Wednesday, December 13, 2017

ഉത്തരസ്മാദുത്തരസ്മാദ് പൂര്‍വാപൂര്‍ശ്രേയായ ഭവതി
പലതരത്തിലുള്ള ഭക്തിയെക്കുറിച്ച് ഇവിടെ വിവരിച്ചതില്‍ ആദ്യമാദ്യം പറയുന്ന ഭക്തിക്ക് മാഹാത്മ്യവും ശ്രേയസ്സുമുണ്ട്. സത്സംഗംകൊണ്ട് നിസംഗത്വം എന്ന ഗുണത്തിലേക്കെത്താന്‍ കഴിയും. നിസംഗത്വം വന്നാല്‍ പ്രത്യേകിച്ച് താല്‍പര്യങ്ങളില്ലാത്തതിനാല്‍ നിരാശയോ അതൃപ്തിയോ ഇല്ല. അതുകൊണ്ടുതന്നെ ഇവിടെ കച്ചവട മനഃസ്ഥിതിയുമില്ല. ഈ ഭക്തിയില്‍ സമര്‍പണബുദ്ധി വര്‍ധിച്ച് നമ്മളറിയാതെ ഭഗവാനിലേക്ക് ലയിച്ചുചേരുന്നു. താനും ഭഗവാനും തമ്മിലുള്ള അകലം കുറഞ്ഞു കുറഞ്ഞ് ഒരുമിച്ചുചേര്‍ന്ന് ഒന്നായിത്തീരുന്നു. ഈ ഭാവത്തിലെത്തിയാല്‍ താനും ഭഗവാനും രണ്ടല്ല. ഭക്തന്‍ ഭഗവാന്റെ ഭാഗമായി മാറുന്നു. ഇത് ഉത്തമഭക്തിയാണ്.
തന്റെ രക്ഷയ്ക്കുവേണ്ടി പോലും ഇവിടെ പ്രാര്‍ത്ഥനയില്ല. ഭഗവാനെക്കുറിച്ചുള്ള അന്വേഷണവുമില്ല. താനും ഭഗവാനും ഒന്നായിക്കഴിഞ്ഞാല്‍ പിന്നെ എന്താണ് തിരയാനുള്ളത്.
ഭഗവാനെക്കുറിച്ചുള്ള അന്വേഷണം കൂടുന്നത് ജിജ്ഞാസുവിനാണ്. അയാള്‍ക്ക് അറിയാനുള്ള ആഗ്രഹം കൂടുതലാണ്. എന്നാല്‍ തന്നില്‍നിന്നും വിഭിന്നമായ തന്നേക്കാള്‍ ശ്രേഷ്ഠനായ ആ ഭഗവാനെ അന്വേഷിച്ചിറങ്ങുന്ന ആ ഭക്തന്‍ ക്രമേണ അന്വേഷണം കേന്ദ്രീകൃതമാകുന്നു. അങ്ങനെ ഏകാഗ്രതയിലേക്കെത്തുമ്പോള്‍ ശ്രദ്ധാകേന്ദ്രം തന്നില്‍നിന്ന് വിഭിന്നമല്ലാതായി മാറുന്നതോടെ പരമപ്രേമമാര്‍ഗത്തിലേക്കെത്തുന്നു.
തനിക്ക് ലൗകീക സുഖങ്ങള്‍ നേടാനുള്ള ഭക്തിയും ക്രമേണ പരിവര്‍ത്തനം വരാനിടയുണ്ട്. കാരണം ഇതും ഭക്തിയുടെ ഒരു പടിയാണ്. ഭഗവാനെ സേവിക്കലാണ്. എന്നാല്‍ ഈ ഭക്തിയുടെ വളര്‍ച്ചയെ മനോഭാവത്തിലെ സ്വാര്‍ത്ഥത പിന്നിലേക്ക് വലിച്ചുകൊണ്ടേയിരിക്കും.
തന്റെ സ്വാര്‍ത്ഥതക്കുവേണ്ടി മറ്റുള്ളവരെ നിന്ദിച്ചുകൊണ്ടേയിരിക്കുന്നതിനാല്‍ ദൈവത്തിനു നിരക്കാത്ത അവസ്ഥയാകും. മറ്റുള്ളവരെ വേദനിപ്പിക്കുന്നതോടെ ദൈവാനുകൂല്യം കുറയും. അതിനാല്‍ ഈ ഭക്തന്റെ കാര്യസാദ്ധ്യം മുടങ്ങും.
ഇത് ഇയാളുടെ ഭക്തിയെ കുറയ്ക്കും. പരോപദ്രവം കുറയ്ക്കുകയും മറ്റുള്ളവരിലും ദൈവികസാന്നിദ്ധ്യം കാണാന്‍ ശ്രമിക്കുകയുംചെയ്താല്‍ ഈ വിഭാഗക്കാര്‍ക്കും ഭക്തിയുടെ ഉയര്‍ന്നതലങ്ങളിലേക്ക് കയറി സ്വയം ലയിക്കാന്‍ അവസരമൊരുങ്ങും. നാരദഭക്തിസൂത്രം


ജന്മഭൂമി: http://www.janmabhumidaily.com/news752430#ixzz51Bq6BuUe

No comments: