Thursday, December 07, 2017

ഉപനിഷത്തിലൂടെ - 16
സമര്‍ത്ഥനായ ബ്രഹ്മജ്ഞാനിയായ ഒരു ആചാര്യനു മാത്രമേ ജ്ഞാനോപദേശം ചെയ്ത് പരമാത്മ തത്ത്വത്തെ പകര്‍ന്നുകൊടുക്കാനാകൂ.ന നരേണാ വരേണ പ്രോക്ത ഏഷസുവിജ്ഞേയോ ബഹുധാചിന്ത്യമാനഃഅനന്യപ്രോക്തേ ഗതിരത്ര നാസ്തിഅണീയാന്‍ ഹ്യതര്‍ക്ക്യമന്നുപ്രമാണാത്താഴ്ന്ന നിലവാരമുള്ള ഒരാള്‍ ഉപദേശിച്ചുതന്നാല്‍ ആത്മതത്ത്വം മനസ്സിലാക്കുവാന്‍ സാധിക്കില്ല. എന്നാല്‍ ആത്മസാക്ഷാത്കാരം നേടിയ ഒരാള്‍ പറഞ്ഞു തന്നാല്‍ അറിയാന്‍ കഴിയുകയും ചെയ്യും.
പരമാണുവിനേക്കാള്‍ സൂക്ഷ്മമായ ആത്മതത്ത്വത്തെ തര്‍ക്കംകൊണ്ടോ യുക്തികൊണ്ടോ മനസ്സിലാക്കാനാവില്ല. പലരും പലവിധത്തില്‍ വിചാരിച്ചിട്ടുള്ളതാണ് ആത്മാവ്. ചിലര്‍ ഉണ്ടെന്നും മറ്റുചിലര്‍ ഇല്ലെന്നും വേറെ ചിലര്‍ കര്‍ത്താവെന്നും മറ്റൊരു കൂട്ടര്‍ അകര്‍ത്താവെന്നും ചിലയാളുകള്‍ ശുദ്ധനെന്നും മറ്റുള്ളവര്‍ അശുദ്ധനെന്നും ഈ ആത്മാവിനെ കരുതുന്നു. പ്രാകൃതമായ ബുദ്ധിയോടും മനുഷ്യനെന്ന അഭിമാനവും ഉള്ള ഒരാള്‍ ഇതിനെ ഉപദേശിച്ചുതന്നാലും കേട്ടവര്‍ക്ക് മനസ്സിലാക്കാന്‍ കഴിയില്ല. പിന്നെ എങ്ങനെ അറിയും. താനല്ലാതെ വേറെ ഒന്നുള്ളതായി കാണാത്തവരും ബ്രഹ്മം തന്നെയായിത്തീര്‍ന്നവനുമായ ആചാര്യന്‍ ഉപദേശിച്ചാല്‍ അത് പെട്ടെന്ന് മനസ്സിലാകും.
ആത്മാവിനെ സാക്ഷാത്ക്കരിച്ച ആചാര്യന് വികല്‍പങ്ങലൊന്നുമില്ലാത്തതിനാല്‍ അദ്ദേഹത്തില്‍ നിന്ന് ഇതിനെ അറിയുന്നവനും വികല്‍പങ്ങളൊക്കെ തീരും.’അനന്യപ്രോക്തേ ഗതിരത്രനാസ്തി’ എന്നതിന്  രണ്ട് തരത്തില്‍ അര്‍ത്ഥമുണ്ട്. അനന്യം-അന്യമല്ലാത്തത്. തന്റെ ആത്മാവുതന്നെ ആയിട്ടുള്ളത്. ഗതി എന്നാല്‍ അവഗതി, അറിവ്. അനന്യമായി പ്രോക്തമായാല്‍ പിന്നെ ഗതിയില്ല. പരമാത്മാവില്‍നിന്ന് അന്യമല്ല തന്റെ ആത്മാവ്. ആത്മാവും പരമാത്മാവും ഒന്നുതന്നെ എന്ന് ഉപദേശിച്ചാല്‍ പിന്നെ അറിയേണ്ടതായി ഒന്നുമില്ല. പിന്നെ സംസാരഗതി ഉണ്ടാകില്ല.
ആത്മജ്ഞാനം നേടി ആത്മസ്വരൂപിയായ ഗുരുവിനാല്‍ ഉപദേശംകിട്ടിയാല്‍ ജ്ഞാനം നശിക്കും. ആത്മാവിനെപ്പറ്റിയുള്ള സകല അറിവില്ലായ്മയും നീങ്ങും. മോക്ഷം ലഭിക്കുമെന്നതിനാല്‍ സംസാരഗതിയും അവസാനിക്കും. ജ്ഞാനിയായ ഗുരുവിന്റെ ഉപദേശമില്ലെങ്കില്‍ ഒരു ഗതിയും കിട്ടില്ല. അണുവിനെക്കാള്‍ സൂക്ഷ്മമായ ആത്മാവ് യുക്തികള്‍ക്കെല്ലാം  അതീതമാണ്. അനുഭവ സമ്പന്നനായ ഗുരുവിലൂടെ കേള്‍ക്കാന്‍ കഴിഞ്ഞാലേ ആത്മാനുഭവം ഉണ്ടാകൂ.
ആത്മവിഷയത്തില്‍ ഇനി താര്‍ക്കികന്മാര്‍ അണു, പരമാണു, അണുതരം, അണുതമം എന്നൊക്കെ വാദിച്ച് തര്‍ക്കിച്ചാലോ കാര്യമില്ല. ആത്മാവ് വെറും തര്‍ക്കംകൊണ്ട് അറിയാന്‍ കഴിയുന്നതല്ല. ആത്മജ്ഞാനിക്കേ അതിനെ വേണ്ടവിധത്തില്‍ ഉപദേശിക്കാനാകൂ.നൈഷാ തര്‍ക്കേണ മതിരാപനേയാപ്രോക്താന്യേനൈവ സുജ്ഞാനായ പ്രേഷ്ഠയാം ത്വമാപഃ സത്യധൃതിര്‍ ബതാസിത്വാദൃങ്‌നോ ഭുയാന്നചികേതഃ പ്രഷ്ടാനചികേതസ്സേ ഇപ്പോള്‍ നിനക്ക് കിട്ടിയ ഈ അറിവ് തര്‍ക്കംകൊണ്ടോ യുക്തികൊണ്ടോ നേടാവുന്നതല്ല. ആത്മജ്ഞാനിയായ ആള്‍ ഉപദേശിച്ചാല്‍ മാത്രമേ ഇതിനെ അറിയാനാവൂ.
നിന്നെപ്പോലെ സത്യത്തിലുറച്ചവനായ ചോദ്യം ഉന്നയിക്കുന്നവരായ ശിഷ്യര്‍ എനിക്ക് ഉണ്ടാകട്ടെ. ആത്മജ്ഞാനം ഒരാള്‍ക്ക് തനിയേ നേടാന്‍ പ്രയാസമാണ്. ഗുരുവിന്റെ സഹായം നിശ്ചയമായും വേണം. ആത്മജ്ഞാനത്തിന്റെ വിശിഷ്ടതയും ഗ്രഹിക്കാനുള്ള പാടും വീണ്ടും ഉറപ്പിച്ച് പറയുകയാണിവിടെ. നചികേതസ്സിനെപ്പോലെയുള്ള ഉത്തമശിഷ്യരുണ്ടാകട്ടെയെന്നത് യമന്‍ നല്‍കുന്ന പ്രശംസ കൂടിയാണ്. വെറും തര്‍ക്കംകൊണ്ടോ യുക്തികൊണ്ടോ ആത്മജ്ഞാനത്തെ നേടാനാവില്ല. ആത്മസ്വരൂപം തന്നില്‍നിന്ന് അന്യമല്ലെന്ന് അനുഭവമായ ആത്മജ്ഞാനി ഉപദേശിച്ചാലേ അത് വേണ്ടവിധം മനസ്സിലാക്കാനാവൂ.
അറിയണം എന്ന് ആഗ്രഹത്തോടെ ചോദിക്കുന്നവര്‍ക്കാണ് ഉത്തരം ലഭിക്കുക.അടുത്ത രണ്ട് മന്ത്രങ്ങളിലും യമധര്‍മ്മദേവന്‍ നചികേതസ്സിനെ പുകഴ്ത്തുകയാണ്. പ്രലോഭനങ്ങളില്‍ വീഴാതെ ആത്മജ്ഞാനത്തില്‍ ഉറച്ചുനിന്നതിന് തനിക്ക് പോലും സര്‍ഗ്ഗസുഖങ്ങളെ നല്‍കുന്ന പ്രലോഭനങ്ങളെ അതിജീവിക്കാനായില്ലെന്നും നചികേതാഗ്നിയെ ചയനം ചെയ്‌തെന്നും യമന്‍ പറയുന്നു. ആ യാഗഫലമായാണ് യമപദം കിട്ടിയത്. കര്‍മ്മങ്ങളെക്കൊണ്ട് നേടാവുന്ന ഉത്കൃഷ്ട ഫലങ്ങള്‍ അനിത്യമാണെന്നറിഞ്ഞിട്ടും പ്രലോഭനം കാരണം ആത്മജ്ഞാനത്തില്‍ തന്നെ മനസ്സിനെ ഉറപ്പിക്കുവാന്‍ തനിക്ക് കഴിഞ്ഞില്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.നചികേതസ്സ് തന്റെ ദൃഢനിശ്ചയംകൊണ്ട് വളരെക്കാലം നിലനില്‍ക്കുന്ന ഹിരണ്യഗര്‍ഭ പദത്തെപ്പോലും ഉപേക്ഷിച്ചു.
എല്ലാവരും കൊതിക്കുന്ന ബ്രഹ്മലോകം പോലും വേണ്ടെന്നുവച്ചു. ആഗ്രഹങ്ങളെല്ലാം അവസാനിക്കുന്നതും ലോകങ്ങള്‍ക്ക് ആധാരമായതും യജ്ഞങ്ങളുടെ ഫലം നല്‍കുന്നതുമാണ് ഇവിടം. ധീരതയോടെ അവയെല്ലാം ഉപേക്ഷിച്ചത് തീവ്രവൈരാഗ്യവും നിശ്ചയദാര്‍ഢ്യവും ഉള്ളതിനാലാണ്. ബ്രഹ്മജ്ഞാനത്തിന് എല്ലാത്തരത്തിലും അധികാരിയാണ് നചികേതസ്സെന്ന് ബ്രഹ്മവിദ്യാചാര്യനായ യമധര്‍മ്മരാജന്‍ സാക്ഷ്യപ്പെടുത്തുന്നു.


ജന്മഭൂമി: http://www.janmabhumidaily.com/news749273#ixzz50cWNSVZr

No comments: