Sunday, December 17, 2017

ഗര്‍ഗഭാഗവതത്തില്‍ ത്രിവക്ര രാമകൃഷ്ണന്മാരെ കാണുന്ന രംഗം ഒരുക്കിയിട്ടുള്ളത് ചേതോഹരമാംവണ്ണമാണെന്നു കാണാം. കൊട്ടാരത്തിലേക്ക് കുറിക്കൂട്ടുമായി പോവുന്ന ത്രിവക്ര വഴിയരികില്‍ ഒരാള്‍ക്കൂട്ടം കണ്ടു. അപ്പോഴാണ് അവളറിയുന്നത്: വൃന്ദാവനത്തിലുള്ള രാമനും കൃഷ്ണനും ആ കൂട്ടത്തിലുണ്ട്. കംസരാജാവിന്റെ ധനുര്‍യജ്ഞത്തിനു വന്നിരിക്കയാണവര്‍. തേടിയ വള്ളി കാലില്‍ ചുറ്റിയെന്നു പറഞ്ഞാലുള്ള സന്തോഷം അവള്‍ക്കുണ്ടായി: കൃഷ്ണനെ കാണാന്‍ കൊതിച്ചിരുന്നതല്ലേ അവള്‍? ഇതാ, കൃഷ്ണന്‍ വന്നിരിക്കുന്നു…
കൃഷ്ണനെ അടുത്തു കാണാന്‍ അവള്‍ക്ക് ആഗ്രഹമുണ്ട്. എന്തു ചെയ്യും? ഒന്നേ വഴിയുള്ളൂ: ആള്‍ക്കൂട്ടത്തിലേക്ക് ഇടിച്ചുകയറുക! തോളിലുണ്ടായിരുന്ന പൊക്കം ചേര്‍ത്തുപിടിച്ചു. ഒന്നുകൂടി കുനിഞ്ഞു. ഏതോ രണ്ടുപേരുടെ ഇടയിലേക്ക് തലതിരുകി, ഒരു വിടവുണ്ടാക്കി. ആ വിടവിലൂടെ ഉടല്‍ കുത്തിക്കയറ്റാന്‍ ശ്രമിക്കയാണ്.
‘ആരാണ് തിക്കി കയറുന്നത്?’ ആരുടേയോ ശബ്ദം അവളുടെ കാതിലെത്തി. അതവള്‍ കേട്ട മട്ടു നടിച്ചില്ല. അവള്‍ക്ക് ഒരൊറ്റ ലക്ഷ്യമേയുള്ളൂ: മുന്നിലെത്തണം… ആള്‍ക്കൂട്ടത്തിലേയ്ക്കവള്‍ തുളച്ചുകയറി. ഒരുവിധം തെങ്ങിഞെരുങ്ങി മുന്‍നിരയിലെത്തി. ഇപ്പോള്‍ അവള്‍ക്ക് കാണാം- ദേവ കുമാരന്മാരെന്നു തോന്നിക്കുന്ന രണ്ടുപേര്‍…
‘ഇതില്‍ ആരാ കൃഷ്ണന്‍?’ അടുത്തുനിന്ന ആളോട് അവള്‍ ആരാഞ്ഞു. അയാള്‍ പറഞ്ഞു: ‘ആ മഞ്ഞപ്പട്ടു ചാര്‍ത്തിയ ആള്‍.’
മുത്തശ്ശി മാത്രനേരം ധ്യാനത്തിലമര്‍ന്നു. ഭക്തിപൂര്‍വം മന്ത്രിച്ചു: ‘ആ മഞ്ഞപ്പട്ടു ചാര്‍ത്തിയ ആള്‍ ഇതാ എന്റെ കണ്‍മുന്നില്‍ നില്‍ക്കുമ്പോലെ തോന്നുന്നു. തുഞ്ചത്താചാര്യന്‍ ആ രൂപത്തെ വര്‍ണിച്ചു കേള്‍പ്പിക്കുമ്പോലെ തോന്നുന്നു-
നിറന്ന പീലികള്‍ നിരക്കവേ കുത്തി
നെറുകയില്‍ക്കൂട്ടിത്തിറമൊടു കെട്ടി
കരിമുകിലൊത്ത ചികുരഭാരവും
മണികള്‍ മിന്നിടും മണിക്കിരീടവും
കുനുകുനെ ചിന്നും കുറുനിര തന്മേല്‍
നനുനനെപ്പൊടിഞ്ഞൊരു പൊടിപറ്റി
ത്തിലകവുമൊട്ടു വിയര്‍പ്പിനാല്‍ നന-
ഞ്ഞുലകു സൃഷ്ടിച്ചു ഭരിച്ചു സംഹരി-
ച്ചിളകുന്ന ചില്ലീയുഗള ഭംഗിയും
പദസരോരുഹയുഗവുമെന്നുടെ
ഹൃദയം തന്നിലങ്ങിരിക്കുംപോലെയ-
മ്മണിരഥം തന്നിലകം കുളുര്‍ക്കവേ
മണിവര്‍ണന്‍ തന്നെ തെളിഞ്ഞുകണ്ടു ഞാന്‍…
ഒരു നെടുവീര്‍പ്പോടെ മുത്തശ്ശി ശബ്ദമൊതുക്കി പറഞ്ഞു: ‘ത്രിവക്രയുടെ സങ്കല്‍പ്പത്തിലും അവ്വിധമൊരു പാര്‍ത്ഥസാരഥീ രൂപം തെളിഞ്ഞുവെന്നുവരാം, അല്ലേ?’
‘ആവാം’- മുത്തശ്ശന്‍ തുടര്‍ന്നു: ‘അവള്‍ കൃഷ്ണനെ ഉറ്റുനോക്കി. ആ കണ്ണിന് എന്തൊരു തിളക്കം! ചുണ്ട് ഒരു നറുംചിരിക്കായി മെല്ലെ വിടര്‍ന്നിരിക്കുന്നു. അവള്‍ക്കു തോന്നി: ആ നറുംചിരി അവള്‍ക്കു മാത്രമുള്ളതാണ്.’
‘ഭഗവാന്റെ ദയാദൃഷ്ടി അവളില്‍ പതിഞ്ഞു; അല്ലേ?’ മുത്തശ്ശി ആരാഞ്ഞു.
‘അതെ. അവിടുന്ന് അവളുടെ മുന്നില്‍ ചെന്നു തിരക്കി: ‘സുന്ദരീ, നീയാരാണ്? ഈ കുറിക്കൂട്ട് ആര്‍ക്കുള്ളതാണ്? ലേശം ഞങ്ങള്‍ക്കു തരുമോ?’
ഒരു കോരിത്തരിപ്പ് അടിമുടി പടര്‍ന്നു കയറിയതായി ത്രിവിക്രയ്ക്കു തോന്നി. അവളെ അദ്ദേഹം സുന്ദരീ എന്നുവിളിച്ചിരിക്കുന്നു! അദ്ദേഹമല്ലേ ശരിക്കും സുന്ദരന്‍? തൊണ്ടയില്‍ തടഞ്ഞിരുന്ന ശബ്ദം അവള്‍ ബലമായി പുറത്തെടുത്തു: ഭഗവന്‍! ഞാന്‍ കൊട്ടാരത്തില്‍ കുറിക്കൂട്ടുണ്ടാക്കിക്കൊടുക്കുന്ന ദാസിയാണ്. ത്രിവക്ര. അങ്ങ് ആവശ്യമുള്ളത്ര കുറിക്കൂട്ട് എടുത്തോളൂ.
ഇങ്ങനെ ചൊന്നവള്‍ തങ്കൈയിലുള്ളൊരു
കുങ്കുമ പൂര്‍ണമാം ഭാജനത്തെ
നന്ദജങ്കൈയിലേ നല്‍കിനാളന്നേരം
നന്മവരും കാലമെന്നു ഞായം
ആദരവോടതു വാങ്ങിയ നന്ദജന്‍
സോദരന്നായി കൊടുത്തു പിന്നെ
തന്നുടെ മെയ്യിലും നന്നായി പൂചിനാന്‍
ധന്യമായ് നിന്നുള്ളൊരംഗരാഗം
‘ഗര്‍ഗഭാഗവതത്തില്‍ ഈ രംഗം ഗാഥയില്‍നിന്നു വ്യത്യസ്തമായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്.’
‘എങ്ങനെ?’
‘അവളാണ് കൃഷ്ണനെ കുറിക്കൂട്ടണിയിക്കുന്നത്.’
ഭക്തിപൂര്‍വം അവള്‍ ആരാഞ്ഞു: ‘ഞാന്‍ അങ്ങയെ ഈ കുറിക്കൂട്ട് അണിയിക്കട്ടെ?’
‘ഓഹോ. ആവാമല്ലോ’- കൃഷ്ണന്‍ ചിരിച്ചുകൊണ്ടു പറഞ്ഞു:’ എന്നെ മാത്രമല്ലാ. എന്റെയീക്കുട്ടനെയും അണിയിക്കണം.’
‘ശരി’
അവള്‍ അവരിരുവരേയും കുറിക്കൂട്ടണിയിച്ചു. നെറ്റിയില്‍ പനിനീരു ചാലിച്ച ചന്ദനം ചാര്‍ത്തി; കളഭക്കുറിയിട്ടു; കസ്തൂരിയുടെ പൊട്ടിട്ടു. മേലാകെ പനിനീര്‍ തളിച്ചു. കവിളില്‍ ചെങ്കുങ്കുമം വിതറി. പരിമളം അവരെ പൊതിഞ്ഞു.
സന്തോഷം പൂണ്ടൊരു നന്ദജനന്നേരം
ചിന്തിച്ചു തന്നിലേ നിന്നു പിന്നെ
ഞാന്‍ കനിഞ്ഞീടുമ്പോള്‍ മാന്‍കണ്ണി തന്നിലെ
കൂന്‍ കളഞ്ഞീടേണമെന്നു നണ്ണി
ഇതിനകം ത്രിവക്ര തന്റെ ജോലി തീര്‍ത്തിരുന്നു. എല്ലാം കഴിഞ്ഞപ്പോള്‍ അവള്‍ കൃഷ്ണന്റെ കാലില്‍ നമസ്‌കരിക്കാന്‍ കുനിഞ്ഞു. പക്ഷേ, അവള്‍ അതിനായില്ല. പാവം! കാലിടറി വീണുപോയി. അവളുടെ നെറ്റി കൃഷ്ണന്റെ പാദത്തില്‍ തൊട്ടു.
അവളുടെ വീഴ്ച, കണ്ടുനിന്നവരില്‍ ചിരി പടര്‍ത്തി. ത്രിവക്ര തെങ്ങിക്കരഞ്ഞു. കൃഷ്ണന്റെ മുഖം മാത്രനേരം ഗൗരവമണിഞ്ഞു. എന്തോ തീരുമാനിച്ചുറച്ച മട്ടില്‍ മെല്ലെ കുനിഞ്ഞു; ത്രിവക്രയുടെ ചുമലില്‍പ്പിടിച്ചു; മന്ത്രിക്കുമ്പോലെ മൊഴിഞ്ഞു: ആര്യേ, എണീയ്ക്കൂ…
ആ ശബ്ദം ആര്‍ദ്രമായിരുന്നു, മധുരമായിരുന്നു, ദീപ്തമായിരുന്നു. ആ ആര്‍ദ്രതയില്‍, മധുരിമയില്‍, ഉദാരതയില്‍ അവള്‍ അലിഞ്ഞു. കിടന്നകിടപ്പില്‍ എണീക്കാന്‍വേണ്ടി, പതിവുപോലെ കാല്‍മുന്നോട്ടു നീക്കിവച്ചു.
തന്നിലൂടെ ഒരു മിന്നല്‍പ്പിണര്‍ പാഞ്ഞുപോയതായി ത്രിവക്രയ്ക്ക് തോന്നി. ഒരു ഞെട്ടലോടെ അവള്‍ അറിഞ്ഞു: വിറകുകൊള്ളിപോലെ വെറുങ്ങലിച്ചിരുന്ന തന്റെ കാലുകള്‍ തനിക്കിപ്പോള്‍ മടക്കാനാവുന്നു!
‘കൃഷ്ണാ!’ അറിയാതെ അവള്‍ വിളിച്ചുപോയി. അവള്‍ തന്റെ കാല്‍മുട്ടുകള്‍ മടക്കി. കൈ പിന്നാക്കം കുത്തി; ഒന്നു നിവര്‍ന്നു. അദ്ഭുതം! അവളുടെ കൂന് നിവര്‍ന്നു. ഇടത്തോട്ടു പിരിഞ്ഞ തന്റെ കഴുത്ത് നേരെയായെന്നു തോന്നി. തോന്നിയതല്ലാ. നേരെയായി…
‘എണീക്കൂ’ -കൃഷ്ണന്‍ അവളുടെ കൈപിടിച്ചു; എഴുന്നേല്‍ക്കാന്‍ സഹായിച്ചു. കൃഷ്ണന്റെ സഹായമില്ലാതെ തനനെ അവള്‍ക്ക് എഴുന്നേല്‍ക്കാനായി.
അവള്‍ക്കു തന്നെ വിശ്വാസം വന്നില്ല എന്നുതോന്നി. ഏതാനും നിമിഷം ആ അമ്പരപ്പ് അവളില്‍ നിലനിന്നു. ഇപ്പോള്‍ അവള്‍ക്ക് ബോധ്യമായി. അമ്പരപ്പിനെ കുടഞ്ഞെറിഞ്ഞു കൊണ്ടവള്‍ നിലവിളിക്കുമ്പോലെ വിളിച്ചു: കൃഷ്ണാ…
വെട്ടിയിട്ടപോലെ അവള്‍ കൃഷ്ണന്റെ കാല്‍ക്കല്‍ വീണു. ഇടറുന്ന ശബ്ദത്തില്‍ അവള്‍ മന്ത്രിച്ചുകൊണ്ടിരുന്നു. എന്റെ കൃഷ്ണാ, എന്റെ ദൈവമേ…


ജന്മഭൂമി: http://www.janmabhumidaily.com/news754365#ixzz51Yszpcp9

No comments: