Monday, December 11, 2017

യോഗികൾക്ക് എന്തുകൊണ്ട് രോഗം ഉണ്ടാകുന്നു എന്നതാണ് ചോദ്യം. ഓരോ മനുഷ്യനും ജനിക്കുന്നത് പൂർവ്വജന്മകർമ്മഫലവുമായിട്ടാണ് (സഞ്ചിതകർമ്മം). അതുപോലെ ആർജ്ജിതകർമ്മങ്ങളും മനുഷ്യനെ രോഗിയാക്കും, യോഗിയെയും.

ദുഃഖിക്കുന്ന രോഗികളോട് തോന്നുന്ന അനുകമ്പ മൂലം പലപ്പോഴും അവരുടെ രോഗാവസ്ഥയെ യോഗി പകർന്നെടുക്കും. ഗുരുദേവൻ ഇങ്ങനെ പലരെയും ആശ്വസിപ്പിച്ചിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. പക്ഷെ, രോഗം ഒരു യോഗിയെ ദുഃഖിപ്പിക്കുന്നില്ല. ഒരു യോഗിയും അവരുടെ രോഗം ദുഃഖമായി കരുതിയിരുന്നില്ല. മറ്റുള്ളവർക്കെല്ലാം മരുന്ന് നിർദ്ദേശിച്ചിരുന്ന ഗുരുദേവനും അസുഖം വന്നിട്ടുണ്ട്. അടുത്ത കാലത്ത് ജീവിച്ചിരുന്ന യോഗികളായ ഗുരുദേവനും, രമണമഹർഷിയും, ശ്രീരാമകൃഷ്ണപരമഹംസനും രോഗം വന്നിട്ടാണ് സമാധിയായത്.

ബ്രഹ്മജ്ഞാനികൾക്കും ദൈവീകത്വം ഉണ്ടെന്നു കരുതുന്നവർക്കും മരണമില്ലെന്ന് പറഞ്ഞു പരത്തിയ മഹാൻ ആരെന്നറിയില്ല. എന്തായാലും ചിലരെല്ലാം അങ്ങനെ വിശ്വസിക്കുന്നു. ദൈവീകത്വം സ്വർഗ്ഗത്തിൽ നിന്നും കൊണ്ടുവരുന്നതൊന്നുമല്ല. സ്വപ്രയത്നത്താൽ നേടിയെടുക്കുന്നതാണ്. ഒരാൾ അയാളിലുള്ള കഴിവുകളെ ക്ലേശിച്ച് വളർത്തി വളർത്തി അതിന്റെ പൂർണ്ണതയിലെത്തുമ്പോൾ, സാധാരണ ജനങ്ങളുടെ ജീവിതത്തിൽ നിന്നും പ്രവർത്തികളിൽനിന്നും വ്യത്യസ്ഥമായിരിക്കും അയാളുടെ പ്രവർത്തികൾ. ലോകത്തിലെ സത്യങ്ങളെ കണ്ടമാത്രയിൽ തന്നെ ഗ്രഹിക്കത്തക്ക വിധത്തിൽ അയാളുടെ പ്രജ്ഞാശക്തി വികസിക്കും. സർവ്വപ്രാണികളുടെയും ശബ്ദാർത്ഥപരിജ്ഞാനമുണ്ടാകുന്നതുകൊണ്ട് എല്ലാ ജീവികളുമായും സംവദിക്കാൻ ഒരു യോഗിക്ക് കഴിവുണ്ടാകും. ഒരാളെ കാണുമ്പോഴേക്കും അയാളുടെ ആഗമനോദ്ദേശംപോലും മനസ്സിലാക്കാൻ കഴിയും. അങ്ങനെയുള്ള വ്യക്തിയുടെ ജീവിതത്തിൽ സമാർജ്ജിച്ച വ്യത്യസ്ഥതക്ക് കൊടുക്കുന്ന അംഗീകാരമാണ് ദേവത്വം / ദൈവീകത്വം. 

 ചൈതന്യം നിറഞ്ഞ ചില മഹത്വ്യക്തികളുടെ മരണം അവർ എങ്ങിനെ സ്വീകരിച്ചു എന്ന് നമുക്കു നോക്കാം. 
കൃഷ്ണൻ തന്റെ കുടുംബനാശം കണ്ടുകൊണ്ട് മരിക്കേണ്ടിവരും എന്ന് ഗാന്ധാരി കൃഷ്ണനെ ശപിക്കുമ്പോഴും, വേടൻ എയ്ത അമ്പുകൊണ്ട് കൃഷ്ണൻ മരിക്കാനിടയാകുമ്പോഴും വിധിയുടെ സഹജമായ അവസ്ഥകണ്ട് കൃഷ്ണൻ മന്ദഹസിക്കുകയാണുണ്ടായത്.

സ്നേഹത്തിന്റെ മൂർത്തിയായ ഒരു ദൈവത്തിനെ ജനങ്ങൾക്ക് പരിചയപ്പെടുത്തിയ യേശുവിനെ എല്ലാവരും ചേർന്ന് കുരിശ്ശിലേറ്റി. ക്രൂശിതനായ യേശു കുരിശിൽ കിടന്നു പിടയുമ്പോഴും, ഏകസത്യമായ ദൈവത്തോട് “പിതാവേ ഇവർ ചെയ്യുന്നതെന്തെന്ന് ഇവർക്കറിയില്ല. ഇവർക്ക് മാപ്പു നല്കേണമേ” എന്നു പറയുമ്പോൾ സത്യത്തിലധിഷ്ഠിതമായ ക്രോധരഹിതമായ അഹിംസയുടെ ഒരു ദൃഷ്ടാന്തം നമുക്കു ലഭിക്കുന്നു.

ചുന്ദൻ എന്ന ഒരു സാധു മനുഷ്യൻ കൊടുത്ത, വിഷലിപ്തമായ പഴയ ആഹാരം കഴിച്ചാണ് ഭഗവാൻ ബുദ്ധന് ശരീരം വെടിയേണ്ടി വന്നതെങ്കിലും, തന്റെ ജീവിതത്തിൽ ലഭിച്ച മൂന്ന് അനുഗ്രഹീത ആഹാരങ്ങളിലൊന്നാണ് ചുന്ദൻ കൊടുത്ത അത്താഴം എന്നു പറഞ്ഞ്, തന്റെ മരണത്തിനിടയാക്കിയ ആതിഥേയനെ അനുഗ്രഹിക്കുകയാണ് ബുദ്ധൻ ചെയ്തത്.

സോക്രട്ടീസ് തന്റെ തടവറയുടെ സൂക്ഷിപ്പുകാരനിൽ നിന്നും ‘ഹെംലോക്ക്’ എന്ന വിഷം വാങ്ങി സൌമ്യനായി കുടിക്കുമ്പോൾ, തനിക്കെതിരായി കോടതിയിൽ പോയവരോടോ, വധശിക്ഷ നല്കിയവരോടോ അല്പം പോലും വെറുപ്പ് പ്രകടിപ്പിച്ചിരുന്നില്ല. 

ഒരു യോഗിയുടെ ജീവിതം നയിച്ച് രാഷ്രത്തിനുവേണ്ടി സ്വയം സമർപ്പിച്ച 
മഹാത്മാഗാന്ധി വെടികൊണ്ട് മരിക്കുമ്പോഴും, തന്നെ വെടിവെച്ച ഗോഡ്സെയ്ക്ക് മാപ്പുകൊടുത്തിരുന്നു. 

ഇങ്ങനെ നമുക്ക് അഹിംസ, സത്യം, ദയ, സ്നേഹം എന്നീ അദ്ധ്യാത്മിക ഗുണങ്ങളോടെ ജീവിക്കാൻ കഴിഞ്ഞിട്ടുള്ളവരുടെ അനേകം ദൃഷ്ടാന്തങ്ങൾ കാണാം. parthans

No comments: