Monday, December 18, 2017

ഉപനിഷത്തിലൂടെ - 27
ആത്മാവിനെ അറിയാന്‍ ഏകാഗ്രമായ ബുദ്ധി വേണം. ഏകാഗ്രമായ ബുദ്ധിക്ക് തടസ്സം എന്താണ്? ഈ തടസ്സം നീക്കി ആത്മാവിനെ അറിയാനുള്ള വഴികാണിക്കാനായി രണ്ടാം അധ്യായത്തിലെ ഒന്നാം വല്ലി തുടങ്ങുന്നു.
പരാഞ്ചി ഖാനി വ്യതൃണത് സ്വയംഭൂ-
സ്തസ്മാത് പരാങ്പവ്യതി നാന്തരാത്മന്‍
കശ്ചിദ്ധീര പ്രത്യഗാത്മന മൈക്ഷ-
ദാവൃത്തചക്ഷുരമൃതത്വ മിച്ഛന്‍
ഈശ്വരന്‍ അഥവാ ബ്രഹ്മാവ് ഇന്ദ്രിയങ്ങളെ ബഹിര്‍മുഖങ്ങളാക്കി സൃഷ്ടിച്ച് അവയുടെ കഴിവിന് കുറവ് വരുത്തി. അതിനാല്‍ ഇന്ദ്രിയങ്ങള്‍ക്ക് പുറത്തുള്ള വിഷയങ്ങളെ മാത്രമേ അറിയാനാകുന്നുള്ളൂ. ആത്മാവിനെ കാണാനാകുന്നില്ല. ഒരു ധീരന്‍ അമൃതത്ത്വത്തെ ആഗ്രഹിച്ച് കണ്ണ് മുതലായ ഇന്ദ്രിയങ്ങളെ ഉള്ളിലേക്ക് തിരിച്ച് പ്രത്യഗാത്മാവിനെ കണ്ടു (സാക്ഷാത്കരിച്ചു).
ആത്മാവിനെ അറിയാന്‍ നമുക്ക് തടസ്സമെന്ത് എന്നറിഞ്ഞാല്‍ അത് പരിഹരിക്കാന്‍ കഴിയും. ബ്രഹ്മാവ് സൃഷ്ടിച്ച സമയത്ത് ഇന്ദ്രിയങ്ങളെ പുറമേക്ക് മാത്രമുള്ള കാര്യങ്ങളെ അറിയുന്ന തരത്തില്‍ ബഹിര്‍മുഖങ്ങളാക്കിത്തീര്‍ത്ത് അവയ്ക്ക് ന്യൂനതയുണ്ടാക്കി. പുറത്തുള്ള വിഷയങ്ങളെല്ലാം അറിയാമെങ്കിലും ഉള്ളിലിരിക്കുന്ന ആത്മാവിനെ അറിയാന്‍ കഴിയുന്നില്ല. ഇവ ആത്മദര്‍ശനത്തിന് അശക്തങ്ങളായി. ജനനമരണങ്ങളില്‍നിന്ന് മുക്തി നേടാനാഗ്രഹിക്കുന്ന ബുദ്ധിമാന്മാര്‍ ഇന്ദ്രിയങ്ങളെ വിഷയങ്ങളില്‍നിന്ന് പിന്തിരിച്ച് അന്തര്‍മുഖങ്ങളാക്കി ആത്മദര്‍ശനത്തെ നേടുന്നു.
ഇന്ദ്രിയങ്ങളെ ‘പരാഞ്ചി ഖാനി’ എന്നാണ് ഈ മന്ത്രത്തില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. പരാഞ്ചി എന്നാല്‍ ‘പരാക്കുകള്‍’. പരാക്ക് എന്നാല്‍ ആത്മാവില്‍നിന്ന് പിന്തിരിഞ്ഞ് പോകുന്നവ. ‘ഖ’ എന്നത് ആകാശം മുതലായവയുമായി ബന്ധപ്പെട്ട ‘ശ്രോതം’ തുടങ്ങിയ ഇന്ദ്രിയങ്ങളെ കുറിക്കുന്നു. നദിയെ മേല്‍പ്പോട്ടോ മറ്റൊരിടത്തേക്കോ തിരിച്ചുവിടുംപോലെയാണ് ബുദ്ധിമാന്മാര്‍ ഈ ഇന്ദ്രിയങ്ങളെ ആത്മാവിലേക്ക് തിരിക്കുന്നത്. ഇന്ദ്രിയങ്ങളുടെ സ്വാഭാവിക പ്രവര്‍ത്തനത്തെ മാറ്റി എന്തിനാണ് ഇത്ര വളരെ പ്രയാസപ്പെട്ട് ഉള്ളിലേക്ക് തിരിക്കുന്നത് എന്നതിനു ഉത്തരം അമൃതത്ത്വത്തെ നേടാന്‍ എന്നാണ്.
പുറമെയുള്ള വിഷയങ്ങളില്‍ മുഴുകുകയും പ്രത്യഗാത്മാവിനെ കാണുകയും രണ്ടുംകൂടി ഒരാള്‍ക്ക് സാധിക്കില്ല. എന്നാല്‍ ചിലപ്പോള്‍ ആരെങ്കിലും വിഷയങ്ങളെ ഉപേക്ഷിക്കാനും ഇന്ദ്രിയങ്ങളെ ആത്മാഭിമുഖമാക്കാനും തയ്യാറാകുന്നത് അവര്‍ക്ക് ആത്മാവിനെ അറിയാന്‍ സാധിക്കും. ഈയൊരു പരിശീലനം ആത്മസാക്ഷാത്കാരത്തിന് ആവശ്യമാണെന്ന് ഇവിടെ സൂചിപ്പിക്കുന്നു. ആത്മവിഷയത്തില്‍ അറിവുള്ളവരും ഇല്ലാത്തവരും തമ്മിലുള്ള വ്യത്യാസത്തെ അടുത്ത മന്ത്രത്തില്‍ പറയുന്നു.
പരാചഃ കാമാനനുയന്തി ബാലാ-
സ്‌തേമൃത്യോര്യന്തി വിതതസ്യപാശം
അഥധീരാ അമൃതത്വം വിദിത്വാ
ധ്രുവമധ്രുവേഷ്വിഹന പ്രാര്‍ത്ഥയന്തേ
മന്ദബുദ്ധികളായവര്‍ ബാഹ്യങ്ങളായ കാമ്യവിഷയങ്ങളെ പിന്തുടര്‍ന്ന് വിശാലമായ മൃത്യുപാശത്തില്‍ പെടുന്നു. എന്നാല്‍ ബുദ്ധിമാന്മാര്‍ അമൃതത്ത്വത്തെ അറിഞ്ഞിട്ട് ഈ ലോകത്തിലെ അനിത്യവസ്തുക്കളിലൊന്നിനേയും ആഗ്രഹിക്കുന്നില്ല.
ലൗകീക വിഷയങ്ങളുടെ പുറമേ പോകുന്ന അല്‍പബുദ്ധികളായവരെ കാത്തിരിക്കുന്നത് മൃത്യപാശമാണ്. അവിദ്യ-കാമ-കര്‍മ്മം ഇവയാണ് മൃത്യു. ഇതുമൂലമുണ്ടാകുന്ന ജനനം, മരണം, രോഗം മുതലായവ മൃത്യുവിന്റെ വലയായി പറഞ്ഞിരിക്കുന്നു. വിവേകികള്‍ ഭൗതിക സുഖഭോഗങ്ങളെ വെടിഞ്ഞ് ആത്മജ്ഞാനത്തിനായി യത്‌നിക്കും.
ആത്മാവിനെ അറിയുന്നത് എപ്രകാരമായിരിക്കണം അഥവാ അറിയുന്നതെങ്ങനെ എന്ന് ഇതില്‍ പറയുന്നു.
യേന രൂപം രസം ഗന്ധം
ശബ്ദാന്‍ സ്പര്‍ശാംശ്ച മൈഥുനാന്‍
ഏതേനൈവ വിജാനാതി
കിമത്ര പരിശിഷ്യതേ, ഏതദ്വൈതത്.
യാതൊന്നാണോ രൂപം, രസം, ഗന്ധം, സ്പര്‍ശം, ശബ്ദം, മൈഥുനം തുടങ്ങിയ സുഖങ്ങളേയും അറിയുന്നത്, അതിന് അറിയാന്‍ കഴിയാത്തതായി ഒന്നും അവശേഷിക്കാത്തത് ആ ആത്മതത്ത്വമാണ് നീ അറിയാന്‍ ആഗ്രഹിച്ചത് എന്ന് യമന്‍ നചികേതസ്സിനോട് പറയുന്നു. ആത്മാവിന് അറിയാന്‍ കഴിയാത്തതായി ലോകത്തില്‍ ഒന്നുമില്ല. എല്ലാ അനുഭവങ്ങളേയും അറിയുന്നവനായിരിക്കുന്ന ആത്മാവ് ദേഹത്തില്‍നിന്ന് വേറെ തന്നെയാണ്. ‘ഏതദ് വൈ തത്’ എന്നതുകൊണ്ട് ഉദ്ദേശിച്ചത് നചികേതസ്സ് ചോദിച്ചതും ദേവന്മാര്‍ കൂടി സംശയിച്ചിട്ടുള്ളതും ധര്‍മ്മ അധര്‍മ്മങ്ങളില്‍നിന്ന് വേറെ ആയതും വിഷ്ണുവിന്റെ പരമപദമെന്ന് പറഞ്ഞതുമായ ആത്മതത്ത്വത്തെയാണെന്ന് ആചാര്യ സ്വാമികള്‍ പ്രസ്താവിക്കുന്നു. എല്ലാം അറിയുന്ന ഇപ്പറഞ്ഞതുതന്നെ അത് എന്നര്‍ത്ഥം.


ജന്മഭൂമി: http://www.janmabhumidaily.com/news754944#ixzz51ethqlnQ

No comments: