അന്നപ്രാശനം
പ്രിന്റ് എഡിഷന്‍ · December 14, 2017
ഇനി വളര്‍ന്നു വലുതാകുന്ന കാലഘട്ടത്തില്‍, അഥവാ മരണംവരെ അന്നം മുട്ടിക്കരുതേ എന്ന് അച്ഛനമ്മമാരുടെ പ്രാര്‍ത്ഥനയോടെ അവസാനിക്കുന്നതാണ്ഇതിന്റെ ചടങ്ങുകള്‍
അമ്മയില്‍നിന്ന് വേര്‍പെട്ട ശരീരം, മാസങ്ങളോളം അമ്മയുടെ പാല്‍ മാത്രം ആശ്രയിച്ച് ജീവിച്ചതിനുശേഷം, ദഹനേന്ദ്രിയങ്ങള്‍ വളര്‍ച്ച പ്രാപിച്ച്, ശരീരത്തിനാവശ്യമായ പുതിയ പോഷകങ്ങള്‍ സ്വീകരിക്കുവാന്‍ തയ്യാറാകുന്ന ദിവസങ്ങളില്‍ കൊടുത്തു തുടങ്ങുന്ന അന്നമാണ്, അന്നപ്രാശനത്തിന്റെ മുഖ്യഭാഗം. നല്ല ദിനത്തില്‍ നല്ല സ്ഥലത്ത് ആരംഭിക്കേണ്ടതാണ് ഈ ഭക്ഷണ സ്വീകരണം.
ജനനത്തിലൂടെ നമ്മുടെ ശരീരത്തിന് കാരണഭൂതമായ(സൃഷ്ടി)തുകൊണ്ടാണ് അച്ഛനും അമ്മയും ഈശ്വരതുല്യരായത്. ജനനശേഷം ശരീരത്തിന്, അമ്മയെ ആശ്രയിക്കുന്നതുപോലെ തത്തുല്യ പോഷകാംശമുള്ള പശുവിനെ, പാലിനായി ആശ്രയിക്കുന്നതുകൊണ്ട് പശുഗോമാതാവായി. തുടര്‍ന്ന് അന്നത്തിനായി (ആഹാരത്തിനായി)ഭൂമിയുടെ പാലും(ജലം)ഉല്‍പ്പന്നങ്ങളും (ധാന്യാദികള്‍) ഉപയോഗിച്ച് ശരീരം വളര്‍ത്തുന്നതുകൊണ്ട്, ശരീരത്തിനാധാരമായ ഭൂമി നമുക്ക് ഭൂമാതാവായി. ഭൂമാതൃത്വസ്വീകരണത്തിന്റെ ആദ്യദിവസമാണ് ചോറൂണ്! ഇനി വളര്‍ന്നുവലുതാകുന്ന കാലഘട്ടത്തില്‍, അഥവാ മരണംവരെ അന്നം മുട്ടിക്കരുതേ എന്ന് അച്ഛനമ്മമാരുടെ പ്രാര്‍ത്ഥനയോടെ അവസാനിക്കുന്നതാണിതിന്റെ ചടങ്ങുകള്‍.
ഓരോ ബന്ധുവും കൊടുക്കുന്ന അന്നാംശം ശരീരത്തില്‍ പ്രവേശിക്കുമ്പോള്‍, അറിഞ്ഞും അറിയാതെയും ശരീരത്തില്‍ പ്രവേശിക്കുന്നതെല്ലാം രോഗപ്രതിരോധശക്തി സ്വയം വര്‍ധിപ്പിക്കുവാന്‍ അവസരമുണ്ടാക്കുകയും ചെയ്യുന്നു. പുരോഹിതന്റെ സാന്നിദ്ധ്യത്തില്‍ ഈശ്വരപൂജ നടത്തി. പൂര്‍വികന്മാരെ സ്മരിച്ച്, വിഘ്‌നം വരാതിരിക്കുവാന്‍ ഗണേശ പൂജനടത്തി ഗുരുവിന്റെ അനുഗ്രഹത്തിനായി ഗുരുസ്മരണാമന്ത്രം ചൊല്ലിയാണ് ഈശ്വരനും നിവേദിച്ച അന്നം, അമ്മയും അച്ഛനും ബന്ധുക്കളും തുടര്‍ന്ന് സുഹൃത്തുക്കളും, കൊടുക്കുന്നത്. തലയ്ക്ക് കൈവച്ച് അനുഗ്രഹിക്കുന്ന ചടങ്ങും ആദ്യമാരംഭിക്കുന്നത് ഈ ദിവസമാണ്. കുഞ്ഞിന്റെ വളര്‍ച്ചയുടെ ഘട്ടത്തില്‍ സമൂഹവുമായി ബന്ധം ആരംഭിക്കുന്നതും ഈ സുദിനത്തിലാണ്. കുഞ്ഞിന് ബന്ധുക്കള്‍ ‘ചോറുകൊടുക്കുന്ന’ വേളയില്‍ മറ്റ് കുഞ്ഞുങ്ങള്‍ക്ക് മധുരപലഹാരം പ്രത്യേകം നല്‍കി സന്തോഷിപ്പിക്കുന്ന ചടങ്ങുമുണ്ട്.
വിദ്യാരംഭം: ഉപനയനം എന്ന ചടങ്ങിലൂടെയും വിദ്യാരംഭം നടത്താറുണ്ട്. സത്യാന്വേഷണത്തിന്റെ മാര്‍ഗമായി വിദ്യ സ്വീകരിക്കുവാന്‍ തുടങ്ങുന്ന ദിവസമാണിത്. ഉപനയനം എന്ന പദത്തിന്റെ അര്‍ത്ഥം അറിവിന്റെ അടുത്തേക്ക് കൊണ്ടുപോകുക എന്നാണ്. വിദ്യാരംഭം എന്ന ദിവസം തന്നെ വിജയദശമിയായി തിരഞ്ഞെടുത്തിരിക്കുന്നു. പുരാണേതിഹാസങ്ങളില്‍ വിജയത്തിന്റെ ദിവസമാണ് വിജയദശമി. അരിയില്‍ ഹരിശ്രീ ഗണപതയേ നമഃ എന്ന് എഴുതുമ്പോള്‍ അന്നമെന്ന ബ്രഹ്മചൈതന്യവും (അന്നം ബ്രഹ്മേതി വിജാനാത്) വിദ്യാസമ്പാദന ലക്ഷ്യവും ഒന്നാണെന്ന് സൂചിപ്പിക്കുന്നു.
സര്‍വോല്‍കൃഷ്ടമായ സ്വര്‍ണത്താല്‍ മാതാപിതാക്കളും പുരോഹിതനും ഹരിശ്രീ…. എന്ന് നാവിലെഴുതുമ്പോള്‍ ചൈതന്യവത്തും ശ്രേഷ്ഠവുമായ സരസ്വതിയും ലക്ഷ്മിയും നാവില്‍ വിളങ്ങട്ടെ എന്ന പ്രാര്‍ത്ഥനയുമുണ്ട്. ഇനിനുള്ള ജീവിതകാലം എഴുത്തിലൂടെയും ഭാഷയിലൂടെയും നടത്തുന്ന ആശയവിനിമയത്തിന് വിഘ്‌നം ഉണ്ടാകാതരിക്കുവാന്‍ വേണ്ടിയുള്ള പ്രാര്‍ത്ഥനയോടെയാണിത് ചെയ്യുന്നത്. അതിനാലത്രെ ഗണപതിയെ രചനയില്‍ വരുത്തുന്നത്. ഈശ്വരപൂജയ്ക്കുശേഷമാണ് ഈ കര്‍മ്മം നടത്തുക പതിവ്. മനുഷ്യന് സ്വന്തം ശരീരം ഒന്നാംഭാഗവും ഭക്ഷണം രണ്ടാം ഭാഗവുമാണെങ്കില്‍ മൂന്നാംഭാഗം വിദ്യയാണ്. അത് സ്വാംശീകരിക്കുന്നതിന്റെ ഉദ്ഘാടനവുമാണിവിടെ നടക്കുന്നത്.
ജന്മഭൂമി: http://www.janmabhumidaily.com/news752433#ixzz51BpqLts8
No comments:
Post a Comment