Thursday, December 21, 2017

ഉപനിഷത്തിലൂടെ - 30
തെളിഞ്ഞ അഗ്നിപോലെ എല്ലാവരുടേയും ഉള്ളില്‍ പ്രകാശിച്ച് എന്നും നില്‍ക്കുന്ന ആത്മാവിനെ നാം സാക്ഷാത്കരിക്കണം. ബ്രഹ്മം അല്ലാതെ വേറെ എന്തെങ്കിലും ഉണ്ടെന്ന് ഇനിയും കരുതുന്നത് ശരിയല്ല
പെരുവിരല്‍ വലുപ്പത്തില്‍ ഹൃദയത്തില്‍ കുടികൊള്ളുന്ന ആത്മാവിന്റെ മഹത്വം വീണ്ടും പറയുന്നു:
അംഗുഷ്ഠ മാത്രഃ പുരുഷോ
ജ്യോതിരിവാധൂമകഃ
ഈശാനോ ഭൂതഭവ്യസ്യ സ
ഏവാദ്യ സഉശ്വഃ
ഏതത് വൈ തത്
പെരുവിരല്‍ വലുപ്പമുള്ളവനും പുകയില്ലാത്ത അഗ്നിപോലുള്ളവനും ത്രികാലങ്ങള്‍ക്ക് അധിപനുമായ ആത്മാവ് തന്നെയാണ് ഇപ്പോള്‍ എല്ലാ ജീവികളുടേയും ഉള്ളില്‍ ഇരിക്കുന്നത്.
ശരീരം നശിച്ചാലും ആത്മാവ് നിലനില്‍ക്കും. ഈ ആത്മാവ് തന്നെയാണ് ബ്രഹ്മം. ജ്യോതിസ്സിന്റെ വിശേഷണമായി ‘അധൂമകം’ എന്ന് കണക്കാക്കണമെന്ന് ആചാര്യസ്വാമികള്‍ ഭാഷ്യത്തില്‍ പറയുന്നു. ‘പെരുവിരല്‍ വലുപ്പമുള്ള പുരുഷനെ യോഗികള്‍ പുകയില്ലാത്ത അഗ്നി എന്ന് പറഞ്ഞാല്‍ അജ്ഞാനം, പുണ്യപാപം എന്നീ മലിനതകളൊന്നും ഏല്‍ക്കാത്ത പ്രകാശസ്വരൂപമായ ആത്മാവ് എന്ന് മനസ്സിലാക്കണം. ആ പുരുഷനായ ആത്മാവ് തന്നെയാണ് ഭൂത-ഭാവി-വര്‍ത്തമാനകാലങ്ങളുടെ ഈശ്വരനായും നിത്യനായും കൂടസ്ഥനായും ഇരിക്കുന്നത്. അങ്ങനെ എല്ലാറ്റിലും കുടികൊള്ളുന്നു. ഇന്നു മാത്രമല്ല നാളേയും എന്നും സ്ഥിതി ചെയ്യുന്നു. ഇതുപോലെ വേറെ ഒന്നില്ല, വേറെ ഒരാളില്ല, ഇനി ഉണ്ടാവുകയുമില്ല. ഇങ്ങനെ പറഞ്ഞതുകൊണ്ട് മരിച്ചതിനുശേഷം ആത്മാവ് ഉണ്ടോ എന്ന സംശയത്തേയും ആത്മാവ് ക്ഷണികമാണെന്നും ഉള്ള വാദത്തേയും നിരാകരിക്കുന്നു.
ബൗദ്ധന്മാരുടെ ഇത്തരം വാദങ്ങളെ ഖണ്ഡിക്കാന്‍ ശ്രുതിയിലെ ഇത്തരം പ്രഖ്യാപനം മതിയെന്ന് ഭാഷ്യം പറയുന്നു. മരിച്ചതിനുശേഷം ആത്മാവ് ഇല്ല എന്ന വാദം നചികേതസ്സിന്റെ ചോദ്യത്തില്‍ ‘നായമസ്തീതി ചൈകേ’ കാണാം. ഇതിനുള്ള മറുപടിയാണ് ഈ മന്ത്രത്തില്‍ നല്‍കിയത്. തെളിഞ്ഞ അഗ്നിപോലെ എല്ലാവരുടേയും ഉള്ളില്‍ പ്രകാശിച്ച് എന്നും നില്‍ക്കുന്ന ആത്മാവിനെ നാം സാക്ഷാത്കരിക്കണം.
ബ്രഹ്മം അല്ലാതെ വേറെ എന്തെങ്കിലും ഉണ്ടെന്ന് ഇനിയും കരുതുന്നത് ശരിയല്ല-
യഥോദകം ദുര്‍ഗ്ഗേ വൃഷ്ടം പര്‍വ്വതേഷു വിധാവതി
ഏവം ധര്‍മ്മാന്‍ പൃഥക് പശ്യംസ്താനേവാനുവിധാവതി
കൊടുമുടികള്‍ പോലെയുള്ള ഉയര്‍ന്ന പ്രദേശങ്ങളില്‍ പെയ്യുന്ന മഴവെള്ളം പര്‍വതങ്ങളില്‍ വന്നുവീണ് ചിന്നിച്ചിതറി നശിക്കുന്നതുപോലെ ആത്മാവിന്റെ ധര്‍മ്മങ്ങള്‍ ഓരോ ശരീരത്തിലും വേറെ വേറെയായി കാണുന്നവന്‍ ആ ധര്‍മ്മങ്ങളെ പിന്തുടര്‍ന്ന് ജനനമരണങ്ങളില്‍പ്പെട്ട് നശിക്കുന്നു. ഓരോ ശരീരത്തിലും ആത്മാവ് വേറെയെന്ന് കാണുന്ന ആളുകളെപ്പറ്റി നേരത്തെ പറഞ്ഞു. ‘മൃത്യോഃ സ മൃത്യുമാപ്‌നോതി യ ഇഹ നാനേവ പശ്യതി’ എന്ന് മുമ്പ് പറഞ്ഞതിന്റെ വിവരണമാണ് ഈ മന്ത്രം.
പര്‍വതങ്ങളില്‍ പെയ്യുന്ന മഴവെള്ളം വേണ്ടപോലെ അണകെട്ടിയോ വഴിതിരിച്ചുവിട്ടോ പലതരത്തില്‍ ഉപകാരപ്പെടുത്താം. അല്ലെങ്കില്‍ അത് പ്രയോജനപ്പെടാതെ പോകും. ആത്മതത്വത്തെ അറിയാതെ ഭേദബുദ്ധിയോടെ ലൗകിക സുഖഭോഗങ്ങളില്‍ മുഴുകിയാല്‍ വീണ്ടും വീണ്ടും വേറെ വേറെ ശരീരങ്ങളെ സ്വീകരിച്ച് കഷ്ടപ്പെടേണ്ടിവരും.
ആത്മാവിനെ അറിയുന്ന മനനശീലനായവന് ഭേദബുദ്ധി നീങ്ങി വിജ്ഞാന സ്വരൂപനും അദ്വയനുമായ ആത്മസ്വരൂപത്തെ സിദ്ധിക്കുന്നതിനെ പറഞ്ഞ് നാലാം വല്ലി സമാപിക്കുന്നു.
യഥോദകം ശുദ്ധേ ശുദ്ധ-
മാസിക്തം താദൃഗേവ ഭവതി
ഏവം മുനേര്‍ വിജാനത
ആത്മാ ഭവതി ഗൗതമ
ശുദ്ധജലത്തില്‍ വീണ്ടും ശുദ്ധജലം ഒഴിച്ചാല്‍ രണ്ടും ചേര്‍ന്ന് ഒന്നായിത്തീരുന്നതുപോലെ ആത്മസാക്ഷാത്കാരം നേടിയ ജ്ഞാനിയുടെ ആത്മാവും പരമാത്മാവും ഒന്നായി മാറുന്നു.
ആത്മാവിന്റെ ഏകത്വമറിഞ്ഞയാള്‍ മാലിന്യങ്ങളൊന്നുമില്ലാത്തതെളിഞ്ഞ വെള്ളംപോലെ ആ വെള്ളം പരമാത്മാവുന്ന തെളിവെള്ളത്തിലേക്ക് ചേര്‍ത്താല്‍ പിന്നെ രണ്ടില്ല. ഒന്നുമാത്രം. മനനശീലനായ മുനിക്ക് ഇപ്രകാരം ആത്മദര്‍ശനത്തെ നേടി അഭേദബുദ്ധിയേയും ഏകത്വത്തേയും കൈവരിക്കാം. ഗൗതമ എന്ന വിളി നചികേതസ്സിനെ ഉദ്ദേശിച്ചാണ്.
തത്വജ്ഞാനം നേടി പരിശുദ്ധനായിത്തീരുന്ന ജീവാത്മാവ് പരമാത്മാവുമായി വേര്‍തിരിക്കാനാവാത്തവിധം ഒന്നായിത്തീരുന്നു എന്നുപറഞ്ഞതുകൊണ്ട് നാസ്തികരുടേയും കുതാര്‍ക്കികരുടെയും വാദങ്ങളെ തള്ളിക്കളയുന്നു. ആത്മാവൊന്നാണ് എന്ന ഉപനിഷദ് ദര്‍ശനത്തെ നാം അഹങ്കാരം വെടിഞ്ഞ് ആദരിച്ച് സ്വീകരിക്കണം. അതാകട്ടെ നമ്മുടെ ജീവിതലക്ഷ്യം.


ജന്മഭൂമി: http://www.janmabhumidaily.com/news756845#ixzz51vzGUfmR

No comments: