Saturday, December 16, 2017

ആത്മാവിനെ അറിയാന്‍ ആര്‍ക്കാണ് കഴിയുക എന്ന് വ്യക്തമാക്കുന്നു.
ഏഷ സര്‍വ്വേഷു ഭൂതേഷു ഗൂഢോ/ത്മാന പ്രകാശതേ
ദൃശ്യതേ ത്വഗ്ര്യയാ ബുദ്ധ്യാ സൂക്ഷ്മയാ സൂക്ഷ്മദര്‍ശിഭിഃ
എല്ലാ ഭൂജാലങ്ങളിലും മറഞ്ഞിരിക്കുന്ന ഈ ആത്മാവ് ആര്‍ക്കും വെളിപ്പെടുന്നില്ല. എന്നാല്‍ സൂക്ഷ്മദര്‍ശിനികളാല്‍ ഏകാഗ്രവും സൂക്ഷ്മവുമായ ബുദ്ധികൊണ്ട് ആത്മാവിനെ സാക്ഷാല്‍കരിക്കുന്നു.
കഴിഞ്ഞ മന്ത്രത്തില്‍ ‘സാ പരാഗതി’ എന്ന് പറഞ്ഞിരുന്നു. ഇത് പോകലിനെ അല്ല അറിയല്‍ എന്ന അര്‍ത്ഥം വരുന്ന ‘അവഗതി’യെയാണ് ഉദ്ദേശിച്ചത്. എല്ലാറ്റിലും ഉള്ളതെങ്കില്‍ എന്തുകൊണ്ടാണ് എല്ലാവരും പ്രത്യഗാത്മാവിനെ അറിയാഞ്ഞത് എന്ന സംശയത്തിന്റെ ഉത്തരമാണ് ഈ മന്ത്രത്തിന്റെ ആദ്യഭാഗം. അപ്പോള്‍ അറിഞ്ഞ ധീരന്മാര്‍ക്ക് ദുഃഖമില്ലെന്ന് പറഞ്ഞതോ എന്നാണ് സംശയമെങ്കില്‍ അതിനുള്ള മറുപടിയാണ് മന്ത്രത്തിന്റെ രണ്ടാം പകുതിയില്‍. സാധനകളനുഷ്ഠിക്കാത്ത അസംസ്‌കൃത ബുദ്ധികള്‍ക്ക് ഒരിക്കലും ആത്മദര്‍ശനം ഉണ്ടാകില്ല. എന്നാല്‍ നിരന്തരാഭ്യാസംകൊണ്ട് ബുദ്ധിക്ക് ഏകാഗ്രതയും സൂക്ഷ്മദര്‍ശിത്വവും കൈവന്ന യോഗിക്ക് പ്രത്യഗാത്മാവിനെ സാക്ഷാത്കരിക്കാന്‍ കഴിയും.
ആധ്യാത്മിക സാധനകള്‍ ഇതിനു ഉതകുന്ന തരത്തില്‍ ക്രമീകരിക്കണം. അങ്ങനെയെങ്കില്‍ മാത്രമേ എല്ലാവരുടെയും ഉള്ളില്‍ പ്രകാശിക്കുന്ന ആത്മാവിനെ സൂഷ്മദര്‍ശനംകൊണ്ട് കാണാനാകൂ.
യച്‌ഛേദ് വാങ് മനസീ പ്രാജ്ഞ
സ്തദ് യച്‌ഛേദ് ജ്ഞാന ആത്മനി
ജ്ഞാനമാത്മനി മഹതി നിയച്ചേ-
ത്തം യച്‌ഛേച്ഛാന്ത ആത്മനി
വിവേകിയായ ആള്‍ വാക് തുടങ്ങിയ ഇന്ദ്രിയങ്ങളെ മനസ്സിലും പ്രകാശസ്വരൂപമായ ബുദ്ധിയിലും ബുദ്ധിയെ മഹത്തായ ആത്മാവിലും (ഹിരണ്യഗര്‍ഭത്തില്‍) അതിനെ എല്ലാ വിശേഷണങ്ങളും അസ്തമിച്ച് ശാന്തമായ ആത്മാവിലും ലയിപ്പിക്കണം അഥവാ അടക്കണം. പ്രത്യഗാത്മാവിനെ സാക്ഷാത്കരിക്കാന്‍ ബുദ്ധിയെ സൂക്ഷ്മവും ഏകാഗ്രവുമാക്കേണ്ട ക്രമത്തെയാണ് ഇവിടെ പറയുന്നത്. സ്ഥൂലമായതിനെ അതിന് കാരണമായ സൂക്ഷ്മത്തിലും അതിനെ സൂക്ഷ്മതരത്തിലും ലയിപ്പിച്ച് സൂക്ഷ്മതമായ പരമകാരണത്തില്‍ എത്തിച്ചേരണം. യാതൊരു വികാരവുമില്ലാത്തതും എല്ലാറ്റിനുമുള്ളില്‍ സ്ഥിതിചെയ്യുന്നതും എല്ലാ ബോധങ്ങള്‍ക്കും സാക്ഷിയും എല്ലാ വിശേഷങ്ങളും ലയിച്ചതുമായ ഈ മുഖ്യത്മാവിലാണ് അവസാനം എല്ലാം അടക്കേണ്ടത്.
‘വാക്’ എന്നതുകൊണ്ട് എല്ലാ ഇന്ദ്രിയങ്ങളേയും കണക്കിലെടുക്കുന്നു. ‘മനസീ’ എന്നത് ദീര്‍ഘമായ ഛന്ദസ്സാണ്. ‘മനസി’ എന്നു കരുതിയാല്‍ മതി. ബാഹ്യവിഷയങ്ങളിലേക്ക് പോകുന്ന ഇന്ദ്രിങ്ങളേയും മനസ്സിനേയും അടക്കല്‍തന്നെ പ്രധാനം.
പരമാത്മസ്വരൂപത്തേയും അത് നേടാനുള്ള മാര്‍ഗ്ഗത്തേയും വിവരിച്ചശേഷം അതിന്റെ ഉപാസനയ്ക്ക് നമ്മെ പ്രചോദിപ്പിക്കാന്‍ ഉപദേശിക്കുന്നു.
ഉത്തിഷ്ഠത ജാഗ്രത പ്രാപ്യ വരാന്‍ നിബോധത!
ക്ഷുരസ്യ ധാരാ നിശിതാ ദുരത്യയാ ദുര്‍ഗ്ഗം പഥസ്തത് കവയോ വദന്തി
എഴുന്നേല്‍ക്കൂ….ഉണരൂ….ശ്രേഷ്ഠരായ ആചാര്യന്‍മാരില്‍നിന്ന് അറിയൂ. ജ്ഞാനമാര്‍ഗം മൂര്‍ച്ചയുള്ള ക ത്തിയുടെ വായ്ത്തല പോലെ ചവിട്ടി നടക്കാന്‍ വിഷമമുള്ളതാണെന്ന് അറിവുള്ളവര്‍ പറയുന്നു.
അറിവില്ലായ്മയാകുന്ന ഉറക്കത്തില്‍ ആഞ്ഞുകിടക്കുന്ന മാനവരാശിയോടാണ് എഴുന്നേല്‍ക്കാനും ഉണരാനും അറിവ് നേടാനും ഉപനിഷത്തിന്റെ ആഹ്വാനം. എല്ലാ അനര്‍ത്ഥങ്ങള്‍ക്കും കാരണമായ അജ്ഞാന നിദ്രയെ വെടിഞ്ഞ് ആത്മജ്ഞാനാഭിമുഖരാകണം. ശ്രേഷ്ഠരും ആത്മജ്ഞാനികളുമായ ആചാര്യന്മാരെ സമീപിച്ച് ജീവിതലക്ഷ്യമായ ആത്മതത്ത്വത്തെ അറിയൂ. ലൗകിക ജീവിതത്തില്‍ മുഴുകിയവരോട് ആദ്ധ്യാത്മിക ജീവിതത്തിലേക്ക് തിരിയണമെന്ന് വളരെ അനുകമ്പയോടെ ഉപനിഷത്ത് പറയുന്നു. മൂര്‍ച്ചയേറിയ കത്തിയുടെ വായ്ത്തല പോലെയാണ് വഴി. പിന്തിരിയാതെ വളരെ ശ്രദ്ധയോടെ മുന്നേറുകതന്നെ വേണം. ജ്ഞാനമാര്‍ഗത്തിലെ സഞ്ചാരം കത്തിയുടെ വായ്ത്തലയില്‍ ചവിട്ടി നടക്കും പോലെയാണ്. അറിയാനുള്ള വസ്തു അതിസൂക്ഷ്മമായതിനാല്‍ അതിനുവേണ്ടിയുള്ള തത്ത്വജ്ഞാനമാര്‍ഗം അതുപോലെതന്നെ വേണമല്ലോ. സമ്പാദിക്കാന്‍ വിഷമമുള്ളതാണ് ഇതെന്ന് അറിവുള്ളവര്‍ പറയുന്നു. ആധ്യാത്മിക മാര്‍ഗം അത്രയേറെ വിഷമമുള്ളതെങ്കിലും അതിലൂടെ സഞ്ചരിച്ച് ആത്മസാക്ഷാല്‍ക്കാരമെന്ന ലക്ഷ്യത്തിലെത്തണം.
ശ്രുതിമാതാവിന്റെ ഇത്രയും കാരുണ്യത്തോടെയുള്ള ആഹ്വാനത്തെ ഒരുപക്ഷേ ലോകം മുഴുവന്‍ അറിഞ്ഞത് പൂജ്യ വിവേകാനന്ദസ്വാമികളിലൂടെയാകും. ആദ്യം എഴുന്നേല്‍ക്കണം. പിന്നീടാണ് ഉണരാന്‍ പറയുന്നത്. പലപ്പോഴും നമ്മള്‍ ഉണരാറുണ്ടെങ്കിലും ഈ മന്ത്രത്തെക്കുറിച്ച് സ്വാമിജി പറയുമ്പോള്‍ ‘എഴുന്നേല്‍ക്കുക, ഉണരുക ലക്ഷ്യക്ഷത്തിലെത്തുംവരെ നില്‍ക്കാതെ മുന്നോട്ടു നീങ്ങുക’ എന്ന് പ്രത്യേകം ഉദ്‌ബോധിപ്പിക്കുന്നുണ്ട്.
(തിരുവനന്തപുരം ചിന്മയ മിഷന്റെ ആചാര്യനാണ്  ലേ


ജന്മഭൂമി: http://www.janmabhumidaily.com/news754051#ixzz51TAIUjzB

No comments: