Monday, December 18, 2017

ഗര്‍ഗഭാഗവതത്തിലെ ത്രിവക്രയ്ക്ക് ഭഗവാനോട് ഒടുങ്ങാത്ത ഭക്തിയാണ് വളര്‍ന്നുമുറ്റുന്നത്. ഭാഗവതത്തിലെ സൈരന്ധിയ്ക്ക് പക്ഷേ, കൃഷ്ണനോട് അടങ്ങാത്ത അനുരാഗമാണ് മുളയെടുത്തത്, അല്ലേ? മുത്തശ്ശി തിരക്കി.
‘അതേല്ലൊ’- മുത്തശ്ശന്‍ തുടര്‍ന്നു: ‘ഭഗവാന്റെ വാത്സല്യം ഭാഗവതത്തിലെ സൈരന്ധ്രിയെ ത്രിവക്രയല്ലാതാക്കി; രൂപവതിയായ ഗോപസ്ത്രീയാക്കി.
സാ തദര്‍ജൂസമാനാംഗീ ബൃഹച്ഛ്‌റോണിപയോധരാ
മുകുന്ദസ്പര്‍ശനാത് സദ്യോ ബഭൂവ പ്രമദോത്തമാ
അവള്‍ മുകുന്ദന്റെ സ്പര്‍ശത്താല്‍ വലുതായ ശ്രോണീ പ്രദേശത്തോടും പീനസ്തനങ്ങളോടുകൂടിയ ലോകസുന്ദരിയായി ഭവിച്ചു.
‘വ്യാസഭഗവാന്റെ കല്‍പനയുടെ ചുവട്ടില്‍ത്തന്നെയാണ് തുഞ്ചത്താചാര്യന്‍ കിളിപ്പാട്ട് രചിച്ചിരിക്കുന്നത്,അല്ലേ’
മുത്തശ്ശി ചൊല്ലി-
അപ്പോള്‍ വളവു നിവര്‍ന്നുപോയ് സ്വച്ഛമായ്
ചില്‍പുമാന്റെ സ്പര്‍ശപുണ്യവിലാസേന
സുന്ദരീമാര്‍ക്കൊരു സുന്ദരിയായവള്‍
മന്ദാക്ഷലജ്ജയാ കുമ്പിട്ടു തല്‍ക്കുചം
മന്ദഭാവേന മറച്ചു ഭൂമണ്ഡലേ
തന്നുടെ കാല്‍വിരല്‍കൊണ്ടു വരച്ചിട്ടു
നന്ദാത്മജനോടു ചൊല്ലിനാന്‍ മന്ദമായ്:
സുന്ദരനാം ഭവാനിന്നെന്‍ ഗൃഹത്തിങ്കല്‍
വന്നുപോരേണമതെന്നേ മതിയാവു
നിന്നെപ്പിരിഞ്ഞുപോവാന്‍ വശമില്ലെനി-
ക്കിന്നു ഭവല്‍കൃപകൊണ്ടു രക്ഷിക്കമാം
സുന്ദരീ വാക്കുകള്‍ കേട്ടു മുകുന്ദനും
തന്നുടെ കൂടെയുള്ളോരു വയസ്യരെ
ഒന്നുതിരിഞ്ഞുനോക്കിപ്പറഞ്ഞീടിനാന്‍.
സുന്ദരിമാര്‍ കുല മൗലിമാണിക്യമേ
ചന്ദ്രസമമുഖി ചന്ദ്രികാഹാസിനി
ഇന്നൊരു കാര്യം നിമിത്തമായ് പോകുന്നു
മന്ദമെന്യേയതു സാധിച്ചു മോദേന
വന്നീടുവന്‍ നിന്‍ ഗൃഹത്തില്‍ വൈകീടാതെ
സുന്ദരി നിന്മനസ്സാധ്യം വരുത്തുവാന്‍…
‘ത്രിവക്രയെ പറഞ്ഞയച്ചശേഷം കൃഷ്ണന്‍ ചാപപൂജ നടക്കുന്ന സ്ഥലത്തെക്കുറിച്ചു പൗരന്മാരോട് ചോദിച്ചറിഞ്ഞ് അവിടെയെത്തിയെന്നല്ലേ ഭാഗവതതത്തിലും ഗാഥയിലും കാണുന്നത്?
‘അതെ-‘ മുത്തശ്ശന്‍ പറഞ്ഞു: ‘പക്ഷേ, ഗര്‍ഗഭാഗവതത്തില്‍ ത്രിവക്രയാണ് അവരെ അവിടേക്ക് കൊണ്ടുപോവുന്നത്. അവള്‍ കുമാരന്മാരെ നഗരംകാണിക്കാന്‍ കൊണ്ടുനടക്കുന്നതിന്നിടയില്‍ വഴിക്കുവച്ച് കംസന്റെ മഹാമന്ത്രിയായ പ്രദ്യോതനെ കാണുന്നു. പ്രദ്യോതന് ത്രിവക്രയെ അറിയാം. പക്ഷേ, പുതിയ രൂപമേറ്റ അവളെ അദ്ദേഹത്തിന് തിരിച്ചറിയാനായില്ല. അദ്ദേഹത്തോട് പരിചയം ഭാവിക്കാന്‍ ചെന്ന സൈരന്ധ്രിയോട് ഗൗരവത്തില്‍ പ്രദ്യോതന്‍ തിരക്കി: ‘ആരാണ് നീ?’
‘പ്രഭോ! ഇത് ഞാനാണ്. ത്രിവക്ര’-
അപ്പോള്‍ അമ്പരന്നത് മഹാമന്ത്രിയാണ്. തന്റെ കണ്ണുകളെ വിശ്വസിപ്പിക്കാനെന്നവണ്ണം അദ്ദേഹം അവളെ രണ്ടുമൂന്നുവട്ടം ഊന്നിനോക്കി; സാത്ഭുതം മൊഴിഞ്ഞു: ‘നീയാകെ മറ്റൊരാളായല്ലോ’
കൃഷ്ണന്റെ നേരെ ഭക്തിപൂര്‍വം കണ്ണയച്ചുകൊണ്ട് അവര്‍ പറഞ്ഞു: ‘ഇതാ, ഈ ദൈവത്തിന്റെ കരങ്ങളാണ് എന്നെ ഇവ്വിധം മറ്റൊരാളാക്കിയത്.’
അപ്പോഴാണ് മഹാമന്ത്രി പ്രദ്യോതന്‍ കൃഷ്ണനെ ശ്രദ്ധിച്ചത്. താന്‍ നന്ദകുമാരനാണെന്നും, കൂടെയുള്ളത് ഏട്ടന്‍ ബലരാമനാണെന്നും പൂജ്യ അക്രൂരന്‍ തങ്ങളെ ഗോകുലത്തില്‍നിന്നു കൊണ്ടുപോന്നതാണെന്നും ഇപ്പോള്‍ തങ്ങള്‍ നഗരം കാണാനിറങ്ങിയിരിക്കയാണെന്നും കൃഷ്ണന്‍ പ്രദ്യോതനെ ധരിപ്പിച്ചു. പ്രദ്യോതന് എല്ലാം അറിയാമായിരുന്നു; ദേവര്‍ഷി നാരദര്‍ സൂചന നല്‍കിയിരുന്നു. ആ സൂചനകള്‍ ഉള്ളിലിരുന്നു മന്ത്രിക്കുന്നത് മനസ്സിന് കേള്‍ക്കാം: ഇവന്‍ നന്ദകുമാരനല്ലാ, വസുദേവാത്മജനാണ്. ദേവകിയുടെ എട്ടാമത്തെ പുത്രന്‍. പൂതനയ്ക്കും തൃണാവര്‍ത്തനും അഘാസുരനും ബകനും ധേനുകനുമൊന്നും കൊന്നൊടുക്കുവാന്‍ കഴിയാത്ത സാക്ഷാല്‍ യദുകുല രക്ഷകന്‍…
‘അങ്ങ് ധനുര്‍യജ്ഞത്തിന്റെ പ്രധാന ചുമതലക്കാരനാണെന്നു പൂജ്യ അക്രൂരന്‍ പറഞ്ഞു. ഞങ്ങള്‍ക്ക് ചാപപൂജ നടക്കുന്ന വേദിയൊന്നു സന്ദര്‍ശിക്കാന്‍ പറ്റുമോ? കൃഷ്ണന്റെ ചോദ്യം പ്രദ്യോതനെ ചിന്തയില്‍ നിന്നുണര്‍ത്താന്‍ പോന്നു. മഹാമന്ത്രി പറഞ്ഞു: ‘ആവാമല്ലോ’-
പ്രദ്യോതന്‍ അവരെ യജ്ഞശാലയിലേക്ക് കൊണ്ടുപോയി. യജ്ഞമണ്ഡപത്തില്‍ വൈഷ്ണവ ചാപം പൂജയേറ്റിരുന്ന യജ്ഞത്തറ വലംവയ്ക്കവേ, കൃഷ്ണന്റെ മനസ്സ് മന്ത്രിച്ചു: ഈ വില്ല് കംസന്റെ ശക്തിയുടെ ചിഹ്നമാണ്. ഇത് തകര്‍ന്നാല്‍, സ്വന്തം ശക്തിയെക്കുറിച്ച് കംസന്‍ പടുത്തുയര്‍ത്തിയ മനക്കോട്ട തകര്‍ന്നു തരിപ്പണമാകും. അതെ. കംസന്റെ ശക്തി തകര്‍ക്കാനാവുമെന്നതിന്റെ അടയാളമായി ഈ വില്ല് കുലച്ചൊടിക്കാം. തന്റെ ശക്തിയുടെ അളവുകോലായി അത് ഉരുത്തിരിയുകയും ചെയ്യും.
കൃഷ്ണന്‍ മഹാമന്ത്രിയോട് ആദരവോടെ ആരാഞ്ഞു: ‘ധന്യാത്മന്‍! ഞാന്‍ അസ്ത്രകോവിദനൊന്നുമല്ലാ. പക്ഷേ, യജ്ഞപൂര്‍ത്തിയില്‍ ഈ വില്ലൊന്നു തൊടുക്കണമെന്നൊരു മോഹം ഉള്ളിലുണ്ട്. ആ മോഹം ഉള്ളില്‍ കൊണ്ടുനടക്കേണ്ടതുണ്ടോ എന്നറിയാന്‍ വേണ്ടിയാണ്-ഇതൊന്നു പൊക്കിനോക്കിയേക്കട്ടേ?’
കൃഷ്ണന്‍ അതിനിടയില്‍ ബലരാമനെ നോക്കി കണ്ണിറുക്കിക്കാട്ടി, മെല്ലെ ചിരിച്ചു. അത് ഒരു അനുവാദം ചോദിക്കലായിരുന്നു. ബലരാമന്‍ തലയനക്കി.
‘അതിനെന്താ വിരോധം?’ പ്രദ്യോതന്‍ പറഞ്ഞു. ‘പക്ഷേ’-
‘എന്താ, വല്ല തടസ്സവുമുണ്ടോ?’ കൃഷ്ണന്‍ ആരാഞ്ഞു.
‘എന്നല്ലാ’ പ്രദ്യോതന്‍ മനസ്സില്‍ പറഞ്ഞു: ചുറ്റും ചാരന്മാരാണ്. താന്‍ കൃഷ്ണനെ പ്രോത്സാഹിപ്പിച്ചു എന്നൊരുധാരണ ആര്‍ക്കുമുണ്ടാവരുതല്ലോ. തീരെ താല്‍പ്പര്യമില്ലാത്ത മട്ടില്‍, ഒട്ടും പ്രോത്സാഹനച്ചുവയില്ലാതെ പ്രദ്യോതന്‍ പറഞ്ഞു: ‘ശ്രമം ആര്‍ക്കുമാവാമല്ലോ.’
കൃഷ്ണന്‍ കുനിഞ്ഞ് വില്ലില്‍ തൊട്ടു. അനായാസം അത് കയ്യിലെടുത്തു. കണ്ടുനിന്നവരുടെ മുഖം അമ്പരന്നു.
‘ഞാനൊന്നു മുറുക്കി നോക്കട്ടെ?’ കൃഷ്ണന്‍ പ്രദ്യോതന്റെ സമ്മതം ആരാഞ്ഞു. മഹാമന്ത്രി സമ്മതം മൂളി: ‘നോക്കിക്കോളൂ.’കുത്തനെ നിന്ന വില്ലിന്റെ മുകളറ്റത്തു ഞാന്നു കിടന്ന ഞാണില്‍ കൃഷ്ണന്‍ കയ്യെത്തിച്ചു. ഇടതു കൈപ്പടം വില്ലിന്റെ മധ്യത്തില്‍ ഇറുകി. വലംകൈകൊണ്ട് ഞാണ്‍ മുറുക്കാന്‍ ശ്രമിക്കവേ-
മിന്നലില്ലാതെ ഒരിടി മുഴങ്ങിയതായി ഏവര്‍ക്കും തോന്നി. ഇടിമുഴങ്ങിയതല്ലാ. ആ വില്ല്- വൈഷ്ണവചാപം മുറിഞ്ഞ് രണ്ടു കഷണമായതാണ്… കിളിപ്പാട്ടിലിങ്ങനെ-
വാമകരേണ ധനുസ്സ് ലീലാര്‍ഥമായ്
ദേവദേവന്‍ കുലയേറ്റാന്‍ തുടര്‍ന്നപ്പോള്‍
കാത്തു നിന്നീടും ജനം വരും മുന്നമേ
ആര്‍ത്തിവിനാശന്‍ രണ്ടായ് മുറിച്ചിതു
മത്തഗജം കരിമ്പിന്‍കഴ പൊട്ടിക്കില്‍
ഇത്രയെളുപ്പമില്ലെന്നോര്‍ത്തു കണ്ടവര്‍
മുത്തശ്ശി പറഞ്ഞു: രാമനായി അവതരിച്ച ഭഗവാന്‍ ശൈവചാപം ഭഞ്ജിച്ചു. ഇപ്പോള്‍, കൃഷ്ണനായി അവതാരംകൊണ്ട് വൈഷ്ണവചാപത്തിന്റെ കഥയും കഴിച്ചു; അല്ലേ?
‘അങ്ങനെയും പറയാം’- മുത്തശ്ശന്‍ തലകുലുക്കി.



ജന്മഭൂമി: http://www.janmabhumidaily.com/news754970#ixzz51etRmDam

No comments: