്ലാതെ ആയുധമെടുക്കുകയോ ആക്രമിക്കുകയോ രക്തചൊരിച്ചിലിനിടയാക്കുകയോ ചെയ്ത ചരിത്രവും നമുക്കില്ല. കര്‍മഫല സിദ്ധാന്തത്തില്‍ വിശ്വസിക്കുന്നവരാണ് ഭാരതീയര്‍ . 'താന്‍ താന്‍ നിരന്തരം ചെയ്യുന്ന കര്‍മങ്ങള്‍ താന്‍ താന്‍ അനുഭവിച്ചിടുകെന്നെ വരൂ ' എന്നു ത്രേതായുഗം മുതലേ ഭാരതീയര്‍ക്കറിയാം. ഏതെങ്കിലും ഒരു ഭാരതീയന് മതപരമായ വിവേചനം മറ്റുള്ളവരോടു കാണിക്കുന്നുവെങ്കില്‍ അത് ആ വ്യക്തിയുടെ തെറ്റായ പ്രതികരണമാണ്, ആര്‍ജ്ജിത ഭാവമാണ്; സ്വഭാവമല്ല. കലാപങ്ങള്‍ സൃഷ്ടിച്ചും കൊന്നും കൊലവിളി നടത്തിയും പാവങ്ങളെ ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും ആള്‍മാറാട്ടം നടത്തി വഞ്ചിച്ചും, ഇത്തരം ഹീന കൃത്യങ്ങള്‍ക്കെല്ലാം തങ്ങളുടെ മത ഗ്രന്ഥങ്ങളുടെ അംഗീകാരം ഉണ്ടെന്നു പ്രചരിപ്പിച്ചും, അതു തങ്ങളുടെ പ്രത്യേക അവകാശമാണെന്നു ന്യായീകരിച്ചും അല്ല ഹൈന്ദവസംസ്കാരം നിലനിന്നു പോന്നിട്ടുള്ളതും നിലനില്ക്കുന്നതും ആധുനിക യുഗത്തില്‍ ലോകമെമ്പാടും വ്യാപിക്കുന്നതും.
'ഏകദൈവം' എന്താണെന്നുo അതിന്റെ സ്വരൂപം എന്തെന്നും തിരിച്ചറിവുള്ള ഹിന്ദുക്കളെ അതറിയാത്ത ചിലര്‍ 'അവിശ്വാസി'കളെന്നു പറഞ്ഞു പരിഹസിക്കുന്ന നിന്ദ്യമായ അവസ്ഥ നിലവിലുണ്ട്. ''ഹിരണ്യായ നമ'' എന്നു ജപിക്കണമെന്നുo മറ്റു ദേവനാമങ്ങള്‍ ജപിക്കാന്‍ പാടില്ലെന്നും ശഠിച്ച ഒരു അസുരന്റെ കഥ ഹിന്ദു പുരാണത്തിലുണ്ട്. അതറിയുന്ന ഹിന്ദുക്കള്‍ക്ക്, ധര്‍മച്യുതിയുടെ ഫലമായി ഇത്തരം പരിഹാസം ഉണ്ടാകുമെന്നും പരിണതഫലം എന്തായിരിക്കുമെന്നും ബോധ്യമുണ്ട്. അതുകൊണ്ട് ഹിന്ദുക്കള്‍ ഇത്തരം അല്പജ്ഞാനികളുടെ കടുന്നുകയറ്റത്തെ സഹിഷ്ണുതയോടെ വീക്ഷിക്കുന്നു.
'ലോകാസമസ്താ സുഖിനോ ഭവന്തു' എന്ന് ഓരോ ഹിന്ദുവും ആഗ്രഹിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നു. നൂറ്റാണ്ടുകളായി തുടര്‍ന്നു വരുന്ന വിപരീത ശക്തികളുടെ കടന്നാക്രമങ്ങള്‍ക്ക് മുന്നിലും പതറാതെ അവയെ അതിജീവിച്ചുകൊണ്ട് മത നിരപേക്ഷത യുടേയും സഹിഷ്ണുതയുടെയും പ്രതീകമായി സനാതന ധര്‍മം നിലകൊള്ളുന്നു. ഹിന്ദുക്കള്‍ എന്നാല്‍ 'ഏക ദൈവത്തെ' അറിയാത്ത അപരിഷ്കൃതരല്ല, പ്രത്യുത മത നിരപേക്ഷതയുടെ പ്രതീകങ്ങളാണെന്നു ലോകം തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട്.
ദൈനംദിന ജീവിതവും ആത്മീയതയും
ഭാരതീയ സംസ്കാരത്തില്‍ ആത്മീയതയും ഭൗതികതയും രണ്ടല്ല. ഒന്നു മറ്റൊന്നിന്റെ നിഷേധവുമല്ല. ഫല ഭുയിഷ്ഠമായ മണ്ണില്‍ വേരൂന്നി വളരുന്ന വൃക്ഷം ധാരാളം തണലും പൂക്കളും ഫലങ്ങളും നല്കുന്നതുപോലെ ആത്മീയതയുടെ ഉര്‍വരതയില്‍ വേരൂന്നിയ മനുഷ്യ ജീവിതം സഫലമാകുമെന്നതില്‍ സംശയമില്ല. ആത്മീയത ഇല്ലാത്ത ജീവിതം ഊഷര ഭുമിയിലെ ഫലവൃക്ഷം പോലെ ആയിത്തീരും.
ആത്മീയതയെന്നാല്‍ ധര്‍മാനുസൃതമായ ഭൗതിക സുഖാനുഭവങ്ങളുടെ നിരാകരണമല്ല. ഭാരതീയ സംസ്കാരത്തില്‍, മനുഷ്യജന്മം എങ്ങനെ ഉണ്ടാകുന്നു എന്നും എന്തിനു വേണ്ടിയെന്നും അര്‍ത്ഥ ശങ്കക്കിടവരാത്ത വിധം നിര്‍വചിച്ചു പ്രഖ്യാപിച്ചിട്ടുണ്ട്. മുമ്പു സൂചിപ്പിച്ചതു പോലെ സനാതന ധര്‍മം ജ്ഞാനത്തിലധിഷ്ടിതമാണ്. മനുഷ്യ ജന്മത്തിന്റെ ആത്യന്തികമായ ലക്ഷ്യം പുരുഷാര്ഥങ്ങള് നേടുകയാണ്. ധര്‍മം, അര്‍ത്ഥം, കാമം, മോക്ഷം എന്നിവയാണു പുരുഷാര്ഥങ്ങള്. സ്വധര്‍മം തിരിച്ചറിയുക, ധര്‍മാനുസൃതം ബുദ്ധിശക്തിയും ജ്ഞാനശക്തിയും ക്രിയാശക്തിയും യുക്തിബോധവും കര്‍മവൈഭവവും ഉപയോഗിച്ചു കഠിനാധ്വാനത്തിലുടെ ധനം സമ്പാതിക്കുക. ആ ധനം ഉപയോഗിച്ചു ധര്‍മം കൈവിടാതെയും സഹജീവികളെ മനസ്സാ- വാചാ- കര്‍മണ ദ്രോഹിക്കാതെയും വിധി വിഹിതമായ ആഗ്രഹങ്ങള്‍ സഫലീകരിക്കുക. (സുഖ ഭോഗങ്ങള്‍ അനുഭവിക്കുക ) 'വസുധൈവ കുടുംബകം'' എന്നകാര്യം മറക്കാതിരിക്കുക,
അധര്‍മത്തെ ഇല്ലായ്മ ചെയ്യുക, സമസ്ഥ ലോകത്തിനും അഭ്യുദയവും ശ്രേയസും ഉളവാക്കുന്ന ശ്രേഷ്ഠമായ വാക്കും പ്രവൃത്തിയും ചിന്തയും എല്ലാവരുടേയും പൊതുവായ ധര്‍മം ആണ് എന്നു തിരിച്ചറിയുക, യമനിയമങ്ങള്‍ എന്നറിയപ്പെടുന്ന പത്തു കല്പനകള് അനുസരിച്ചു ജീവിതം ക്രമീകരിക്കുക. എല്ലാ കര്‍മങ്ങളും ഈശ്വരാര്‍പ്പണം ആയി ചെയ്യുക. കര്‍മം ഭക്തി ജ്ഞാനം എന്നിവ തന്റെ സ്വത്വത്തിനു യോജിക്കും വിധം സമന്വയിപ്പിച്ചു ജീവിക്കുക മോക്ഷം - ദുഖത്തില്‍ നിന്നുള്ള മോചനം - സുസാധ്യമാണ്. ഇതാണ് ഹൈന്ദവസംസ്കാരം ലോകത്തിനു നല്കുന്ന സുപ്രധാന സന്ദേശം.
അഖണ്ഡ ബോധത്തില്‍ അധിഷ്ടടിതമായ എകാത്മക പ്രപഞ്ച വീക്ഷണമാണ് ഹൈന്ദവസംസ്കാരത്തിന്റെ സ്വരൂപം. വിശ്വമാനവികതയാണ് അതിന്റെ മുഖമുദ്ര. സ്വധര്‍മ്മാനുഷ്ടാനവും ധര്‍മ്മ സംരക്ഷണവും ആണു ഓരോ മനുഷ്യന്റെയും ദൗത്യം. അഹിംസ, സത്യം, ത്യാഗം, ഇന്ദ്രിയ സംയമനം എന്നിവ ധര്‍മാനുഷ്ടാനത്തില്‍ ഒഴിച്ചു കൂടാനാവാത്ത ഘടകങ്ങളാണ്. ഇതു വളരെ ലളിതവും പ്രായോഗികവും ആണ്. രാഗവും ദ്വേഷവും സ്വാര്‍ഥതയും അത്യാഗ്രഹവും മാത്രമാണ് പ്രതിബന്ധങ്ങള്‍.
പാരമാര്‍ത്ഥിക തലത്തിലെ ഏകത്വവും വ്യാവഹാരിക തലത്തിലെ വൈവിദ്ധ്യവും സമന്വയിക്കുന്നതാണ് നമ്മുടെ സ്വത്വം. ഈ സത്യം കണ്ടെത്തുകയും വിളിച്ചു പറയുകയും ചെയ്ത നമ്മുടെ ഋഷീശ്വരന്മാര് വിശ്വാസത്തിന്റെ വ്യാപാരികളല്ല , നേരെ മറിച്ചു ജ്ഞാനത്തിന്റെ ദീപസ്തംഭങ്ങളാണ്.
"അവര്‍ തെളിയിച്ച പ്രകാശം നമ്മെ നയിക്കട്ടെ, ഉത്തിഷ്ഠ ഭാരത ! "thureeyam
No comments:
Post a Comment