വൈശാഖം കുളിരുകോരുന്ന സന്ധ്യയുടെ മടിയില്‍ ഏതോ കിനാവിന്റെ കരവലയത്തിലമര്‍ന്ന്, മട്ടുപ്പാവിലെ മഞ്ചത്തില്‍ ശയിക്കയായിരുന്നു രാധ- ജയദേവരുടെ അഷ്ടപദിയിലെ നായിക. പ്രിയ സഖി മാലിനി അവളുടെ അരികിലെത്തി; സഹാനുഭൂതി ചാലിച്ച പരിഹാസത്തോടെ മൊഴിഞ്ഞു: പാവം. ഇവിടെ ഒരാള്‍ കണ്ണനെ കിനാവുകണ്ട് കിടക്കുന്നു. കണ്ണനുണ്ടോ ഇതറിയുന്നു? അല്ലെങ്കില്‍, സുരസുന്ദരികളായ ഗോപികമാരുമായി രാസകേളിയാടുമ്പോള്‍, ഇതൊക്കെ ഓര്‍ക്കാന്‍ ആര്‍ക്കാണ് കഴിയുക?’ഗോപികമാരുമായി രാസകേളിയാടുന്നോ? കണ്ണനോ? രാധ ഉല്‍കണ്ഠയോടെ ആരാഞ്ഞു.’പിന്നില്ലേ? ദാ, കണ്ടില്ലേ?’മാലിനി ചൂണ്ടിക്കാട്ടിയ ദിക്കിലേക്ക് രാധയുടെ ദൃഷ്ടികളെത്തി. അവള്‍ക്കു വിശ്വസിക്കാനായില്ല. ധീരസമീരേ യമുനാ തീരേവസതി വനേ വനമാലീഗോപീ പീനപയോധരമര്‍ദ്ദനചഞ്ചല കരയുഗശാലി…ആ രംഗം കാണാനാവാതെ, അവിടെനിന്നു നോട്ടം പറിച്ചെടുത്ത രാധ, മാലിനിയോട് ഗദ്ഗദംപൂണ്ടുപറഞ്ഞു:
‘മാലിനീ, എനിക്ക്-എനിക്ക്-കണ്ണന്റരികെ പോവണം-”നീ വാ’- മാലിനി അവളെ കൂട്ടി അങ്കണത്തിലെത്തി. അവിടെ, നിലാവ് വിരിച്ചിട്ട വള്ളിക്കുടിലുകളൊന്നില്‍ കൊണ്ടുപോയിരുത്തിക്കൊണ്ടു പറഞ്ഞു: ‘നീ ഇവിടെ ഇരിക്ക്. ഞാന്‍ പോയി കണ്ണനെ കൂട്ടിക്കൊണ്ടുവരാം’-രാഗപരവശയായ രാധ അവിടെയിരുന്നു. മാലിനി നേരെ യമുനാ തീരത്തെത്തുമ്പോള്‍-അവിടെ ഗോപികമാരുടെ കൂടെ കണ്ണനെ കാണാനില്ല…എവിടെയാണ് കണ്ണന്‍ എന്നു തിരക്കിച്ചെല്ലുമ്പോള്‍- കണ്ണനൊരു വള്ളിക്കുടിലില്‍ മയങ്ങുകയാണ്. മാലിനി കണ്ണനോട് ഉണര്‍ത്തിച്ചു: ‘അവള്‍ ഉന്മാദമേറ്റ മട്ടിലായിട്ടുണ്ട്’-‘മാലിനീ, ഞാനും ആ മട്ടിലാണ്-‘
കണ്ണന്‍ മൊഴിഞ്ഞു: ‘എത്ര നേരമായി ഞാനിവിടെ അവളെ കാത്തിരിക്കുന്നു. നീ അവളെ ഇവിടേയ്ക്ക് കൂട്ടിക്കൊണ്ടുവരൂ’-മാലിനി ചെന്ന് രാധയോട് വിവരം പറഞ്ഞു. അവള്‍ക്ക് സങ്കടംസഹിക്കാനായില്ല: ‘എന്നെ ഇഷ്ടമില്ലാഞ്ഞിട്ടല്ലേ? ഇല്ലാ. ഞാനെങ്ങോട്ടുമില്ല.’കോപംപൂണ്ട് അവള്‍ തിരിച്ചുപോന്നു. ആ രാത്രി രാധയ്ക്ക് ഉറങ്ങാനായില്ല. നേരം പുലര്‍ന്നു. നോക്കുമ്പോള്‍-ഉറക്കച്ചടവുള്ള കണ്ണുകളില്‍ പ്രേമാര്‍ദ്രമായ നോട്ടവുമായി-അവളുടെ മുന്നില്‍നില്‍ക്കുന്നു:
കണ്ണന്‍…രാധയ്ക്ക് കോപം നിയന്ത്രിക്കാനായില്ല: ‘പോവൂ. ഇന്നലെ രാത്രി മുഴുവന്‍ സുഖമായി കഴിഞ്ഞില്ലേ? ആ സുഖത്തിന്റെ ചിഹ്നങ്ങളിതാ, മുഖത്തും ദേഹത്തും ധാരാളമുണ്ട്. എനിക്ക് കാണേണ്ടാ. പോവൂ.”ഞാന്‍ പറയുന്നതു കേള്‍ക്കൂ’- കണ്ണന്‍ വികാരാര്‍ദ്രനായി പറഞ്ഞു.യാഹി മാധവാ, യാഹി കേശവാമാവദ കൈതവ വാദംതാമനുസര സരസീരുഹലോചനയാ തവ ഹരതി വിഷാദം…കണ്ണന്‍ പുറത്തുകടന്നു; വന്ന വഴിയേ പോയി. രാധ അപ്പോഴും ഏങ്ങലടിച്ചു കരയുകയായിരുന്നു.കുറച്ചുനേരം കഴിഞ്ഞപ്പോഴാണ് മാലിനി വന്നത്. രാധ അവളെ കെട്ടിപ്പിടിച്ചു കരഞ്ഞു.
മാലിനി അവളെ സമാധാനിപ്പിച്ചു: ‘സാരമില്ല. നിന്റെ കണ്ണന്‍ വരും. വൈകാതെ വരും. നീ കരയാതെ.’വൈകുന്നേരമായി. കണ്ണനെ കാത്തിരുന്നു വലഞ്ഞുപോയ രാധയുടെ മുന്നില്‍ അവളുടെ കണ്ണന്‍ പ്രത്യക്ഷപ്പെട്ടു. കണ്ണന്റെ കരവലയത്തിലേക്ക് അവള്‍ ഓടിച്ചെന്നു; കുഴഞ്ഞുവീണുപോയ അവളരെ കണ്ണന്‍ താങ്ങിപ്പിടിച്ചു; മഞ്ചത്തില്‍ കിടത്തി.കിസലയശയനതലേ കുരു കാമിനിചരണ നളിന വിനിവേശംതവപദപല്ലവ വൈരി പരാഭവ-മിദമനുഭവതു സുവേഷം…രാധ എല്ലാറ്റിനും വഴങ്ങി. ഹര്‍ഷോന്മാദത്തിന്റെ കൊടുമുടികളില്‍ പലവട്ടം കയറിയിറങ്ങി. അഥകാന്തം രതിശ്രാന്തമഭിമണ്ഡന വാഞ്ഛയാജഗാദ മാധവം രാധാ മുഗ്ദ്ധാ സ്വാധീനഭര്‍ത്തൃകാരാധയുടെ കരവലയിലമര്‍ന്നു കണ്ണന്‍ കിടന്നു. എത്രനേരമെന്നറിയില്ല. ആദ്യം പിടിയില്‍നിന്നു വിടര്‍ന്നത് അവളായിരുന്നു. മെല്ലെ എണീറ്റിരുന്നു.
അഴിഞ്ഞു കിടന്ന പുടവ വാരിച്ചുറ്റി. അഴിഞ്ഞുകിടന്ന മുടി വാരിച്ചുറ്റി.അപ്പോഴാണ്-വാതില്‍ക്കല്‍: കണ്ണന്‍! താനിതുവരെ കണ്ടതെല്ലാം സ്വപ്നമായിരുന്നുവെന്ന് അപ്പോഴാണ് അവള്‍ക്ക് മനസ്സിലായത്.കൃഷ്ണന്‍ അവളുടെ അരികിലിരുന്നു: ചേര്‍ന്നിരുന്നു.ഗൗരവം ചാലിട്ട ശബ്ദത്തില്‍ മൊഴിഞ്ഞു: ‘ ഒരു കാര്യം പറയാനുണ്ട്”എന്താണ് കണ്ണാ?’ അവള്‍ ചേര്‍ന്നിരുന്നു.കൃഷ്ണന്‍ എല്ലാം വെളിപ്പെടുത്തി. താന്‍ ദേവകീ നന്ദനനാണെന്ന കാര്യവും അവള്‍ യശോദാ നന്ദിനിയാണെന്ന സത്യവും കണ്ണന്‍ പറഞ്ഞത് അമ്പരപ്പോടെയാണ് അവള്‍ കേട്ടത്. അവസാനിപ്പിക്കുമ്പോലെ കണ്ണന്‍ മൊഴിയുന്നതിന് അവള്‍ കാതോര്‍ത്തു: ഏറെ താമസിയാതെ എനിക്ക് മഥുരയിലേക്ക് പോവേണ്ടി വരും-എന്റെ ധര്‍മം കാക്കാന്‍.
ദേവര്‍ഷി നാരദര്‍ പ്രവചിച്ചിരിക്കുന്നത് ഞാനാവും യദുകുല നായകനായി ഭവിക്കുക എന്നാണ്…കണ്ണന്റെ കരവലയത്തില്‍ അമര്‍ന്നിരിക്കേ, അവള്‍ മന്ത്രിക്കുമ്പോലെ പറഞ്ഞു: ‘കണ്ണാ, എനിക്കെന്നും മനസ്സിലുണ്ടായിരുന്നു, എന്റെ കണ്ണന്‍ ഏതോ ദേവനാണെന്ന്. എന്റെയാ തോന്നല്‍ ഇതാ സത്യമായി ഭവിച്ചിരിക്കുന്നു. ദേവപ്രഭാവനായ കണ്ണന്‍ മഥുരയില്‍ ചെല്ലും. യദുകുലത്തിന്റെ ഈ നായകന്‍ രാജപട്ടമേല്‍ക്കും.അന്നേരം എന്റെ വാമഭാഗമലങ്കരിക്കാന്‍ ഇടയപ്പെണ്‍കൊടിയുടെ ഉടുപ്പണിഞ്ഞിരിക്കുന്ന ഈ യോഗമായയുണ്ടാവും.”ഇല്ലാ, കണ്ണാ’- അവള്‍ തീര്‍ത്തു പറഞ്ഞു: ‘ ഞാന്‍ യോഗമായയല്ലാ. വൃന്ദാവനത്തിലെ ഇടയപ്പെണ്‍കൊടി രാധയാണ്. അമ്പാടിക്കണ്ണനായി വാഴുമായിരുന്നുവെങ്കില്‍, ഇവള്‍ക്ക് അങ്ങയുടെ വാമഭാഗമലങ്കരിക്കാമായിരുന്നു.
അങ്ങിപ്പോള്‍ അമ്പാടിക്കണ്ണന്റെ വേഷം മാറ്റി, യദുകുല നായകനാവാന്‍ മഥുരയിലേക്ക് പോവുകയല്ലേ? ഞാന്‍ കൂടെപ്പോരുമെന്നു ദേവര്‍ഷി പ്രവചിച്ചിട്ടില്ലല്ലോ. ഇല്ലാ. യോഗമായ ഈ വൃന്ദാവനത്തില്‍ പറന്നിറങ്ങി. ഇവിടം വിട്ട് തനിക്കൊരു ജീവിതമില്ല. വൃന്ദാവനത്തിന്റെ രാധയായി ഞാനിവിടെ കഴിഞ്ഞുകൊള്ളാം. ഇതുവരെ എന്റെ പോറ്റമ്മയായിരുന്ന സ്വന്തം പെറ്റമ്മയെ ശുശ്രൂഷിച്ചുകൊണ്ട്. വളര്‍ത്തച്ഛനായി ഞാനറിഞ്ഞിരുന്ന സ്വന്തം പിതാവിനെ അനുസരിച്ചുകൊണ്ട്. അവരുടെ മകളായി. യോഗമായയായല്ലാ.
വൃന്ദാവനത്തിലെ രാധയായി.കൃഷ്ണന്‍ രാധയെ മാറത്തടക്കി. ആ ആലിംഗനത്തിലമര്‍ന്നിരിക്കേ, അവള്‍ കണ്ണന്റെ കാതില്‍ മന്ത്രിച്ചു: ‘എന്നും എനിക്കോര്‍മ്മിക്കാന്‍ എനിക്കൊരു സമ്മാനം തരുമോ?”എന്തുവേണം? ചോദിച്ചോളൂ’ ‘ഈ പൊന്നോടക്കുഴല്‍-‘ രാധയുടെ കണ്ണുനിറഞ്ഞു.’നീയാണെന്റെ ഓടക്കുഴല്‍’- കൃഷ്ണന്‍ അവളെ ചേര്‍ത്തുപിടിച്ചു.’രാജാ ഉഗ്രസേനനടക്കം എല്ലാവരും നിര്‍ബന്ധിച്ചിട്ടും കൃഷ്ണന്‍ രാജപദവി ഏറ്റെടുക്കാത്തതിനു കാരണം ഇപ്പോഴാണ് പിടികിട്ടിയത്.’ കഥയില്‍നിന്ന് തലയൂരി മുത്തശ്ശി പറഞ്ഞു.’എന്താണ് കാരണം?’ മുത്തശ്ശന്‍ തിരക്കി.’തന്റെ വാമഭാഗത്തെ ഓടക്കുഴല്‍ വൃന്ദാവനം വിട്ടുപോന്നില്ല”ശരിയാണല്ലോ’- മുത്തശ്ശന്‍ മെല്ലെ ചിരിച്ചു.മണ്ഡലകാലം കൃഷ്ണഭജനകാലം -30
ജന്മഭൂമി: http://www.janmabhumidaily.com/news751145#ixzz50zhicxkw
No comments:
Post a Comment