Saturday, December 16, 2017

നമ്മള്‍ വളര്‍ത്തിയെടുക്കേണ്ട സദ്ഗുണങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വിനയം. ജീവിത വിജയത്തിനു വിനയം ശീലിക്കേണ്ടത് അത്യാവശ്യമാണ്. ഏത് വിപരീതസാഹചര്യത്തിലും അത് നമ്മുടെ മാര്‍ഗ്ഗം എളുപ്പമാക്കുന്നു. പുരപ്പുറത്ത് വീഴുന്ന വെള്ളം അവിടെ ഒട്ടും തന്നെ തങ്ങിനില്‍ക്കില്ല. എന്നാല്‍ ഒരു കുഴിയില്‍ എല്ലാ ഭാഗത്തുനിന്നും വെള്ളം വന്നു നിറയും. അതുപോലെ വിനയശീലമുള്ളവന് പൊതുവേ എല്ലാവരില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും. അതാണ് വിനയത്തിന്റെയും എളിമയുടേയും മഹത്വം.
നമ്മുടെ നോക്കിലും വാക്കിലും പ്രവൃത്തിയിലും എല്ലാം വിനയഭാവം ഉണ്ടാകണം. ഒരു ആശാരി പണിയാന്‍വേണ്ടി ഉളി എടുക്കുമ്പോള്‍ അതില്‍ തൊട്ടു വന്ദിക്കുന്നതു കാണാം. ആശാരിയുടെ കൈയിലെ ഒരു ഉപകരണം മാത്രമാണ് ഉളി. എന്നിട്ടും തന്റെ ജോലി തുടങ്ങുന്നതിനുമുമ്പ് എന്നും അതിനെ നമസ്‌കരിക്കുന്നു. ഹാര്‍മ്മോണിയം തുടങ്ങിയ സംഗീത ഉപകരണങ്ങള്‍ വായിക്കുന്നവരും തൊട്ടുവന്ദിച്ചശേഷം മാത്രമേ അത് ഉപയോഗിക്കാറുള്ളൂ. അങ്ങനെ ഏതു വസ്തുവിനെയും ഏതൊരു വ്യക്തിയെയും ആദരിക്കുക എന്നത് ഋഷിമാര്‍ നമുക്കു പകര്‍ന്നു നല്‍കിയ സംസ്‌കാരമാണ്. ഈ ആചാരത്തിലൂടെ സകലതിലും ഈശ്വരനെ ദര്‍ശിക്കാന്‍ നമ്മള്‍ പഠിക്കുകയാണ്. ഇതിലൂടെ നമ്മിലെ അഹങ്കാരനാശത്തെയാണു നമ്മുടെ പൂര്‍വ്വികര്‍ ലക്ഷ്യമാക്കിയത്. വാസ്തവത്തില്‍, നമ്മിലെ എളിമയുടെ പ്രകടനമാകണം നമ്മുടെ ഓരോ ചിന്തയും വാക്കും പ്രവൃത്തിയും.
ഇന്നയാള്‍ നിസ്സാരന്‍, ഒരു കഴിവുമില്ലാത്തവന്‍, എന്നൊക്കെ ചിലരെ നമ്മള്‍ പുച്ഛിക്കാറുണ്ട്. അതേസമയം ഞാന്‍ കേമന്‍, ഞാന്‍ വലിയവന്‍ എന്നിങ്ങിനെ സ്വയം അഭിമാനിച്ച് അഹന്തയുടെ കൊടുമുടിയില്‍ കയറിയിരിക്കുകയും ചെയ്യും. കിണറു പറയും. ‘കണ്ടില്ലേ, എന്റെ വെള്ളം ജനങ്ങള്‍ കുടിക്കുന്നു. അതുകൊണ്ടവര്‍ കുളിക്കുന്നു. പാത്രങ്ങള്‍ കഴുകുന്നു. എത്രയോ ആവശ്യങ്ങള്‍ എന്നിലൂടെ അവര്‍ നിറവേറ്റുന്നു.’ എന്നാല്‍ ഈ വെള്ളം ഊറിവരുന്നത് എവിടെ നിന്നാണെന്ന് അതു ചിന്തിക്കുന്നില്ല.
ഏതു കാര്യം ചെയ്യുമ്പോഴും ‘ഞാന്‍ ചെയ്യുന്നു’ എന്ന ഭാവം നമ്മളില്‍ ഉദിക്കരുത്. ഈശ്വരന്റെ ശക്തികൊണ്ടാണ് എനിക്കു പ്രവര്‍ത്തിക്കുവാന്‍ സാധിക്കുന്നത് എന്ന ബോധമുണ്ടാകണം. കര്‍മ്മത്തെ ഈശ്വരപൂജയായി കാണണം. വിനയവും എളിമയുമാണ് ഈശ്വരകൃപയെ നമ്മളിലേക്കെത്തിക്കുന്നത്. ഒരിടത്ത് അത്യന്തം വിനയശീലനായ ഒരു ഭക്തന്‍ ജീവിച്ചിരുന്നു. ഏതു സാഹചര്യത്തിലും അദ്ദേഹം എളിമ കൈവിട്ടിരുന്നില്ല. മറ്റുള്ളവര്‍ തന്നെ സ്തുതിക്കുമ്പോഴും നിന്ദിക്കുമ്പോഴുമെല്ലാം അദ്ദേഹം അതു വിനയത്തോടെ സ്വീകരിച്ചു. ഒരു ദിവസം ഈശ്വരന്‍ അദ്ദേഹത്തിന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ട് പറഞ്ഞു, ”നിന്റെ വിനയശീലത്താല്‍ ഞാന്‍ സന്തുഷ്ടനായിരിക്കുന്നു. ഞാന്‍ നിനക്കൊരു വരം നല്‍കാം. നിനക്കെന്താണു വേണ്ടത്?” വരമായി ഒന്നുംതന്നെ വേണ്ടെന്ന് അദ്ദേഹം പറഞ്ഞെങ്കിലും, ഈശ്വരന്‍ അതു ചെവിക്കൊണ്ടില്ല.
വരം സ്വീകരിച്ചേ മതിയാകൂ എന്ന് ഈശ്വരന്‍ നിര്‍ബ്ബന്ധിച്ചപ്പോള്‍ മഹാത്മാവ് പറഞ്ഞു, ”എന്റെ ഓരോ പ്രവൃത്തിയും ലോകത്തിന് അനുഗ്രഹമായിത്തീരണം, എന്നാല്‍ ഞാന്‍ അത് അറിയുകയുമരുത്.” ”അങ്ങനെയാവട്ടെ” എന്നനുഗ്രഹിച്ച് ഈശ്വരന്‍ മറഞ്ഞു. അന്നുമുതല്‍ ആ ഭക്തന്‍ എവിടെപ്പോയാലും അദ്ദേഹത്തിന്റെ നിഴല്‍ പതിക്കുന്ന പ്രദേശത്തെ സകലചരാചരങ്ങളും അനുഗ്രഹീതരായിത്തീര്‍ന്നു. ആ ഭക്തന്റെ നിഴല്‍ വീണ വരണ്ട പാതകള്‍ പച്ചപ്പണിഞ്ഞു. വാടിയ ചെടികളും മരങ്ങളും തളിര്‍ത്തു പൂക്കളും കായ്കളുംകൊണ്ടു നിറഞ്ഞു. വഴിയരികിലെ അരുവികളില്‍ ശുദ്ധജലം നിറഞ്ഞു. ആരിലെല്ലാം അദ്ദേഹത്തിന്റെ നിഴല്‍ പതിഞ്ഞുവോ അവരുടെയെല്ലാം ക്ഷീണമകന്നു, ദുഃഖങ്ങള്‍ മാറി. അദ്ദേഹത്തിന്റ നിഴലില്‍പെട്ട കൊച്ചുകുട്ടികള്‍ ആഹ്ലാദഭരിതരായി. എന്നാല്‍ അദ്ദേഹം അതൊന്നുമറിയാതെ ഒരു സാധാരണക്കാരനെപ്പോലെ സഞ്ചാരം തുടര്‍ന്നു. വിനയശീലമുള്ളവര്‍ എങ്ങും സന്തോഷം പരത്തുന്നു. അവരും ആത്മീയമായ ഉന്നതി നേടുന്നു.
ഇനിയും നമ്മള്‍ വിനയം ശീലിക്കുവാന്‍ അലംഭാവം കാണിച്ചാല്‍ പ്രകൃതി നമ്മളെ അതിനു നിര്‍ബ്ബന്ധിതമാക്കും. ജീവിതത്തിലെ കയ്‌പേറിയ അനുഭവങ്ങളിലൂടെ കടന്നുപോകുമ്പോള്‍ സ്വാഭാവികമായി വിനയം ശീലിക്കേണ്ടിവരും. വിനയശീലനായ ഒരു വ്യക്തിയെ എല്ലാവരും ഇഷ്ടപ്പെടും. അയാള്‍ക്ക് പ്രതിബന്ധങ്ങള്‍ താരതമ്യേന കുറവായിരിക്കും. ഒരാള്‍ക്ക് എന്തെല്ലാം ഗുണങ്ങളുണ്ടായാലും വിനയമില്ലെങ്കില്‍ അതൊന്നും ശോഭിക്കില്ല. മറിച്ച്, എന്തെല്ലാം കുറവുകള്‍ ഉണ്ടായാലും ഒരാള്‍ക്ക് വിനയമുണ്ടെങ്കില്‍ അയാള്‍ എല്ലാവരുടെയും സന്മനസ്സിന് പാത്രമാകും. താണ സ്ഥലത്ത് വെള്ളം ഒഴുകിയെത്തുന്നതുപോലെ കൃപ അയാളിലേയ്ക്ക് ഒഴുകിയെത്തും.


ജന്മഭൂമി: http://www.janmabhumidaily.com/news754049#ixzz51TA5aSFH

No comments: