" യു.ജി. കൃഷ്ണമൂർത്തി ഒരു ദിവസം രമണമഹർഷിയെ കാണുവാൻ പോയി. അദ്ദേഹത്തിന് മഹർഷിയിൽ പ്രത്യേകിച്ച് ആകർഷണീയമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല കാരണം മഹർഷി ആ സമയം പച്ചക്കറികൾ മുറിക്കുകയായിരുന്നു. അതെ, രമണമഹർഷി ഇത്തരത്തിൽ സാധാരണക്കാരനായ ഒരു വ്യക്തിയായിരുന്നു. പച്ചക്കറി മുറിക്കുന്നു! ഒരു പക്ഷേ സുവർണ്ണ സിംഹാസനത്തിലിരിക്കുന്ന ഒരു മഹാത്മാവിനെ കാണുവാനായിരിക്കും യു.ജി.കൃഷ്ണമൂർത്തി പോയത്. രമണമഹർഷിയാവട്ടെ നിലത്തിരുന്ന് പച്ചക്കറികൾ മുറിക്കുന്നു! അതെ, അടുക്കളയിൽ ആഹാരം തയ്യാറാക്കുന്നതിനായി പച്ചക്കറികൾ മുറിക്കുന്നു! അദ്ദേഹം അത്യധികം നിരാശനായി മടങ്ങി. മറ്റൊരു ദിവസം അദ്ദേഹം മഹർഷിയെ കാണാൻ ചെന്നപ്പോൾ അദ്ദേഹം ഫലിത പുസ്തകം വായിക്കുകയായിരുന്നു. എല്ലാം തീർന്നു! ഈ മനുഷ്യന് ഒന്നും അറിയില്ല. ഇദ്ദേഹം വളരെ സാധാരണക്കാരനാണ്. ഈ ആശ്രമത്തിൽ നിൽക്കുന്നത് കൊണ്ട് ഒരു പ്രയോജനവുമില്ല, ഇത്തരത്തിൽ ചിന്തിച്ചു കൊണ്ട് അദ്ദേഹം അവിടം ഉപേക്ഷിച്ചു പോയി. എന്നാൽ, ഞാൻ നിങ്ങളോടൊരു കാര്യം പറയാൻ ആഗ്രഹിക്കുന്നു: ഈ മനുഷ്യൻ, രമണ മഹർഷി, ലോകത്തിൽ ഇതുവരെ ജനിച്ചവരിൽ ഏറ്റവും മഹാൻമാരായ ബുദ്ധൻമാരിലൊരാളാണ്. അദ്ദേഹത്തിലെ ബുദ്ധത്വത്തിന്റെ പ്രവർത്തികളാണ് നമ്മൾ മുകളിൽ കണ്ടത്. യു.ജി. കൃഷ്ണമൂർത്തി ഒരു പ്രഹസനക്കാരനു വേണ്ടിയുള്ള അന്വേഷണത്തിലായിരുന്നിരിക്കണം. അദ്ദേഹത്തിന് മഹർഷിയിലെ സാധാരണത്വവും അതിന്റെ സൗന്ദര്യവും മഹിമയും കാണുവാൻ കഴിഞ്ഞില്ല. ഇതേ യു.ജി. കൃഷ്ണമൂർത്തി ഋഷികേശത്തിലെ ശിവാനന്ദനോടൊപ്പം ഏഴു വർഷങ്ങൾ കഴിഞ്ഞു കൂടുകയും - അങ്ങേരാകാട്ടെ ഒരു വിഡ്ഢിയായിരുന്നു - യോഗ പരിശീലിക്കുകയും ചെയ്തിരുന്നു. എഴു വർഷം കൂടെ താമസിച്ചതിന് ശേഷം ശിവാനന്ദനിൽ പ്രത്യേകിച്ച് ഒന്നുമില്ലെന്ന് യു.ജി തിരിച്ചറിഞ്ഞു, അതായത്, നീണ്ട ഏഴു വർഷങ്ങൾക്ക് ശേഷം. അദ്ദേഹത്തിന് അത് തിരിച്ചറിയാൻ ഏഴ് വർഷങ്ങൾ വേണ്ടിവന്നു. ഇത് കാണിക്കുന്നത് അദ്ദേഹത്തിന്റെ അപക്വമായ മനസിനെയാണ്. ശിവാനന്ദനിൽ ഒന്നുമില്ലെന്ന് തിരിച്ചറിയാൻ ഏഴ് വർഷങ്ങൾ വേണ്ടിവന്നു. ഏഴ് നിമിഷങ്ങൾ പോലും ആവശ്യത്തിലധികമാണ്! എന്നാൽ രമണമഹർഷിയെ തിരിച്ചറിയുന്നതിന് അദ്ദേഹത്തിന് ഏഴു നിമിഷങ്ങൾ മതിയായിരുന്നു കാരണം അദ്ദേഹം പച്ചക്കറി അരിയുകയും ഫലിതങ്ങൾ വായിക്കുകയും കാർട്ടൂൺ നോക്കുകയുമായിരുന്നു! ഇത്തരത്തിലാണ് അഹന്തയിൽ കേന്ദ്രീകൃതമായ സാധാരണ മനസുകൾ തീരുമാനങ്ങളെടുക്കുന്നത്. അഹന്ത എപ്പോഴും വലുതിനെ അന്വേഷിച്ചു കൊണ്ടേയിരിക്കുകയാണ്, മറ്റൊരു വലിയ അഹന്ത. എന്നാൽ ഒരു യഥാർത്ഥ സന്യാസിക്ക് അഹന്തയില്ല, അദ്ദേഹം വെറും ഒരു സാധാരണക്കാരനെ പോലെ ജീവിക്കും. അവൻ അത്യധികം സാധാരണക്കാരനായിരിക്കും - അതാണ് അവന്റെ അസാധാരണത്വം! രമണമഹർഷി കൂടുതലും മൗനമായി ഇരിക്കാനാണിഷ്ടപ്പെട്ടിരുന്നത് അതുകൊണ്ട് തന്നെ അധികം പേരും അദ്ദേഹത്തിന്റെ മഹിമ തിരിച്ചറിയുന്നതിൽ പരാജയപ്പെടുകയായിരുന്നു. ഒരിക്കൽ ഒരാൾ ദൈവത്തെ കുറിച്ച് മഹർഷിയോട് ഒരു ചോദ്യം ചോദിച്ചു, യു.ജി. കൃഷ്ണമൂർത്തിയും അവിടെ ഉണ്ടായിരുന്നു. വളരെ ആത്മാർത്ഥതയോടെ, മഹർഷിയെ നമസ്കരിച്ചിട്ട് അദ്ദേഹം ദൈവത്തെ കുറിച്ച് ചോദിച്ചു. മഹർഷി എന്താണ് ചെയ്തത് എന്ന് നിങ്ങൾക്ക് അറിയാമോ? അദ്ദേഹം തന്റെ കൈയ്യിലിരുന്ന ഫലിത പുസ്തകം കൊടുത്തിട്ട് പറഞ്ഞു "വായിച്ചോള്ളൂ" സ്വാഭാവികമായും, യു.ജി.കൃഷ്ണമൂർത്തിക്ക് സ്വയം പരിഹാസ്യമായതു പോലെ തോന്നി. ഇത് മര്യാദയാണോ? ഇത്രയും പ്രാധാന്യമർഹിക്കുന്ന ഒരു ചോദ്യം ചോദിച്ച വ്യക്തിക്ക് ഫലിത പുസ്തകം കൊടുക്കുക എന്നത് അയാളെ അപമാനിക്കുന്നതിന് തുല്യമാണ്. യു.ജിയെ സംബന്ധിച്ച് ഒരടി കിട്ടിയത് പോലെയായി! മഹർഷി പറയുന്നതെന്താണെന്ന് വച്ചാൽ, "എന്ത് വിഡ്ഢിത്തമാണ് നിങ്ങൾ ചോദിക്കുന്നത്, ദൈവം?" അത് സംസാരിക്കുവാനുള്ള ഒരു വിഷയമല്ല. അതിനെക്കാളും നല്ലത് ഒരു ഫലിതം വായിച്ച് ഒന്നുറക്കെ ചിരിക്കുന്നതാവും. "നിങ്ങൾക്ക് ചിരിക്കാനാവുമെങ്കിൽ, നിങ്ങൾക്ക് ദൈവത്തെ അറിയാൻ കഴിഞ്ഞെന്നിരിക്കും - അല്ലാതെ ഞാൻ പറയുന്നതിലൂടെ നിങ്ങൾക്കത് ഗ്രഹിക്കുവാൻ കഴിയില്ല. നിങ്ങൾക്ക് ഹൃദയം തുറന്ന് ചിരിക്കാനാവുമെങ്കിൽ, ആ നിമിഷം ചിന്തകൾ നിശ്ചലമാകും." ബുദ്ധൻ മഹാകശ്യപന് ഒരു പുഷ്പം കൈമാറിയപ്പോൾ അദ്ദേഹത്തിന് ആത്മാനുഭവം ഉണ്ടായത് പോലെ മഹർഷി ഫലിത പുസ്തകം കൈമാറുമ്പോൾ എന്തോ ഒരു അത്ഭുതം അവിടെ സംഭവിക്കുകയായിരുന്നു എന്നാൽ യു.ജി. കൃഷ്ണമൂർത്തിക്ക് അവിടെ എന്താണ് സംഭവിക്കുന്നത് എന്ന് കാണാൻ കഴിഞ്ഞില്ല. അതിന് ശേഷം അദ്ദേഹം ജെ.കൃഷ്ണമൂർത്തിയെയും നഷ്ടപ്പെടുത്തി. ജെ.കൃഷ്ണമൂർത്തിയോടൊപ്പവും അദ്ദേഹം വർഷങ്ങൾ ചിലവഴിച്ചു. ജെ.കൃഷ്ണമൂർത്തിയാവട്ടെ തന്റെ ആശയം പ്രകാശിപ്പിക്കുന്നത് വളരെ വ്യത്യസ്തമായ ശൈലിയിലാണ്, വളരെ ബുദ്ധിപൂർവ്വവും വസ്തുനിഷ്ഠവുമായിട്ടാണ് അദ്ദേഹം കാര്യങ്ങൾ അവതരിപ്പിക്കുന്നത്. മനസുമായി ബന്ധപ്പെട്ട വിഷയങ്ങൾ സംസാരിച്ചുകൊണ്ടാണ് അദ്ദേഹം തുടങ്ങുന്നത്, പതിയെ പതിയെ അദ്ദേഹം നമ്മെ മനസിനുമപ്പുറത്തേക്ക് നയിക്കും. എന്നാൽ ഈ ഭാഗത്ത്, യു.ജി. കൃഷ്ണമൂർത്തി കരുതി ഇതെല്ലാം വെറും ഊഹാപോഹങ്ങളും തത്വചിന്തകളുമാണെന്ന്. അദ്ദേഹം ജെ.കൃഷ്ണമൂർത്തിയുടെ അടുത്ത് പോകുന്നതും നിറുത്തി കാരണം അദ്ദേഹം പറയുന്നതെല്ലാം ഊഹാപോഹങ്ങളാണത്രേ! രമണമഹർഷിയുടെ അടുത്ത് തത്വചിന്താപദ്ധതി ഇല്ല എന്ന കാരണം പറഞ്ഞാണ് യു.ജി ഇറങ്ങിപ്പോയത് എന്നാൽ ജെ.കൃഷ്ണമൂർത്തിയിൽ തത്വചിന്ത കൂടിപ്പോയി എന്ന കുറ്റമാണ് അദ്ദേഹം കണ്ടത്. രണ്ടു പേരെയും അദ്ദേഹം നഷ്ടപ്പെടുത്തി. എന്നാൽ അദ്ദേഹം ഋഷികേശത്തിലെ ശിവാനന്ദനോടൊപ്പം ഏഴു വർഷങ്ങൾ താമസിച്ച് യോഗാസനങ്ങൾ പരിശീലിച്ചു. അതായത്, ഏഴ് വർഷങ്ങൾ അദ്ദേഹം കരുതി "ഇവിടെ എന്തോ ഉണ്ട്." പക്ഷേ അവിടെ ഒന്നും ഉണ്ടായിരുന്നില്ല! ശിവാനന്ദൻ വളരെ സാധാരണക്കാരനായ ഒരു ആചാര്യനാണ്. അദ്ദേഹത്തെപ്പോലുള്ള ഡസൻ കണക്കിന് ആചാര്യന്മാരെ നമുക്ക് ഈ രാജ്യത്തിന്റെ പല കോണുകളിലും കാണാവുന്നതാണ്, എങ്ങനെ തലകുത്തി നിൽക്കാം തുടങ്ങി പല വിഡ്ഢിത്തങ്ങളും അവർ നിങ്ങളെ പഠിപ്പിക്കും. അവിടെ അദ്ദേഹം ഒരു ശിഷ്യനായി ഏഴു വർഷങ്ങൾ കഴിച്ചു കൂട്ടി. ഇവിടെ അദ്ദേഹം രണ്ട് മഹത്തുക്കളെയാണ് നഷ്ടപ്പെടുത്തിയത്.... ഇതു തന്നെയാണ് നടന്നുകൊണ്ടിരിക്കുന്നത്. നിങ്ങൾക്ക് ഒരു മനസുണ്ട്, ഒരു പ്രത്യേകതരം മനസ്. ഒരു ആചാര്യന്റെ അടുത്ത് ചെന്ന് നിങ്ങൾ നിങ്ങളുടെ സ്വന്തം മനസു വച്ചാണ് അദ്ദേഹത്തെ അളക്കുന്നത്. നിങ്ങളുടെ മനസിന്റെ അളവുകോലുമായി പൊരുത്തപ്പെടുമെങ്കിൽ നിങ്ങൾക്ക് സന്തോഷമാകും; നിങ്ങൾ അദ്ദേഹവുമായി ഒട്ടിച്ചേരും. എന്നാൽ അത് നിങ്ങൾക്ക് ഒരു സഹായവും ചെയ്യില്ല, കാരണം നിങ്ങളുടെ മനസുമായി അദ്ദേഹം പൊരുത്തപ്പെടുകയാണെങ്കിൽ അവിടെ നിങ്ങളുടെ മനസ് കൂടുതൽ സുദൃഢമാവുകയാണ്. നിങ്ങൾ യാഥൃശ്ചികമായെങ്കിലും ഒരു യഥാർത്ഥ ഗുരുവിന്റെ സന്നിധിയിലെത്തുകയാണെങ്കിൽ അദ്ദേഹം നിങ്ങളുടെ മനസുമായി പൊരുത്തപ്പെടണമെന്നില്ല. ഒരു ഗുരു എങ്ങനെ ആയിരിക്കണം എന്നുള്ള നിങ്ങളുടെ എല്ലാ ധാരണകളും അദ്ദേഹം തകിടം മറിച്ചു കളയും. അദ്ദേഹം നിങ്ങളെ തകർത്തു തരിപ്പിണമാക്കും. നിങ്ങളുടെ എല്ലാ പ്രതീക്ഷകളും അദ്ദേഹം മാറ്റിമറിക്കും. അദ്ദേഹം നിങ്ങളെ നിരാശനാക്കും, നിങ്ങളെ പല രീതിയിലുള്ള മോഹഭംഗങ്ങളിലൂടെ കടത്തിവിടും കാരണം നിങ്ങളിൽ ഏതെങ്കിലും രീതിയിൽ ഒരു ശരിയായ പ്രവർത്തനം തുടങ്ങണമെങ്കിൽ ഇത് മാത്രമാണ് ഏക പോംവഴി. അതിന് ശേഷവും നിങ്ങൾ അദ്ദേഹത്തോടൊപ്പം നിൽക്കാൻ തയ്യാറാണെങ്കിൽ, അങ്ങനെയാണെങ്കിൽ..... നിങ്ങൾ ഒരു ബുദ്ധനായി മാറുന്നതാണ്."..Thureeyam
No comments:
Post a Comment