Monday, December 11, 2017

ബാഹ്യപ്രപഞ്ചത്തിലെ വസ്തുക്കൾ നമ്മളെ ആകർഷിക്കുന്നു. നമുക്കുണ്ടാകുന്ന ആകർഷണം നമ്മളെ അതിന്റെ അടിമകളാക്കുകയും ചെയ്യുന്നു. ഒരു യോഗി തന്റെ ഇന്ദ്രിയങ്ങളെ ഇന്ദ്രിയജന്യമായ ഭോഗവിഷയങ്ങളിൽ നിന്നും മോചിപ്പിച്ച് ഒന്നിലും സംഗമില്ലാതെയിരിക്കുന്നു. അതിനുശേഷം പ്രാണാപാനവായുക്കളെ ചലിക്കാത്ത നിലയിൽ നിർത്താൻ യോഗി പരിശീലിക്കുന്നു. ആ പരിശീലനം പൂർണ്ണമാകുമ്പോൾ യോഗി ബ്രഹ്മപ്രാപ്തിയുടെ ആദ്യപടിയായ ആദ്യന്തികമായ സത്യത്തിന്റെ ബോധത്തിലേയ്ക്ക് പ്രവേശിക്കും. ലഘുത്വം (ശരീരത്തിന് ഭാരമില്ലായ്മ), ആരോഗ്യം (രോഗം ദുഃഖിപ്പിക്കാത്ത അവസ്ഥ), അലോരുപത്വം (ഭോഗവസ്തുക്കളോടുള്ള വിരക്തി) എന്നീ അനുഭവം യോഗിക്ക് ഈയവസരത്തിൽ സിദ്ധിക്കും. “വർണ്ണപ്രസാദംസ്വരസൌഷ്ഠവംച“. വാക്കുകൾ ഉച്ഛരിക്കുമ്പോൾ അത് കേൾക്കുന്നയാൾക്ക് അതിനോട് പ്രീതിയുണ്ടാകും. വാക്കുകളുടെ അർത്ഥം മനസ്സിലായില്ലെങ്കിൽ പോലും, വാക്കിന്റെ ശബ്ദസൌകുമാര്യത്തിൽ ആകൃഷ്ടരാകും. യോഗിയുടെ ശരീരത്തിന് ആകർഷണീയമായ നിറം വന്നുചേരും. 

സിദ്ധനെന്നു പറഞ്ഞാൽ ‘കിട്ടിയവൻ’ എന്നാണ് അർത്ഥം. സാദ്ധ്യമായതിനെ സാധനകൊണ്ട് സാക്ഷാത്കരിക്കുമ്പോൾ അത് സിദ്ധിയായി. യോഗസൂത്രങ്ങളിൽ അഷ്ടൈശ്വര്യസിദ്ധികളെക്കുറിച്ച് പറയുന്നുണ്ട്. ജ്യോതിർഗോളങ്ങളെക്കുറിച്ചുള്ള രഹസ്യമറിയുന്നത് ഒരു സിദ്ധിയാണ്. അതറിഞ്ഞവന് ഗ്രഹങ്ങളുടെ ചലനവും, സൂര്യ-ചന്ദ്രഗ്രഹണങ്ങളെക്കുറിച്ചും കൃത്യമായി പറയാൻ കഴിയും. വേറൊരാളുടെ മനസ്സിന്റെ വ്യാപാരം അറിയാൻ കഴിയുന്നത് ഒരു സിദ്ധിയാണ്. സിദ്ധികൾ കൈവരിച്ചിട്ടുള്ള നിരവധി സിദ്ധന്മാർ ഉണ്ടായിട്ടുണ്ട്. അതിൽ ചിലർ രോഗങ്ങൾ മനസ്സിലാക്കി ചികിത്സിച്ചു മാറ്റാൻ കഴിവുള്ളവരായിരിക്കും. അതുപോലെ ചിലർക്ക് പല ശാസ്ത്രങ്ങളിലും പ്രാവീണ്യം നേടാനുള്ള കഴിവുണ്ടായിരിക്കും. പക്ഷെ ഇത്തരം സിദ്ധികളൊന്നും ലോകസംഗ്രഹത്തിനുള്ളതല്ല എന്നാണ് അദ്ദ്വൈതമതം. സിദ്ധന്മാർ യോഗികളായിരിക്കണമെന്നില്ല. പക്ഷെ ആത്മാവിനെ വശപ്പെടുത്തിയ ഒരു യോഗിക്ക് (ബ്രഹ്മജ്ഞാനിക്ക്) ഏതു സിദ്ധിയും കൈവരിക്കാനാകും. സിദ്ധിയിലൂടെയുള്ള അത്ഭുതങ്ങൾ കാണിക്കൽ ഒരു യോഗിയെ സംബന്ധിച്ചിടത്തോളം നിസ്സാരങ്ങളാണ്. ബ്രഹ്മജ്ഞാനി എപ്പോഴും ബ്രഹ്മത്തിൽ സ്ഥിതി ചെയ്യുന്നു എന്നു പറയുന്നു. എപ്പോഴും പരമാനന്ദം അനുഭവിച്ചുകൊണ്ടിരിക്കുന്നു എന്നാണ് അത് അർത്ഥമാക്കുന്നത്. parthans

No comments: