Tuesday, December 12, 2017

യഥാര്‍ത്ഥ ഉപാസകരുടെ പൊതുഗുണം ഈരേഴു പതിനാല് ലോകങ്ങളില്‍ ഒരു ജീവിയെയും അവര്‍ക്ക് ദുഃഖിപ്പിക്കാന്‍ കഴിയില്ലെന്നതാണ്. ‘ദുഃഖിപ്പിക്കുക’ എന്ന വാക്കിന് അനേകം അര്‍ഥതലങ്ങളുണ്ട്. ആ അര്‍ഥതലങ്ങളെ പ്രകാശിപ്പിക്കുന്ന വേദത്തിലെ ഒരു മന്ത്രം കാണുക:
ശിവോ ഭവ പ്രജാഭ്യോ മാനുഷീഭ്യസ്ത്വമങ്ഗിരഃ.മാ ദ്യാവാപൃഥിവീ അഭിശോചീരമാന്തരിക്ഷം മാ വനസ്പതീന്‍.(യജുര്‍വേദം 11.45)
എല്ലാ വേദമന്ത്രങ്ങള്‍ക്കും ഋഷിയും ദേവതയും ഛന്ദസ്സുമൊക്കെയുണ്ട്. ഈ മന്ത്രത്തിന്റെ ഋഷി ചിത്രനും ഛന്ദസ്സ് വിരാട് പഥ്യാബൃഹതിയും ദേവത അഗ്നിയുമാണ്. ലോകം സുന്ദരമയമാകുന്നത് ആരും ദുഃഖിക്കാതിരിക്കുമ്പോഴാണ്. നമുക്ക് ഈ വേദമന്ത്രത്തിന്റെ മുഗ്ധത നുകരാനൊന്നു ശ്രമിക്കാം. അതൊരുപക്ഷേ ആനന്ദത്തിന്റെ അരുമക്കിടാങ്ങളാക്കി നമ്മെ പരിവര്‍ത്തനം ചെയ്‌തേക്കും.
മന്ത്രാര്‍ത്ഥം ഇങ്ങനെയാണ് (അങ്ഗിരഃ=) അംഗപ്രത്യംഗങ്ങളില്‍ രസം നിറച്ച അംഗിരസേ, (ത്വം =) നീ (മാനുഷീഭ്യഃ പ്രജാഭ്യഃ=) മനുഷ്യപ്രജകള്‍ക്കുവേണ്ടി (ശിവഃ ഭവ=) മംഗളങ്ങളെ ചെയ്യുന്നവനാണ്. എല്ലാവര്‍ക്കും എല്ലാ മംഗളങ്ങളും ചൊരിയുവാനാണ് നിന്റെ പ്രയത്‌നം. അമംഗളം നിന്നെ ഒരിക്കലും തീണ്ടുന്നതുതന്നെയില്ല. അന്യരെ പീഡിപ്പിക്കുന്നവനല്ല, വീഴ്ത്തുന്നവനുമല്ല, സദാ രക്ഷിക്കുന്നവനാണ് നീ. അഗ്ന്യുപാസകനായ ജീവന്റെ പ്രധാന പ്രേരണാകേന്ദ്രം അഗ്നിതന്നെ. ഉപാസ്യദേവന്റെ ഗുണമല്ലേ ഉപാസകനില്‍ നിറയേണ്ടത്.
ഉപാസകന്‍ സദാ ശിവരൂപിയായിരിക്കണമെന്ന് വേദവാണി. അമംഗളങ്ങള്‍ തീണ്ടാത്തവന്‍, അകളങ്കിതന്‍, അങ്ങനെയുള്ള ഉപാസകന്റെ ചിന്തയും വാക്കും പ്രവൃത്തിയും ശിവമയമാണ്. ദര്‍ശനമാത്രതന്നെ നമുക്ക് ആനന്ദം പകരുന്നു, യഥാര്‍ഥ ഉപാസകന്റെ തെളിഞ്ഞ ചിന്തയില്‍നിന്നും ഉരുവംകൊണ്ട ആശയങ്ങള്‍ പദവിന്യാസത്തെ പൂണ്ട് വൈഖരിയായി പ്രവഹിക്കുമ്പോള്‍ അത് കളമൊഴിയില്‍ കുറഞ്ഞതൊന്നുമല്ലാതാകുന്നു.  മന്ത്രം വീണ്ടും പറയുന്നു- (ദ്യാവാപൃഥിവീ =) ദ്യുലോകത്തെയും പൃഥ്വീലോകത്തെയും (മാ അഭിശോചി=) ഒരിക്കലും ദുഃഖിപ്പിക്കരുതേ. (മാ അന്തരിക്ഷം=) അന്തരീക്ഷത്തെയും സന്തപ്തമാക്കരുതേ.
മൂന്നു ലോകങ്ങളിലും അധിവസിക്കുന്നവര്‍ക്ക് യാതൊരു ദുഃഖവും വരുത്തരുതേ. പാര്‍ഥിവമായ പദാര്‍ഥങ്ങളെക്കൊണ്ട് നിര്‍മിച്ച ഈ സ്ഥൂലശരീരത്തെയും അന്തരീക്ഷസ്ഥിതനായ വായുവിന്റെ തത്ത്വം കൂടുതല്‍ പ്രകടമാകുന്ന പ്രാണശരീരത്തെയും, അറിവിന്റെ സൂര്യന്‍ പ്രകാശിക്കുന്ന ബൗദ്ധികലോകത്തെയും ഒരിക്കലും ദുഃഖിപ്പിക്കരുത്. ശരീരത്തെ പീഡിപ്പിക്കുന്നത് പാപമാണ്, പ്രാണായാമാദികള്‍ ചെയ്ത് പ്രാണശരീരത്തെ വളര്‍ത്താതിരിക്കുന്നത് പാപമാണ്.
സ്വാധ്യായാദികളെക്കൊണ്ടും നാമജപാദികളെക്കൊണ്ടും ബൗദ്ധികശരീരത്തെ, ലോകത്തെ വളര്‍ത്താതിരിക്കുന്നതും പാപംതന്നെ. മന്ത്രത്തില്‍ പറയുന്ന സൂര്യലോകവും അന്തരീക്ഷവും ഭൂലോകവും എല്ലാം അതിന്റെ സൂക്ഷ്മതലത്തില്‍ മനുഷ്യശരീരത്തില്‍ പ്രകടമാണ്. സ്വശരീരങ്ങളെ ദുഃഖിപ്പിക്കരുത് എന്നു മാത്രമല്ല വേദവാണി പറയുന്നത്. ആഗ്നേയ ഉപാസകന്മാരെ ആരെയുംതന്നെ ദുഃഖിപ്പിക്കരുത്. അഗ്നി ഉപാസകരാരാണ്? ഇതിന് ഉത്തരം നല്‍കുന്നതിലും എളുപ്പം ലോകത്ത് അഗ്നിയെ ഉപാസിക്കാത്തവരാരാണ് എന്നു ചിന്തിക്കുന്നതാണ്.
ജഠരാഗ്നിയെ തൃപ്തിപ്പെടുത്തുവാന്‍ അന്നം ആഹരിക്കാത്തവര്‍ ആരാണ്? അഗ്നി ശരീരം വിട്ടുപോകുമ്പോള്‍ ചത്തുമലക്കുന്നവരാണ് സകലജീവികളും. മൃതശരീരങ്ങളുടെ തണുപ്പ്, അഗ്നിയുടെ അഭാവം നമ്മെ ബോധ്യപ്പെടുത്തുന്നില്ലേ. ആരെയും ദുഃഖിപ്പിക്കരുത് എന്നു വേദവാണി. ലോകങ്ങളെ മാത്രമല്ല, (മാ വനസ്പതീന്‍=) വൃക്ഷങ്ങളെ ഹിംസിക്കരുത്. ഇനിയൊരു ഭൗമ ഉച്ചകോടി നടക്കുകയാണെങ്കില്‍, അതിന്റെ തലവാക്യമായി കൊടുക്കുവാന്‍ യോഗ്യമായ മന്ത്രമാണ് ഇത്.
ശ്രുതി പറയുന്നു, ‘ഓഷധ്യാസ്‌തേ മൂലം മാ ഹിംസിഷം’എന്ന്. അതായത് ഓഷധികളുടെ വേര് നഷ്ടപ്പെടുത്താതിരിക്കുക. ധാന്യം ഓഷധിയാണ്. ശക്തിസംഭരണസ്രോതസ്സുകളായ ധാന്യങ്ങളെ നശിപ്പിക്കാതിരിക്കുക. അവയുടെ വംശങ്ങളെ നശിപ്പിക്കാതിരിക്കുക. ധാന്യങ്ങളുടെ സ്വാഭാവികഗുണത്തിനെ, ആസുരികബുദ്ധിയുപയോഗിച്ച് സ്വാര്‍ഥലാഭത്തിനുവേണ്ടി വികൃതമാക്കാതിരിക്കുക. അത്യാഗ്രഹത്തിന് അവധി നല്‍കുക.
ഋഷി സൗന്ദര്യാരാധകന്‍ കൂടിയാണ്. സൗന്ദര്യം സ്വാഭാവികതയാണ്. അസ്വാഭാവികം നശ്വരമാണ്, അത് നിലനില്‍ക്കാത്തതാണ്, ചേര്‍ച്ചയില്ലാത്തതുമാണ്. ശരീരത്തിനും ബുദ്ധിക്കും പ്രാണനും ഇന്ദ്രിയങ്ങള്‍ക്കുമെല്ലാം സ്വാഭാവികമായ സൗന്ദര്യമുണ്ട്. പ്രകൃതിക്കുമുണ്ട് സ്വാഭാവികസൗന്ദര്യം. അത് കണ്ടെത്തി ആ സൗന്ദര്യത്തിനു പിന്നിലുള്ള സുന്ദരപുരുഷനായ അഗ്നിയെ സ്തുതിക്കുകയാണ് ഋഷി ചിത്രന്‍.


ജന്മഭൂമി: http://www.janmabhumidaily.com/news751700#ixzz515hWHcLI

No comments: