കാലചക്രത്തിന്റെ സൂചി ഇതാ അതിപ്രധാനമായ ഒരു ചരിത്രസംഭവത്തിലേക്ക് വീണ്ടും ചൂണ്ടിക്കാട്ടുന്നു, ദേവി കുമാരിയുടെ ശ്രീപാദമുദ്രയണിഞ്ഞ് നില്‍ക്കുന്ന കന്യാകുമാരിയിലെ ശ്രീപാദപാറയിന്മേല്‍ 125 വര്‍ഷം മുമ്പു നടന്ന മഹത്തായ ധ്യാനത്തിലേക്ക്……. സ്വാമി വിവേകാനന്ദനെ ഭാരതത്തിന്റെ നവയുഗശില്പിയായി ഭാവന ചെയ്യുമ്പോള്‍ പല ചിത്രങ്ങളും മനസ്സില്‍ ഉയരുന്നു.
പര്‍വ്വതാകാരമായ ഒരു ശില-കാലം അതിലെ കൊത്തുപണികളെ എല്ലാം മായ്ച്ചുകളഞ്ഞിരിക്കുന്നു. മുള്‍പടര്‍പ്പുകളും ചെടികളും വള്ളികളും വേരുകളുമെല്ലാം അതിനെ ചുറ്റിവളര്‍ന്ന് ശിലയുടെ ഭംഗിതന്നെ പൊയ്‌പ്പോയിരിക്കുന്നു. അതീവകുശലനായ ഒരുശില്പിക്കു മാത്രമേ ആ ശിലയെ വീണ്ടും രൂപാന്തരപ്പെടുത്തി ശില്പമാക്കി മാറ്റാനാവൂ. ത്രേതായുഗത്തിലെ ഒരു സമാനചിത്രം മുന്നിലുയര്‍ന്നു വരുന്നു ഗൗതമമുനിയുടെ ആശ്രമം, ഭോഗലാലസ്യം കല്ലാക്കി മാറ്റിയ അഹല്യ. ആദ്ധ്യാത്മിക നവോത്ഥാനത്തിന്നായിശ്രീരാമപാദങ്ങളെ കാത്തുകിടന്ന അഹല്യ – ശ്രീരാമസ്പര്‍ശത്താല്‍ -അദ്ധ്യാത്മികതരംഗങ്ങളുടെ പ്രസരണത്താല്‍ ആ ശിലയില്‍ സുഷുപ്തമായി കിടന്നിരുന്ന ആദ്ധ്യാത്മികജീവന്‍ പുനരുദ്ധരിക്കപ്പെട്ടു.
അഹല്യ ശിലാരൂപത്തില്‍ നിന്ന് മുക്തയായി, ഗൗതമപത്‌നിയായി ഋഷിപാരമ്പര്യം തുടരാന്‍ ശക്തിയാര്‍ജ്ജിച്ചു. മറ്റൊരു യുഗത്തില്‍, രണ്ടുസേനകള്‍ക്കിടയില്‍ ഇതികര്‍ത്തവ്യതാമൂഢനായി മാറിയ അര്‍ജ്ജുനന്‍ തന്റെ ധാര്‍മ്മിക കടമകളെ മറന്ന് മനസാ ശിലാരൂപമായി മാറിയപ്പോള്‍ സാക്ഷാത് ഭഗവാന്‍ പാര്‍ത്ഥസാരഥി രൂപത്തില്‍ വന്ന് ഗീതാ പ്രവചനത്തിലൂടെ അര്‍ജ്ജുനന്റെ അജ്ഞാനക്ലൈബ്യത്തെ നശിപ്പിച്ച് കര്‍മ്മോന്മുഖനാക്കി.
ധര്‍മ്മസംരക്ഷകനായ യോദ്ധാവാക്കി യുദ്ധത്തില്‍ അധര്‍മ്മത്തെ നശിപ്പിച്ച് ധര്‍മ്മത്തെ പുന8സ്ഥാപിച്ചു. യുഗംതോറും നടക്കുന്ന ധര്‍മ്മഗ്ലാനിയും ധര്‍മ്മപുനരുത്ഥാനവും കാലത്തിന്റെ ലീലാവിലാസമാണ്. അതുതന്നെയാണ് ഈ കഴിഞ്ഞ 19-ാം നൂറ്റാണ്ടില്‍ ഇവിടെ ആവര്‍ത്തിക്കപ്പെട്ടത്.’’അമ്മയുടെ ജാലിചെയ്യാനുള്ള നിര്‍ദ്ദേശം ലഭിച്ച നരേന്ദ്രന്‍ ഭാരതം മുഴുവന്‍ ചുറ്റിക്കറങ്ങി അവസാനം അമ്മയുടെ പാദങ്ങളില്‍-കന്യാകുമാരിയില്‍ അഭയം തേടി. മൂന്നുദിവസത്തെ ഏകാഗ്രധ്യാനത്തിലൂടെ തന്റെ ദൗത്യമെന്തെന്ന് മനസ്സിലാക്കി.
കന്യാകുമാരിയിലെ ശ്രീപാദപാറയില്‍ ചെയ്ത ആ ധ്യാനത്തിന്നു ശേഷം താന്‍ ചെയ്യേണ്ട ‘അമ്മയുടെ ജോലി’യെപറ്റി ഏകദേശവിവരം അദ്ദേഹത്തി്ന്നു ലഭിച്ചു. അവിടെ വെച്ചാണ് നരേന്ദ്രന്‍ നവഭാരതശില്പിയായി രൂപംകൊണ്ടതും അനുഗൃഹീതനായതും. വീണ്ടും കന്യാകുമാരിദേവിയുടെ നടയ്ക്കല്‍ തിരിച്ചെത്തിനമസ്‌ക്കരിച്ചെഴുന്നേറ്റ നരേന്ദ്രന്‍ പ്രാര്‍ത്ഥിച്ചതിങ്ങനെ യായിരിക്കുമെന്ന് ഒരു കവി വിഭാവനം ചെയ്തിരിക്കുന്നു.
”സദാശിവാം ത്വാം കലയാമി സാദരംകുമാരികാം സര്‍വ്വചരാചരാത്മികാം ദദാത്വനുജ്ഞാം ഭവദീയവൈഭവപ്രകീര്‍ത്തനായാംബ ദിഗന്തരേഷുമേ”(ലോകമെമ്പാടും സഞ്ചരിച്ച് അമ്മയുടെ വൈഭവത്തെ പറ്റി പ്രകീര്‍ത്തിക്കുവാന്‍ അനുജ്ഞ നല്‍കിയാലും.)ശ്രീപാദപാറയില്‍ നിന്ന് മുന്നില്‍ നീണ്ടുനിവര്‍ന്നു കിടക്കുന്ന ഭാരതത്തെ നോക്കിയ സ്വാമിജിയുടെ മുമ്പില്‍ ഹിമാലയതുല്യമായ ആര്‍ഷസംസ്‌കാരം ശതാബ്ദികളുടെ ദുരുപയോഗം മൂലം ശിലാതുല്യമായി പ്രത്യക്ഷപ്പെട്ടിട്ടുണ്ടായിരിക്കാം.
വിദേശിയരുടെ ആക്രമണവും, ഭോഗസംസ്‌കാരത്തിന്റെ അതിപ്രസരണവും, സ്വസംസ്‌കൃതിയുടെ മഹത്വത്തെപ്പറ്റിയുള്ള ഭാരതീയരുടെ അജ്ഞതയും മനോഹരമായ ആ ശിലാരൂപത്തെ പൂര്‍ണ്ണമായും മൂടി വൈകൃതമാക്കിയിട്ടുണ്ടായിരുന്നു. അതിനെ വീണ്ടും ലോകോത്തരമായ ഒരു ശില്പമാക്കി മാറ്റുക, അതും ഏകാകിയായി, അടിമത്തത്തിലാണ്ട് സ്വത്വം നശിച്ച സ്വന്തം മണ്ണില്‍ നിന്നുകൊണ്ട്- അതത്ര എളുപ്പമായിരുന്നില്ല. പക്ഷെ അതാണ് തന്റെ ദൗത്യമെന്നും അതുചെയ്‌തേ താന്‍ അടങ്ങുകയുള്ളു എന്നും ആ സന്ന്യാസി മനസ്സിലുറച്ചുകൊണ്ടാണ് കന്യാകുമാരിയോട് വിടവാങ്ങിയത്.ഇനി നമുക്കാ ശില്പിയുടെ പണിപ്പുരയിലേക്കു ചെല്ലാം, എന്തെന്തു ആയുധങ്ങളാണ് അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്നതെന്നും അതെങ്ങനെ പ്രയോഗിച്ചുവെന്നും സൂക്ഷ്മമായി പരിശോധിക്കാം . ഇത് ഓരോ ഭാരതീയനും ഒരു വലിയ പാഠമായിരിക്കും.
സ്വയം ഉയര്‍ത്തെഴുന്നേല്‍ക്കാനും, ശിലാരൂപമായി മാറിയിരിക്കുന്ന മായിരിക്കുന്ന നമ്മുടെ സംസ്‌കൃതിയെ സ്വപ്രയത്‌നം കൊണ്ട് പുനരുദ്ധരി്ക്കാനും, ആ ദൗത്യനിര്‍വ്വഹണത്തിലൂടെ സ്വയം ഉദ്ധരിക്കപ്പെടുവാനും.ആദ്യം തന്നെ അദ്ദേഹം ആ ശിലയുടെ പ്രകൃതിയും നിലയും വിലയും സസൂക്ഷ്മം ശ്രദ്ധിച്ചിരിക്കും.ഒരിക്കലും നാശമില്ലാത്ത സത്യധര്‍മ്മാദികളുടെ സമ്മിശ്രമാണ് ആ ശില എന്നദ്ദേഹം കണ്ടെത്തി.കേടുപറ്റിയിരിക്കുന്നത് ശിലയ്ക്കില്ല.അതിന്മേല്‍ നൂറ്റാണ്ടുകളായി വന്നുചേര്‍ന്നിരിക്കുന്ന അശ്രദ്ധയും അനാചാരങ്ങളും,അന്ധവിശ്വാസവും എല്ലാത്തിലുമുപരി അജ്ഞതയുമാണ്,ആ രൂപഭംഗി നശിപ്പിച്ചതെന്ന് അദ്ദേഹത്തിന് പൂര്‍ണ്ണബോധ്യമായി.
യുക്തിയും,സയന്‍സും എന്ന രണ്ടു ഉളികള്‍ ഉപയോഗിച്ച് ശിലയുടെ മേല്‍ പടര്‍ന്നുപിടിച്ചിരിക്കുന്ന മാലിന്യങ്ങളെ ചെത്തിക്കളയാവുന്നതാണെന്ന് അദ്ദേഹത്തിന്ന് എളുപ്പത്തില്‍ മനസ്സിലായി.വിവേകവും വൈരാഗ്യവും എന്ന രണ്ടു ചുറ്റികകള്‍ അതിന്നാവശ്യമാണ്.അത് തന്റെ കൈവശമുണ്ടുതാനും.പണി ആരംഭിക്കാന്‍ ഒരു ശുഭമുഹൂര്‍ത്തം കണ്ടെത്തണം അത്രമാത്രം. അതേ,ആ ശുഭമുഹൂര്‍ത്തം സ്വാമിജിയെ ചക്രവാളങ്ങള്‍ക്കപ്പുറത്തു നിന്ന് മാടിവിളിച്ചു.അമേരിക്കയില്‍ ചിക്കാഗോവില്‍ നടക്കാനിരുന്ന ലോകമതമഹാസമ്മേളനം.
ലോകത്തെമ്പാടുമുള്ള മതാചാര്യന്മാരേയും സമുദായനേതാക്കളേയും ഒരേ വേദിയില്‍ ഒന്നിച്ചൊരേ സമയത്ത് കാണുവാനും സംവദിക്കുവാനുമുള്ള സുവര്‍ണ്ണാവസരം.ഇതിലും നല്ല മുഹൂര്‍ത്തമെവിടെ.ശ്രീരാമകൃഷ്ണദേവന്റെ ആജ്ഞയും മാതൃദേവിയുടെ അനുഗ്രഹവും ഈ മുഹൂര്‍ത്തത്തെ സര്‍വ്വഥാ ശുഭമുഹൂര്‍ത്തമാക്കിതീര്‍ത്തു.അങ്ങിനെ 1893 സെപ്റ്റംബര്‍ 11-ന്‍ ഉച്ചക്ക് നാലുമണിക്ക് ശ്രീരാമകൃഷ്ണന്റെ നരേന്ദ്രന്‍ തന്റെ ശില്പവേല ആരംഭിച്ചു.എപ്പോഴും പ്രഗത്ഭനായ ശില്പിയുടെ ആദ്യത്തെ കൊട്ടാണ് എല്ലാത്തിലും പ്രധാനവും വരാനിരിക്കുന്ന പ്രയത്‌നത്തിന്റെ മാര്‍ഗ്ഗം തെളിക്കുന്നതും.
അതുതന്നെയാണ് ഇവിടേയും സംഭവിച്ചത്.’അമേരിക്കയിലെ സഹോദരീ സഹോദരന്മാരേ’ മുത്തും പവിഴവും കോര്‍ത്തിണക്കിയ ഒരു നവരത്‌നമാല.അത് ഓരോ ശ്രോതാവിന്റെ ഹൃദയത്തിലും ചെന്നുവീണു.സ്വാമിജിയുടെ മാല തനിക്കുള്ളതാണെന്ന് ചിന്തിച്ച് ഓരോരുത്തരും ഹര്‍ഷപുളകാങ്കിതരായി അതിനെ സ്വീകരിച്ചു.ആദാതാവിനെ ഹര്‍ഷതാഡനങ്ങളാല്‍ അഭിനന്ദിച്ചു.അവിടുന്നങ്ങോട്ട് ആരംഭിച്ചു ആ യുഗാവതാരശില്പിയുടെ കൈവേലകള്‍.ഭാരതസംസ്‌ക്കാരമെന്ന മഹാശിലയുടെ മേല്‍ അടിഞ്ഞുകൂടിയിരുന്ന പൊറ്റയും പായലും മുള്‍പടര്‍പ്പുകളും ചെത്തി ചെത്തിക്കളയാന്‍.
യുക്തിയുക്തമായ വാദങ്ങളിലൂടെ സയന്‍സിന്റെ കൂട്ടുപിടിച്ച് വിവേക വൈരാഗ്യമായ കൊട്ടുവടികളും ഉപയോഗിച്ച് ക്ഷമയോടെ,ശിലയക്ക് യാതൊരു മുറിവോ പോറലോ ഏല്‍ക്കാതെ ഒമ്പതര വര്‍ഷമാണ് ആ ശില്പി തന്റെ ‘അമ്മയുടെ ജോലി’ എന്ന ഗുരുദേവന്‍ ഏല്‍പ്പിച്ച പണി തുടര്‍ന്നത്. ശിലയുടെ രൂപഭംഗി തെളിയുംതോറും,സത്യധര്‍മ്മാദികള്‍ തിളങ്ങാന്‍ തുടങ്ങവെ മാനവനിര്‍മ്മാണത്തിന്നായി പൂര്‍വ്വസൂരികള്‍ കൊത്തിവെച്ചിരുന്ന മറഞ്ഞുപോയിരുന്ന പല പല രൂപങ്ങളും സ്വാമിജിക്കു മുമ്പെ പ്രത്യക്ഷപ്പെട്ടു.ശിലയ്ക്കു നല്‍കിയ ഓരോകൊട്ടിലും പ്രതിധ്വനിച്ചത് സാര്‍വ്വലൗകിക ശബ്ദങ്ങളുടെ ആധാരമായ ഓങ്കാരനാദമായിരുന്നു പതുക്കെ കര്‍മ്മയോഗം,രാജയോഗം, ഭക്തിയോഗം,അതുല്യമായ ജ്ഞാനയോഗം ഇവയെല്ലാം സ്വയം ആ ശിലയില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി.
ഓരോ യോഗത്തിന്റെ രൂപഭംഗിയും സ്വന്തം സത്യാന്വേഷണചാതുര്യംകൊണ്ട് ആ യോഗാചാര്യന്‍ കൂടുതല്‍ കൂടുതല്‍ പ്രശോഭിപ്പിച്ചു.ഇന്നു ഭാരതത്തിനെ ലോകം കാണുന്നത് ജീവസ്സറ്റ ഒരു ശിലയായിട്ടല്ല മറിച്ച് ജീവസ്സുറ്റ ഒരു അപ്രതിമശില്പമായിട്ടാണ്.അടുത്ത് അറിയുന്നവരെ അത്ഭുതപരതന്ത്രരാക്കുന്ന ഒരു ദിവ്യമംഗളശില്പം.അടുക്കും തോറും,അറിയുംതോറും സ്വജീവിതത്തിനെ മാറ്റിമറിച്ചെഴുതുന്ന ഒരപൂര്‍വ്വചൈതന്യം. മാനവനിര്‍മ്മാണത്തിലൂടെ രാഷ്ട്രനിര്‍മ്മാണവും ഭൂലോകശാന്തിയും നേടിയെടുക്കാവുന്ന സന്ദേശങ്ങള്‍. ഇന്നും ഭാരതത്തിന്റെ ആദ്ധ്യാത്മിക വൈശിഷ്ട്യത്തേയും ഉയര്‍ച്ചയേയും ഉദ്‌ഘോഷിച്ചുകൊണ്ടിരിക്കുന്നു.
ശിലയായി മാറിക്കൊണ്ടിരുന്ന ഭാരതത്തിനെ ലോകോത്തരമായ ഒരുശില്പമാക്കി ആ നവഭാരതശില്പി സ്വാമി വിവേകാനന്ദന്‍ ഭാവിതലമുറകള്‍ക്കായി സമ്മാനിച്ചിരിക്കുന്നു. വീണ്ടം അത് വെറും ഒരു ശിലയായി മാറാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത് ഇന്നത്തെ ഭാരതീയരുടെ കടമയാണ്.കടമ നിര്‍വ്വഹണം അതിന്റെ ജീവിതദൗത്യമായി സ്വീകരിക്കാനുള്ള കരുത്ത് തന്ന് സ്വാമിജി നമ്മെ അനുഗ്രഹിക്കട്ടെ.
ജന്മഭൂമി: http://www.janmabhumidaily.com/news758334#ixzz52E8b1ER5
No comments:
Post a Comment