Tuesday, December 12, 2017

കര്‍മ്മം ചെയ്യണമെന്നത് അനിവാര്യമാവുന്നതിന്റെ പശ്ചാത്തലം പരിശോധിക്കാം. കര്‍മ്മം ചെയ്യുന്നതിന് സമ്മര്‍ദ്ദമായും പ്രചോദനമായും ഒരു പാട് ഓര്‍മ്മക്കുറിപ്പുകള്‍ ഉണ്ടെന്നത് ആലോചിച്ചാല്‍ കണ്ടെത്താന്‍ സാധിക്കും. അതാകട്ടെ ജന്മജന്മാന്തരങ്ങളിലായ് ( കാലാകാലങ്ങളിലായ് ) ശേഖരിതമായതാണ് എന്ന വസ്തുത യുക്തിചിന്തയ്ക്ക് സമ്മതമാവും.
ഒന്നും ചെയ്യാതിരിക്കാന്‍ ആര്‍ക്കും ഒരിക്കലും സാധിക്കില്ലെന്ന ഒരവസ്ഥയിലേക്ക് സംഭരിത ഓര്‍മ്മക്കുറിപ്പുകള്‍ ഏവരേയും എത്തിച്ചിരിക്കുന്നു.(ഓര്‍മ്മക്കുറിപ്പുകളെ സംബന്ധിച്ച്, ‘പഠിച്ച ജീവശാസ്ത്രപാഠങ്ങളുടെ ശൈലിയില്‍  വേണമെങ്കില്‍ അമീബയില്‍ നിന്ന് ആരംഭിച്ച് ശേഖരിച്ചുവന്നതെന്നു ചിന്തിക്കാം. കര്‍മ്മഫലസിദ്ധാന്തമനുസരിച്ചാണെങ്കില്‍, എത്രയോ ജന്മമായി ചെയ്തു വന്ന കര്‍മ്മങ്ങളൊക്കെ ഓര്‍മ്മക്കുറിപ്പുകളായി ശേഖരിതമായിട്ടുണ്ട് എന്ന് ആചാര്യന്മാര്‍ വിശദീകരിക്കുന്നു.) ഓര്‍മ്മക്കുറിപ്പ് എന്ന പ്രയോഗം അപരിചിതമല്ല. ഈ ഓര്‍മ്മക്കുറിപ്പുകളെ സാങ്കേതികമായി വാസന, സംസ്‌കാരം പ്രകൃതി എന്നൊക്കെ  വിശേഷിപ്പിച്ചു വരുന്നു. ചുരുക്കത്തില്‍ വാസനകളുടെ, പ്രകൃതിയുടെ, സംസ്‌കാരങ്ങളുടെ നിരന്തര സമ്മര്‍ദ്ദത്തിലാണ് നമ്മുടെ ജീവിതം അനാവൃതമാവുന്നത്, ചുരുളഴിയുന്നത്, ആവിഷ്‌ക്കരിക്കപ്പെടുന്നത്.
അങ്ങനെയുള്ള പ്രചോദനങ്ങളെ അഥവാ സമ്മര്‍ദ്ദങ്ങളെ അടിച്ചമര്‍ത്തി വെക്കുന്നത്  ആരോഗ്യകരമാവില്ല. അതുകൊണ്ട് അതിനെ അനാവരണം ചെയ്യാന്‍ ഗുരുക്കന്മാര്‍ നല്‍കുന്ന ആഹ്വാനം അനുസരിക്കാം. എന്നാല്‍ സച്ചിദാനന്ദ സാക്ഷാത്കാരം ലക്ഷ്യമാക്കി ജീവിക്കുന്നവര്‍ കര്‍മ്മം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഇതുവരെ നേടിയ സമ്മര്‍ദ്ദങ്ങളില്‍ നിന്നു നിവര്‍ത്തിക്കുന്നതിനും, പുതിയ ഓര്‍മ്മക്കുറിപ്പുകള്‍ (വാസന, സംസ്‌കാരം) സമാഹരിച്ച് ജന്മത്തെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കാതിരിക്കാനും കരുതല്‍ പുലര്‍ത്തണം.
ചെയ്യുന്ന കര്‍മ്മങ്ങള്‍ (നാം കരചരണാദികള്‍ കൊണ്ട് ചുറ്റുപാടില്‍ ഉളവാക്കുന്ന ചലനങ്ങള്‍) കൊണ്ട് ഉരുത്തിരിഞ്ഞു വരുന്ന കര്‍മ്മഫലങ്ങള്‍ (ചലനഫലങ്ങള്‍) ആനന്ദവും ശാന്തിയും പ്രദാനം ചെയ്യുമെന്ന മുന്‍വിധി അനാദിയായി ഓരോരുത്തരേയും ബാധിച്ചിരിക്കുന്നു. ആനന്ദഭദ്രമായ ശാന്തിയുടെ ഉറവിടം സച്ചിദാനന്ദലക്ഷണയുക്തമായ ആത്മാവില്‍ അധിഷ്ഠിതമാണെന്ന കാര്യം അറിയാതെ പോയതാണിതിനു കാരണം. (അനാദിയായ അജ്ഞാനം കാരണമാണ് അതു സംഭവിച്ചതെന്ന് ആചാര്യന്മാര്‍ വിശദീകരിച്ചിട്ടുള്ളത് മാത്രം ഓര്‍മ്മിച്ച്, പരിഗണിച്ച് ഇപ്പോള്‍  മുന്നോട്ടു പോവാം.)  വിവിധങ്ങളായ കര്‍മ്മഫലങ്ങള്‍ സുഖം തരുമെന്ന പ്രതീക്ഷകള്‍ കര്‍മ്മ പ്രചോദനമായി ഏവരേയും ഭരിക്കുന്നുണ്ട്. തദനുസൃതം കര്‍മ്മം ചെയ്യുന്ന വിവേകി കര്‍മ്മഫലങ്ങളോട് സ്വാഭാവികമായി ഉളവാകുന്ന പ്രതികരണത്തെ ( വാസനാനുസൃത വിലയിരുത്തലുകളെ ) നിയന്ത്രിക്കണം.
സ്വാഭാവികമായി ഉയരുന്ന പ്രതികരണവ്യഗ്രതയെ സദ്ഗുരുക്കന്മാരുടെ ഉപദേശങ്ങളും ശാസ്ത്ര ബോധവും യുക്തിയും മുന്‍നിര്‍ത്തി ‘കര്‍മ്മഫലമല്ല എനിക്കു വേണ്ടതെന്ന്’  തിരുത്തണം. (കാരണം കര്‍മ്മഫലങ്ങള്‍ പരിമിതിയുള്ളവയാണ്. കര്‍മ്മഫലങ്ങള്‍ സുഖദായകമാണെന്ന ചിന്ത മിഥ്യാധാരണയുമാകുന്നു) എനിക്ക് വേണ്ടത് സച്ചിദാനന്ദമാണ്. അത് ലഭ്യമാക്കാന്‍ ഈ കര്‍മ്മഫലങ്ങള്‍ക്ക് സാമര്‍ത്ഥ്യമില്ല എന്ന് ആവര്‍ത്തിച്ച് ചിന്തിച്ചുറപ്പിക്കണം.മനസ്സിന്റെ സമ്മര്‍ദ്ദങ്ങള്‍ ജയിക്കാന്‍ കര്‍മ്മം ചെയ്യുവാന്‍ നിശ്ചയിക്കുന്നതും കര്‍മ്മ ഫലങ്ങളോടുള്ള പ്രതികരണങ്ങളെ ജാഗ്രതയോടെ നിയന്ത്രിക്കുകയും ചെയ്യുന്ന വിശേഷ സമീപന കലയെ കര്‍മ്മയോഗമെന്ന് ആദ്ധ്യാത്മിക സരണിയില്‍ (മാര്‍ഗ്ഗത്തില്‍) പ്രകീര്‍ത്തിക്കുന്നു. കര്‍മ്മയോഗത്തിന്റെ വിശദമായ പാഠങ്ങള്‍ വിചിന്തനം ചെയ്തുറപ്പിക്കാന്‍ വിവേകികള്‍ ഉത്സാഹിക്കേണ്ടതാണ്.


ജന്മഭൂമി: http://www.janmabhumidaily.com/news751693#ixzz515hhqE9l

No comments: